Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ ചുരുക്കത്തിൽ...

🇦🇪ഇവിടെ ഇനി വിശപ്പില്ല; യു.എ.ഇയിൽ ബ്രഡ്​ മെഷീനുകൾ സ്ഥാപിക്കുന്നു.

✒️: 'യു.എ.ഇയിൽ ആരും വിശന്നുകൊണ്ട്​ ഉറങ്ങേണ്ടിവരില്ല' എന്ന യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചത്​ കോവിഡ്​ കാലത്താണ്​. കോവിഡ്​ കാലത്തെന്ന പോലെ കോവിഡാനന്തര കാലത്തും വിശക്കുന്നവരിലേക്ക്​ അന്നമെത്തിക്കാൻ സംവിധാനമൊരുക്കിയിരിക്കയാണ്​ രാജ്യത്തെ ഭരണകൂടം. ഏറ്റവും നൂതനമായ സാ​ങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ മെഷീനുകൾ വഴിയാണ്​ 'ബ്രെഡ് ഫോർ ഓൾ'(എല്ലാവർക്കും അന്നം) എന്ന പദ്ധതി ഇതിനായി നടപ്പിലാക്കുന്നത്​.


ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്‍റർ ഫോർ എൻഡോവ്‌മെന്‍റ്​ കൺസൾട്ടൻസിയാണ് 'ബ്രെഡ് ഫോർ ഓൾ' സംരംഭം പ്രഖ്യാപിച്ചത്. ഓരോ ദിവസവും വിവിധ സമയങ്ങളിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന സംവിധമാണിത്​. വിവിധ ഔട്ട്‌ലെറ്റുകളിൽ വിന്യസിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴിയാണ്​ ആവശ്യക്കാർക്ക് ഫ്രഷ് ബ്രഡുകൾ നൽകുക. പദ്ധതിയിലൂടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ ആധുനികവും സുസ്ഥിരവുമായ മാതൃക കാണിച്ചു കൊടുക്കുക കൂടിയാണ്​ ഇമാറാത്ത്​. അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽ ഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലാണ്​ സ്‌മാർട്ട് മെഷീനുകൾ സ്ഥാപിക്കുക. മിഷീനിലെ 'ഓർഡർ' ബട്ടൻ അമർത്തിയാൽ അൽപ സമയത്തിനകം ബ്രഡ്​ ലഭിക്കുന്ന രീതിയിലാണ്​ ഇതിലെ സംവിധാനം.

പദ്ധതിയിലേക്ക്​ സംഭാവന നൽകാനും മെഷീനിൽ സൗകര്യമുണ്ട്​. ഇതിന്​ പുറമെ 'ദുബൈ നൗ' ആപ്പ് വഴിയും എസ്​.എം.എസ്​ ചെയ്തും സംഭാവന നൽകാവുന്നതാണ്​. 10ദിർഹം സംഭാവന ചെയ്യാൻ 3656 എന്ന നമ്പറിലേക്കും 50 ദിർഹമിന് 3658, 100 ദിർഹമിന് 3659, 500 ദിർഹമിന് 3679 എന്നതിലേക്കുമാണ്​ എസ്​.എം.എസ്​ ചെയ്യേണ്ടത്​. സംരംഭത്തിന്‍റെ സംഘാടകരെ info@mbrgcec.ae എന്ന ഇ-മെയിൽ വഴിയോ 0097147183222 എന്ന ഫോൺ വഴിയോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

🇰🇼ചില രാജ്യങ്ങളിലേക്ക് തൊഴിൽ വിസ നിർത്തിയതായി റിപ്പോർട്ട്.

✒️ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോർട്ട്. അഭ്യന്തര മന്ത്രാലയം ഇതിന് വാക്കാൽ നിർദേശം നൽകിയതായും 'അൽ അൻബ' പത്രം റിപ്പോർട്ടു ചെയ്തു. എന്നാൽ, ഏതു രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് തടസ്സം, അതിന്റെ കാരണം, എത്രകാലം തുടരും എന്നുള്ള വിശദീകരണങ്ങൾ റിപ്പോർട്ടിൽ ഇല്ല. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. നേരത്തെ വിസിറ്റ് വിസയിൽ കുവൈത്ത് കർശന നിയന്ത്രണം കൊണ്ടുവരുകയും ഫാമിലി വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തുകയും ചെയ്തിരുന്നു. പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണിലാണ് വിസിറ്റ് വിസയിൽ നിയന്ത്രണം കൊണ്ടുവന്നത്.

ആഗസ്റ്റിൽ ഫാമിലി വിസിറ്റ് വിസയും നിർത്തലാക്കി. സന്ദർശകരുടെ വിസ കാലഹരണപ്പെടുമ്പോൾ തിരിച്ചുപോകുമെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ എന്നാണ് സൂചന. ഈ നിയമങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമേ കുടുംബ സന്ദർശന വിസകൾ പുനരാരംഭിക്കൂ എന്നാണ് റിപ്പോർട്ട്. വിസിറ്റ് വിസയിൽ കുവൈത്തിലെത്തിയ നിരവധി പേർ സന്ദർശന കാലയളവ് അവസാനിച്ചതിന് ശേഷം തിരിച്ചുപോകാതെ രാജ്യത്ത് കഴിയുന്നുണ്ട് എന്നാണ് കണക്ക്. ഏകദേശം 20,000 പ്രവാസികൾ ഇത്തരത്തിൽ കുവൈത്തിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇത്തരക്കാരെ പിടികൂടി മടക്കിയയക്കുന്നതിനായുള്ള നടപടികൾ രാജ്യത്ത് തുടരുകയാണ്.

🇸🇦ഇന്ത്യൻ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നാളെ സൗദിയിൽ.

✒️ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച സൗദിയിലെത്തും. ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും.

ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീർ അബ്ദുൽ അസീസ് ബിന്‍ സല്‍മാനോടൊപ്പം അദ്ദേഹം സംബന്ധിക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ച ചെയ്യും. 10,000 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതൽ ഊർജം പകരുന്നതാവും മന്ത്രിയുടെ സന്ദർശനം എന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ചേർന്ന് ഉന്നതതലത്തിൽ നേതൃത്വം നൽകുന്ന ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിന് കീഴിൽ സ്ഥാപിതമായ രണ്ട് മന്ത്രിതല സമിതികളിൽ ഒന്നാണ് ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ സമിതി. ഈ സമിതിയുടെ വിവിധ സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള പുരോഗതിയെക്കുറിച്ച് രണ്ട് മന്ത്രിമാരും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ട്, ട്രാൻസ്-ഓഷ്യൻ ഗ്രിഡ് കണക്റ്റിവിറ്റി, ഗ്രീൻ ഹൈഡ്രജൻ, ഭക്ഷ്യസുരക്ഷ, ഊർജ സുരക്ഷ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ മുൻഗണനാ മേഖലകളിലും പദ്ധതികളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തന പദ്ധതി ഇരുപക്ഷവും രൂപീകരിക്കുമെന്നും കരുതുന്നു. കൂടാതെ 2019 ഫെബ്രുവരിയിലെ ഇന്ത്യാസന്ദർശന വേളയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ പ്രഖ്യാപനത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുകയും സന്ദർശനലക്ഷ്യമാണ്. ഒപ്പം ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ സൗദി നിക്ഷേപം ഉറപ്പുവരുത്തലും.

സൗദി വാണിജ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പൂര്‍ണ്ണവ്യാപ്‌തി സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്യും. സഹകരണത്തിന് സാധ്യമായ എല്ലാ പ്രധാന മേഖലകളും ഉൾക്കൊള്ളുന്ന ഒരുമിച്ചുള്ള പ്രയാണത്തിനും തന്ത്രപരമായ പങ്കാളിത്തത്തിനുമാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ.

ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളിലൊന്നായ സൗദി അറേബ്യയിലേക്കുള്ള സന്ദർശനം ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരും. ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന സഹകരണത്തിന്റെ പുതിയ മേഖലകൾക്ക് വഴിയൊരുക്കുകയും ചെയ്യും.

🇶🇦ഖത്തർ: പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു.
✒️സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനി അനാച്ഛാദനം ചെയ്തു. 2022 സെപ്റ്റംബർ 15-ന് ഖത്തർ നാഷണൽ മ്യൂസിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്.

ഖത്തറിൽ ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ ‘സ്ഥാപകന്റെ ഉടവാൾ’, ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിർമ്മിച്ച ജാൽബൂത് എന്ന പരമ്പരാഗത യാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.

വെളുത്ത പ്രതലത്തിൽ മറൂൺ നിറത്തിലാണ് ഈ ദേശീയ ചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്.

ഖത്തറിന്റെ സംസ്കാരം, ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയുടെ സമന്വയമാണ് ഈ പുതിയ നാഷണൽ എംബ്ലം എന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു. പരമ്പരാഗത മൂല്യങ്ങളെയും, സാംസ്കാരികത്തനിമയെയും ചേർത്ത് പിടിച്ച് കൊണ്ട് ഭാവിയിലേക്ക് ദൃഷ്ടിയൂന്നുന്ന രീതിയിലാണ് ഈ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

സ്റ്റേറ്റ് ഓഫ് ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ 1966 മുതൽ ഇതുവരെയുള്ള പരിണാമം വ്യക്തമാക്കുന്നതിനായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചിട്ടുണ്ട്.

🇸🇦സൗദി അറേബ്യ: ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്.

✒️രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കാൻ സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയുടെ ദേശീയ പതാക, ചിഹ്നം എന്നിവയും ഭരണാധികാരികളുടെയും, നേതാക്കന്മാരുടെയും, ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ, നാമങ്ങൾ എന്നിവയും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഈ വിലക്ക് ബാധകമാണ്.

ഇത്തരം ചിഹ്നങ്ങൾ, നാമങ്ങൾ, ദൃശ്യങ്ങൾ മുതലായവ വാണിജ്യ സാധനങ്ങളിലോ, പുസ്തകങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലോ, ലഘുലേഖകളിലോ, പ്രത്യേക സമ്മാനപദ്ധതികളുടെ ഭാഗമായോ ഉപയോഗിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തിവരുന്നതായി മന്ത്രാലയം അറിയിച്ചു.

സൗദി നാഷണൽ ഡേ ഉൾപ്പടെയുള്ള വിശേഷാവസരങ്ങളിൽ ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. ഇലക്ട്രോണിക്-ഷോപ്പിംഗ് സംവിധാനങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുന്നതാണ്.

🇦🇪വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് 'മുങ്ങിയാല്‍' പിടി വീഴും, ലക്ഷങ്ങള്‍ പിഴ.

✒️യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 2,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക.

ഇത്തരത്തില്‍ സ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. വാഹനാപകടത്തിന് കാരണമാകുകയും ആര്‍ക്കെങ്കിലും പരിക്കേറ്റ ശേഷം സംഭവസ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയോ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തമാക്കി. ട്രാഫിക് നിയമം സംബന്ധിച്ച 1995ലെ ഫെഡറല്‍ നിയമം നമ്പര്‍ 21ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5ല്‍ പിഴ ശിക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമത്തിലെ മറ്റ് ആര്‍ട്ടിക്കിളുകള്‍ പ്രകാരം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനാപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്കും പിഴ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി സംഭവസ്ഥലത്ത് ഉണ്ടാകണം.

🇴🇲ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയില്‍.

✒️ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി യുകെയിലെത്തി. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തും.

ഗ്രേറ്റ് ബ്രിട്ടന്റെയും, വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ ഹൈതം ബിന്‍ താരിക്ക് അഭിനന്ദിക്കുകയും ചെയ്യും.

Post a Comment

0 Comments