Ticker

6/recent/ticker-posts

Header Ads Widget

മട്ടന്നൂരിലെ ഫലം ആഘോഷമാക്കി UDF; വിജയത്തിളക്കം കുറഞ്ഞത് പരിശോധിക്കാന്‍ LDF

ആഗസ്റ്റ് 20ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം. എൽ.ഡി.എഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. എൽ.ഡി.എഫ് 21 സീറ്റിലും യു.ഡി.എഫ് 14 സീറ്റിലും വിജയിച്ചു. എൻ.ഡി.എ ഒറ്റ സീറ്റ് പോലും നേടിയില്ല.

എൽ.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളിലെ നാല് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. പെരിഞ്ചേരി, പൊറോറ, ഏളന്നൂർ, ആണിക്കര വാർഡുകളാണ് യു.ഡി.എഫ്. പിടിച്ചെടുത്തത്. കഴിഞ്ഞ തവണത്തേക്കാൾ ഏഴ് സീറ്റുകൾ യു.ഡി.എഫ് അധികം നേടി. 2017ൽ ഏഴ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്.

നിലവിൽ എൽ.ഡി.എഫിന്​ 28 സീറ്റുകൾ ഉണ്ടായിരുന്നു. 25 സീറ്റുകൾ സി.പി.എം ഒറ്റക്ക്​ നേടിയ നഗരസഭയിലാണ് ഇക്കുറി 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സി.പി.എമ്മിന് 25ഉം സി.പി.ഐക്കും ഐ.എൻ.എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിൽ കോൺഗ്രസിന് നാലും ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി ആറാം തവണയും എല്‍ഡിഎഫ് ഭരണം പിടിച്ചെങ്കിലും ആഘോഷം മുഴുവന്‍ യുഡിഎഫ് ക്യാമ്പിലാണ്. നഗരസഭ രൂപവത്കരിച്ചത് മുതല്‍ എല്‍ഡിഎഫിന് ഒപ്പം നിന്നിട്ടുള്ള അവരുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മട്ടന്നൂരില്‍ സീറ്റ് ഇരട്ടിയാക്കാന്‍ സാധിച്ചതിലാണ് യുഡിഎഫിന്റെ ആഹ്‌ളാദം.

സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് എപ്പോഴും വേറിട്ട് നില്‍ക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. കേരളത്തില്‍ മട്ടന്നൂരൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അത് കഴിഞ്ഞ ഒന്നര വര്‍ഷത്തിന് ശേഷമാകും മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളാണ് ഈ ഒരിടവേളയ്ക്ക് കാരണമായത്.

2012-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 14 വാര്‍ഡുകള്‍ നേടിയതാണ് യുഡിഎഫ് മട്ടന്നൂരില്‍ നേടിയ ഏറ്റവും മികച്ച പ്രകടനം. 2010-ലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തീര്‍ത്ത തരംഗത്തിന്റെ അലയൊലികളുടെ ഭാഗമായിരുന്നു ഇതും. ആറില്‍ നിന്നാണ് അന്ന് 14ലേക്ക് ഉയര്‍ന്നത്. എന്നാല്‍ 2017-ല്‍ ഏഴിലേക്ക് കൂപ്പുകുത്തി യുഡിഎഫ്. നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കലായിരുന്നു ഇത്തവണ യുഡിഎഫിന്റെ പ്രഥമ പരിഗണന. ആ ലക്ഷ്യം കൈവരിക്കാനായതാണ് യുഡിഎഫിന്റെ പ്രധാന നേട്ടം. ഒപ്പം തൃക്കാക്കരക്ക് പിന്നാലെ നടന്ന സുപ്രധാന രാഷ്ട്രീയ പോരില്‍ ഇടതുകോട്ടയ്ക്ക് ഇളക്കമുണ്ടാക്കിയതിന്റേയും ആവേശത്തിലാണ് സംസ്ഥാനത്തുടനീളമുള്ള യുഡിഎഫ് പ്രവര്‍ത്തകരും നേതൃത്വവും.

നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫിന് നേടാനായത്. മൊത്തം വാര്‍ഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്.

എല്‍ഡിഎഫിനെതിരെ ഒരു സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. മുസ്ലിംലീഗ് ഇത്തരത്തിലുള്ള ഒരു ധ്രുവീകരണത്തിന് നേതൃത്വം നല്‍കി. മറ്റു ഘടകങ്ങല്‍ പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഎം നേതൃത്വം പറയുന്നു.

കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരില്‍ കണ്ടതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്. 'ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.ഭരണം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത ഏഴ് സീറ്റുകള്‍. കേരളത്തെ ഇന്ത്യയുടെ ''കോവിഡ് ഹബ്ബ് ' ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരിലെ യുഡിഎഫി ന്റെ മിന്നുന്ന പ്രകടനത്തില്‍ പിണറായിയുടെ ധാര്‍ഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി' - കെ.സുധാകരന്‍ പറഞ്ഞു.

ശ്രദ്ധേയമായ പ്രചാരണം

നാടും കാടുമിളക്കിയുള്ള പ്രചാരണം തന്നെയായിരുന്നു ഇത്തവണ മുന്നണികളെല്ലാം നടത്തിയിരുന്നത്.പ്രമുഖ നേതാക്കളെ എല്ലാം കൊണ്ടുവന്ന് ഊര്‍ജിതമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തിയത്.

മന്ത്രിമാരായ എം.വി.ഗോവിന്ദന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, സി.പി.എം. പി.ബി. അംഗം എ.വിജയരാഘവന്‍ തുടങ്ങിയവര്‍ എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് എത്തി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരന്‍ എം.പി. തുടങ്ങിയവര്‍ യു.ഡി.എഫ് പ്രചാരണത്തിന് ഉണ്ടായിരുന്നു. ഒപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ക്യാമ്പ് ചെയ്ത് തന്നെ പ്രവര്‍ത്തനം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയവരാണ് ബി.ജെ.പി.യുടെ പ്രചാരണത്തിനായി എത്തിയത്

Post a Comment

0 Comments