Ticker

6/recent/ticker-posts

Header Ads Widget

ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി രജപക്‌സെ; പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് ഫൈനലില്‍ മാന്യമായ സ്‌കോര്‍

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരേ തുടക്കത്തില്‍ പതറിയെങ്കിലും ശക്തമായി തിരിച്ചുവന്ന് 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ഭനുക രജപക്‌സയുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.

തകര്‍ത്തടിച്ച ഭനുക രജപക്‌സയുടെ ഇന്നിങ്‌സാണ് ലങ്കയ്ക്ക് തുണയായത്. 45 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ വാനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റില്‍ ചാമിക കരുണരത്‌നയേയും കൂട്ടുപിടിച്ചാണ് രജപക്‌സ ലങ്കന്‍ സ്‌കോര്‍ 170-ല്‍ എത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം പന്തില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ (0) നസീം ഷാ പുറത്താക്കി. പിന്നാലെ നാലാം ഓവറില്‍ പത്തും നിസംഗയും (8) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. തുടര്‍ന്ന് ധനുഷ്‌ക ഗുണതിലകയേയും (1) മടക്കിയ ഹാരിസ് റൗഫ് ലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ചിരുന്ന ധനഞ്ജയ ഡിസില്‍വയെ ഇഫ്തിഖര്‍ അഹമ്മദും മടക്കി. 21 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 28 റണ്‍സെടുത്താണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയ്ക്കും (2) ലങ്കന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല.

അഞ്ചിന് 58 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ലങ്കയെ ആറാം വിക്കറ്റില്‍ ഒന്നിച്ച രജപക്‌സ - വാനിന്ദു ഹസരംഗ സഖ്യമാണ് 100 കടത്തിയത്. ഇരുവരും കൂട്ടിച്ചേര്‍ത്ത 58 റണ്‍സാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 21 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 36 റണ്‍സെടുത്ത ഹസരംഗയെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ചാമിക കരുണരത്‌നയെ കൂട്ടുപിടിച്ച് ഭനുക രജപക്‌സ ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 54 റണ്‍സാണ് ഈ സഖ്യം ലങ്കന്‍ സ്‌കോറിലെത്തിച്ചത്. ഇതില്‍ 14 പന്തില്‍ നിന്ന് 14 റണ്‍സായിരുന്നു കരുണരത്‌നയുടെ സംഭാവന.

പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരില്‍ മറികടന്നാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാകിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

Post a Comment

0 Comments