🇦🇪യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍; ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി.
✒️പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെ യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പുതിയ നിയമങ്ങള്‍ സെപ്തംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും.
വിമാനങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ആവശ്യമായി വന്നാല്‍ മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പിലാക്കാന്‍ വിമാന കമ്പനിതള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. സെപ്തംബര്‍ 28 മുതല്‍ സ്വകാര്യ സ്‌കൂളുകള്‍, ചൈല്‍ഡ്ഹുഡ് സെന്ററുകള്‍, യൂണിവേഴ്‌സിറ്റികള്‍, ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെപ്തംബര്‍ 28 മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ദുബൈ വൈജ്ഞാനിക മാനവ വികസന അതോറിറ്റി അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്‌ക് ധരിക്കണം.
പിസിആര്‍ ടെസ്റ്റെടുക്കുമ്പോള്‍ ഗ്രീന്‍പാസിന്റെ കാലാവധി 30 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയാകും. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 1000 ദിവസം തികഞ്ഞ ദിനത്തിലാണ് ഇളവുകളും പ്രഖ്യാപിച്ചത്.
🇸🇦സൗദിയില്‍ ലൈംഗിക ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക്.
✒️സൗദി അറേബ്യയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ലൈംഗിക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഉള്ളതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി. ഇത്തരം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇവ പിടിച്ചെടുക്കും. നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടുന്ന ലൈംഗിക ഉപകരണങ്ങളുടെ ഇനങ്ങള്‍ക്കും അളവിനും അനുസരിച്ച് നിയമലംഘകര്‍ക്ക് വ്യത്യസ്ത തുകയാണ് പിഴ ചുമത്തുന്നതെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
🇸🇦സൗദി അറേബ്യ: നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും അനുവദിക്കുന്നതിന് 500 റിയാൽ ഫീസ് ഈടാക്കും.
✒️പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും അതില്‍ കുറവും ശേഷിക്കുന്ന പക്ഷമാണ് ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടത്. സദ്ദാദ് സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. ബദല്‍ ഇഖാമ അനുവദിക്കാന്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ജവാസാത്ത് ഡയറക്ടറേറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് പൊലീസ് സ്റ്റേഷനിലാണ് അറിയിക്കേണ്ടത്. ഇഖാമ നഷ്ടപ്പെടാനുള്ള കാരണവും നഷ്ടപ്പെട്ട സ്ഥലവും വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമയോ രക്ഷാകര്‍ത്താവോ നല്‍കുന്ന കത്ത് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ഇഖാമ ഉടമയുടെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഹാജരാക്കലും നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പിയുണ്ടെങ്കില്‍ അതും ഹാജരാക്കണം.
ഇഖാമ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി ജവാസാത്ത് ഡയറക്ടറേറ്റിലുള്ള പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം. ഇതിനു പുറമെ ബദല്‍ ഇഖാമക്കുള്ള ഫോറവും പൂരിപ്പിച്ച് നല്‍കണം. പാസ്‌പോര്‍ട്ടിലെ വിവരങ്ങളുമായി പൂര്‍ണമായും ഒത്തുപോകുന്ന നിലയിലാണ് ഫോറം പൂരിപ്പിക്കേണ്ടത്. പൂരിപ്പിച്ച ഫോമുകളില്‍ തൊഴിലുടമ ഒപ്പും സീലും പതിക്കണം.
അപേക്ഷയോടൊപ്പം ബദല്‍ ഇഖാമ അനുവദിക്കാന്‍ ഏറ്റവും പുതിയ രണ്ടു കളര്‍ ഫോട്ടോകളും സമര്‍പ്പിക്കണം. ഇഖാമ നഷ്ടപ്പെടുത്തിയതിനുള്ള പിഴ എന്നോണം 1,000 റിയാലും അടക്കണം. കൂടാതെ വിരലടയാളവും കണ്ണിന്റെ ഐറിസ് ഇമേജും രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
🇰🇼വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍.
✒️കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സാങ്കേതിക, അനുബന്ധ തൊഴിലുകളില്‍ കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‍സുമായി സഹകരിച്ചായിരിക്കും പ്രവാസികള്‍ക്കുള്ള മുന്‍കൂര്‍ പരിശോധനയും പരീക്ഷയും നടപ്പാക്കുന്നത്. കുവൈത്തിലേക്ക് വരാനായി അപേക്ഷിക്കുന്ന പ്രവാസിക്ക് അയാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിയും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്തുകയായിരിക്കും ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ പുതിയതായി കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇത്തരമൊരു പരിശോധന നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്‍തു. പിന്നീട് അടുത്ത ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുതന്നെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്കും ഇത് ബാധകമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കുവൈത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടി കുവൈത്തില്‍ നിന്ന് നാടുകടത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തിയാണ് നാടുകടത്തുന്നത്.
🇸🇦പ്രവാസി യാത്രക്കാര്‍ നിശ്ചിത തുകയില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ വെളിപ്പെടുത്തണം.
✒️സൗദി അറേബ്യയിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോകുന്നവരുമായ യാത്രക്കാര്‍ 60,000 റിയാല്‍ പണമോ അതിലധികമോ കൈവശം വെച്ചാല്‍ അവ വെളിപ്പെടുത്തണ്ടേതിന്റെ പ്രാധാന്യം സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇവ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണം.
കള്ളപ്പണം വെളുപ്പിക്കല്‍, കള്ളക്കടത്ത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനാണ് നടപടി. 60,000 സൗദി റിയാലോ അതില്‍ കൂടുതലോ, തത്തുല്യ മൂല്യമുള്ള സാധനങ്ങള്‍, പണം, ആഭരണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍, വിദേശ കറന്‍സികള്‍ എന്നിവ ഉണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി അയച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, https://www.customs.gov.sa/en/declare#
🇸🇦ഉംറ വിസ നടപടികൾ എളുപ്പമാക്കി; ഡിജിറ്റലായി നടപടികൾ പൂർത്തീകരിക്കാം.
✒️ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്.
സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സിയാറത്തും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ ബുക്കിംഗ്, ഉംറ, മദീന സന്ദർശനം പ്രോഗ്രാമുകളില്‍ ബുക്കിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ എന്നീ സേവനങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം നല്‍കും. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സന്ദർശനം നടത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള പുതിയ പോര്‍ട്ടല്‍ ആണ് നുസുക് പ്ലാറ്റ്‌ഫോം.
🇦🇪ദുബായ് സഫാരി പാർക്ക്: 2022-2023 സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.
✒️ദുബായ് സഫാരി പാർക്കിന്റെ 2022-2023 സീസൺ 2022 സെപ്റ്റംബർ 27, ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 25-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്ക് പുതിയ സീസൺ ആരംഭിക്കുന്നത്. പുതിയ സീസണിൽ കൂടുതൽ മൃഗങ്ങളെ പാർക്കിൽ ഉൾപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ സീസണിൽ ദിനവും രാവിലെ 9 മണിമുതൽ 5 മണിവരെയാണ് സന്ദർശകർക്ക് പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ദുബായിലെ ടൂറിസം മേഖലയിൽ പ്രകടമാകുന്ന വലിയ ഉണർവ് ഈ സീസണിൽ ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ പ്രതിഫലിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെ, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണുന്നതിനായി ദുബായ് സഫാരി പാർക്ക് അവസരമൊരുക്കുന്നു.
ഓരോ സീസണിലും, സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്ന രീതിയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബറിൽ പാർക്കിലെ സഫാരി ട്രിപ്പിലേക്ക് കൂടുതൽ പുതിയ മൃഗങ്ങളെ ഉൾപ്പെടുത്തുന്നതാണ്.
119 ഹെക്ടറിൽ മനോഹരമാക്കി നിർത്തിയിട്ടുള്ള ദുബായ് സഫാരി പാർക്ക്, അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. സസ്തനികൾ, പക്ഷികൾ, ഉഭയജീവകള്‍ തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേരാണ് ദുബായ് സഫാരി പാർക്ക് സന്ദർശിച്ചത്. 2022 ജൂൺ മാസത്തിലാണ് വേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടച്ചത്.
2017 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ദുബായ് സഫാരി പാർക്ക്, പിന്നീട് അതിവിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കായി 2018-ൽ രണ്ട് വർഷത്തേക്ക് അടച്ചിരുന്നു.
സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്കും ശേഷം 2020 ഒക്ടോബർ 5 മുതൽ ദുബായ് സഫാരി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഓരോ വർഷവും വേനൽക്കാലത്ത് സഫാരി പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
0 Comments