കുവൈത്തിൽ കുടുംബവിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തിയേക്കും.
രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ (ആശ്രിത വിസ) അനുവദിക്കുന്നതിന് അടിസ്ഥാനമായി നിശ്ചയിച്ചിട്ടുള്ള വേതനപരിധി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉയർത്താൻ തീരുമാനിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആർട്ടിക്കിൾ 22 പ്രകാരമുള്ള ഫാമിലി വിസകൾക്ക് നിശ്ചയിച്ചിട്ടുള്ള വേതനപരിധി 800 ദിനാറാക്കി ഉയർത്തുമെന്നാണ് സൂചന. നിലവിൽ ഈ പരിധി 500 ദിനാറാണ്.
സർക്കാർ, സ്വകാര്യ മേഖലകളിലുള്ള (ആർട്ടിക്കിൾ 17, ആർട്ടിക്കിൾ 18) പ്രകാരമുള്ള വിസകളിലുള്ള മുഴുവൻ പ്രവാസികൾക്കും ഈ നിബന്ധന ബാധകമാകുന്നതാണ്.
ഷാർജ സഫാരി: പുതിയ സീസൺ 2022 സെപ്റ്റംബർ 21 മുതൽ.
ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയുടെ പുതിയ സീസൺ 2022 സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2022 സെപ്റ്റംബർ 17-നാണ് ഷാർജ സഫാരി ഇക്കാര്യം അറിയിച്ചത്.
വേനൽക്കാലത്ത് പ്രവർത്തനങ്ങൾക്ക് താത്കാലിക ഇടവേള നൽകിയ ശേഷമാണ് ഷാർജ സഫാരി പുതിയ സീസണിനായി തുറക്കുന്നത്.
അൽ ധൈദിലെ അൽ ബ്രിദി റിസേർവിലാണ് എട്ട് സ്‌ക്വയർ കിലോമീറ്ററോളം വിസ്തൃതിയുള്ള ഷാർജ സഫാരി ഒരുക്കിയിരിക്കുന്നത്. നൂറ്റിയിരുപതിൽ പരം ഇനങ്ങളിലായി അമ്പതിനായിരത്തിൽ പരം വന്യജീവികൾ, ആഫ്രിക്കയിൽ കണ്ട് വരുന്ന ഒരു ലക്ഷത്തോളം മരങ്ങൾ എന്നിവ ഷാർജ സഫാരിയുടെ ആകർഷണങ്ങളാണ്. സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് ഷാർജ സഫാരി അവസരമൊരുക്കുന്നു.
ഷാർജ സഫാരിയിൽ പന്ത്രണ്ട് വ്യത്യസ്ഥ പരിസ്ഥിതി മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയുടെ വിവിധ മേഖലകളിലെ ജന്തുജാലങ്ങൾ, പക്ഷികൾ, മരങ്ങൾ, ഭൂപ്രദേശങ്ങളുടെ ഘടന തുടങ്ങിയവ ഈ വ്യത്യസ്ഥ പരിസ്ഥിതി മേഖലകളിൽ ദർശിക്കാവുന്നതാണ്.
2022 ഫെബ്രുവരി 17-നാണ് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ സഫാരി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 സെപ്റ്റംബർ 8 മുതൽ 2022 സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 സെപ്റ്റംബർ 17-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 9895 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2289 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4422 പേരെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2022 സെപ്റ്റംബർ 1 മുതൽ 2022 സെപ്റ്റംബർ 7 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15568 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
0 Comments