Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ.

🇦🇪ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി.

✒️ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 2024 ജനുവരി ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഷാര്‍ജ അധികൃതര്‍. ചൊവ്വാഴ്ചയാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്. നിരോധനത്തിന് മുന്നോടിയായി ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പണം ഈടാക്കിത്തുടങ്ങും.

ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതം ഈടാക്കാനാണ് തീരുമാനം. ശേഷം 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂര്‍ണമായി നിരോധിക്കും. ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി പലതവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രകൃതി സൗഹൃദ ബദല്‍ സംവിധാനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കണമെന്നും ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പൂര്‍ണമായ നിരോധനം കൊണ്ടുവരുന്നതിന് മുമ്പ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് അതുമായി താദാത്മ്യം പ്രാപിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന തരത്തിലായിരിക്കും നിരോധം ഏര്‍പ്പെടുത്തുക.

ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി കൊണ്ടുവരുന്ന മറ്റ് ബാഗുകളുടെ ഉപയോഗം നിര്‍ണിത മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് അധികൃതര്‍ ഉറപ്പുവരുത്തും. ഇത്തരം ബാഗുകള്‍ മുനിസിപ്പല്‍കാര്യ വകുപ്പ് അംഗീകരിക്കുന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓരോ വ്യാപര സ്ഥാപനത്തിലുമെത്തുന്ന ഉപഭോക്താക്കളോട് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് വീതം ഈടാക്കുമെന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വ്യാപാര സ്ഥാപനങ്ങള്‍ വിവരിച്ചുകൊടുക്കണം. ഇത്തരം ബാഗുകളുടെ ഉപയോഗം സ്റ്റോറുകളും നിയന്ത്രിക്കണം. 

നിരോധനം നടപ്പാക്കാനാവശ്യമായ മാനദണ്ഡങ്ങളും നിബന്ധനകളും തയ്യാറാക്കാന്‍ മുനിസിപ്പല്‍കാര്യ മന്ത്രാലയത്തോട് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം കൊണ്ടുവരുന്നത്. 

അബുദാബിയില്‍ ജൂണ്‍ ഒന്ന് മുതലും ദുബൈയില്‍ ജൂലൈ ഒന്ന് മുതലും ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നിലവില്‍ ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിലവില്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് വീതം ഈടാക്കുന്നുണ്ട്.

🇶🇦ഖത്തറിലും ഗൂഗ്ള്‍ പേ വരുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സെന്‍ട്രല്‍ ബാങ്ക്.

✒️മൊബൈല്‍ പേയ്‍മെന്റ് സംവിധാനമായ ഗൂഗ്ള്‍ പേ സേവനം ഔദ്യോഗികമായി ആരംഭിക്കാന്‍ ഖത്തറിലെ ബാങ്കുകള്‍ തയ്യാറാണെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗ്ള്‍ പേ സേവനത്തിന് രാജ്യത്ത് തുടക്കമാവുന്നത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഖത്തര്‍ ഒരുങ്ങവെ പുതിയ പേയ്‍മെന്റ് സൗകര്യം ഏറെ പ്രയോജനപ്രദമായി മാറുമെന്നാണ് പ്രതീക്ഷ.

മറ്റ് അന്താരാഷ്‍ട്ര പേയ്‍മെന്റ് സംവിധാനങ്ങളായ ആപ്പിള്‍ പേയും സാംസ്ങ് പേയും പോലുള്ളവ നിലവില്‍ ഖത്തറില്‍ സ്വീകരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഗൂഗ്ള്‍ പേ കൂടി എത്തുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗ്ള്‍ വാലറ്റ് ആപ്ലിക്കേഷന്‍ തുറന്നോ അല്ലെങ്കില്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗ്ള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗ്ള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ ഗൂഗ്ള്‍ പേ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്കായി ഗൂഗ്ള്‍ പേ സേവനം ആരംഭിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ക്യു.എന്‍.ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിങ് ജനറല്‍ മാനേജര്‍ ആദില്‍ അല്‍ മാലികി പറഞ്ഞു. ഫോണുകള്‍ക്ക് പുറമെ ശരീരത്തില്‍ ധരിക്കാനുന്ന കോണ്‍ടാക്ട്‍ലെസ് പേയ്‍മെന്റ് ഉപകരണങ്ങളിലൂടെ 'ടാപ്പ് ആന്റ് പേ' സൗകര്യവും ലഭ്യമാവും.ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.

🇦🇪ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.

✒️ദോഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക. 

ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45ന് മുംബൈയില്‍ എത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നുണ്ട്.

🇦🇪യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിരിക്കെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.

✒️യുഎഇയില്‍ അടുത്തയാഴ്ച പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനിരിക്കെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്‍കൂളുകളിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നത്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ എല്ലാ കൊവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതിയ അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ സ്‍കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം 12 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. സ‍്‍കൂള്‍ തുറക്കുന്ന ദിവസമാണ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. ഇത് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടേതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം നിശ്ചിത ഇടവേളകളില്‍ പിന്നീടും കൊവിഡ് പരിശോധന വേണമെന്ന പഴയ നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‍കൂളുകളിലും സ്‍കൂള്‍ ബസുകളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സാമൂഹിക അകലം പാലിക്കുന്നതിന് സ്‍കൂള്‍ മാനേജ്‍മെന്റിനോ സ്‍കൂള്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്കോ അവര്‍ക്ക് അനിയോജ്യമെന്ന് തോന്നുന്ന നടപടികള്‍ സ്വീകരിക്കാം. കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന കുട്ടികള്‍ക്ക് വീടുകളിലിരുന്ന് പഠനം തുടരാനുള്ള അവസരമൊരുക്കണം. രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കോ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പ്രകടമാവുന്നവര്‍ക്കോ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ലഭ്യമാവുന്നത് വരെയും വീടുകളിലിരുന്ന് പഠനം തുടരാം.

സ്‍കൂളുകളില്‍ ശരീര താപനില പരിശോധിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. എന്നാല്‍ പനിയുള്ളവര്‍ സ്‍കൂളുകളില്‍ എത്തുന്നത് ഒഴിവാക്കി കൊവിഡ് പരിശോധന നടത്തണം. പി.സി.ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെങ്കിലും അവര്‍ക്ക് സിക്ക് ലീവിന് അപേക്ഷിക്കാം.

🕋മക്കയിൽ കഅ്ബ പ്രദക്ഷിണത്തിനിടെ പാലിക്കേണ്ട പെരുമാറ്റ മര്യാദകൾ വ്യക്തമാക്കി അധികൃതര്‍.

✒️മക്കയിൽ തീർഥാടകർ കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ പാലിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എങ്ങനെ നല്ല രീതിയിൽ പ്രദക്ഷിണം ചെയ്യാമെന്നതിനുള്ള നിർദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. 

തിരക്ക് കുറയ്ക്കാൻ സഹായിക്കുക, മത്വാഫിലേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുക, നിർത്താതെ പ്രദക്ഷിണം തുടരുക, പ്രദക്ഷിണം ചെയ്യുന്നവരിൽ നിന്ന് അകന്ന് നമസ്‍കരിക്കുക, മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതെ നിശ്ചിത പാതയിൽ സഞ്ചരിക്കുക, പ്രാർത്ഥിക്കുമ്പോൾ കൈകൾ ഒരുമിച്ചുവെക്കുക, മിതമായ ശബ്ദത്തിൽ പ്രാർഥിക്കുക, ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക, ഫോട്ടോ എടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുക തുടങ്ങിയ നിർദേശങ്ങളാണ് പാലിക്കാൻ തീർഥാടകരോട് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്.

🇸🇦അനധികൃത താമസക്കാരായ പ്രവാസികളുടെ മക്കള്‍ക്കും സ്‍കൂളുകളില്‍ ചേരാന്‍ അനുമതി.

✒️സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‍കൂളുകളില്‍ ചേരാന്‍ അനുമതി. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ചൊവ്വാഴ്‍ച ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഈ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്‍മിഷന്‍ നേടുന്നതിനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായും രേഖകളുടെ കാലാവധി കഴിഞ്ഞും സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ അഡ്‍മിഷനായി സ്‍കൂളുകളെ സമീപിക്കുമ്പോള്‍ അവര്‍ക്ക് അഡ്‍മിഷന്‍ ഫോം നല്‍കണം. ശേഷം അതാത് മേഖലയിലെ ബന്ധപ്പെട്ട ഓഫീസുകളിലെത്തി ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവരോട് സ്‍കൂള്‍ അധികൃതര്‍ നിര്‍ദേശിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സ്‍കൂളുകളില്‍ തിരികെ സമര്‍പ്പിക്കാം. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ അഡ്‍മിഷന്‍ അപേക്ഷകള്‍ സ്വീകരിച്ച ശേഷം സ്‍കൂള്‍ അധികൃതര്‍ അഡ്‍മിഷനുള്ള നടപടികള്‍ സ്വീകരിക്കണം.

ഓരോ മാസവും ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അറിയിക്കണമെന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ വകുപ്പുകളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രേഖകളില്ലാത്ത വിദേശികളുടെയോ അനധികൃത താമസക്കാരായ പ്രവാസികളുടെയോ മക്കള്‍ സ്‍കൂളുകളില്‍ അഡ്‍മിഷന്‍ തേടുമ്പോള്‍ കുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും പാസ്‍പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍, ഇഖാമ, വിസിറ്റ് വിസ തുടങ്ങിയവയുടെ വിവരങ്ങള്‍, സ്ഥിരമായ മേല്‍വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും നല്‍കണം. ഈ അക്കാദമിക വര്‍ഷം തന്നെ, തന്റെ താമസ രേഖകള്‍ ശരിയാക്കാമെന്ന് കുട്ടിയുടെ രക്ഷിതാവ് സത്യവാങ്മൂലം നല്‍കുകയും വേണം.


🇰🇼പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും ഇഖാമ മാറ്റാന്‍ അവസരം.

✒️കുവൈത്തിലെ പ്രവാസികള്‍ക്ക് പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജ കമ്പനികളില്‍ നിന്നും തങ്ങളുടെ ഇഖാമ മാറ്റാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇതിനുള്ള അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജ കമ്പനികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കപ്പെടുകയും കമ്പനികളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍ത ശേഷമായിരിക്കും ഇഖാമ മാറ്റത്തിന് അനുമതി നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം. ജോലി വാഗ്ദാനം ചെയ്‍ത് പ്രവാസികളെ സ്വന്തം നാടുകളില്‍ നിന്ന് കുവൈത്തില്‍ എത്തിക്കുകയും, ഇവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഫയലുകള്‍ കമ്പനി ഉടമകള്‍ ക്ലോസ് ചെയ്യുകയും ചെയ്‍ത് കബളിപ്പിക്കപ്പെട്ടവര്‍ നിരവധിപ്പേരുണ്ട്. സ്വന്തം കുറ്റം കൊണ്ടല്ലാതെ രാജ്യത്ത് കുടുങ്ങിപ്പോയ ഇത്തരം പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍.

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അഹ്‍മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്‍ഡുകളില്‍ 48 പ്രവാസികള്‍ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വേശ്യാവൃത്തിയിലേര്‍പ്പെട്ട എട്ട് പ്രവാസികളെ ഇന്ന് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടിയിരുന്നു. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. 14 സ്‍ത്രീകളും ആറ് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

🛫ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം.

✒️വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE ACADEMY) മുഖേന നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേശ നഴ്‌സിംഗ് മേഖലകളിൽ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്.

HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE) മുഖാന്തിരമാണ് നോര്‍ക്ക റൂട്ട്‌സ് പരിശീലനം നല്‍കുക.

ബിഎസ്സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്.

താല്‍പര്യമുള്ളവര്‍ 2022 ആഗസ്റ്റ് 30 നു മുമ്പ് www.norkaroots.org വെബ്ലൈറ്റില്‍ നല്കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800-425-3939 ല്‍ ബന്ധപ്പെടാവുന്നതാണ്.

📲പ്രവാസികള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ സംവിധാനം.

✒️കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്.  

വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം.

വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം മുൻപ് വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

🇴🇲ഒമാൻ: വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 25 വരെ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്.

✒️ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 23, 24, 25 തീയതികളിൽ അൽ ഹജാർ പർവ്വതനിരകളുടെ സമീപ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തുടർച്ചയായുള്ള കാറ്റ് മൂലം അൽ ദാഖിലിയ, അൽ വുസ്ത, ദോഫാർ (ആദം – സലാല റോഡ്) മുതാലായ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 25, വ്യാഴാഴ്ച വരെ പൊടിക്കാറ്റ് മൂലം കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

📲ഓൺലൈൻ തുടർ പഠനം ഒരുക്കാമെന്ന് യുക്രെയ‍്‍ൻ; പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രി.

✒️റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു. 

യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. തുടർ പഠനം അനിശ്ചിതാവസ്ഥയിൽ ആയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. യുക്രെയ്നിൽ പഠനം തുടരാനാകുമോ എന്നതിലും വ്യക്തത വന്നിരുന്നില്ല. സെപ്തംബറിലാണ് അടുത്ത അധ്യയന വർഷം തുടങ്ങുക. ഈ സമയത്ത് യുക്രെയ്നിലേക്ക് തിരികെ പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർത്ഥികൾ. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർഥികൾ. 

ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലനം എങ്ങനെ പൂർത്തിയാക്കും എന്നതിൽ ആശങ്ക ബാക്കിയാണ്. സെപ്തംബറിൽ അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ട സാഹചര്യവും വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. പഠനത്തിനായി തിരികെ പോകാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ലക്ഷങ്ങൾ എങ്ങനെ ഫീസ് നൽകുമെന്നതും വിദ്യാർത്ഥികളെ കുഴക്കുന്നുണ്ട്.

യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യൻ കൾച്ചറൽ സെന്‍റർ അറിയിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ ടിസി നൽകാൻ തയ്യാറാകാതെ വന്നതോടെ ഈ നീക്കവും വിജയിച്ചില്ല. പഠനം പ്രതിസന്ധിയിലായവരിൽ കേരളത്തിൽ നിന്നുള്ള 3,687 വിദ്യാർത്ഥികളും ഉണ്ട്. ഇവരുടെ കാര്യങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും വിനിയോഗിക്കാനായിട്ടില്ല. ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകണമെന്നാണ് യുക്രെയ‍്‍നിൽ നിന്ന് തിരികെ എത്തിയ വിദ്യാർഥികളുടെ ആവശ്യം, പ്രായോഗിക പരിശീലനം അനുവദിക്കണമെന്നും ആവശ്യം ഉണ്ട്. എന്നാൽ നിലവിലെ നിയമങ്ങൾ അനുസരിച്ച് അത് നടക്കാനും സാധ്യതയില്ല.

Post a Comment

0 Comments