സൗദി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി.
✒️സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2022 സെപ്റ്റംബർ 11-ന് ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. സെപ്റ്റംബർ 11-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി കിരീടാവകാശിയുടെ ജിദ്ദയിലെ ഔദ്യോഗിക ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഈ കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയിൽ നിന്നുള്ള ഒരു ഔദ്യോഗിക സന്ദേശം ഡോ. എസ് ജയശങ്കർ സൗദി കിരീടാവകാശിയ്ക്ക് കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയുടെ ഭാഗമായി ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിലും, ആഗോളതലത്തിലും നടക്കുന്ന വിവിധ വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്. ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യയിലെ സൗദി അംബാസഡർ സലേഹ് അൽ ഹുസൈനി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അസിസന്റ് സെക്രട്ടറി ഡോ. ശിബക് അംബോലേ എന്നിവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
🇶🇦മരുന്നുകളുടെ ഹോം ഡെലിവെറിയുമായി ബന്ധപ്പെട്ട ഫീസ് കുറച്ചതായി ഖത്തർ പോസ്റ്റ്.
✒️ഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ കുറച്ചതായി ഖത്തർ പോസ്റ്റ് അറിയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരിൽ നിന്നുള്ള ഇത്തരം വസ്തുക്കളുടെ ഹോം ഡെലിവറി ചാർജ്ജുകൾ ഖത്തർ പോസ്റ്റ് 30 റിയാലിൽ നിന്ന് 20 റിയാലാക്കി കുറച്ചിട്ടുണ്ട്. ഖത്തർ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരുമായി ചേർന്നാണ് ഖത്തർ പോസ്റ്റ് ഇത് നടപ്പിലാക്കുന്നത്.
2022 ഡിസംബർ 31 വരെയാണ് ഈ കുറഞ്ഞ ചാർജ്ജുകൾ നിലവിൽ ബാധകമാക്കിയിരിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഹോം ഡെലിവറി സേവനങ്ങൾ 16000 എന്ന നമ്പറിൽ നിന്ന് ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകീട്ട് 2 മണിവരെ ഈ സേവനങ്ങൾ ലഭ്യമാണ്.
🇰🇼കുവൈറ്റ്: തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടികൾ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ട പ്രവാസികളെ നാട് കടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിൽ പിടിക്കപ്പെട്ട പ്രവാസികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെമടങ്ങുന്നതിനുള്ള സൗകര്യങ്ങൾ അതാത് രാജ്യങ്ങളിലെ എംബസികൾ കൈക്കൊണ്ട് വരുന്നതായി മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
റെസിഡൻസി നിയമങ്ങളിലെയും, തൊഴിൽ നിയമങ്ങളിലെയും വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി ജലീബ്, മഹബൗല പ്രദേശങ്ങളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചിരുന്നു.
🇶🇦ഖത്തറില്‍ ഈയാഴ്‍ച ചൂട് കൂടുമെന്ന് പ്രവചനം; താപനില 46 ഡിഗ്രി വരെ ഉയരും.
✒️ഖത്തറില്‍ ഈയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 33 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ ആഴ്ച ഖത്തറിലെ അന്തരീക്ഷ താപനിലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
🇰🇼കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവന ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
✒️കുവൈത്തില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുകയെന്നും സേവനങ്ങളുടെ സ്വാഭാവം പരിഗണിച്ച് ഈ നിരക്കുകള്‍ നിജപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന നിരക്കും സ്വദേശികളില്‍ നിന്ന് കുറഞ്ഞ നിരക്കുമായിരിക്കും സേവനങ്ങള്‍ക്ക് ഈടാക്കുക. രാജ്യത്തെ ബജറ്റ് കമ്മി നികത്താനും എണ്ണ ഇതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഇതിനായുള്ള സേവനങ്ങളുടെ പട്ടിക ഓരോ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഏകദേശം 46 ലക്ഷം വരുന്ന കുവൈത്തിന്റെ ആകെ ജനസംഖ്യയില്‍ 69 ശതമാനവും വിദേശികളാണെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരേ നിരക്കിലുള്ള സര്‍വീസ് ചാര്‍ജുകളാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പ്രവാസികള്‍ക്ക് സ്വദേശികളില്‍ നിന്ന് വ്യത്യസ്‍തമായ നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വര്‍ദ്ധനവ് ഏത് തരത്തിലായിരിക്കുമെന്ന കാര്യത്തില്‍ സൂചനകളൊന്നുമില്ല. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും വിദേശികളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്നും അത് നിയന്ത്രിക്കണമെന്നുമുള്ള വാദം നേരത്തെ തന്നെ കുവൈത്തില്‍ ശക്തമാണ്.
🇶🇦കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം.
✒️ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന മിന്‍സയുടെ നാലാം പിറന്നാള്‍ ദിനം കൂടിയായിരുന്നു ഞായറാഴ്ച. രാവിലെ സ്‍കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയി. സ്‍കൂളിലെത്തി മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്ന മിന്‍സ മാത്രം പുറത്തിറങ്ങിയില്ല. കുട്ടി ഉറങ്ങുന്നത് ശ്രദ്ധിക്കാതെയും ബസ് പരിശോധിക്കാതെയും ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്‍തിരുന്നത്. ബസിനകത്ത് കുട്ടി ഉള്ളത് ആരുടെയും ശ്രദ്ധില്‍പെട്ടില്ല.
മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ ബസ് ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ. മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുട്ടിയുടെ മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിച്ച ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അശ്രദ്ധ കാണിച്ചവര്‍ക്കെതിരെ ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം ഏറ്റവും കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്ന് അറിയിച്ച വിദ്യാഭ്യാസ മന്ത്രാലയം, ഇക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
🇶🇦ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
✒️ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലിക സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരണപ്പെട്ട സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.
🇸🇦വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യത പരിശോധിക്കാന്‍ ഇറാഖി സയാമീസ് ഇരട്ടകളെ സൗദി അറേബ്യയിലെത്തിച്ചു.
✒️ഇറാഖി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ സൗദി അറേബ്യയില്‍ എത്തിച്ചു. ഉമർ, അലി എന്നീ സയാമീസുകളെയാണ് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ ദിവസം റിയാദിലെത്തിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിദഗ്ധ ആരോഗ്യ പരിശോധനക്കായി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല സ്‍പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
വരുംദിവസങ്ങളിൽ വിശദമായ പരിശോധനകൾക്ക് ഇവരെ വിധേയമാക്കും. വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യമാണോ എന്നാണ് സൂക്ഷ്മതലത്തിൽ മെഡിക്കൽ സംഘം പരിശോധിക്കുക. യെമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയയെയും ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നടന്ന ശസ്‍ത്രക്രിയയിലൂടെ വേര്‍പെടുത്തിയിരുന്നു. ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേരാണ് ആ ശസ്ത്രക്രിയയില്‍ പങ്കാളികളായത്.
മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്ന ലോകപ്രശസ്ത സർജൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ 18 വർഷം മുമ്പാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ച് പൂർണമായും സർക്കാർ ചെലവിൽ ശസ്ത്രക്രിയ നടത്തി വേർപെടുത്തുന്നത് ഒരു ജീവകാരുണ്യ ദൗത്യമായാണ് രാജ്യം നടത്തിവരുന്നത്.
🇸🇦വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സൗദി സന്ദർശനം പൂർത്തിയായി; മടങ്ങുന്നത് നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച്.
✒️ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന സൗദി സന്ദർശനം പൂർത്തിയായി. ശനിയാഴ്ച്ച റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണാധികാരികളുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ സൗദി അറേബ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചാണ് എസ്. ജയ്ശങ്കറിന്റെ മടക്കം. ഞായറാഴ്ച ഉച്ചക്ക് റിയാദിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായും വൈകീട്ടോടെ ജിദ്ദയിലെത്തി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ചകൾ നടത്തിയ അദ്ദേഹം തിങ്കളാഴ്ച്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങും.
സന്ദര്‍ശനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച റിയാദിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസ്ഥാനത്തെത്തി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽ ഹജ്റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ വിവിധ വശങ്ങൾ ചർച്ചയില്‍ ഇടം പിടിച്ചു.
വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം അവലോകനം ചെയ്തു.
കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും സൗദിയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഡോ. ഔസാഫ് സഈദ്, സൗദി വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഇന്ത്യയിലെ മുൻ സൗദി അംബാസഡറുമായ ഡോ. സഊദ് അൽ - സാത്തി, നിലവിലെ അംബാസഡർ സാലെഹ് അൽ-ഹുസൈനി എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയ - സുരക്ഷാ - സാമൂഹിക - സാംസ്കാരിക സഹകരണത്തിനുള്ള സംയുക്ത സമിതിയുടെയും (പി.എസ്.എസ്.സി) അതിനുകീഴിലെ രാഷ്ട്രീയ വിഷയങ്ങൾ, സുരക്ഷ, സാമൂഹിക - സാംസ്കാരിക ബന്ധം, പ്രതിരോധ സഹകരണം എന്നിവക്കായുള്ള വർക്കിങ് ഗ്രൂപ്പുകളുടെയും യോഗങ്ങളിലും ഇരു വിദേശകാര്യമന്ത്രിമാരും പങ്കെടുത്തു. ശനിയാഴ്ച്ച വൈകുന്നേരം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്‍ത മന്ത്രി, സാമൂഹിക പ്രതിനിധികൾ ഉന്നയിച്ച നിരവധി പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി.
🇶🇦ഖത്തറില്‍ മലയാളി ബാലികയുടെ ദാരുണ മരണം പിറന്നാള്‍ ദിനത്തിന്റെ സന്തോഷങ്ങള്‍ക്കിടെ; നൊമ്പരമായി മിന്‍സ.
✒️ഖത്തറില്‍ സ്‍കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി ബാലിക ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസികള്‍. നാലാം പിറന്നാളിന്റെ സന്തോഷത്തില്‍ രാവിലെ സ്‍കൂളിലേക്ക് പോയ മിന്‍സ മറിയം ബസില്‍ വെച്ച് ഉറങ്ങിപ്പോവുകയും കുട്ടി വാഹനത്തിലുണ്ടെന്നത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ ഡോര്‍ പൂട്ടി പോവുകയുമായിരുന്നു. കടുത്ത ചൂടില്‍ മണിക്കൂറുകളോളം വാഹനത്തിലുള്ളില്‍ അകപ്പെട്ടുപോയ നാല് വയസുകാരിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിന്‍സ. ഞായറാഴ്ചയായിരുന്നു മിന്‍സയുടെ നാലാം പിറന്നാള്‍. തലേന്ന് രാത്രി തന്നെ പിറന്നാള്‍ ആഘോഷം തുടങ്ങിയ അവള്‍ രാവിലെ സ്‍കൂളിലേക്ക് പോയതായിരുന്നു. അല്‍ വക്റ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മിന്‍സ, അല്‍ വക്റയിലെ വീട്ടില്‍ നിന്ന് സ്‍കൂളിലേക്കുള്ള യാത്രയ്‍ക്കിടെ ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്‍കൂളില്‍ എത്തിയപ്പോള്‍ ബസില്‍ നിന്ന് എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പാക്കാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്‍തുപോയി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ ജീവനക്കാര്‍ തിരികെ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖത്തറില്‍ ഡിസൈനറായി ജോലി ചെയ്യുന്ന അഭിലാഷിനെ സ്‍കൂള്‍ അധികൃതര്‍ ഫോണില്‍ വിളിച്ച് മകള്‍ക്ക് സുഖമില്ലെന്നും ഉടനെ സ്കൂളിലെത്തണമെന്നും അറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന് തിരക്കുപിടിച്ച് സ്‍കൂളിലെത്തിയപ്പോഴേക്കും മിന്‍സയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്‍തു. മിന്‍സയുടെ ചേച്ചി മിഖ ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഗള്‍ഫില്‍ ഇത് ആദ്യമായല്ല ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൂട് ശക്തമായ സമയങ്ങളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിരന്തരം ആവശ്യപ്പെടാറുണ്ട്. നേരത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലെ മറ്റൊരു ഇന്ത്യന്‍ സ്‍കൂളിലും സമാനമായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്കും മാനേജ്‍മെന്റ് അംഗങ്ങള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കാറുണ്ടായിരുന്നെങ്കിലും അവ പാലിക്കുന്നതിനെ അനാസ്ഥ കാരണം കുഞ്ഞു മിന്‍സയ്ക്ക് ജീവന്‍ നഷ്ടമായി.
ബസുകളില്‍ നിന്ന് കുട്ടികള്‍ എല്ലാവരും ഇറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ ബാധ്യതയാണ്. സീറ്റിനടിയിലോ മറ്റോ കുട്ടികളാരും ഇരിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കാറുള്ളത്. ബസില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ഡോര്‍ അടയ്ക്കുന്നതിന് മുമ്പ് ഇത്തരത്തിലൊരു പരിശോധന നടന്നിരുന്നെങ്കില്‍ വലിയൊരു ദുരന്തവും മിന്‍സയുടെ കുടുംബത്തിന്റെയും മറ്റ് രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം തീരാവേദനയും ഒഴിവാക്കാമായിരുന്നു.
കെ.ജി വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ രാജ്യത്തെ വിവിധ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും ഖത്തര്‍ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് അറിയിച്ച അധികൃതര്‍, മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്‍തു.
🇦🇪ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ നാല് പ്രവാസികള്‍ സ്വന്തമാക്കിയത് മൂന്ന് ലക്ഷം ദിര്‍ഹം വീതം.
✒️അബുദാബി ബിഗ് ടിക്കറ്റ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പ്രതിവാര നറുക്കെടുപ്പുകളില്‍ നാല് പ്രവാസികള്‍ മൂന്ന് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മറ്റൊരു ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് വിജയികളായത്. കണ്‍സ്‍ട്രക്ഷന്‍ - മെയിന്റനന്സ് രംഗത്ത് ജോലി ചെയ്യുന്നവരും ഒരു സ്വകാര്യ കമ്പനിയിലെ പ്രൊക്യുര്‍മെന്റ് ഓഫീസറുമാണ് വിജയികളായത്.
യുഎഇയിലെ ഏറ്റവും വലുതും ഏറ്റവുമധികം കാലം നീണ്ടുനില്‍ക്കുന്നതുമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഉറപ്പായ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള പ്രവാസികളായ ഈ നാല് വിജയികളും തങ്ങളുടെ ജീവിത സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് കുറേക്കൂടി അടുത്തെത്തി. മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപങ്ങള്‍ മുതല്‍ സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ വരെ ഈ സമ്മാനത്തുക കൊണ്ട് പദ്ധതിയിടുകയാണ് അവര്‍.
അബ്ദുല്‍ മന്നാന്‍ ഖമറുല്‍ ഹുദ സിദ്ദീഖ് - ഓഗസ്റ്റിലെ ആദ്യ പ്രതിവാര നറുക്കെടുപ്പ് വിജയി
കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയായ അബ്‍ദുല്‍ മന്നാനായിരുന്നു ഓഗസ്റ്റിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായത്. നിലവില്‍ ഒരു ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. ഒറ്റയ്‍ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ പ്രതിവാര നറുക്കെടുപ്പിലെ വിജയം തേടിയെത്തിയത്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ബിഗ് ടിക്കറ്റിന്റെ സ്റ്റോര്‍ കണ്ടതെന്നും അന്ന് മുതല്‍ എല്ലാ മാസവും പതിവായി ടിക്കറ്റുകളെടുക്കുകയാണെന്നും, അദ്ദേഹം സമ്മാന വിവരം അറിയിക്കാനായി ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന മുഴുവന്‍ പണവും തന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പിലേക്ക് മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. മറിച്ച് എല്ലാ ആഴ്ചയിലെയും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ ഇവ പരിഗണിക്കുകയില്ല.
🇸🇦സൗദി ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.
✒️സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23 (വെള്ളി) അവധി ആയിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അന്ന് വാരാന്ത്യ അവധി ദിനം ആയതിനാല്‍ മറ്റൊരു ദിവസം അവധി നല്‍കണം. ബദല്‍ അവധി വാരാന്ത്യ അവധി ദിവസത്തിന്റെ തൊട്ടു മുമ്പുള്ള ദിവസമോ തൊട്ടടുത്ത ദിവസമോ ആകാം. ഈ വര്‍ഷം വ്യാഴാഴ്ചയോ ശനിയാഴ്ചയോ അവധി നല്‍കിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
🎙️സെപ്റ്റംബറില്‍ 65 ശതമാനം വരെ ഡിസ്‍കൗണ്ടുമായി നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്.
✒️ദുബൈയില്‍ ഉടനീളമുള്ള യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും വര്‍ഷത്തിലുടനീളം പ്രമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കാന്‍ നിരന്തരം ശ്രമിച്ചുവരികയാണെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിടുന്ന വിപണി തന്ത്രത്തിന്റെ ഭാഗമാണിത്. സെപ്റ്റംബറില്‍ 65 ശതമാനം വരെ വിലക്കുറവ് ലഭ്യമാക്കുന്ന നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് പുറമെ ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് ഈ വിലയിളവ് ലഭിക്കും. ഏറ്റവും മത്സരക്ഷമമായ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും അടിസ്ഥാന ഉപയോഗത്തിനുള്ള ഉത്പന്നങ്ങളും ജനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന സാധനങ്ങളും സ്വന്തമാക്കാന്‍ കുറഞ്ഞ വിലയില്‍ നിരവധി അവസരങ്ങളൊരുക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം.
വാട്സ്ആപ്, ടെലഗ്രാം , സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‍സൈറ്റ്, ടെക്സ്റ്റ് മെസേജുകള്‍, യുസി ഓണ്‍ലൈന്‍ സ്റ്റോര്‍ / സ്‍മാര്‍ട്ട് ആപ്, മറ്റ് പരസ്യമാര്‍ഗങ്ങള്‍ എന്നിവയിലൂടെ സെപ്റ്റംബറിലെ ഓരോ പ്രമോഷണല്‍ ക്യാമ്പയിനുകളും പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ ക്യാമ്പയിനും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി മാറാന്‍ വേണ്ടി ആയിരക്കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള വിലക്കുറവ് ലഭ്യമാവും. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, മാംസം, മധുരപലഹാരങ്ങള്‍, സ്‍പൈസസ്, അരി, എണ്ണ, മറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‍ക്കെല്ലാം ഈ വിലക്കുറവ് ബാധകമാക്കിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഡിസ്‍കൗണ്ട് ഉത്സവങ്ങളായിരിക്കും സെപ്റ്റംബര്‍ മാസത്തില്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചില ദിവസങ്ങള്‍ ഏഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയും ചില ദിവസങ്ങള്‍ ക്ലീനിങ് ആന്റ് വാഷിങ് മെറ്റീരിയലുകള്‍ക്ക് വേണ്ടിയും നീക്കിവെയ്ക്കും. അതുപോലെ തന്നെ യൂറോപ്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും അടുക്കള ഉപകരണങ്ങള്‍ക്ക് വേണ്ടിയും ഗൃഹോപകരണങ്ങള്‍ക്ക് വേണ്ടിയുമൊക്കെ പ്രത്യേക സിഡ്കൗണ്ടുകളുണ്ടാകും.
സെപ്റ്റംബറിലെ ക്യാമ്പയിനുകള്‍ ഉള്‍പ്പെടെ എല്ലാ ഓഫറുകളും ഉപയോഗപ്പെടുത്താനായി സാധനങ്ങള്‍ സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക സേവനങ്ങളും സൗകര്യങ്ങളും ഇ-സ്റ്റോറില്‍ സജ്ജീകരിച്ചിട്ടുണ്ട്. യൂണിയന്‍കോപ് ശാഖകളില്‍ എക്സ്പ്രസ് ഡെലിവറി ആന്റ് പിക്കപ്പ് സേവനങ്ങള്‍ ലഭ്യമാണ്. ഹോള്‍സെയില്‍ പര്‍ച്ചേസുകള്‍ക്കുള്ള ഓഫറുകളും ഓണ്‍ലൈന്‍ ഷോപ്പിങിന് സഹായകമാവുന്ന മറ്റ് സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാവുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
🛫എഞ്ചിനില്‍ പക്ഷി ഇടിച്ചു; സൗദി വിമാനം പാകിസ്ഥാനില്‍ ഇറക്കി.
✒️എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
വെള്ളിയാഴ്ചയാണ് സംഭവം. ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്ന സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 330 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജിന്ന വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. പൈലറ്റുമാരുടെ ശ്രമകരമായ ഇടപടെല്‍ വലിയ അപകടം ഒഴിവാക്കുകയും വിമാനം സുരക്ഷിതമായി ജിന്ന വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദ് ചെയ്തു. മടക്കയാത്രയില്‍ ജിദ്ദയിലേക്ക് പോകേണ്ട എല്ലാ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി.
🛫മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
✒️മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചതും.
കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, മംഗളൂരു സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നലെ മുതല്‍ നിര്‍ത്തിയിരുന്നു. മുംബൈ സര്‍വീസുകള്‍ ഇന്നു മുതല്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കുന്നതാണെന്നും അല്ലെങ്കില്‍ ഇവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാമെന്നും വിമാന കമ്പനി വ്യക്തമാക്കി.
ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
വ്യാഴാഴ്ചകളില്‍ മസ്‍കത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന IX 712, തിരിച്ച് വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 711 എന്നിവയും റദ്ദാക്കി. വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള IX 443, അതേ ദിവസങ്ങളില്‍ തന്നെ തിരികെ സര്‍വീസ് നടത്തുന്ന IX 442 എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
🎙️സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി.
✒️മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറ്റമുണ്ടായത്.
ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഈ കൂടിക്കാഴ്ചയോടെ സന്ദര്‍ശന പരിപാടി പൂര്‍ത്തിയാക്കി മന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
0 Comments