ഫൈനൽ എക്സിറ്റിൽ പോയിട്ട് പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം
ഫൈനൽ എക്‌സിറ്റ് വിസയിൽ പോയി പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരം പുതിയ ഇഖാമ നമ്പറിൽ ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോയ പ്രവാസിയുടെ ഡ്രൈവിങ് ലൈസൻസ് കാലഹരണപ്പെട്ടാലും ഭയപ്പെടേണ്ടതില്ലെന്ന് സാരം.
ഒരിക്കല്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയവര്‍ പിന്നീട് മറ്റൊരു വിസയില്‍ സൗദി അറേബ്യയിൽ തിരിച്ചെത്തിയാൽ ഫീസും ഫൈനും നൽകി മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയാൽ ഗതാഗത വകുപ്പ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. വിസിറ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് സാധുതയുള്ള അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ സൗദി അറേബ്യയിൽ വാഹനം ഓടിക്കാം. അതേസമയം, ഒരു വർഷത്തിനകം ലൈസന്‍സ് കാലാവധി കഴിഞ്ഞാൽ ലൈസൻസിന് സാധുതയുണ്ടാകില്ല. 18 വയസ്സ് പൂർത്തിയായവർക്ക് ഡ്രൈവിങ് പെർമിറ്റ് നേടാനും വ്യക്തിഗത ഫോട്ടോകളും മെഡിക്കൽ പരിശോധനയും കൊണ്ടുവരാനും ഡ്രൈവിങ് സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം.
അതേസമയം സൗദി അറേബ്യയില്‍ വിദേശ സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. എല്ലാ വിദഗ്ധ തൊഴിലുകളിലും ലൈസന്‍സ് നിര്‍ബന്ധമാകും. മുനിസിപ്പല്‍, ഗ്രാമീണകാര്യ മന്ത്രാലയത്തിേന്റതാണ് തീരുമാനം. ഇത്തരം 81 സാങ്കേതിക തസ്തികകളിലാണ് ലൈസന്‍സ് വേണ്ടിവരുക.
തൊഴിലാളികളുടെ യോഗ്യതയും വൈദഗ്ധ്യവും പരിശോധിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. 'ബലദി' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകും ലൈസന്‍സ് അനുവദിക്കുക. കാലാവധി കഴിയുേമ്പാള്‍ ഇതിലൂടെ പുതുക്കുകയും ചെയ്യാം. ഉയര്‍ന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാന്‍ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക.
Giant Ring : വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ; ബുര്‍ജ് ഖലീഫക്ക് 'മോതിര'മായി ഭീമന്‍ വളയം.
പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടും മനോഹരങ്ങളായ നിര്‍മ്മിതികള്‍ കൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈ നഗരം സന്ദര്‍ശകര്‍ക്ക് പുതിയ കൗതുക കാഴ്ച ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. ദുബൈയുടെ സ്വകാര്യ അഹങ്കാരമായ ബുര്‍ജ് ഖലീഫയെ ചുറ്റിയുള്ള ഭീമന്‍ വളയത്തിന്റെ (giant ring) ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാകുന്നത്.
നഗരത്തിന് മുകളില്‍ 500 മീറ്റര്‍ ഉയരത്തില്‍ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ (downtown circle) എന്ന പേരിലാണ് ഇതിന്റെ രൂപകല്‍പ്പന. ദുബൈയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നേറ സ്‌പേസ് ആണ് ആകാശവളയം എന്ന ആശയം മുമ്പോട്ട് വെച്ചിരിക്കുന്നത്. ദുബൈയിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ആശയത്തിന് പിന്നില്‍. മൂന്ന് കിലോമീറ്റര്‍ ചുറ്റളവാണ് ഈ വളയത്തിനുള്ളത്.
അഞ്ച് തൂണുകളിലായാണ് 500 മീറ്റര്‍ ഉയരത്തില്‍ വളയം നിര്‍മ്മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുമുണ്ടാകും. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ രൂപകല്‍പ്പന മത്സരത്തിലാണ് ഇത്തരമൊരു ആശയം ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ടത്. പദ്ധതിയുടെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സുരക്ഷാ സൈനികരുടെ അകമ്പടിയില്ല; റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച് ഫോട്ടോയെടുത്ത് സൗദി കിരീടാവകാശി.
സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ റെസ്റ്റോറന്റില്‍ സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനെത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെയാണ് കിരീടാവകാശി റെസ്റ്റോറന്റിലെത്തിയത്.
ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്‌റ്റോറന്റിലെത്തിയ കിരീടാവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉണ്ടായിരുന്നു. റെസ്റ്റോറന്റിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ട് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും അമ്പരന്നു. കിരീടാവകാശിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകള്‍ ചുറ്റും കൂടി. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എല്ലാവര്‍ക്കുമൊപ്പം ഫോട്ടോകളും എടുത്താണ് മടങ്ങിയത്.
ടിക്കറ്റ് നിരക്ക് കുതിക്കുന്നു; യുഎഇയിലെത്താന്‍ മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിച്ച് പ്രവാസികള്‍
അവധിക്കാലം അവസാനിക്കാറായതോടെ നാട്ടിലെത്തിയ പ്രവാസികള്‍ തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതും ആവശ്യമായ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്താതും പ്രവാസികളെ വലക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിക്കുകയാണിവര്‍.
ഭൂരിഭാഗം പേരും ഒമാന്‍ വഴി യുഎഇയിലെത്താനാണ് ശ്രമിക്കുന്നത്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വിസയും ആവശ്യമാണ്. വേനല്‍ അവധിക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെയാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുക. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 ദിര്‍ഹം മുതലാണ് നിരക്ക്. വണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കും.
കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് 600-700 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയെടുത്ത് ബസിന് ദുബൈയില്‍ എത്തിയാല്‍ പോലും ചെലവ് കുറവാണ്. യുഎഇ വിസയുള്ളവര്‍ക്ക് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ 60 ദിര്‍ഹത്തില്‍ താഴെ ലഭിക്കുകയും ചെയ്യും. താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ പലരും ഈ വഴിയാണ് വരുന്നത്. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. മസ്‌കറ്റ്, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളാണ് പ്രവാസികള്‍ യുഎഇ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്.
0 Comments