Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില വിദേശ വാർത്തകൾ

🇸🇦റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്.

✒️റിയാദ്: സൗദിയില്‍ നിന്ന് റീ-എന്‍ട്രി വിസയില്‍ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്നും അത് കണക്ക്കൂട്ടുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). റീ-എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.

മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നാല്‍ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാന്‍ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ മൂന്നു വര്‍ഷ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.

🕋മക്കയില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനാനുമതി.

✒️മക്കയിലെ പള്ളിയില്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളോടൊപ്പം പള്ളിയില്‍ പ്രവേശിക്കാം. എന്നാല്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധമാണ്. സൗദിയിലേക്ക് ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയില്‍ വരുന്നവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്.

🇸🇦നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,837 വിദേശികള്‍.

✒️സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,837 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് നാലു മുതല്‍ ഓഗസ്റ്റ് 10 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.  

അറസ്റ്റിലായവരില്‍ 8,735 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,335 പേരെ പിടികൂടിയത്. 1,767 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 468 പേര്‍. ഇവരില്‍ 58 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 37 ശതമാനം പേര്‍ എത്യോപ്യക്കാരും 5 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 53 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 6 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 51,905 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 48,802 പുരുഷന്മാരും 3,103 സ്ത്രീകളുമാണ്. 40,372 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു. 13,221 നിയമലംഘകരെ നാടുകടത്തി.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

🇦🇪പൊടിക്കാറ്റ്; ദുബൈയില്‍ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു.

✒️ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥ ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷമുള്ള ചില സര്‍വീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ (DXB) ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും (DWC) അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു.

ദുബൈയിലും അബുദാബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്‍ച മുഴുവന്‍ അനുഭവപ്പെട്ടത്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സര്‍വീസുകള്‍ താളംതെറ്റുന്നത് കുറയ്‍ക്കാനും എത്രയും വേഗം സാധാരണ നിലയിലുള്ള പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരുമായും ചേര്‍ന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അതേസമയം മോശം കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാന സര്‍വീസുകള്‍ വൈകിയതായി വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ നേരിടേണ്ടി വന്നേക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു.

ദുബൈയിലെ പല സ്ഥലങ്ങളിലും പൊടിക്കാറ്റ് മൂലം ദൂരക്കാഴ്‍ച 500 മീറ്ററിലും താഴെയായതോടെ ബുര്‍ജ് ഖലീഫയും ഐന്‍ ദുബൈയും ഉള്‍പ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച അസാധ്യമായി. അതേസമയം അഞ്ച് എമിറേറ്റുകളില്‍ ഇന്ന് ഇന്ന് ശക്തമായ മഴ ലഭിക്കുകയും ചെയ്‍തു. യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസം കൂടി തുടരും.

🇰🇼കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് തിങ്കളാഴ്ച അവധി.

✒️സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. പാസ് പോർട്ട് വിസ സേവനങ്ങൾ ഉണ്ടാകില്ല.

അതേസമയം പ്രധാനപ്പെട്ട കോൺസുലാർ സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കും.

Post a Comment

0 Comments