രാജ്യത്തേക്ക് ടൂറിസ്റ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടന കാലയളവിൽ ഹജ്ജ് അനുഷ്ഠിക്കുന്നതിനോ, ഉംറ തീർത്ഥാടനം നടത്തുന്നതിനോ അനുമതിയില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടൂറിസ്റ്റ് വിസ നിയമങ്ങളിലെ ഭേദഗതികൾ വിവരിച്ച് കൊണ്ടാണ് ടൂറിസം മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുക്കിയ ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ പ്രകാരം, സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ നിയമങ്ങൾ, സുരക്ഷാ നിബന്ധനകൾ എന്നിവ പൂർണ്ണമായും അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ തുടരുന്ന കാലയളവിൽ തങ്ങളുടെ ഐഡി കാർഡുകൾ, മറ്റു രേഖകൾ എന്നിവ മുഴുവൻ സമയവും കൈവശം കരുതണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇ-ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കുന്ന വിദേശികൾക്ക് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള, ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള, റെസിഡൻസി വിസകൾ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാൻ അനുമതി നൽകി.
ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉംറ തീർത്ഥാടകരുടെ പ്രവേശനത്തിനായി പ്രത്യേക വിമാനത്താവളങ്ങൾ നിജപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേത് വേണമെങ്കിലും യാത്രയ്ക്കായി തിരഞ്ഞെടുക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉംറ വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്ത് പരമാവധി 90 ദിവസം വരെയാണ് താമസിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഈ കാലയളവിൽ അവർക്ക് സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ അഞ്ച് മാസത്തേക്ക് പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടാന്‍ നിയന്ത്രണങ്ങളോടെ അനുമതി.
സൗദി അറേബ്യയിൽ പക്ഷി - മൃഗാദികളെ വേട്ടയാടുന്നതിനുള്ള പുതിയ കാലയളവ് പ്രഖ്യാപിച്ചു. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതക്ക് തടസം വരാത്തവിധം ജൈവ വൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾക്കനുസൃതമായി സെപ്റ്റംബർ ഒന്ന് മുതൽ ജനുവരി 31 വരെ നിർദിഷ്ട പ്രദേശങ്ങളിൽ മൃഗവേട്ട അനുവദിക്കും.
നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു) അധികൃതരാണ് ചൊവ്വാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വേട്ടയാടൽ സീസണിന്റെ പുതിയ തീയതി പ്രഖ്യാപിച്ചത്. ഭൂമിശാസ്തപരമായ നിയന്ത്രണങ്ങൾ, ഏറ്റവും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവര ശേഖരണം, അന്താരാഷ്ട്ര നായാട്ട് മാനദണ്ഡങ്ങൾ, പഠനങ്ങൾ എന്നിവയും വിദഗ്ധരുടെ ഉപദേശങ്ങളും അടിസ്ഥാനമാക്കിയാണ് അഞ്ചുമാസത്തെ അനുമതിയെന്ന് അധികൃതർ വ്യക്തമാക്കി.
ശരത്കാല സീസണിൽ 25 ഇനം മൃഗങ്ങളെയും ശൈത്യകാലത്ത് നാല് ഇനങ്ങളെയും മാത്രമേ വേട്ടയാടാൻ അനുവാദമുള്ളൂ. ഇതിന് എൻ.സി.ഡബ്ല്യു ഫെട്രി പ്ലാറ്റ്‌ഫോം വഴി ഹണ്ടിങ് ലൈസൻസുകളും പെർമിറ്റും കരസ്ഥമാക്കണം. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയെ വേട്ടയാടുന്നത് ശാശ്വതമായി നിരോധിക്കുന്ന ചട്ടങ്ങൾ വേട്ടക്കാർ പാലിക്കേണ്ടതുണ്ടെന്ന് സെന്റർ അധികൃതർ ചൂണ്ടിക്കാട്ടി.
ഷോട്ട് ഗൺ, എയർ ഗൺ, മീൻപിടുത്ത വല, വാതകം ഉപയോഗിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ തുടങ്ങിയ ലൈസൻസുള്ള ആയുധങ്ങൾ ഉപയോഗിച്ച് മാത്രമേ വേട്ടയാടാൻ അനുവദിക്കൂ. നഗരങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അതിർത്തികൾക്കുള്ളിൽ, ജനവാസ കേന്ദ്രങ്ങളിലും സൈനിക, വ്യവസായിക മേഖലകളിലും വേട്ടയാടൽ നിരോധിച്ചിട്ടുണ്ട്. റിസർവ് പ്രദേശങ്ങൾക്കും പ്രധാന പദ്ധതി പ്രദേശങ്ങളിലും വന്യജീവി വേട്ട പാടില്ല. കൂടാതെ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്റർ അകലം പാലിക്കണം.
സൗദി അറേബ്യയിൽ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി.
സൗദി അറേബ്യയിൽ വ്യവസ്ഥകൾക്ക് വിധേയമായി കമ്പനികൾക്കും വ്യക്തികൾക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി നല്‍കുന്നു. സംഭാവന ശേഖരണത്തിന് ലൈസൻസ് ലഭ്യമാക്കിയും സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടം സാധ്യമാക്കിയുമാണ് അനുമതി നല്കുക. നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറാണ് നടപടികളാരംഭിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ട് സംഭാവനകൾ സ്വീകരിക്കുന്നതിന് സ്വദേശികളായ വ്യക്തികൾക്കും കമ്പനികൾക്കും അനുമതി നല്‍കുന്നതിനാണ് നീക്കമാരംഭിച്ചത്. നാഷനൽ സെന്റർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറാണ് നടപടികള്‍ ആരംഭിച്ചത്. ലൈസൻസ് അനുവദിച്ചും സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടം സാധ്യമാക്കിയും വ്യവസ്ഥാപിതമായ മാർഗത്തിൽ ധനസമാഹരണം സാധ്യമാക്കുകയാണ് ലക്ഷ്യം.
പ്രത്യേക ലൈസൻസ് നേടുന്നതോടെ കമ്പനികൾക്കും വ്യക്തികൾക്കും ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയും. ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. വിദേശങ്ങളിൽനിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും നേടിയിരിക്കണം. പണമായി സംഭാവനകൾ സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാൽ വിദേശത്തുള്ള ഏജൻസികൾക്കും വ്യക്തികൾക്കും സംഭാവന വിതരണം ചെയ്യുന്നതിന് സമ്പൂർണ വിലക്ക് തുടരും.
സൗദി അറേബ്യയില്‍ ദമ്മാം വിമാനത്താവളത്തിലെ കാർപാർക്കിങ് നിരക്കിൽ മാറ്റം.
ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർപാർക്കിങ്ങിന് പുതിയ നിരക്ക്. കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിലവിലെ നിരക്കിലാണ് മാറ്റം. കിയോസ്ക് മെഷീനുകൾ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി പണമിടപാട് നടത്തുന്നവർക്ക് മണിക്കൂറിന് മൂന്ന് റിയാലായും എക്സിറ്റിലെ കാഷ് കൗണ്ടർ വഴി പണമടക്കുന്നവർക്ക് മണിക്കൂറിന് നാല് റിയാലായുമാണ് പുതുക്കി നിശ്ചയിച്ചത്.
എക്സിറ്റ് പോയിന്റിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന്റെയും പണമിടപാട് സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ദമ്മാം വിമാനത്താവള ടെർമിനലുമായി ബന്ധപ്പെട്ടു കിടക്കുന്ന മൂന്നുനിലകളിലെ പാർക്കിങ് സംവിധാനങ്ങളിലാണ് പുതിയ നിരക്ക് ബാധകമാകുക.
സൗദി അറേബ്യയിൽ പുതിയൊരു വിമാന കമ്പനി കൂടി വരുന്നു.
റിയാദ്: സൗദി അറേബ്യ പുതിയൊരു അന്താരാഷ്ട്ര വിമാന കമ്പനി കൂടി ആരംഭിക്കുന്നു. സൗദി അറേബ്യൻ എയർലൈൻസ് കമ്പനിയെ കൂടാതെയാണ് പൊതുനിക്ഷേപ നിധിയുടെ വൻ മുതൽമുടക്കിൽ റിയാദ് ആസ്ഥാനമായി ‘റിയ’ എന്ന പേരില്‍ കമ്പനി ആരംഭിക്കാനൊരുങ്ങുന്നത്.
10,000 കോടി റിയാൽ വ്യോമയാന രംഗത്ത് മുതൽമുടക്കാനാണ് സൗദി അറേബ്യ പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ 12 മാസമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു. കമ്പനി നിലവില്‍ വരുന്നതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും റിയ. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന രംഗത്ത് 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭൂരിഭാഗവും തുകയും പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനാവും നീക്കിവെയ്ക്കുക. ‘എമിറേറ്റ്‌സ്’ കൈവരിച്ച ലക്ഷ്യം അതിന്റെ നാലിലൊന്ന് സമയം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്നും അന്താരാഷ്ട്ര കണക്ഷൻ സർവീസുകള്‍ക്കായിരിക്കും പ്രധാന പരിഗണനയെന്നും 'അറേബ്യൻ ബിസിനസ്' ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്. പുതിയ വിമാനക്കമ്പനി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 150 റൂട്ടുകളിലായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് 30 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരും. നിലവില്‍ 85 രാജ്യങ്ങളിലെ 158 റൂട്ടുകളിലാണ് എമിറേറ്റ്സിന്റെ സര്‍വീസ്.
0 Comments