🇰🇼8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു.
✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പിന്നീട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം 50 കുവൈത്തി പൗരന്മാരുടെ ഡ്രൈവിങ് ലൈസന്‍സുകളും തടഞ്ഞുവെച്ചിട്ടുണ്ട്. കാഴ്ച, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചുള്ള വൈകല്യങ്ങള്‍ കാരണമായാണ് സ്വദേശികള്‍ക്കെതിരായ നടപടി.
പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങളായി കണക്കാക്കുന്ന ശമ്പളം, ജോലി, സര്‍വകലാശാലാ ബിരുദം തുടങ്ങിയവ പരിശോധിച്ചാണ് ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും.
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ലൈസന്‍സ് അനുവദിക്കാനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പരസ്‍പരം പങ്കുവെയ്‍ക്കാനും കൃത്രിമങ്ങള്‍ തടയാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരിക്കല്‍ ജോലി ചെയ്‍തിരുന്ന തസ്തിക അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടിയവര്‍ പിന്നീട് ജോലി മാറിയാന്‍ അക്കാര്യം സ്വമേധയാ തന്നെ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനുള്ള സംവിധാനവുമുണ്ട്.
പഠനം പൂര്‍ത്തിയാക്കിയ പ്രവാസി വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് ലൈസന്‍സുകളും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ബ്ലോക്ക് ചെയ്‍തിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളായിരുന്ന പ്രവാസികള്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ളവരുടെ ലൈസന്‍സുകളും റദ്ദാക്കുന്നുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഒരുക്കിയതോടെ കൃത്രിമം കാണിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള സാധ്യതകളും കുറഞ്ഞതായി കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരന്തരം നടത്തുന്ന പരിശോധനകളിലൂടെയും ട്രാഫിക് വകുപ്പ് നിരവധിപ്പേരുടെ ലൈസന്‍സുകള്‍ ബ്ലോക്ക് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നുമുണ്ട്. ഇത് പരിശോധിക്കാന്‍ പ്രത്യേക ആപ്ലിക്കേഷനാണ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്.
പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഒരു വിട്ടുവീഴ്‍ചയും വേണ്ടെന്നാണ് ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകളായ ജോലി ചെയ്യുന്ന തസ്‍തിക, ജോലി, ശമ്പളം, വിദ്യാഭ്യാസ യോഗ്യത, സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ കര്‍ശനമായി പരിശോധിക്കാനാണ് നിര്‍ദേശം. നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ ഈ വര്‍ഷം ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
🇸🇦സൗദിയിൽ തൊഴിൽ നിയമം ലംഘിച്ച ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി.
✒️സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ച ഒമ്പത് റിക്രൂട്ട്‌മന്റെ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി. 17 ഏജൻസികളുടെ പ്രവർത്തനം രണ്ട് മാസത്തേക്ക് മരവിപ്പിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.
ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. റിക്രൂട്ട്‌മെന്റ് മേഖലയെ കർശന നിരീക്ഷണത്തിന് കീഴിലാക്കിയ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നടപടിയുടെ ഫലമാണിത്. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ബന്ധപ്പെട്ടവർ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് നടപടി.
🇸🇦ഹൈവേകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം.
✒️റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിൽ വന്ന മാധ്യമ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളും നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും അത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും ഗതാഗത മന്ത്രാലയ വക്താവ് വ്യക്തമാക്കി.
സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സജീവമായി. എന്നാല്‍ യഥാർഥ ഉറവിടങ്ങളില്‍ നിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.
🇸🇦ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.
✒️റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ, പുലാമന്തോൾ, ചെമ്മലശ്ശേരി സ്വദേശി ജാഫർ കൊണ്ടത്തൊടി (43) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. പിതാവ്: പരേതനായ വീരാൻ, മാതാവ്: ഫാത്തിമ, ഭാര്യ: ആസിയ, മക്കൾ: ഷംന, ജാസിറ, ജാബിർ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഷെബീർ കളത്തിൽ, ജാഫർ ഹുദവി, സക്കിർ താഴെക്കോട്, പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളായ മജീദ് മണ്ണാർമല, കമറു പെരിന്തൽമണ്ണ എന്നിവർ രംഗത്തുണ്ട്.
🇦🇪യുഎഇയില്‍ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അധികൃതര്‍.
✒️യുഎഇയിലെ അജ്‍മാനില്‍ ഒരു കുട്ടിയെ കാണാതായെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അജ്‍മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 13 വയസുകാരനായ ആണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീട്ടിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം വീടുവിട്ടിറങ്ങിയ കുട്ടിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് കാണിച്ച് കുട്ടിയുടെ പിതാന് പരാതി നല്‍കിയിരുന്നുവെന്ന് അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അറിയിച്ചു. കുട്ടിയെ കണ്ടെത്താന്‍ പിതാവ് പൊലീസിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും 14 മണിക്കൂറിനകം കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയും ചെയ്‍തു.
കുട്ടി വീട്ടിലെത്തി ദിവസങ്ങള്‍ക്ക് ശേഷവും കുട്ടിയെ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പൊതുജനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്തകള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അഭ്യര്‍ത്ഥിച്ചു.
🇴🇲പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്; വന്‍ മദ്യശേഖരം പിടിച്ചെടുത്തു.
✒️ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത മദ്യമെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. നാല് പേരെ പരിശോധനകള്‍ക്കിടെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ ഇന്നും ആയിരത്തില്‍ താഴെ; 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 994 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,038 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,19,958 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,97,769 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,76,628 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,337 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,804 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🛫300 നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക്.
✒️തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 25.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.
നവംബര്‍ 1 മുതല്‍ 11 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ പ്രതിനിധികള്‍ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ വച്ച് നല്‍കുന്നതാണ്. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. ശേഷം ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ അസിസ്റ്റന്റ് നഴ്‌സുമാരായി ജോലി ചെയ്യാനുള്ള അവസരമുണ്ടാകും. തുടര്‍ന്ന് ജര്‍മ്മന്‍ ഭാഷാ ബി2 ലെവല്‍ പാസ്സായി അംഗീകാരം ലഭിക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി ജര്‍മ്മനിയില്‍ ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. ജര്‍മ്മനിയിലെ ബി2 ലെവല്‍ വരെയുള്ള ഭാഷാ പരിശീലനവും തികച്ചും സൗജന്യമാണ്.
രജിസ്റ്റേര്‍ഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറില്‍ 20 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധിച്ച നിരക്കില്‍ ഓവര്‍ടൈം അലവന്‍സും ലഭിക്കുന്നതാണ്. ക്ലാസുകള്‍ തീര്‍ത്തും നേരിട്ടുള്ളതായിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രമായ ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് ക്ലാസിന് ഹാജരാകാന്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവരോ സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. കൂടാതെ അപേക്ഷകര്‍ കഴിഞ്ഞ ആറു മാസമായി ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം. മലയാളികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി ഇല്ല. ഈ പദ്ധതിയുടെ ഒന്നാം എഡിഷനില്‍ അപേക്ഷിച്ച് ഷോര്‍ട്ട്‌ലിസ്റ്റില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാര്‍ഡിയോളജി/ ജനറല്‍ വാര്‍ഡ്/സര്‍ജിക്കല്‍-മെഡിക്കല്‍ വാര്‍ഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ഓപ്പറേഷന്‍ തീയേറ്റര്‍/സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ തുടങ്ങിയ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.
ആദ്യ ബാച്ചില്‍ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്‌സുമാരുടെ ജര്‍മ്മന്‍ ഭാഷാ പരിശീലനം ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്നു വരികയാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥിക ള്‍ നോര്‍ക്ക-റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2022 ആഗസ്റ്റ് മാസം 16 മുതല്‍ അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം CV, ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, German Language Certificate, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. പ്രവര്‍ത്തിപരിചയ കാലയളവും, ഡിപ്പാര്‍ട്ട്‌മെന്റുകളും ഏറെ പ്രധാനമായതിനാല്‍ മുഴുവന്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും അപ്പ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 (India), +91-8802012345( International) ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
🇸🇦സൗദിയിൽ 127 പേർക്ക് കോവിഡ്, 216 പേർക്ക് രോഗമുക്തി.
✒️സൗദിയിൽ പുതുതായി 127 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 216 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 810,887 ഉം രോഗമുക്തരുടെ എണ്ണം 797,220 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,260 ആയി. നിലവിൽ 4,407 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 105 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.31 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 42, ജിദ്ദ 24, ദമ്മാം 11, മദീന 5, ബുറൈദ 4, മക്ക 4, അബ്ഹ 4, ഹുഫൂഫ് 4, ത്വാഇഫ് 3, ഖർജ് 3.
0 Comments