കൊച്ചിയിലെ മഴയ്ക്ക് കാരണം ' ചക്രവാതചുഴിയെന്ന്കുസാറ്റ്കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്, ലഘുമേഖവിസ്ഫോടനത്തിൻറെ ഗണത്തിൽ ഇതിനെ പെടുത്താം, ഒന്നരമണിക്കൂറിനുള്ളിൽ എട്ടുസെൻറീമീറ്ററിനടുത്ത് മഴ പെയ്തെന്നാണ് മഴമാപിനികൾ സൂചിപ്പിക്കുന്നത്, ഇത്തരം മഴപ്രവചിക്കുന്നതിന് പരിമിതികളുണ്ട്, അടുത്തു മൂന്നുദിവസത്തേക്കുകൂടി മഴയ്ക്ക് സാധ്യതയുണ്ട്, എന്നാൽ മഴയുടെതോത് ഇപ്പോൾ പ്രവചിക്കാനാകില്ല എന്നും ഡോ. അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എറണാകുളം കളമശ്ശേരിയിൽ രാവിലെ 8.15 നും 8.30 നും ഇടയിലുള്ള 15 മിനിറ്റിൽ പെയ്തത് 30 mm മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നു. എറണാകുളത്തിനു മുകളിൽ രൂപപ്പെട്ട circulation( കറക്കം ) ആണ് മഴക്ക് കാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ റോഡുകൾ അടക്കം വെള്ളത്തിലായി. അപ്പർ കുട്ടനാട് മേഖലയിൽ മഴക്കെടുതി രൂക്ഷമാണ്. അടിയന്തിര സാഹചര്യം നേരിടാൻ ഏഴ് എൻഡിആർഎഫ് സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്.
രണ്ട് മണിക്കൂർ നീണ്ട് നിന്ന അതിശക്തമായ മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിൽ ഗതാഗത സ്തംഭനവും തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് ഹൈക്കോടതിയിലെ സിറ്റിംഗ് വൈകിയാണ് ആരംഭിച്ചത്. വീടുകളിലും കടകളിലും വെള്ളം കയറി നാശന്ഷ്ടവും ഉണ്ടായി.
ഇന്ന് രാവിലെ ഏഴ്മണിയോടെയാണ് കൊച്ചിയിൽ തീവ്രമായ മഴ തുടങ്ങിയത്. മഴ തോരാതിരുന്നതോടെ നഗരം വെള്ളക്കെട്ടിലാകുകയായിരുന്നു. എംജി റോഡ്, കലൂർ, നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരം മടക്കമുള്ള പ്രധാന റോഡുകളും ഇടറോഡും വെള്ളത്തിൽ മുങ്ങി.
2018ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പലമേഖലകളും ചുരുങ്ങിയ നേരംകൊണ്ട് വെള്ളക്കെട്ടായി. തമ്മനം, പാലാരിവട്ടം അടക്കമുള്ള സ്ഥലങ്ങളിൽ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. പ്രധാന റോഡിലെല്ലാം വെള്ളക്കെട്ടായതോടെ നഗരത്തിലെ ഗാതവും സ്തംഭിച്ചു. കലൂർ എജി റോഡിലും വൈറ്റില ഇടപ്പള്ളി റോഡിലും യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങി.
ശക്തമായ മഴയോടൊപ്പം കാറ്റുംവീശിയത്ടോ കലൂരിലെ പെട്രോൾ പന്പിന്‍റെ മേൽക്കൂര തകർന്നുവീണു. മേൽക്കൂര പിൻഭാഗത്തേക്ക് വീണതിനാൽ വൻദുരന്തമാണ് നീങ്ങിയത്.ഹൈക്കോടതിയിലെത്താൻ ജഡ്ജിമാർക്കും കഴിയാതായതോടെ സിറ്റിംഗ് ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയത്. കലൂർ എൻഐഎ കോടതി കോംപ്ലക്സിനകത്തും വെള്ളം കയറി. പുലർച്ചെമുതൽ മഴ തുടങ്ങിയിരുന്നെങ്കിലും 7 മണിയോടെയാണ് ശക്തിപ്രാപിച്ചത്.
എറണാകുളത്തെ കനത്ത മഴ: വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം.
എറണാകുളത്ത് ഉണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതേതുടർന്ന് ചില നിയന്ത്രണം ഏർപ്പെടുത്തി.
16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ് തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും.
12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സർവീസ് നടത്തും.
12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ് ഇന്ന് എറണാകുളം ജങ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.
കോട്ടയം വഴിയുളള 06768 കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദാക്കി.
16308 കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിച്ചു.
കണ്ണൂരിലേക്ക് പോകുന്ന 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.
കോട്ടയം വഴിയുള്ള 06769 എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് ഇന്ന് സർവീസ് ആരംഭിക്കുക തൃപ്പൂണിത്തുറയിൽ നിന്ന്. എറണാകുളം ജങ്ഷനും - തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
ആലപ്പുഴ വഴി ഇന്ന് തിരിച്ചുവിട്ടിട്ടുള്ള 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് - തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
0 Comments