Ticker

6/recent/ticker-posts

Header Ads Widget

ഖത്തർ ലോകകപ്പ് 2022: ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ മുതലായവയുടെ കൂടുതൽ വിവരങ്ങൾ ഖത്തർ അധികൃതർ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബർ 8, വ്യാഴാഴ്ച ദോഹയിൽ നടന്ന പ്രത്യേക പത്ര സമ്മേളനത്തിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സി ഇ ഓ H.E. നാസ്സർ അൽ ഖാതീറാണ് ഈ വിവരങ്ങൾ പ്രഖ്യാപിച്ചത്.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക് അവരുടെ ഹയ്യ കാർഡ് ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ ബന്ധിപ്പിക്കുന്നതിന് അവസരം നൽകുന്നതാണ്.

ഈ സംവിധാനത്തിലൂടെ മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത വ്യക്തികൾക്ക്, ഹയ്യ കാർഡ് നേടിയിട്ടുള്ള വ്യക്തികൾക്കൊപ്പം, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. ഈ പദ്ധതി അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതാണ്.

ടിക്കറ്റ് നേടിയിട്ടുള്ള ഫുട്ബോൾ ആരാധകരുടെ കുടുംബാംഗങ്ങൾക്ക് ലോകകപ്പ് കാലയളവിൽ അവരോടൊപ്പം ഖത്തർ സന്ദർശിക്കുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു. 12 വയസിന് മുകളിൽ പ്രായമുള്ള ഇത്തരക്കാരിൽ നിന്ന് ഒരു ചെറിയ പ്രവേശന ഫീസ് ഈടാക്കുന്നതാണ്. അടുത്ത ആഴ്ച മുതൽ ഫുട്ബാൾ ആരാധകർക്കായി കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും, ഇതിനായി മറ്റു സ്വകാര്യ വെബ്സൈറ്റുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബുക്കിംഗ് ഉപയോഗിച്ച് കൊണ്ടും ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

പങ്കെടുക്കുന്ന മുഴുവൻ സന്ദർശകരുടെയും സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുള്ള ഒരു ലോകകപ്പ് ടൂർണമെന്റായിരിക്കും ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എന്ന് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അംഗം കേണൽ ജാസ്സിം അബ്ദുൾറഹ്മാൻ അൽ സയ്ദ് വ്യക്തമാക്കി. ഹയ്യ കാർഡ് ലഭിച്ചിട്ടുള്ളവർക്ക് ഒന്നിലധികം തവണ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും, തിരികെ മടങ്ങുന്നതിനും അനുവാദമുണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി 2022 നവംബർ 1 മുതൽ ഹയ്യ കാർഡിലെ മൾട്ടിപ്പിൾ വിസിറ്റ് സേവനം പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി കരമാർഗം ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് അബു സംറ ബോർഡർ പോർട്ടിൽ പാർക്കിംഗ് സേവനങ്ങൾ ഒരുക്കുമെന്നും, അവിടെ നിന്ന് ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഖത്തർ നമ്പർ പ്ലേറ്റില്ലാത്ത കാറുകൾക്ക് കര അതിർത്തികളിലൂടെ പ്രവേശിക്കുന്നതിന് മുൻ‌കൂർ രജിസ്‌ട്രേഷൻ അടിസ്ഥാമാക്കിയുള്ള ഒരു സംവിധാനം ഒരുക്കുന്നതാണ്. ഇതിന്റെ വിവരങ്ങൾ 2022 ഒക്ടോബർ 15-ന് പ്രഖ്യാപിക്കുന്നതാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിലേക്കും, യു എ ഇയിലേക്കും, ഒമാനിലേക്കും പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതികളെക്കുറിച്ച് അതാത് രാജ്യങ്ങൾ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.

🇸🇦ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 24-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

🇦🇪ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സംമ്പന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി. ഈ പ്രത്യേക വിസ പദ്ധതി പ്രകാരം, ഹയ്യ കാർഡ് ഉടമകൾക്ക് യു എ ഇയിലേക്ക് 90 ദിവസം വരെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നേടാവുന്നതാണ്.

🇴🇲ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പ് കാണുന്നതിനായെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ:

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. https://hayya.qatar2022.qa/ എന്ന വിലാസത്തിൽ നിന്ന് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ് എന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തിട്ടുള്ള ഖത്തറിൽ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണ്.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ താത്പര്യമില്ലാത്ത, എന്നാൽ ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും (ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായിരിക്കണം) തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ മത്സരങ്ങൾ കാണുന്നതിനായല്ലാതെ, ഖത്തറിലേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ സമർപ്പിച്ചിട്ടുള്ള ഹയ്യ ഡിജിറ്റൽ കാർഡിനുള്ള അപേക്ഷകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി അവർ ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ഖത്തറിൽ എവിടെയാണ് താമസിക്കുന്നതെന്ന വിവരം നൽകേണ്ടതാണ്. ഖത്തറിലെ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ കൂടെ താമസിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം സന്ദർശകർക്ക്, അതിന് അനുമതി ലഭിക്കുന്നതിനായി, ഖത്തറിൽ അവരെ താമസിപ്പിക്കാൻ അനുവദിക്കുന്ന ബന്ധു/ സുഹൃത്ത് അവരുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ താഴെ നൽകിയിട്ടുണ്ട്

ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾക്ക് തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്:
ഇതിനായി https://hayya.qatar2022.qa/ എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത ശേഷം ‘Alternative Accommodation’ ടാബിൽ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതാണ്.
പ്രവാസിയുടെ ഖത്തർ ഐഡി വിവരങ്ങൾ.
താമസസ്ഥലത്തിന്റെ അഡ്രസ്, സ്ട്രീറ്റ്, സോൺ, ബിൽഡിംഗ് മുതലായ വിവരങ്ങൾ ഉൾപ്പടെ, നൽകേണ്ടതാണ്.
താമസസ്ഥലം വാടകയ്ക്കാണോ, അതോ സ്വന്തമാണോ എന്നീ വിവരങ്ങൾ.
ഇവ നൽകിയ ശേഷം താമസസ്ഥലം ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
ഇതിന് ശേഷം തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായ ഓരോ വ്യക്തിയുടെയും (ബന്ധു/ സുഹൃത്ത്) വിവരങ്ങൾ താഴെ പറയുന്ന രീതിയിൽ നൽകേണ്ടതാണ്.
ഓരോ വ്യക്തിയുടെയും പേര്.
ഓരോ വ്യക്തിയുടെയും പാസ്സ്‌പോർട്ട് നമ്പർ.
ഓരോ വ്യക്തിയുടെയും മാതൃരാജ്യം സംബന്ധിച്ച വിവരങ്ങൾ.
info@hayya.qa എന്ന ഇമെയിൽ വിലാസത്തിൽ നിന്നോ, 800 2022 എന്ന നമ്പറിൽ നിന്നോ (വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് (+974) 4441 2022 എന്ന നമ്പർ) ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും. ആഴ്ചയില്‍ 13 സര്‍വീസുകള്‍ മുംബൈയില്‍ നിന്നും നാലെണ്ണം ഹൈദരാബാദില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ചെന്നൈയില്‍ നിന്നും ദോഹയിലേക്ക് പറക്കും. ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി.

Post a Comment

0 Comments