🇦🇪ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി: ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ.
✒️ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി: ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ.
ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ നൂതന പദ്ധതികള്‍. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഒപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായിട്ടുണ്ട്.
ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ക്ലിക്ക് ആന്റ് ഡ്രൈവ്
ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണിത്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12 സ്റ്റെപ്പുകളിലൂടെ പൂര്‍ത്തിയായിരുന്ന നടപടിക്രമങ്ങള്‍ ഏഴ് സ്റ്റെപ്പുകളിലേക്ക് ചുരുങ്ങും.
ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ഉപഭോക്താക്കളുടെ സന്ദര്‍ശനങ്ങളില്‍ 53 ശതമാനം കുറവ് വരും. ഒപ്പം ഉപഭോക്താക്കളുടെ സംതൃപ്തി 93 ശതമാനത്തില്‍ നിന്ന് 97 ശതമാനത്തിലേക്ക് ഉയരും. സേവന വിതരണ സമയം 87 ശതമാനത്തില്‍ നിന്ന് 97 ശതമാനമായി മെച്ചപ്പെടും. സേവനങ്ങള്‍ ഉപയോഗിക്കാനുള്ള എളുപ്പം 88 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയരുമെന്നും മത്തര്‍ അല്‍ തായര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
വാഹന ലൈസന്‍സുകളുടെ ഡിജിറ്റൈസേഷനിലൂടെ ഇപ്പോഴുള്ള ലൈസന്‍സിങ് സേവനങ്ങള്‍ പൂര്‍ണമായും പുതിയ രീതികളിലേക്ക് മാറും. ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പ്രായോഗികവത്കരിക്കുന്നതിലൂടെ സ്‍മാര്‍ട്ട് ചാനലുകളിലൂടെയുള്ള പേപ്പര്‍ രഹിത സേവനങ്ങള്‍ക്ക് നിലവിലുള്ള രീതികള്‍ വഴിമാറും. നിലവിലുള്ള വാഹന ലൈസന്‍സിങ് സംവിധാനങ്ങളുടെ 50 ശതമാനത്തിലും മാറ്റം വരുത്താനാണ് ആര്‍ടിഎയുടെ പദ്ധതി. ഈ വര്‍ഷത്തെ അവസാന പാദത്തില്‍ ഇത് പൂര്‍ണമായി പ്രായോഗികമാവും. സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെ ഇതിന്റെ ആദ്യഘട്ടം ഇപ്പോള്‍ തന്നെ പ്രായോഗികമായിട്ടുണ്ട്. ഇതിലൂടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കാലതാമസവും കുറയ്ക്കാനാവും.
കണ്ണ് പരിശോധന ഇനി എവിടെയും
മേഖലയിലെ ആദ്യത്തെ മൊബൈല്‍ ഐ ടെസ്റ്റിങ് കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി. അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍സാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. മറ്റ് സേവന ദാതാക്കളുമായി ചേര്‍ന്ന് ഇത് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഓരോ ഉപഭോക്താവും തെരഞ്ഞെടുക്കുന്ന സമയത്ത് അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തുവെച്ച് കാഴ്ച പരിശോധന നടത്താനാവും. ഇതിനായി പ്രത്യേക അധിക ഫീസ് നല്‍കണം. കാഴ്ച പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനും സാധിക്കും.
അല്‍ ജാബിര്‍ സപ്പോര്‍ട്ട് സെന്ററുമായി ബന്ധപ്പെട്ടാണ് മൊബൈല്‍ ഐ ടെസ്റ്റിങ് ബുക്ക് ചെയ്യേണ്ടത്. ഫീസ് അടയ്ക്കാനും പരിശോധനാ സമയം തെരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. പരിശോധന പൂര്‍ത്തിയായ ഉടന്‍ പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ലൈസന്‍സിന്റെ ഇലക്ട്രോണിക് കോപ്പിയോ പ്രിന്റോ ഉപഭോക്താവിന് അപ്പോള്‍ തന്നെ ലഭ്യമാവുകയും ചെയ്യും.
🇸🇦വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു.
✒️ഹജ്ജിന് ശേഷം പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു.
🇦🇪അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 24 കോടി സമ്മാനം.
✒️അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ബുധനാഴ്ച രാത്രി നടന്ന ഡ്രീം 12 മില്യന്‍ 242 സീരിസ് നറുക്കെടപ്പില്‍ പാകിസ്ഥാന്‍ പൗരനായ റഷീദ് മന്‍സൂര്‍ മന്‍സൂര്‍ അഹ്‍മദാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം ജൂലൈ 23ന് വാങ്ങിയ 037909 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഗ്രാന്റ് പ്രൈസിന് അര്‍ഹമായത്.
ബിഗ് ടിക്കറ്റ് സ്റ്റോറിലൂടെ നേരിട്ടാണ് റഷീദ് മന്‍സൂര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ സമ്മാന വിവരം അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹത്തോട് ഔദ്യോഗിക വെബ്‍സൈറ്റില്‍ പരിശോധിച്ച് വിജയം ഉറപ്പാക്കാന്‍ സംഘാടകര്‍ നിര്‍ദേശിക്കുകയായിരുന്നു.
റാസല്‍ഖൈമയില്‍ താമസിക്കുന്ന പ്രവാസി മലയാളി സജികുമാര്‍ സുകുമാരനാണ് 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. ജൂലൈ 25ന് ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ എടുത്ത 217852 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. പാകിസ്ഥാന്‍ പൗരനായ തൗസീഫ് അക്തര്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടി. ജൂലൈ 29ന് ഓണ്‍ലൈനിലൂടെ എടുത്ത 129275 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്.
ഇന്ത്യക്കാരനായ മുഹമ്മദ് നിസാറിനാണ് ഇന്നത്തെ നറുക്കെടുപ്പില്‍ നാലം സമ്മാനം ലഭിച്ചത്. ജൂലൈ 26ന് വെബ്‍സൈറ്റിലൂടെ എടുത്ത 172960 എന്ന നമ്പറിലെ ടിക്കറ്റിലൂടെ 50,000 ദിര്‍ഹമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ന് നടന്ന ഡ്രീം കാര്‍ സീരിസ് 20 നറുക്കെടുപ്പില്‍ ഫിലിപ്പൈന്‍സ് പൗരനായ ഷാരോണ്‍ കാബെല്ലോ വിജയിയായി. 016827 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ബി.എം.ഡബ്ല്യൂ കാര്‍ അദ്ദേഹത്തിന് സ്വന്തമായി
🇦🇪പ്രവാസി മലയാളിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയില്‍ ഏഴ് കോടി സമ്മാനം.
✒️ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് സമ്മാനം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബി യില്‍ വെച്ച് നടന്ന നറുക്കെടുപ്പില്‍ മലയാളിയായ കോശി വര്‍ഗീസാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. 396-ാം സീരിസ് നറുക്കെടുപ്പിലെ 0844 എന്ന നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
ഏതാനും ആഴ്‍ച മുമ്പ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‍ക്കിടെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണെങ്കിലും സമ്മാനം ലഭിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നു. ഒടുവില്‍ അത് വിജയം കണ്ടതില്‍ ഏറെ സന്തോഷമുണ്ട്. വിജയം സാധ്യമാക്കിയ ദുബൈ ഡ്യൂട്ടി ഫ്രീ ടീമിന് നന്ദി പറയുന്നതായും അദ്ദേഹം പ്രതികരിച്ചു.
1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇന്നുവരെയുള്ള നറുക്കെടുപ്പുകളില്‍ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 195-ാമത്തെ ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാര്‍ തന്നെയാണ് ഇതുവരെയുള്ള നറുക്കെടുപ്പുകളില്‍ ഏറ്റവുമധികം വിജയം കൈവരിച്ചിട്ടുള്ളതും.
മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് പുറമെ നാല് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകളും ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു. ഇതിലൊരു നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ അര്‍ജുന്‍ സിങ് ബിഎംഡബ്ല്യൂ ആര്‍ നൈന്‍ ടി പ്യുവര്‍ മോട്ടോര്‍ ബൈക്ക് സ്വന്തമാക്കി. ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പ് 507-ാം സീരിസിലെ 0959 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യ സമ്മാനം തേടിയെത്തിയത്.
ഇതാദ്യമായല്ല അദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിക്കുന്നത്. നേരത്തെ ഒരു നറുക്കെടുപ്പില്‍ അദ്ദേഹം ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍ട്സ്റ്റര്‍ എസ് ബൈക്ക് സമ്മാനമായി നേടിയിട്ടുണ്ട്. മൂന്നാമത്തെ വിജയം തേടി ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുബൈയില്‍ ജോലി ചെയ്യുന്ന ഒരു ഡച്ച് പൗരനും ജിദ്ദയിലും കുവൈത്തിലും താമസിക്കുന്ന രണ്ട് കനേഡിയന്‍ പൗരന്മാരുമാണ് ഈ നറുക്കെടുപ്പുകളില്‍ വിജയം കൈവരിച്ച മറ്റ് രണ്ട് പേര്‍.
🇸🇦മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ മാറ്റി; ഇനി ഹജറുൽ അസ്‍വദിനെ നേരിട്ട് തൊടാം.
✒️മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ രണ്ട് വര്‍ഷത്തിന് ശേഷം എടുത്തുമാറ്റി. വിശ്വാസികള്‍ക്ക് ഇനി ഹജറുല്‍ അസ്‍വദിനെ നേരിട്ട് തൊടാനും ചുംബിക്കാനും സാധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2020 ജൂലൈ മാസത്തില്‍ കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് ബാരിക്കേഡുകള്‍ ഹറം ജീവനക്കാര്‍ എടുത്തു മാറ്റിയത്. ഇതോടെ രണ്ടുവർഷത്തിന് ശേഷം വിശ്വാസികൾക്ക് കഅബയുടെ അടുത്ത് പോകാനും അതിന്റെ ചുവരുകളിൽ തൊട്ട് പ്രാര്‍ത്ഥിക്കാനും മുൻവശത്ത് വലത് മൂലയിൽ ഉള്ള ഹജറുൽ അസ്‍വദിനെ (കറുത്ത ശില) ചുംബിക്കാനും അവസരമൊരുങ്ങി. അതിന്റെ സായൂജ്യത്തിലാണ് വിശ്വാസികൾ.
🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് മൂലം മരണങ്ങളില്ല; രോഗം സ്ഥിരീകരിച്ചത് 207 പേര്‍ക്ക്.
✒️റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ചികിത്സയിൽ കഴിയുന്നവരിൽ 304 പേർ കൂടി ഇന്ന് സുഖംപ്രാപിച്ചു. അതേസമയം 24 മണിക്കൂറിനിടെ പുതിയതായി 207 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,394 ആയി. ആകെ രോഗമുക്തരുടെ എണ്ണം 796,406 ആയി ഉയർന്നു. ആകെ 9,255 പേര്‍ക്കാണ് കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്ടമായിട്ടുള്ളത്. നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 4,733 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,185 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്ത് നടത്തി. റിയാദ് - 52, ജിദ്ദ - 37, ദമ്മാം - 19, ത്വാഇഫ് - 9, മദീന - 8, മക്ക - 7, ഹുഫൂഫ് - 6, ദഹ്റാൻ - 6, അൽബാഹ - 5, ബുറൈദ - 4, അബ്ഹ - 4, ജീസാൻ - 4, തബൂക്ക് - 3, ജുബൈൽ - 3, അറാർ - 2, ഹാഇൽ - 2, ഖമീസ് മുശൈത്ത് - 2, നജ്റാൻ - 2, ഉനൈസ - 2, അൽറസ് - 2, ഖർജ് - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
📲നോര്‍ക്ക ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്; 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു.
✒️തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22ലെ തുക വിതരണം പൂര്‍ത്തിയായി. തെരഞ്ഞെടുത്ത 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും 20,000 രൂപയാണ് ലഭിക്കുക.
പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും, ബിരുദ - ബിരുദാനന്തര കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ എടുത്തവരില്‍ പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം യോഗ്യരായ 516 അപേക്ഷകരില്‍ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയത്. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിനു പഠിക്കുന്ന 187 പേര്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കുന്ന 163 പേരും നോര്‍ക്ക ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.
പ്രവാസിമലയാളികളായ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍മാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി. 2019 - 20 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ (വരുമാനം 2 ലക്ഷം രൂപ വരെ) കുട്ടികള്‍ക്കുമാണ് പദ്ധതിയുടെ അനൂകൂല്യം ലഭിച്ചത്.
പദ്ധതിക്കായി ഗവണ്‍മെന്റ് വിഹിതമായ 15 ലക്ഷം രൂപയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് വിഹിതമായ 55 ലക്ഷം രൂപയും ചേര്‍ന്ന് ആകെ 70 ലക്ഷം രൂപയാണ് സ്‌കോളര്‍പ്പിനായി വിനിയോഗിച്ചത്. നോര്‍ക്കാ വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ യൂസഫലി, ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍, ഡോ, രവി പിള്ള, ശ്രീ ജയകൃഷ്ണ മേനോന്‍, സി.വി റപ്പായി, ഒ. വി മുസ്‍തഫ എന്നിവര്‍ പദ്ധതിക്കായി തുക സംഭാവന ചെയ്തിരുന്നു.
2022-2023 അധ്യയന വര്‍ഷത്തെയ്ക്കുള്ള സ്‍കോളർഷിപ്പിന് ഇക്കൊല്ലത്തെ അഡ്‍മിഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ www.norkaroots.org എന്ന വെബ്ബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. പുതിയ അധ്യയന വര്‍ഷത്തെ അപേക്ഷ സംബന്ധിച്ച കാര്യങ്ങള്‍ അഡ്‍മിഷന്‍ പൂര്‍ത്തിയാകുന്ന സമയത്ത് വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നോര്‍ക്ക അറിയിച്ചു. ഓരോ കോഴ്‌സിന്റെയും ആദ്യവര്‍ഷത്തില്‍ മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും) (91-8802012345 (വിദേശത്തുനിന്നും) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
🇸🇦സൗദി അറേബ്യ: COVID-19 വാക്സിനെടുക്കാത്ത തീർത്ഥാടകർക്ക് ഉപാധികളോടെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും.
✒️COVID-19 വാക്സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനം ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 2022 ഓഗസ്റ്റ് 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുന്നതാണ്:
COVID-19 രോഗബാധിതനായിരിക്കരുത്.
COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയാകരുത്.
വാക്സിനെടുക്കാത്തവർക്ക് മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ച് കൊണ്ട് Eatmarna ആപ്പിലൂടെ ഗ്രാൻഡ് മോസ്കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം ലഭിക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനുമുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഈ വർഷത്തെ പുതിയ ഉംറ തീർത്ഥാടന സീസൺ ആരംഭിച്ചതായി 2022 ജൂലൈ 30-ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
🇦🇪അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പോലീസ്.
✒️എമിറേറ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു. 2022 ഓഗസ്റ്റ് 2-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
2022-ലെ ആദ്യ ആറ് മാസത്തെ കാലയളവിൽ ഇത്തരത്തിലുള്ള 4200-ഓളം വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
🇦🇪യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്.
✒️അല്‍ഐന്‍: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച കനത്ത മഴ ലഭിച്ചു. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അല്‍ ഐന് പുറമെ അല്‍ തിവായ, അല്‍ ഖത്താറ, നാഹില്‍, ബദാ ബിന്‍ത് സഉദ്, അല്‍അമീറ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്‍തു. ചില പ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും ചില സ്ഥലങ്ങളില്‍ യെല്ലോ അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.
അല്‍ഐനിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. അതേസമയം അല്‍ഐനില്‍ വാഹനം വെള്ളക്കെട്ടിലേക്ക് പതിച്ച് ഒരു യുവാവിന് പരിക്കേറ്റു. വാദി സാഹിലായിരുന്നു സംഭവം. ഇവിടെ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
താഴ്‍വരയില്‍ വെള്ളം ഒഴുകുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ ഇയാളുടെ ശ്രദ്ധ റോഡിലായിരുന്നില്ലെന്ന് അബുദാബി പൊലീസ് പറഞ്ഞു. മഴ സമയങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വാദി സാഹ് ഉള്‍പ്പെടെ അല്‍ ഐനിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അധികൃതര്‍ അറിയിച്ചു.
മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളിലെ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും പാലിക്കണം. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോകളോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തുക വഴി ശ്രദ്ധ തെറ്റാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ വാദികളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🔰നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു.
ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ - ഷീജ, മക്കൾ - സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ - താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ. ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
0 Comments