ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ; പകരം ഇഖാമക്ക് 500 റിയാല്‍ ഫീസ്.
പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടത്. സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദല്‍ ഇഖാമ അനുവദിക്കാന്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്. ഇഖാമ നഷ്ടപ്പെടാനുള്ള കാരണവും നഷ്ടപ്പെട്ട സ്ഥലവും വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമയോ രക്ഷാകര്‍ത്താവോ നല്‍കുന്ന കത്ത് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇഖാമ ഉടമയുടെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഹാജരാക്കലും നിര്‍ബന്ധമാണ്.
നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയുണ്ടെങ്കില്‍ അതും ഹാജരാക്കണം.
ഇഖാമ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ജവാസാത്ത് ഡയറക്ടറേറ്റിലുള്ള പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം. ഇതിനു പുറമെ ബദല്‍ ഇഖാമക്കുള്ള ഫോറവും പൂരിപ്പിച്ച് നല്‍കണം. പാസ്‌പോര്‍ട്ടിലെ വിവരങ്ങളുമായി പൂര്‍ണമായും ഒത്തുപോകുന്ന നിലയിലാണ് ഫോറം പൂരിപ്പിക്കേണ്ടത്. പൂരിപ്പിച്ച ഫോമുകളില്‍ തൊഴിലുടമ ഒപ്പും സീലും പതിക്കണം.
അപേക്ഷയോടൊപ്പം ബദല്‍ ഇഖാമ അനുവദിക്കാന്‍ ഏറ്റവും പുതിയ രണ്ടു കളര്‍ ഫോട്ടോകളും സമര്‍പ്പിക്കണം. ഇഖാമ നഷ്ടപ്പെടുത്തിയതിനുള്ള പിഴ എന്നോണം 1,000 റിയാലും അടക്കണം. കൂടാതെ വിരലടയാളവും കണ്ണിന്റെ ഐറിസ് ഇമേജും രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15945 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15945 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 സെപ്റ്റംബർ 15 മുതൽ 2022 സെപ്റ്റംബർ 21 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 സെപ്റ്റംബർ 24-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 9213 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 4266 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 2466 പേരെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2022 സെപ്റ്റംബർ 8 മുതൽ 2022 സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16606 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം.
സൗദി അറേബ്യയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സൗദിവത്കരണത്തിന്റെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
പെയിന്റിങ് തൊഴിലാളി, ശുചീകരണ തൊഴിലാളി, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവര്‍, കയറ്റിറക്ക് തൊഴിലാളി, ഹെയര്‍ ഡ്രസ്സര്‍, പ്ലംബര്‍, പ്രത്യേക യോഗ്യതയും സ്‌പെഷ്യലൈസ്ഡ് സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള കളിയുപകരണങ്ങളുടെ ഓപ്പറേറ്റര്‍ എന്നീ തൊഴിലാളികളെയാണ് സൗദിവത്കരണ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂനിഫോം ധരിക്കലും തൊഴിലാളികളുടെ ജോലികള്‍ യൂനിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തലും നിര്‍ബന്ധമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ 70 ശതമാനവും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ 100 ശതമാനവും സൗദിവത്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിലവില്‍വന്നു.
കെ സി എ റിയാദ് കേരള പ്രീമിയര്‍ ലീഗ് നവംബറില്‍.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) റിയാദിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് നവംബര്‍ ആദ്യ വാരത്തില്‍ തുടക്കമാവും. റിയാദ് എക്‌സിറ്റ് 18-ലെ കെ.സി.എ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. ഐ.പി.എല്‍ മാതൃകയില്‍ ക്രമീകരിച്ച മത്സരങ്ങളില്‍ എട്ട് ഫ്രാഞ്ചൈസികളാണ് ടീമുകളെ കളത്തിലിറക്കുന്നത്. ടെക്‌നോ മേക്ക് ഗ്രൂപ്പ് കമ്പനീസ്, ദി കാന്റീന്‍ ഇന്ത്യന്‍ റെസ്റ്റോറന്റ്, ഉലയ അസ്സോസിയേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെ.സി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2016-ല്‍ റിയാദ് കേന്ദ്രീകരിച്ചു രൂപവത്കരിച്ച കെ.സി.എയില്‍ പ്രമുഖരായ 30 ഓളം ക്ലബ്ബുകള്‍ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബ്ബുകളില്‍ സ്ഥിരമായി കളിക്കുന്നവര്‍ ഒരു ഫ്രാഞ്ചൈസിക്ക് കീഴില്‍ ഒരു ടൂര്‍ണമെന്റിന് മാത്രമായി ഒന്നിക്കുന്നത് പുതിയ അനുഭവമായിരിക്കും. ടെക്‌നോ മെയ്ക്, ഹെര്‍മോസ, ഷമാല്‍ ഡിജിറ്റല്‍സ്, എ.ആര്‍.എം ഗ്രൂപ്പ്, ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, കാപ്രികോണ്‍ ലോജിസ്റ്റിക്‌സ് ജിദ്ദ , ഗ്ലോബ് വിന്‍ ലോജിസ്റ്റിക്‌സ്, അല്‍-ഉഫുഖ് ട്രേഡിങ്സ് എന്നീ സ്ഥാപനങ്ങളാണ് പ്രീമിയര്‍ ലീഗിലെ എട്ടു ടീമുകളെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികള്‍.
പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കളിക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 27ന് അവസാനിക്കും. സൗദിയില്‍ താമസിക്കുന്ന കേരളക്കാരായ കളിക്കാര്‍ക്കാണ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ സാധിക്കുക. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കളിക്കാരെയും എ,ബി,സി കാറ്റഗറികളായി തിരിച്ചു ഫ്രാഞ്ചൈസികള്‍ക്ക് തെരഞ്ഞെടുക്കുന്നതിനായി പ്ലയേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച തുകയില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത കളിക്കാരെ തെരഞ്ഞെടുത്തു അവരുടെ ടീമിനെ രൂപവത്കരിക്കുന്ന രീതിയിലാണ് പ്രീമിയര്‍ ലീഗ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും ഒരു ഐക്കണ്‍ പ്ലയറേയും സി കാറ്റഗറിയിലുള്ള ഒരു ഓണര്‍ പ്ലെയറേയും നിശ്ചയിക്കാനുള്ള അനുവാദം ഉണ്ടാവും. ടീം സ്‌ക്വാഡിലേക്ക് ആവശ്യമായ ബാക്കിയുള്ള 13 കളിക്കാരെ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍നിന്ന് കണ്ടെത്തണം. ഒക്ടോബര്‍ അഞ്ചോടെ ടൂര്‍ണമെന്റ്ല്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളുടെ ടീം സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫ്രാഞ്ചൈസികള്‍ക്കുള്ള ജേഴ്‌സിയുടെയും വിജയികള്‍ക്കുള്ള ട്രോഫികളുടെയും പ്രകാശനം, ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ പ്രകാശനം എന്നിവ ഒക്ടോബര്‍ 21-ന് നടക്കും.
ടൂര്‍ണമെന്റ് വിജയികള്‍ക്ക് പഞ്ചാബില്‍നിന്ന് പ്രത്യേകം തയാര്‍ ചെയ്ത ക്രിക്കറ്റ് ലോകക്കപ്പ് മാതൃകയിലുള്ള ട്രോഫികളാണ് സമ്മാനിക്കുന്നത്. ജേതാക്കള്‍ക്ക് ട്രോഫിയും 3,333 റിയാലുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം 2,222 റിയാലും ട്രോഫിയുമാണ്. മത്സരങ്ങള്‍ നവംബര്‍ മാസത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടെക്‌നോ മേയ്ക് മാനേജിങ് ഡയറക്ടര്‍ ഹബീബ് അബൂബക്കര്‍, കെ.സി.എ പ്രസിഡന്റ് ഷബിന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി എംപി. ഷഹ്ദാന്‍, ട്രഷറര്‍ സെല്‍വകുമാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ നജീം അയ്യൂബ്, സുബൈര്‍ കരോളം എന്നിവര്‍ പങ്കെടുത്തു.
സൗദി ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും; ഇത്തവണ ചരിത്രം സൃഷ്ടിച്ച ആഘോഷം.
സൗദി അറേബ്യയുടെ 92-ാം ദേശീയദിനാഘോഷത്തിന് നാളെ കൊടിയിറങ്ങും. ഇത്തവണ ചരിത്രം സൃഷ്ടിച്ച ആഘോഷമാണ് രാജ്യമെമ്പാടും ഒരാഴ്ചയായി അരങ്ങേറിയത്. വെടിക്കെട്ടും വ്യോമ, നാവിക പ്രകടനങ്ങളും സേനാപരേഡുകളും സാംസ്‌കാരിക, സംഗീത പരിപാടികളും സ്ത്രീപുരുഷ ഭേദമന്യേ സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ രാജ്യനിവാസികളും ആസ്വദിക്കാന്‍ രംഗത്തിറങ്ങി. 'ഇത് നമ്മുടെ വീടാണ്' എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം.
രാജ്യത്തെ 18 നഗരങ്ങളിലാണ് വിവിധതരം കരിമരുന്ന് പ്രയോഗങ്ങളിലൂടെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തത്. പ്രധാന പരിപാടികളിലൊന്നായിരുന്നു വെടിക്കെട്ട്. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് വെടിക്കെട്ട് ആരംഭിച്ചത്. അഞ്ച് മുതല്‍ 15 മിനുറ്റ് വരെ നീണ്ടുനിന്നു മാനത്ത് മാരിവില്ലഴക് വിരിയിച്ച കമ്പക്കെട്ട്. മാനത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ പൊട്ടിവിരിഞ്ഞു. പൂവാടികള്‍ വിരിഞ്ഞുനിറഞ്ഞു. പച്ച വസ്ത്രം ധരിച്ചും സൗദി പതാക ഉയര്‍ത്തിയും 'ഇത് ഞങ്ങളുടെ വീടാണ്' എന്ന എന്നെഴുതിയ ബാനറുകള്‍ വഹിച്ചും നിരവധി കുടുംബങ്ങളും കുട്ടികളും വിവിധ നഗരങ്ങളിലെ വെടിക്കെട്ടുകള്‍ കാണാനെത്തിയിരുന്നു.
രാജ്യചരിത്രത്തിലെ വലിയ വ്യോമ നാവിക പ്രകടനങ്ങള്‍ക്കാണ് പ്രധാന നഗരങ്ങളും തീരപ്രദേശ ജനവാസകേന്ദ്രങ്ങളും സാക്ഷ്യം വഹിച്ചത്. സൗദിയുടെ കൂറ്റന്‍ പതാകയേന്തിയ നാവികസേനയുടെ അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുകള്‍ സമുദ്രതീരങ്ങളില്‍ ദേശീയഗാന അകമ്പടിയോടെ ഒഴുകിനടന്നു. ബോട്ടുകളുടെ പരേഡും നയനാനന്ദകരമായി. നേവല്‍ സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ ഹെലികോപ്റ്ററുകള്‍ കൂറ്റന്‍ ദേശീയ പതാകയുമായി നീങ്ങിയത് കാണാന്‍ ഖോബാര്‍ ബീച്ചിലും വലിയ ജനസഞ്ചയമാണ് അണിനിരന്നത്.
കുതിരപ്പടയും കാലാള്‍ സൈന്യവും ക്ലാസിക് കാറുകളുടെയും ബാന്‍ഡ് സംഘത്തിന്റെയും അകമ്പടിയോടെ നടത്തിയ പരേഡുകള്‍ വീക്ഷിക്കാന്‍ ത്വാഇഫ്, തബുക്ക്, അബഹ, ജിസാന്‍, സകാക്ക, അറാര്‍, ഹാഇല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വീഥികളില്‍ സ്ത്രീകളും കുട്ടികളുമടക്കം ജനം തിങ്ങിനിറഞ്ഞു. ദേശീയഗാനങ്ങളും പ്രകീര്‍ത്തന ഗീതങ്ങളും പാരമ്പര്യ നൃത്തവുമായി തദ്ദേശീയര്‍ പരേഡുകള്‍ക്ക് പിന്നാലെ നീങ്ങി. ജിദ്ദയിലെ ജലാശയത്തില്‍ ദേശീയവേഷധാരിയായ അഭ്യാസി ഉയര്‍ന്ന് വളയുന്ന പൊയ്ക്കാലില്‍ സൗദി പാതകയുമേന്തി നടത്തിയ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
0 Comments