🛫പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു.
✒️എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.
പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും.
🇴🇲മസ്‌കറ്റില്‍ നിന്ന് സര്‍വീസുകളുടെ എണ്ണം കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
✒️മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയതും പുതിയ സമയക്രമം പ്രഖ്യാപിച്ചതും.
കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, മംഗളൂരു സര്‍വീസുകളില്‍ ചിലതാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നലെ മുതല്‍ നിര്‍ത്തിയിരുന്നു. മുംബൈ സര്‍വീസുകള്‍ ഇന്നു മുതല്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കുന്നതാണെന്നും അല്ലെങ്കില്‍ ഇവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാമെന്നും വിമാന കമ്പനി വ്യക്തമാക്കി.
ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.
വ്യാഴാഴ്ചകളില്‍ മസ്‍കത്തില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന IX 712, തിരിച്ച് വെള്ളിയാഴ്ചകളില്‍ കണ്ണൂരില്‍ നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 711 എന്നിവയും റദ്ദാക്കി. വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള IX 443, അതേ ദിവസങ്ങളില്‍ തന്നെ തിരികെ സര്‍വീസ് നടത്തുന്ന IX 442 എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
🛫പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അധികൃതരുടെ വിശദീകരണം.
✒️ഒമാനില്‍ പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് റോയല്‍ ഒമാൻ പൊലീസ്. പാസ്‍പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡുകളായിരിക്കും ഒമാനിലെ ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുകയെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.
ഒമാനിൽ വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ്, വിസ സ്റ്റാമ്പ് ചെയ്യുന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയത്. പുതിയ രീതിയിൽ പാസ്‍പോര്‍ട്ടില്‍ വീസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടോ എന്നതിന് പ്രസക്തിയില്ല. താമസാനുമതി രേഖയായി പുതുക്കിയ റെസിഡന്റ് കാര്‍ഡായിരിക്കും കണക്കാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വീസ പുതുക്കലുമായും യാത്രാനുമതിയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം മറ്റ് രാജ്യങ്ങൾ പാസ്‍പോര്‍ട്ടിലെ വീസാ സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡ് ഔദ്യോഗിക താമസ അനുമതി രേഖയായി കണക്കാക്കുമോ എന്നതിൽ വ്യക്തതയില്ല.
🎙️യുഎഇയിലും ഖത്തറിലും ഉച്ചവിശ്രമം അവസാനിച്ചു.
✒️യുഎഇയിലും ഖത്തറിലും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം അവസാനിച്ചു. ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമം സെപ്തംബര്‍ 15നാണ് അവസാനിച്ചത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയായിരുന്നു വിശ്രമ സമയം.
ഖത്തറില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നത്. യുഎഇയില്‍ വിവിധ കമ്പനികള്‍ ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 55,192 പരിശോധനകള്‍ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹമായിരുന്നു പിഴ.
🇰🇼കുവൈത്തിലേക്ക് സര്‍വീസ് തുടങ്ങാന്‍ എയര്‍ അറേബ്യ.
✒️ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്.
അതേസമയം എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക.
🇦🇪യുഎഇയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.
✒️യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21നാണ് ഈ നിരക്കിലെത്തിയത്.
ഇന്നലെ രാവിലെ വിപണനം ആരംഭിക്കുമ്പോള്‍ 192 ദിര്‍ഹം ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പ്പം മെച്ചപ്പെട്ട് 192.25ലേക്ക് ഉയര്‍ന്നു. എന്നാല്‍ 3.25 ദിര്‍ഹം കുറഞ്ഞ് 189 ദിര്‍ഹം ആകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
🇧🇭ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു.
✒️ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം WHO ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടിരുന്നു.
അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക.
healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു.
🇸🇦സൗദിയില്‍ അനധികൃതമായി റോഡ് മുറിച്ച് കടന്നാല്‍ പിഴ.
✒️സൗദിയിലെ ദമ്മാമില്‍ സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തി തുടങ്ങി. അനധികൃതമായി റോഡുകള്‍ മുറിച്ച് കടക്കുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം.
ദമ്മാം സീക്കോക്ക് സമീപമുള്ള റോഡുകളില്‍ ഇത്തരത്തില്‍ ക്രോസ് ചെയ്തതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ചുമത്തി. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ട്രാഫിക് വിഭാഗം നടപടി ശക്തമാക്കിയത്.
ഒമാൻ: പ്രവാസികളുടെ പാസ്സ്പോർട്ടുകളിൽ വിസ പതിപ്പിക്കുന്നതിന് പകരമായി റെസിഡൻസി കാർഡുകൾ ഉപയോഗിക്കാമെന്ന് ROP.
രാജ്യത്തെ പുതുക്കിയ റെസിഡൻസി വിസ നിയമങ്ങൾ പ്രകാരം പ്രവാസികളുടെ പാസ്സ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി നിർബന്ധമല്ലാതായതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ROP സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട ചെയ്തിരിക്കുന്നത്.
പ്രവാസികളുടെ പാസ്സ്പോർട്ടുകളിൽ വിസ പതിപ്പിക്കുന്നതിന് പകരമായി, വിസ ആവശ്യങ്ങൾക്ക്, ഒമാനിലെ റെസിഡൻസി കാർഡ് മതിയാകുമെന്നും ROP അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ പ്രവാസികളുടെ പാസ്സ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി ഒഴിവാകുന്നതാണ്.
0 Comments