ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. ദുബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്ന് നടന്ന 400-ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയായ മുഹമ്മദ് നാസറുദ്ദീന്‍ 10 ലക്ഷം ഡോളറിന്റെ (എട്ട് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഓഗസ്റ്റ് 31ന് ഓണ്‍ലൈനിലൂടെ എടുത്ത 3768 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. 2014 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള അദ്ദേഹം ഇത്തവണ 400-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളാണ് എടുത്തിരുന്നത്.
രണ്ട് കുട്ടികളുടെ പിതാന് കൂടിയായ അദ്ദേഹം ഒരു കുടുംബാംഗത്തെ സന്ദര്‍ശിച്ചിട്ട് ഇന്ന് ഖത്തറില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ദുബൈ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള കോള്‍ ലഭിച്ചത്. യാത്രയിലായിരുന്നതു കൊണ്ട് അദ്ദേഹത്തിന് നറുക്കെടുപ്പ് തത്സമയം കാണാന്‍ കഴിഞ്ഞിരുന്നില്ല. തനിക്കും കുടുംബത്തിനും ജീവിതം മാറിമറിയുന്നൊരു നിമിഷമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ച അദ്ദേഹം അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിനന്ദിച്ചു.
1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 196-ാമത്തെ ഇന്ത്യക്കാരനാണ് നാസറുദ്ദീന്‍. ഈ നറുക്കെടുപ്പില്‍ ഏറ്റവുമധികം പങ്കെടുക്കുന്നവരും ഇതുവരെ സമ്മാനം ലഭിച്ചിട്ടുള്ളവരില്‍ ഏറ്റവുമധികം പേരും ഇന്ത്യക്കാര്‍ തന്നെ. ഇതുവരെയുള്ള നറുക്കെടുപ്പുകളിലൂടെ ആകെ 400 മില്യന്‍ ഡോളറിന്റെ സമ്മാനം വിതരണം ചെയ്തു കഴിഞ്ഞതായും 47 രാജ്യങ്ങളില്‍ നിന്നുള്ള വിജയികളുടെ ജീവിതങ്ങളില്‍ ഇങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ദുബൈ ഡ്യൂട്ടി ഫ്രീ സി.ഇ.ഒയും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കോം മക്ലോഗിന്‍ പറഞ്ഞു.
മില്ലേനിയം നറുക്കെടുപ്പിന് പുറമെ ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും ഇന്ന് നടന്നു. ഇതില്‍ മുംബൈ സ്വദേശിനിയായ നഹീദ് പാണ്ഡെ ബിഎംഡബ്ല്യു ആർ നൈന്‍ ടി അർബൻ ജി/എസ് (ഇംപീരിയൽ ബ്ലൂ മെറ്റാലിക്) മോട്ടോർബൈക്ക് സ്വന്തമാക്കി. 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന, മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ അവര്‍ ഓഗസ്റ്റ് 29ന് മുംബൈയിലേക്കുള്ള യാത്രയ്‍ക്കിടെയാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
എഞ്ചിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ രണ്ട് മണിക്ക് കൊച്ചിയിലെത്തും.
ബുധനാഴ്ച മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്ന് തുടർന്ന് യാത്ര റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ മറ്റൊരു വിമാനത്തിൽ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചിയിലെത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒമാൻ കൺട്രി മാനേജർ കറോർ പതി സിംഗ് അറിയിച്ചു. ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്സി ബേയിലേക്ക് നീങ്ങിയപ്പോഴാണ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.
ഒമാൻ സമയം രാവിലെ 11.20ന് പുറപ്പെടേണ്ടിയിരുന്ന എ.എക്‌സ് 442 വിമാനത്തിലാണ് പുക കണ്ടത്. പറന്നുയരുന്നതിനു തൊട്ടുമുമ്പ് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ബഹളം വെക്കുകയും ചെയ്തു. പെട്ടന്ന് വിമാനം നിര്‍ത്തി എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി. എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെ മുഴുവന്‍ യാത്രക്കാരെയും നിമിഷങ്ങള്‍ക്കകം വിമാനത്തിൽ നിന്നും പുറത്തെത്തിച്ചു.
ഇതിനിടെ വിമാനത്തില്‍ തീ പടരുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളും പുറമെ ആരംഭിച്ചിരുന്നു. ഒമാനിലെ സുരക്ഷാ വിഭാഗങ്ങളുടെ പെട്ടന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഉടന്‍ യാത്രാ ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ 50 ഓളം ഒമാൻ സ്വദേശികളും ഉൾപ്പെടും. മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഹോട്ടലുകളിലേക്ക് മാറേണ്ടവര്‍ക്കും, വീടുകളില്‍ പോയി മടങ്ങി വരേണ്ടവര്‍ക്കും ഇതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചുവെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും ഉറപ്പുവരുത്തിയതായും എയര്‍ ഇന്ത്യ ഒമാന്‍ കണ്‍ട്രി മാനേജര്‍ കരൂര്‍ പതി സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം വിമാനത്തില്‍ തീപിടിക്കാന്‍ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവരം സ്ഥിരീകരിച്ച ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാൻ സമയം 11.33 ഓടെയായിരുന്നു അപകടമെന്നും അനുബന്ധ നടപടികള്‍ കൈക്കൊള്ളുന്നതായും വ്യക്തമാക്കി. മസ്‌കത്ത് എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്തു നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. മസ്‌കത്ത് വിമാനത്താവളത്തിലെ മറ്റു വിമാന സര്‍വീസുകളെ സംഭവം സാരമായി ബാധിച്ചില്ല.
മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്തിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുപോകും. ഒമാൻ സമയം രാത്രി 9.20ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ രണ്ട് മണിയോടെ കൊച്ചിയില്‍ എത്തുമെന്നും കണ്‍ട്രി മാനേജര്‍ കരൂര്‍ പതി സിംഗ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍സ് (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments