കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ രാവിലെ എട്ട് മണിക്ക് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കി വിടുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു ദിവസം അണക്കെട്ടിൽ പരമാവധി നിലനിർത്താവുന്ന ജലനിരപ്പാണ് റൂൾ ലെവൽ വഴി ശാസ്ത്രീയമായി നിശ്‌ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം.
കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും; പെരിയാറില്‍ ജലനിരപ്പുയരും.
എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു
ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നു.ഡാമിന്റെ 4 ഷട്ടറുകൾ 55 സെൻറിമീറ്റർ ഉയർത്തിയിരിക്കുകയാണ്. മുക്കൈ പുഴ കരകവിഞ്ഞതോടെ മുക്കൈ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു.ശിരുവാണി ഡാമിന്റെ സ്സൂയിസ് ഷട്ടർ 1.70 അടിയായി ഉയർത്തിയിട്ടുണ്ട്.അട്ടപാടിയിൽ ഭവാനി, ശിരുവാണി പുഴകളിൽ ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 1 സെന്റീമീറ്റർ ഉയർത്തി. ചുള്ളിയാർ ഡാമിന്റെ സ്ലൂയിസ് ഷട്ടർ ഇന്ന് 10 മണിക്ക് ഉയർത്തും. ഗായത്രി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ബാണാസുര സാഗർ ഡാം തുറന്നതിനെ തുടർന്ന് കബനി നദിയിൽ ജല നിരപ്പ് ഉയർന്നു.നിലവിൽ വെള്ളപൊക്ക ഭീഷണിയില്ല.ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് ആശ്വാസമായി.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.2540 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പെത്തി.ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും.സെക്കന്റിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്
0 Comments