പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.
ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.
ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തിച്ചികില്‍സയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു. തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്‌പെടുത്തു.
അഭിരാമിയുടെ മരണം: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; 'കാര്യമായ പരിഗണന ലഭിച്ചില്ല.
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചതായി അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഇന്ന് രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.
0 Comments