Ticker

6/recent/ticker-posts

Header Ads Widget

ഇനി മന്ത്രി; എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മറ്റ് മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെങ്കിലും എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്. തനിക്ക് ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ല എന്ന വാക്ക് താന്‍ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് എം ബി രാജേഷ്  പറഞ്ഞു. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. ട്വന്റിഫോറിന്റെ ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം ബി രാജേഷ്.

എം.ബി. രാജേഷിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും; എക്‌സൈസ് വാസവന് നല്‍കിയേക്കുമെന്നും സൂചന.

പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറെ അറിയിക്കും. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്‌സൈസ്, തൊഴില്‍ വകുപ്പുകള്‍ തന്നെ എം.ബി. രാജേഷിനും നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം, എക്‌സൈസ് വകുപ്പ് വി.എന്‍. വാസവന് നല്‍കി സാംസ്‌കാരിക, തൊഴില്‍ വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് എം.ബി. രാജേഷ് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകുന്നത്. എന്നാല്‍ ഏതെല്ലാം വകുപ്പുകളാണ് രാജേഷിന് ലഭിക്കുകയെന്നത് സംബന്ധിച്ച് ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയാകും ഗവര്‍ണറെ അറിയിക്കുക. തുടര്‍ന്ന് ഗവര്‍ണര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും.

Post a Comment

0 Comments