നാളത്തെ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന കോവളം മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 15 സ്പെഷ്യൽ സ്ട്രൈക്കർ ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വൈകിട്ട് 4.30 മുതൽ. പാസിനൊപ്പം തിരിച്ചറിയൽ കാർഡ് കരുതണം. നാളെ ഉച്ചയ്ക്ക് 3 മണിമുതൽ രാത്രി 12 വരെ നഗരത്തിൽ ഗതാഗത ക്രമീകരണം. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ കൊണ്ടു കയറുവാൻ അനുവദിക്കുന്നതല്ല.
കളി കാണാൻ വരുന്നവർക്ക് മൊബൈൽ ഫോൺ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാൻ അനുവദിക്കുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവര കാരണവശാലും സ്റ്റേഡിയത്തിനുളളിൽ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ, ഭക്ഷണസാധനങ്ങളും വെള്ളവും പുറത്ത് നിന്നും കൊണ്ടു വരാൻ അനുവദിക്കുന്നതല്ല. ഭക്ഷണസാധനങ്ങൾകാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകുന്നതാണ്.
ക്രിക്കറ്റ് കാണാനെത്തുന്നവരുടെ എൽ.എൻ.സി.പി.ഇ. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം ബി.എഡ് സെന്റർ, കഴക്കൂട്ടം ഫ്ലൈഓവറിന് താഴ് എന്നിവിടങ്ങളിലും പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. സുരക്ഷാക്രമീകരണങ്ങളോടും ഗതാഗതക്രമീകരണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യുടെ ആരവത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. സഞ്ജു സാംസണ്‍ ടീമിലില്ലെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരമെത്തുന്നത് എന്നതിനാല്‍ പോരാട്ടം ആവേശമാകുമെന്നുറപ്പ്. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങളുണ്ട്. നാളെ(സെപ്റ്റംബര്‍ 28) രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് മുതല്‍ മത്സരത്തിന്‍റെ ആവേശമൊട്ടും ചോരാതെ കാര്യവട്ടത്തെ കളി കാണാനുള്ള വഴികള്‍ അറിയാം.
സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്പോര്‍ട്‌സ് 1, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്പോര്‍ട്‌സ് ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്‌സ് 1 എച്ച്‌ഡി ഹിന്ദി എന്നീ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ വഴി ഓണ്‍ലൈനിലും മത്സരം കാണാം. മത്സരദിനം രാവിലെ ഏഴ് മണിമുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ടി20യുടെ അവലോകനങ്ങളും തല്‍സമയ വിവരങ്ങളും അറിയാം.
കാര്യവട്ടം ടി20യ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. മത്സരത്തിനായി ഇരു ടീമുകളും നേരത്തെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. മത്സരത്തിനായുള്ള അവസാനഘട്ട പരിശീലനം പുരോഗമിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര. ടി20 ലോകകപ്പിന് മുമ്പ് ഇരു ടീമിനും അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്താനും ഉചിതമായ പ്ലേയിംഗ് ഇലവനെ കണ്ടെത്താനുമുള്ള അവസരമാണിത്.
ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷ.
ക്രമസമാധാന ചുമതലയുള ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേല്‍നോട്ടച്ചുമതല എസ്.പി-മാര്‍ക്ക് ആയിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളില്‍ നിന്നും, ആംഡ് പോലീസ്ബറ്റാലിയനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പോലീസ് കമാന്‍ഡോ സംഘം, ബോംബ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. അതോടൊപ്പം കണ്‍ട്രോള്‍ റൂം അസ്സിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന കോവളം മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 15 സ്‌പെഷ്യല്‍ സ്‌ട്രൈക്കര്‍ ഫോഴ്‌സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്രമീകരണങ്ങളും വാഹന പാര്‍ക്കിംഗും
ബുധനാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ രാത്രി 12.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്.
വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്ന വിധം
പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയില്ല.
ആറ്റിങ്ങല്‍ ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് -മുക്കോലയ്ക്കല്‍ വഴി പോകേണ്ടതാണ്.
തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഉള്ളൂര്‍-ആക്കുളം കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.
ശ്രീകാര്യം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക് മണ്‍വിള കുളത്തൂര്‍ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.
വാഹന പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍
ക്രിക്കറ്റ് കാണാനെത്തുന്നവരുടെ വാഹനങ്ങല്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം ബി.എഡ് സെന്റര്‍, കഴക്കൂട്ടം ഫ്‌ലൈഓവറിന് താഴെ എന്നിവിടങ്ങളിലും പോലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്.
ക്രിക്കറ്റ് മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളോടും ഗതാഗതക്രമീകരണങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
0 Comments