Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇮🇳ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ സൗദി സന്ദര്‍ശനം അവസാനിച്ചു.

✒️ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ വ്യാപാര വാണിജ്യ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലിന്റെ രണ്ടുദിവസത്തെ സൗദി സന്ദര്‍ശനം അവസാനിച്ചു. വ്യാപാരപ്രമുഖരുമായി വിശദ ചര്‍ച്ച നടത്തിയ അദ്ദേഹം വ്യാപാര നിക്ഷേപ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷ നല്‍കിയാണ് മടങ്ങിയത്.

ഇന്ത്യ സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗമായിരുന്നു പ്രധാന പരിപാടി. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രി പിയൂഷ് ഗോയലും സംബന്ധിച്ച യോഗത്തില്‍ ഇന്ത്യയിലെ വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കൃഷി, ഭക്ഷ്യ സുരക്ഷ, ഐടി, വ്യവസായം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള നാല്‍പതിലധികം അവസരങ്ങളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച നടന്നത്. ഇരു രാജ്യങ്ങളിലെയും സാങ്കേതിക സമിതി നേരത്തെ നിശ്ചയിച്ച വിഷയങ്ങളിലൂന്നി പുരോഗമിച്ച ചര്‍ച്ചയില്‍ 2019ല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 100 ബില്യന്‍ ഡോളര്‍ നിക്ഷേപം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു.

ഊര്‍ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊജ്ജം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യ വികസിപ്പിച്ച യുപിഐ, റൂപെ കാര്‍ഡ് എന്നിവ സൗദി അറേബ്യയില്‍ ലോഞ്ച് ചെയ്ത് ഡിജിറ്റല്‍ മേഖലയിലെ സഹകരണം, ഇന്ത്യയിലെ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതി, എല്‍ എന്‍ ജി അടിസ്ഥാന സൗകര്യ നിക്ഷേപം, ഇന്ത്യയില്‍ പെട്രോളിയം സംഭരണ സൗകര്യ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഞായറാഴ്ചയാണ് മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി, റോയല്‍ കമ്മീഷന്‍ ഓഫ് ജുബൈല്‍ ആന്‍ഡ് യാമ്പു പ്രസിഡന്റ് ഖാലിദ് അല്‍സാലിം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍സവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ശേഷം ഇരു രാജ്യങ്ങളിലെയും വ്യവസായ വ്യാപാര പ്രമുഖരുടെ യോഗത്തില്‍ സംബന്ധിച്ചു.

🇸🇦സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു.

✒️സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഖത്വീഫിലാണ് കെട്ടിടം തകര്‍ന്ന അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പഴയകെട്ടിടത്തിന്റെ ഭിത്തികള്‍ തകര്‍ന്നു ഇയാളുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൃതശരീരം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. മറ്റാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

🇸🇦സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു.

✒️സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വിലക്ക്. അല്ലാഹുവിന്റെ നാമം, ഏകദൈവത്വ വചനം (കലിമ), രാജ്യചിഹ്നമായ 'രണ്ട് വാളുകളും ഈന്തപ്പനയും' എന്നിവ ഉള്‍പ്പെടുന്ന സൗദി പതാകയുടെ വാണിജ്യപരമായ ദുരുപയോഗത്തിനാണ് വിലക്ക്.

കൂടാതെ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, മീഡിയ ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ എന്നിവയിലൊന്നും ഇവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ സമയത്തും ഈ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാര്‍ക്കറ്റുകളില്‍ പരിശോധനാ പര്യടനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. വാണിജ്യ ഇടപാടുകളില്‍ 'രണ്ട് വാളും ഈന്തപ്പനയും' എന്ന രാജ്യചിഹ്നം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് നാല് വര്‍ഷം മുമ്പ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.

🇴🇲ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു.

✒️ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. അടുത് വര്‍ഷം ജനുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ലംഘിക്കുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തകള്‍ എന്നിവയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും.

നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. രാജ്യത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിലാക്കുകയാണ് ഒമാന്‍ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇത്തരം ബാഗുകള്‍ക്ക് പകരം രണ്ടും മൂന്നും തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാഗുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പത് മുതലാണ് ഒമാനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചത്.

അതേസമയം അബുദാബിയിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അറിയിച്ചിരുന്നു. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. മലിനീകരണം കുറച്ച് ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിതരീതിയും പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമാണ് ഈ സമഗ്ര നയമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. റീട്ടെയില്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രോണിക് സ്‌റ്റോറുകള്‍, റസ്‌റ്റോറന്റുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും.

ഇ-കൊമേഴ്‌സ് ഡെലിവറികള്‍ക്കും താരിഫ് ബാധകമാണ്. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത് അനുസരിച്ചാണ് നടപടി. നൂറു ശതമാനം ബിസിനസുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനോ ചാര്‍ജ് ഈടാക്കുന്നതിനോ അനുമതി നല്‍കിയിട്ടുണ്ട്.

🇰🇼കുവൈത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്.

✒️കുവൈത്തിൽ കച്ചവട സ്ഥാപനങ്ങൾ അര്‍ധരാത്രിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ഫാര്‍മസികൾക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്കും മാത്രമാണ് അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കാൻ അനുമതി. കുവൈത്ത് മുൻസിപ്പാലിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കിയത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു.

രാജ്യത്തെ താമസ മേഖലകളിലെ ശാന്തതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം കൊണ്ടു വന്നിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. സ്റ്റോറുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതുപ്രകാരം നിയന്ത്രണമുണ്ട്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് സ്റ്റോപ്പുകള്‍, കൊമേഴ്സ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളും അര്‍ദ്ധരാത്രി അടയ്ക്കണം.

കോഓപ്പറേറ്റീവുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് ഇളവുകളുള്ളത്. മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് വേണമെങ്കില്‍ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. താമസ മേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് പുറമെ തെറ്റായ പ്രവണതകളില്‍ നിന്ന് യുവതലമുറയെ തടയാന്‍ കൂടിയാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🇰🇼കുവൈത്തില്‍ ഫാമിലി വീസയ്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു; ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം വിസ.

✒️ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വീസ ലഭിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ അധികൃതര്‍ കര്‍ശനമാക്കുന്നത്. നിലവിൽ അഞ്ഞൂറു ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ള പ്രവാസികൾക്ക് ഫാമിലി വീസ അനുവദിച്ചിരുന്നു. എന്നാൽ പുതിയ തീരുമാന പ്രകാരം ഇനി മുതൽ 800 ദിനാറിന് മുകളിൽ മാസ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഫാമിലി വീസ അനുവദിക്കൂ.

ഇനി മുതല്‍ ഫാമിലി വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 800 ദിനാറിന് മുകളിൽ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. ശമ്പളത്തിന് പുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കില്‍ അത് കുടുംബ വീസ നൽകുന്നതിന് പരിഗണിക്കില്ല. ഭാര്യ, പതിനാറ് വയസിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെയാണ് നിലവിൽ ഫാമിലി വീസയിൽ രാജ്യത്ത് കൊണ്ടുവരാൻ പ്രവാസികള്‍ക്ക് അനുമതിയുള്ളത്.

ഫാമിലി വീസക്കുള്ള ശമ്പളപരിധി കുത്തനെ ഉയര്‍ത്തിയതോടെ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ ഇനി മുതൽ ഫാമിലി വീസ ലഭിക്കുകയുള്ളൂ. ഫാമിലി വിസിറ്റ് വീസ അനുവദിക്കുന്നത് ജൂൺ മുതൽ ആഭ്യന്തര മന്ത്രാലയം അനിശ്ചിമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ ഫാമിലി വിസക്കും നിയന്ത്രണം കൊണ്ട് വരുന്നത്.

🇶🇦ലോകകപ്പ് ഓർമകൾ വീട്ടിലെത്തിക്കാൻ ക്യൂ പോസ്റ്റ്.

✒️ലോകകപ്പിന്‍റെ ഓർമകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ലോഗോയും ഭാഗ്യചിഹ്നവുമെല്ലാം മുദ്രണംചെയ്ത ഉൽപന്നങ്ങൾ വീട്ടു പടിക്കലെത്തിക്കാൻ ഖത്തർ പോസ്റ്റ് സജ്ജം. ലോകകപ്പിന്‍റെ ഔദ്യോഗിക ഉൽപന്നങ്ങൾ ഖത്തർ പോസ്റ്റിന്‍റെ ഇ സ്റ്റോർ വഴി ഓർഡർ ചെയ്താൽ വീട്ടു പടിക്കൽ എത്തിച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നോട്ട് ബുക്ക്, ട്രോഫി കാർഡ്, െപ്ലയിങ് കാർഡ്, ബാൾപെൻ, ട്രോഫി പെൻ, പെൻ ഹോൾഡർ, വാട്ടർ ബോട്ട്ൽ, മഗ്, തെർമോ മഗ്, പിന്‍റ് ഗ്ലാസ്, സ്റ്റിക്കറുകൾ, ട്രോഫി മാഗ്നറ്റ്സ്, പിൻ, കീ ചെയിൻ, ട്രോഫിയുടെ പകർപ്പുകൾ, കാർ സെന്‍റ, സ്റ്റേഷനറി സെറ്റ് ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഖത്തർ പോസ്റ്റിന്‍റെ വെബ്സൈറ്റിൽ (qatarpost.qa) വഴി ബുക്ക് ചെയ്ത് പണമടക്കുന്നവർക്ക് തങ്ങളുടെ വിലാസത്തിൽ കുറഞ്ഞ നിരക്കിൽ ലോകകപ്പ് ലൈസൻസ്ഡ് ഉൽപന്നങ്ങൾ വീട്ടിലെത്തിക്കും. നോട്ട്ബുക്കിന് 125 റിയാലാണ് വില.

െപ്ലയിങ് കാർഡിന് 79ഉം, ബ്ലാക് പെൻ 239ഉം, വാട്ടർ ബോട്ട്ൽ 96 റിയാൽ മുതലും, സ്റ്റിക്കറുകൾ അഞ്ച് റിയാൽ വിലയിലും ലഭിക്കും. കി ചെയിൻ (25 റിയാൽ), പിൻ (24 റിയാൽ), ട്രോഫി മാതൃകകൾ (59 റിയാൽ മുതൽ0, സ്റ്റേഷനറി സെറ്റ് (357റിയാൽ മുതൽ) വിലകളിൽ ലഭ്യമാണ്. ഓരോ ഇനവും പരമാവധി 10 എണ്ണം വരെ ബുക്ക് ചെയ്യാം. ലോകകപ്പിന്‍റെ 63ലൈസൻസ്ഡ് ഉൽപന്നങ്ങളാണ് ഖത്തർ പോസ്റ്റ് വഴി ലഭ്യമാക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ലോകകപ്പ് സ്റ്റാമ്പുകളുടെ ഏഴാം പതിപ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കിയത്. സ്റ്റേഡിയങ്ങൾ, ലോകകപ്പിന്റെ മത്സരിക്കുന്ന 32 ടീമുകൾ അങ്ങനെ വൈവിധ്യമാർന്ന വിഭാഗം സ്റ്റാമ്പുകളും ലഭ്യമാണ്.

🇶🇦എല്ലായിടത്തും ഇനി ഇ–പേയ്മെൻറ്.

✒️രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വാണിജ്യ സ്ഥാപനങ്ങളുടെയും ഔട്ട്ലറ്റുകൾ ഉപഭോക്താക്കൾക്കായി ഇലക്േട്രാണിക് പണമിടപാട് സേവനം നൽകണമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഇതിന് അധിക പണം ഈടാക്കരുതെന്നും നിർദേശിച്ചു.

'കുറഞ്ഞ പണം കൂടുതൽ സുരക്ഷ' എന്ന പ്രമേയത്തിൽ ബാങ്ക് കാർഡ്, ബാങ്ക് പേയ്മെൻറ് വാലറ്റ്, ക്യു.ആർ കോഡ് എന്നീ മൂന്ന് രീതികളിൽ ഒരു ഇലക്േട്രാണിക് പണമിടപാട് സേവനമെങ്കിലും രാജ്യത്തെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കായി നൽകണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. ബാങ്കിൽ നിന്നും പണം പിൻവലിക്കുക, ബാങ്കിലേക്ക് പണം എത്തിക്കുക തുടങ്ങി നേരിട്ട് പണമിടപാടുകൾ നടത്തുന്നത് സമയ ദൈർഘ്യമുള്ള നടപടികളാണ്.

അതോടൊപ്പം ഇലക്േട്രാണിക് പണമിടപാടുകളിലൂടെ കള്ളനോട്ട് പ്രശ്നങ്ങൾ കുറക്കാനും മോഷണം ഇല്ലാതാക്കാനും സഹായിക്കും. ഇലക്ട്രോണിക് പണമിടപാടുകൾ സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഔട്ട്ലെറ്റുകൾക്കും അയച്ചു കഴിഞ്ഞു. ബാങ്ക് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് അധിക പണം ഈടാക്കരുതെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, ഇലക്േട്രാണിക് പണമിടപാടുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഊർജിതമാക്കി. പേയ്മെൻറ് ആൻഡ് സെറ്റിൽമെൻറ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഗൂഗ്ൾ പേ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പ്രവർത്തിക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് അറിയിപ്പ് നൽകിയത്.

🇶🇦ഹയ്യേ...ഹയാകാർഡിന് അപേക്ഷിച്ചില്ലേ...!

✒️ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാ കാർഡ് നേരിട്ട് സ്വന്തമാക്കാൻ സൗകര്യങ്ങളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിലും (അബ്ഹ അറിന), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറിലും (ഡി.ഇ.സി.സി) ആരംഭിക്കുന്ന സെൻറുകൾ വഴി ഹയാ പ്രിൻറ് കാർഡുകൾ ആരാധകർക്ക് ലഭ്യമാവുമെന്ന് സുപ്രീം കമ്മിറ്റി ഹയാകാർഡ് പ്ലാറ്റ്ഫോം എക്സിക്യുട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് സെന്‍ററുകളിൽ നേരിട്ടെത്തി ഹയാ കാർഡ് വാങ്ങാവുന്നതാണ്. കാർഡ് നഷ്ടമായവർക്ക് അധിക ചാർജുകളില്ലാതെ തന്നെ കാർഡ് വാങ്ങാൻ കഴിയുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.

മാച്ച് ടിക്കറ്റുള്ള ആരാധകർക്ക് www.qatar2022.qa എന്ന വെബ്സൈറ്റ് വഴി ഹയാകാർഡിന് അപേക്ഷിക്കാൻ കഴിയും. അന്വേഷണങ്ങൾക്ക് മാൾ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക ബൂത്തും ആരംഭിച്ചിരുന്നു.

ലോകകപ്പ് വേളയിൽ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. വിദേശത്തു നിന്നുള്ള കാണികൾക്ക് രാജ്യത്തേക്ക് പ്രവേശനവും ഹയാ കാർഡ് വഴിയായിരിക്കും. പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രക്കൊപ്പം, ലോകകപ്പിന്‍റെ ഭാഗമായി നടത്തുന്ന നിരവധി ഫാൻ പരിപാടികളിലേക്ക് പ്രവേശനവും അനുവദിക്കും.

മാച്ച് ടിക്കറ്റുള്ള കാണികൾ നേരത്തേ തന്നെ ഹയാ കാർഡിന് അപേക്ഷിക്കണമെന്ന് സഈദ് അൽ കുവാരി നിർദേശിച്ചു. 'ഹയാ കാർഡിന്‍റെ ആവശ്യം സംബന്ധിച്ച് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വഴി ആരാധകരെ ബോധ്യപ്പെടുത്തുന്നത് തുടരുകയാണ്. അവസാന നിമിഷം വരെ അപേക്ഷിക്കാൻ കാത്തുനിൽക്കരുത്. ലോകകപ്പ് വേളയിൽ കാണികൾക്കുള്ള അടിസ്ഥാന രേഖയാണ് ഹയാ കാർഡ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഖത്തറിേലക്ക് പ്രവേശിക്കാൻ ഹയാ കാർഡ് എൻട്രി പെർമിറ്റായി മാറും' -സഈദ് അൽ കുവാരി വിശദീകരിച്ചു. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ഹയാകാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയുക.

ഇരിപ്പിടം നിർണയം ഒക്ടോബറിൽ
ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് സ്റ്റേഡിയത്തിൽ ഇരിപ്പിടങ്ങൾ സംബന്ധിച്ച് ഒക്ടോബർ മുതൽ അറിയിപ്പ് ലഭിച്ചു തുടങ്ങുമെന്ന് സഈദ് അൽ കുവാരി പറഞ്ഞു. സ്റ്റേഡിയത്തിൽ എവിടെയാണ് തങ്ങളുടെ ഇരിപ്പിടമെന്ന് നേരത്തേ തന്നെ കൃത്യമായി അറിയാൻ കഴിയും.

വിസ അറിയിപ്പ് ഉടൻ
ഹയാ കാർഡുള്ള വിദേശകാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ വിസ അറിയിപ്പ് ഒക്ടോബർ ഒന്ന് മുതൽ ലഭിച്ചു തുടങ്ങും. മാച്ച് ടിക്കറ്റുള്ളവർ ഹയാ കാർഡിന് അപേക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിസ അറിയിപ്പ് ഇ മെയിൽ വഴി ലഭ്യമാക്കുക.

Post a Comment

0 Comments