Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില വിദേശ വാർത്തകൾ...

🇸🇦സ്‌പോണ്‍സറില്ലാതെ വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാന്‍ സൗദി.

✒️ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വീസകള്‍ അനുവദിക്കാന്‍ സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. 

വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കുമാണ് അക്കാദമിക് പഠന, ഗവേഷണ സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല വിദ്യാഭ്യാസ വിസകള്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വിസിറ്റിങ് ട്രെയിനികള്‍ എന്നിവര്‍ക്ക് ഭാഷാപഠനം, ട്രെയിനിങ്, ഹ്രസ്വകാല പ്രോഗ്രാമുകളില്‍ പങ്കാളിത്തം വഹിക്കല്‍, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഹ്രസ്വകാല വിദ്യാഭ്യാസ വിസകളും അനുവദിക്കും. ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസ ഉടമകളെ സ്‌പോണ്‍സര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും.

🇸🇦സൗദിയിലേക്ക് വരുന്നവരും പോകുന്നവരും നിശ്ചിത തുകയില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ വെളിപ്പെടുത്തണം.

✒️സൗദി അറേബ്യയിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോകുന്നവരുമായ യാത്രക്കാര്‍ 60,000 റിയാല്‍ പണമോ അതിലധികമോ കൈവശം വെച്ചാല്‍ അവ വെളിപ്പെടുത്തണ്ടേതിന്റെ പ്രാധാന്യം സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇവ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണം.

കള്ളപ്പണം വെളുപ്പിക്കല്‍, കള്ളക്കടത്ത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനാണ് നടപടി. 60,000 സൗദി റിയാലോ അതില്‍ കൂടുതലോ, തത്തുല്യ മൂല്യമുള്ള സാധനങ്ങള്‍, പണം, ആഭരണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍, വിദേശ കറന്‍സികള്‍ എന്നിവ ഉണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി അയച്ചാല്‍ മതി.

🇸🇦റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളക്ക് നാളെ തുടക്കം.

✒️റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (വ്യാഴം) തുടക്കം. റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് മേള. 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് പുസ്തകങ്ങളുമായി എത്തുന്നത്. കേരളത്തിൽനിന്ന് നാല് പ്രസാധകരുണ്ട്.

ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരാണ് നേരിട്ട് പങ്കെടുക്കുന്നത്. ഒക്ടോബർ എട്ട് വരെ 10 ദിവസമാണ് മേള. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് പുസ്തകമേള. പ്രശസ്ത എഴുത്തുകാരും മേളയിൽ എത്തുന്നുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.കെ. മുനീർ എം.എൽ.എ എന്നിവർ ഒക്ടോബർ രണ്ടിനും മൂന്നിനുമായി എത്തും.

റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കാമർബാനു വലിയത്തു തുടങ്ങിയവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിൽ ആദ്യമായാണ് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്.

🇸🇦സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചു.

✒️സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് സൽമാൻ രാജാവിന്റെ ഉത്തരവ്. ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ. അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് ഉത്തരവിറക്കിയത്.

🇦🇪വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും.

✒️വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി ദുബൈ ആസ്ഥാനമായ വിമാന കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബൈയും. എന്നാൽ വിമാനം എത്തിച്ചേരുന്ന രാജ്യത്തിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന നിലവിലുണ്ടെങ്കിൽ അത് അനുസരിക്കാൻ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് രണ്ട് കമ്പനികളും അറിയിച്ചിട്ടുണ്ട്. 

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് വിമാനത്തില്‍ മാസ്‍ക് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബൈയും അറിയിച്ചത്. എന്നാല്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് നിര്‍ബന്ധമാണെങ്കില്‍ അത് ധരിക്കേണ്ടി വരും. നിര്‍ബന്ധമല്ലെങ്കിലും വിമാനത്തില്‍ വെച്ച് മാസ്‍ക് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനും അനുമതിയുണ്ട്.

ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരും, അവര്‍ എത്തിച്ചേരുന്ന രാജ്യത്ത് മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ മാസ്‍ക് ധരിക്കണം. ഇന്ത്യയില്‍ മാസ്‍ക് നിബന്ധന ഒഴിവാക്കിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങളായിരിക്കും തങ്ങള്‍ പിന്തുടരുന്നതെന്നും യുഎഇയില്‍ എത്തിച്ചേരുമ്പോള്‍ യാത്രക്കാര്‍ക്ക് അവിടുത്തെ നിബന്ധനകള്‍ പിന്തുടരാമെന്നുമാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനായി കാത്തിരിക്കുകയാണെന്നും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

🇧🇭ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കും.

✒️ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കും. നവംബര്‍ മൂന്ന്-ആറു വരെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പ ബഹ്‌റൈനിലെത്തുകയെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആദ്യമായാണ് ഒരു മാര്‍പ്പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. ബഹ്റൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. നവംബര്‍ മൂന്നിന് ബഹ്‌റൈനിലെത്തുന്ന മാര്‍പാപ്പ അറബ് മേഖലയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ അവാലി കത്തീഡ്രലും സന്ദര്‍ശിക്കും. 2019ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സന്ദര്‍ശിച്ചിരുന്നു.

🇴🇲ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത.

✒️ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍ 47 മിനിറ്റില്‍ യാത്ര ചെയ്യാനാകും. ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍ 40 മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനിറ്റില്‍ സഞ്ചരിക്കാനാകും.

ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയാകും റെയില്‍വേ ശൃംഖലയുടെ നടത്തിപ്പും പ്രവര്‍ത്തനവും നിയന്ത്രിക്കുക. യുഎഇ റെയില്‍വേ ശൃംഖലയെ സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രദേശിക തലങ്ങളില്‍ വ്യാപാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒമാനും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് ഷാദി മാലക് പറഞ്ഞു.

🇸🇦സൗദി അറേബ്യ: തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ.

✒️രാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ധനസമാഹരണം തടയുന്നതിനുമുള്ള സൗദി അറേബ്യയിലെ നിയമത്തിലെ ആർട്ടിക്കിൾ 83 ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഈ പുതിയ ഭേദഗതി പ്രകാരം തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുന്നതാണ്.

🇶🇦ഖത്തർ: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര ചികിത്സാസേവനങ്ങൾ നേടുന്നതിന് അർഹത.

✒️ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെൻറ്റിനെത്തുന്ന ഹയ്യ കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര, അത്യാഹിത ചികിത്സാസേവനങ്ങൾ നേടുന്നതിന് അർഹതയുണ്ടായിരിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി നിവാരണ വിഭാഗം ഹെഡ് ഡോ. സോഹ അൽ ബയതാണ് ഇക്കാര്യം അറിയിച്ചത്.

ലോകാരോഗ്യ സംഘടനയുടെ ഒരു വെബ്ബിനാറിൽ പങ്കെടുത്ത് കൊണ്ടാണ് അവർ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് കാണാനെത്തുന്ന മുഴുവൻ ഫുട്ബാൾ ആരാധകർക്കും ഖത്തറിൽ അടിയന്തിര ചികിത്സാസേവനങ്ങൾ ലഭ്യമാണെന്ന് അവർ വ്യക്തമാക്കി.

ഖത്തറിലെ നിവാസികളല്ലാത്തവരായ ഹയ്യ കാർഡ് ഉടമകൾക്ക് റാപിഡ് ആന്റിജൻ പരിശോധന ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനായി രാജ്യവ്യാപകമായി ടെസ്റ്റിംഗ് കേന്ദ്രങ്ങൾ തയ്യാറാക്കുന്നതായും അവർ അറിയിച്ചു. നിലവിൽ 28 സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും നൂറോളം സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും ഈ സേവനം ലഭ്യമാണെന്ന് അവർ വ്യക്തമാക്കി.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് COVID-19 വാക്സിൻ ഉൾപ്പടെയുള്ളവ നിർബന്ധമാക്കിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ രോഗങ്ങൾ കൂടാതെ ഫുട്ബാൾ ആസ്വദിക്കുന്നതിനായി ഇവർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കുന്നതാണ് അഭികാമ്യമെന്ന് അവർ കൂട്ടിച്ചേർത്തു.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കുന്നതാണ് അഭികാമ്യമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഫിഫ ലോകകപ്പ് ഖത്തർ 2022-നെത്തുന്ന ആരാധകർക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആരോഗ്യപരിചരണ സേവനങ്ങളെക്കുറിച്ചും, ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

🇦🇪ഒമാൻ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് മടങ്ങി.

✒️രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് മടങ്ങി. ഒമാനും-യു.എ.ഇയും തമ്മിൽ വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിലും ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി അൽ ആലം പാലസിൽ നടന്ന ചടങ്ങിലാണ് കരാറിലൊപ്പുവെച്ചത്.

ഊർജം, ഗതാഗതം, വാർത്താവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്രഗതാഗതം തുടങ്ങി വിവിധങ്ങളായ 16 കരാറുകളിലും ഒമാനും യു.എ.ഇയും ഒപ്പുവെച്ചു.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നത ബഹുമതികൾ പരസ്പരം കൈമാറി . സുൽത്താൻ ഹൈതം ബിൻ താരിഖിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' നൽകിയാണ് ആദരിച്ചത്.സുൽത്താനേറ്റിന്‍റെ ഏറ്റവും വലിയ ഉന്നത ബഹുമതിയായ 'അൽ സഈദ് ഓർഡർ' ശൈഖ് മുഹമ്മദ് ബിൻ സായിദിന് സുൽത്താനും സമ്മാനിച്ചു.ഒമാൻ സന്ദർശനത്തിനെത്തിയ യു.എ.ഇ ഭരണാധികാരി നാഷണൽ മ്യൂസിയം സന്ദർശിച്ചു. വിവിധ മേഖലകളിൽ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപിച്ചാണ് യു.എ.ഇ ഭരണാധികാരി ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.

Post a Comment

0 Comments