Ticker

6/recent/ticker-posts

Header Ads Widget

GULF NEWS TODAY

🇧🇭ബഹ്‌റൈൻ: സൗദി ദേശീയദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക ആഘോഷപരിപാടികൾക്ക് മനാമ സൂഖിൽ തുടക്കമായി.

✒️സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് തുടക്കമായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു. 2022 സെപ്റ്റംബർ 22-ന് രാത്രിയാണ് BTEA ഇക്കാര്യം അറിയിച്ചത്.

'നിങ്ങളെ കാണുന്നതിൽ അതിയായ ആഹ്ലാദമുണ്ട്’ എന്ന ആശയത്തിൽ ഊന്നിയുള്ള ഈ പ്രത്യേക ആഘോഷ പരിപാടികൾ ബഹ്‌റൈനിലെ സ്വകാര്യമേഖലയിൽ നിന്നുള്ള പങ്കാളിത്തത്തോടെയാണ് BTEA സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലുടനീളം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

ബഹ്‌റൈനും, സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും, വാണിജ്യ, സാംസ്‌കാരിക മൂല്യങ്ങളുടെ കൈമാറ്റത്തിന്റെയും വേദി എന്ന രീതിയിലാണ് ഈ ആഘോഷങ്ങൾക്കായി മനാമ സൂഖ് തിരഞ്ഞെടുത്തതെന്ന് BTEA സി ഇ ഓ ഡോ. നാസ്സർ ഖഈദി വ്യക്തമാക്കി. ഈ ആഘോഷങ്ങളുടെ ഭാഗമായി മനാമ സൂഖിൽ ബഹ്‌റൈനി ഫോക് കലാകാരൻമാർ സൗദി അറേബ്യയിലെയും, ബഹ്‌റൈനിലെയും പരമ്പരാഗത സംഗീതം ആലപിച്ചു.

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് BTEA നേരത്ത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ എന്നിവ ഉൾപ്പടെയുള്ള പ്രധാന ടൂറിസ്റ്റ് ഇടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

മനാമ സൂഖിൽ വെച്ച് സംഘടിപ്പിക്കുന്ന, പത്ത് ദിവസം നീണ്ട് നിൽക്കുന്ന, ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22-ന് ആരംഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ ദിനവും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

പരമ്പരാഗത ബഹ്‌റൈനി കരകൗശലവിദ്യകളെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിനും, അവരെ ഇത് പരിശീലിപ്പിക്കുന്നതിനുമുള്ള വിവിധ വർക്ക്ഷോപ്പുകൾ ഈ മേളയുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത ബഹ്‌റൈനി വിനോദങ്ങൾ, സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള കഥാകഥന സദസ്സുകൾ മുതലായവയും ഈ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. സൗദി നാഷണൽ ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 മുതൽ 24 വരെ പ്രത്യേക പാവകളിപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

🛫രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് രൂപ; മൂല്യം ഇനിയും താഴ്‌ന്നേക്കും.

✒️ഇന്ത്യൻ രൂപ വീണ്ടും ഇടിഞ്ഞു. രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ 41 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.20 എന്ന നിലയിലെത്തി. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതും ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളറിന്റെ ആവശ്യകതയും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. 

രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.

രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകർ കാണുന്നത്. രൂപ 81.80, 82.00 ലെവലുകൾ വരെ ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.

പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടുകൂടി ഡോളർ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഇരുപത് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 111.80 ൽ ആണ് ഡോളർ ഉള്ളത്. അതേസമയം 998 ന് ശേഷം ആദ്യമായി വിദേശ വിനിമയ വിപണിയിൽ അധികാരികൾ ഇടപെട്ടതിന് ശേഷം ജാപ്പനീസ് കറൻസിയായ യെൻ കുതിച്ചുയർന്നു.

🛫കോളടിച്ച് പ്രവാസികള്‍; ഗള്‍ഫ് കറന്‍സികളുടെ മൂല്യം കുത്തനെ ഉയര്‍ന്നു, ചരിത്രത്തില്‍ ആദ്യം.

✒️ഇന്ത്യന്‍ രൂപ സര്‍വ്വകാല തകര്‍ച്ചയിലേക്ക്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. ഇന്ത്യന്‍ രൂപ വലിയ ഇടിവ് നേരിടുമ്പോള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍. ഇന്ത്യൻ രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍. 

ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. 2020 മാര്‍ച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത് 21ലേക്കെത്തി. ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യം ഉയര്‍ന്നിരിക്കുകയാണ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്തോടെ ആണ് ഗൾഫ് കറന്സികളുടെ മൂല്യം വർധിച്ചത്.

ഒരു യുഎഇ ദിർഹത്തിന് 22 രൂപ എന്ന തലത്തിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാഴാഴ്ച രാവിലെ യുഎഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിച്ചു. 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. എമിറേറ്റ്‌സ് എന്‍ ബി ഡി വഴി പണം അയച്ചവര്‍ക്ക് 21.86 രൂപ വരെ ലഭിച്ചു. ഒരു സൗദി റിയാലിന് 21.49 രൂപ. ഖത്തർ റിയാൽ 22.41 രൂപ. ഒരു ബഹ്‌റൈൻ ദിനാറിന് 214.52. കുവൈത്ത് ദിനാറിന്റെ മൂല്യം 261 രൂപക്ക് മുകളിൽ എത്തി. ഒമാൻ റിയാൽ മൂല്യം 210 രൂപ കടന്നു.

ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറി. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്.

🇶🇦ഖത്തർ: വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ ചിഹ്നം ഉപയോഗിക്കരുതെന്ന് വാണിജ്യ മന്ത്രാലയം.

✒️വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കരുതെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാരശാലകളിലും, ഓൺലൈൻ വില്പനശാലകളിലും ദേശീയ ചിഹ്നം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

2022 സെപ്റ്റംബർ 22-നാണ് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ട്രേഡ്മാർക്കുകളുമായി ബന്ധപ്പെട്ട 2022/9 എന്ന നിയമപ്രകാരമാണ് ഈ വിലക്ക്.

രാജ്യത്തെ വ്യാപാരശാലകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക പരിശോധനകൾ നടത്തുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇦🇪സൗദി നാഷണൽ ഡേ: യു എ ഇയിൽ പ്രത്യേക ആഘോഷ പരിപാടികൾ.

✒️സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23-ന് യു എ ഇയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

“സൗദി അറേബ്യയും, യു എ ഇയും എക്കാലവും ഒരുമിച്ച്” എന്ന ആശയത്തിലൂന്നിയാണ് രാജ്യവ്യാപകമായി യു എ ഇ ഔദ്യോഗിക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഡമായ ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി യു എ ഇയിലെ പ്രധാന കെട്ടിടങ്ങളിലും, പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും സൗദി അറേബ്യയുടെ ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. യു എ ഇയിലെ ഷോപ്പിംഗ് മാളുകളിൽ പ്രത്യേക ആഘോഷപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്

ഈ വർഷത്തെ സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് 2022 സെപ്റ്റംബർ 19-ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 23 മുതൽ 26 വരെ ദുബായ് നഗരത്തിന്റെ വിവിധ മേഖലകളിൽ ഗംഭീരമായ ആഘോഷപരിപാടികൾ, വിനോദപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ചില്ലറവിൽപ്പന മേഖലകളിൽ ആകർഷകമായ വിലക്കിഴിവുകൾ നൽകുന്ന പദ്ധതികളും, ഹോട്ടലുകളിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ഒരുക്കുന്നതാണ്.

🇶🇦ലോകകപ്പ് 2022: തിരഞ്ഞെടുക്കപ്പെടുന്ന ഒരു ആരാധകന് എല്ലാ മത്സരങ്ങളും നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകും.

✒️തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലയായ ഒരു ആരാധകന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇതിനായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ‘എവരി ബ്യൂട്ടിഫുൾ ഗെയിം’ എന്ന പേരിലുള്ള ഒരു സമ്മാനപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

2022 സെപ്റ്റംബർ 21-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഈ മത്സരപദ്ധതി സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ മത്സരത്തിൽ വിജയിക്കുന്ന ഫുട്ബോൾ ആരാധകന് നവംബർ 20 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ 64 മത്സരങ്ങളും സ്റ്റേഡിയത്തിൽ നിന്ന് നേരിട്ട് കാണാൻ അവസരം ലഭിക്കുന്നതാണ്.

ഈ മത്സരത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ അതിനിപുണനായ ഒരു ഫുട്ബാൾ ആരാധകനെ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്മ്യൂണികേഷൻസ് ആൻഡ് മീഡിയ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിമ അൽ നുഐമി വ്യക്തമാക്കി. ഈ ആരാധകനിലൂടെ ഖത്തറിലെ ഏറ്റവും നൂതനമായ എട്ട് സ്റ്റേഡിയങ്ങളിൽ വെച്ച് നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ അനുഭവങ്ങൾ ലോകത്തെ അറിയിക്കാൻ സംഘാടകർ ലക്ഷ്യമിടുന്നു.

‘എവരി ബ്യൂട്ടിഫുൾ ഗെയിം’ എന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ:
https://www.qatar2022.qa/en/every-beautiful-game-competition എന്ന വിലാസത്തിലെ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഇതോടൊപ്പം 20 മുതൽ 60 വരെ സെക്കൻഡ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ദൃശ്യം നൽകുക.
താഴെ പറയുന്ന മാനദണ്ഡം പാലിക്കുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്:
ചുരുങ്ങിയത് 21 വയസ് തികഞ്ഞിരിക്കണം.
കായികക്ഷമത തെളിയിക്കുന്ന രേഖകൾ.
സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിലെ നിപുണത.
കാമറ കൈകാര്യം ചെയ്യുന്നതിലെ നിപുണത.
ഇംഗ്ളീഷ് പരിജ്ഞാനം.
2022 നവംബർ 18 മുതൽ ഡിസംബർ 19 വരെ ഖത്തറിൽ തുടരേണ്ടതാണ്.
ഈ മത്സരത്തിൽ വിജയിക്കുന്ന ഒരു വ്യക്തിക്ക് താഴെ പറയുന്ന സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ 64 മത്സരങ്ങളും കാണുന്നതിനുള്ള ടിക്കറ്റുകൾ.
സ്വന്തം രാജ്യത്ത് നിന്ന് ഖത്തറിലെത്തി തിരികെ മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റുകൾ.
2022 നവംബർ 18 മുതൽ ഡിസംബർ 19 വരെ ദോഹയിൽ താമസിക്കുന്നതിനുള്ള ഹോട്ടൽ മുറി സൗകര്യം (ഭക്ഷണങ്ങൾ ഉൾപ്പടെ). ഒരാൾക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാൻ അനുമതി.
എല്ലാ മത്സരങ്ങളുടെയും വേദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗജന്യ യാത്രാസേവനം.

🇶🇦ഖത്തർ: ലോകകപ്പ് ആരാധകർക്കായി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു.

✒️ഫിഫ ലോകകപ്പ് ഖത്തർ 2022-നെത്തുന്ന ആരാധകർക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആരോഗ്യപരിചരണ സേവനങ്ങളെക്കുറിച്ചും, ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം (MOPH) ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു. 2022 സെപ്റ്റംബർ 20-ന് രാത്രിയാണ് MOPH ഇക്കാര്യം അറിയിച്ചത്.

https://sportandhealth.moph.gov.qa/EN/faninfo/Pages/Homepage.aspx എന്ന വിലാസത്തിൽ MOPH ഒരുക്കിയിരിക്കുന്ന ഈ വെബ്സൈറ്റ് ലഭ്യമാണ്. ലോകകപ്പിനെത്തുന്ന സ്വദേശികളും, വിദേശികളുമായ ഫുട്ബോൾ ആരാധകർക്ക് ഈ വെബ്സൈറ്റ് പ്രയോജനപ്രദമാണ്.

ലോകകപ്പ് 2022-നെത്തുന്ന ആരാധകർക്ക് താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പടെ ലഭിക്കുന്നതിനായി ഈ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്:
മെഡിക്കൽ എമെർജൻസി ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാൻ ആവശ്യമായ നടപടികൾ.
ലോകകപ്പ് വേദികൾ, ആരാധകർക്കായുള്ള താമസ ഇടങ്ങൾ എന്നിവിടങ്ങളുടെ സമീപമുള്ള മെഡിക്കൽ ക്ലിനിക്കുകളുടെ വിവരങ്ങൾ.
സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ.
അടിയന്തിര ഘട്ടങ്ങളിൽ വാക്-ഇൻ സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള പബ്ലിക് ഹോസ്പിറ്റലുകളുടെ വിവരങ്ങൾ.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ആരാധകർക്കായുള്ള ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, റോഡ് സുരക്ഷ മുതലായ നിർദ്ദേശങ്ങൾ.

🇰🇼നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ അപ്രതീക്ഷിത പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍.

✒️കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സാല്‍മിയയില്‍ വന്‍ സന്നാഹത്തോടെ അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ഖത്തര്‍ സ്ട്രീറ്റിന്റെ പരിസരത്ത് വിവിധ റോഡുകളുടെ പ്രവേശന കവാടങ്ങളും എക്സിറ്റുകളും അടച്ചായിരുന്നു പരിശോധന.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും ക്രിമിനലുകളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളുടെ എന്‍ട്രി, എക്സിറ്റ് സ്ഥലങ്ങളില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും രേഖകള്‍ പരിശോധിച്ചു. എജ്യുക്കേഷന്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് ഫവാസ് അല്‍ ഖാലിദ്, കോഓര്‍ഡിനേഷന്‍ ആന്റ് ഫോളോഅപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് മഹ്‍മൂദ്, ജോയിന്റ് കമ്മിറ്റി ടീം മേധാവി മുഹമ്മദ് ഗലൗദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്ന നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവരെയും തെരുവ് കച്ചവടക്കാരെയും പിടികൂടി. ഇവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് സര്‍ക്കാറുമായുള്ള സേവന ഇടപാടുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മദ്യ വില്‍പന നടത്തിയ ഒരു ഇന്ത്യക്കാരനെയും പരിശോധന സംഘം പിടികൂടി. പ്രാദേശികമായി നിര്‍മിച്ച 35 ബോട്ടില്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കൊവിഡ് പ്രതിസന്ധിക്ക് അയവു വന്നതിന് പിന്നാലെ കുവൈത്തില്‍ വ്യാപകമായ പരിശോധകളാണ് കുവൈത്തില്‍ നിയമലംഘകര്‍ക്കായി നടന്നുവരുന്നത്.

🇰🇼3500 പ്രവാസികള്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ടിക്കറ്റ് കാത്ത് കഴിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

✒️കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 3500 പ്രവാസികള്‍ ടിക്കറ്റ് കാത്ത് കഴിയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ കരാര്‍ പുതുക്കുന്നതിലുണ്ടാവുന്ന കാലതാമസമാണ് ഡീപോര്‍ട്ടേഷന്‍ നടപടികള്‍ വൈകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത പ്രവാസികളുടെ തുടര്‍ നടപടികള്‍ നടക്കുന്നില്ല.

നിയമലംഘനങ്ങള്‍ക്കും മറ്റും പിടിയിലായ ശേഷം നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ടിക്കറ്റ് ചാര്‍ജ് അവരുടെ സ്‍പോണ്‍സര്‍മാരില്‍ നിന്നാണ് സാധാരണയായി ഈടാക്കുന്നത്. ഇതിനായി ഒരു കമ്പനിയെ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പിലുള്ള പ്രവാസികളുടെ നാടുകടത്താനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാവാത്തവടെ അക്കൗണ്ടുകള്‍ മരവിക്കും. ടിക്കറ്റിനുള്ള പണം നല്‍കിയ ശേഷമേ ഇവര്‍ക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിനായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ കരാര്‍ കാലാവധി കഴിഞ്ഞ മാസം പകുതിയോടെ അവസാനിച്ചു. കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ധനകാര്യ വിഭാഗത്തിന്റെ പരിഗണനയിലാണ്.

രാജ്യത്ത് നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധനകള്‍ നടക്കുന്നതിനാല്‍ പിടിയിലായ നിരവധി പ്രവാസികളെയാണ് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയത്. നിലവില്‍ 1300 പേര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളിലും 1500 പേര്‍ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലും പൊലീസ് സ്റ്റേഷനുകളിലുമായും കഴിയുന്നുണ്ട്. റെസിഡന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 400 പേരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പില്‍ 200 പേരും ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് വകുപ്പില്‍ 100 പേരും നാടുകടത്തല്‍ പ്രതീക്ഷിച്ച് കഴിയുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

🇰🇼കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി.

✒️കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് ഒരു കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.

ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, ബിദൂനി യുവാവിനെ കുവൈത്തിലെ ജുലൈയ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ഒരു ദിവസം പുലര്‍ച്ചെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 35 വയസുള്ള യുവാവിന്റെ മൃതദേഹത്തില്‍ രക്തവും ശ്വാസം മുട്ടിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി.

🛫ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചു.

✒️ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മുക്കാൽ ശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് നിരക്ക് വർധിപ്പിച്ചത്.  

യു.എസ് ഫെഡറൽ റിസർവ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും ആനുപാതികമായി പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഗൾഫ് കറൻസികളുടെ മൂല്യം യുഎസ് ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാലാണ് ഇപ്പോള്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വന്നത്. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുള്ള നടപടിയായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ സൗദി വിശേഷിപ്പിച്ചത്. മുക്കാൽ ശതമാനമാണ് സൗദി സെൻട്രൽ ബാങ് പലിശ നിരക്ക് കൂട്ടിയത്. ഇതോടെ രാജ്യത്തെ റിപ്പോ നിരക്ക് 3.75 ശതമാനത്തിലെത്തി. 

യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് മുക്കാൽ ശതമാനം വര്‍ധിപ്പിച്ചു. യുഎഇയിലെ പുതുക്കിയ നിരക്ക് 3.15 ശതമാനമാണ്. സൗദിക്കും യുഎഇയ്ക്കും സമാനമായി ബഹ്റൈനും മുക്കാൽ ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ ബഹ്റൈനിൽ നാലു ശതമാനമായി പലിശ നിരക്ക്. ഖത്തറിൽ പലിശ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് നാലര ശതമാനത്തിലേക്കാണ് വര്‍ധിച്ചത്. അതേസമയം കുവൈത്ത് സെൻട്രൽ ബാങ്ക് കാൽ ശതമാനം മാത്രമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. എന്നാൽ വായ്പകൾക്കും കൂടുതൽ പലിശ കൊടുക്കേണ്ടിവരുമെന്ന് വിദഗ്ധർ സൂചിപ്പിച്ചു.

🇦🇪വീണുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചാല്‍ തടവും വന്‍തുക പിഴയും.

✒️വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കുന്നതിന് യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തനിക്ക് അവകാശമില്ലാത്ത ഏതൊരു വസ്‍തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ 2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം, വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും രണ്ട് വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലോ ലഭിക്കുന്നതോ അല്ലെങ്കില്‍ വീണുകിട്ടുന്നതോ ആയ സാധനങ്ങളോ പണമോ 48 മണിക്കൂറിനകം പൊലീസിന് കൈമാറുകയും അവയുടെ മേല്‍ അവകാശം സ്ഥാപിക്കാതിരിക്കുകയും വേണമെന്നാണ് നിയമം. അല്ലാത്തപക്ഷം അത്തരം പ്രവൃത്തികള്‍ക്ക് രാജ്യത്ത് നിയമപരമായ പ്രത്യാഘാതമുണ്ടാകും. എന്തെങ്കിലും അപകടങ്ങളോ അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോള്‍ അവിടെ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ കൈവശപ്പെടുത്തുന്നത് കുറ്റകൃത്യമാണെന്നും അതിന് നിയമ പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

🇧🇭ബഹ്റൈനില്‍ നിന്ന് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി.

✒️ബഹ്റൈനിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബഹ്റൈനിലെത്തിയ നിരവധി സന്ദര്‍ശകരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ മടക്കി അയച്ച സാഹചര്യത്തിലാണ് മനാമയിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ബഹ്റൈനിലേക്ക് സന്ദര്‍ശകരായെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

അറിയിപ്പ് പ്രകാരം ബഹ്റൈനിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ താമസത്തിനുള്ള രേഖകള്‍ കാണിക്കണം. ഹോട്ടല്‍ ബുക്കിങ് കണ്‍ഫര്‍മേഷനോ അല്ലെങ്കില്‍ സ്‍പോണ്‍സറുടെ വിലാസം തെളിയിക്കുന്ന ഇലക്ട്രിസിറ്റി ബില്‍, വാടക കരാര്‍ പോലുള്ള രേഖകളോ വേണം. സ്‍പോണ്‍സറുടെ കവറിങ് ലെറ്ററും സി.പി.ആര്‍ റീഡര്‍ കോപ്പിയും ഇതോടൊപ്പം ഹാജരാക്കണം. താമസ രേഖയ്ക്ക് പുറമെ ബഹ്റൈനില്‍ നിന്ന് തിരികെ പോകാനുള്ള ടിക്കറ്റും സന്ദര്‍ശകരുടെ കൈശമുണ്ടാവണം. ഈ ടിക്കറ്റില്‍ സാധുതതയുള്ള ടിക്കറ്റ് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്. 

ഇലക്ട്രോണിക് വിസയില്‍ വരുന്നവരുടെ കൈവശം ബഹ്റൈനില്‍ ജീവിക്കാനുള്ള പണം ഉണ്ടായിരിക്കണം. ബഹ്റൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡോ അല്ലെങ്കില്‍ പ്രതിദിനം 50 ദിനാര്‍ വീതം കണക്കാക്കിയുള്ള തുകയോ ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച് വിവിധ വിമാനക്കമ്പനികളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ബഹ്റൈനിലേക്ക് വരുന്ന് എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പില്‍ പറയുന്നു.

🛫നോര്‍ക്കയുടെ ട്രിപ്പിൾ വിൻ പദ്ധതി വിജയം; നഴ്സുമാരുടെ ആദ്യബാച്ച് ജർമ്മനിയിലേക്ക്.

✒️നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലേയ്ക്ക് ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ നഴ്‌സുമാര്‍ക്കുളള യാത്രാ ടിക്കറ്റുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ആദ്യ ബാച്ചില്‍ നിന്നുളള അയോണ ജോസ് (കോട്ടയം), ജ്യോതി ഷൈജു (തൃശ്ശൂര്‍) എന്നിവര്‍ക്ക് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ടിക്കറ്റുകള്‍ കൈമാറി. ഇരുവരും സെപ്റ്റംബര്‍ 25 ന് കൊച്ചിയില്‍ നിന്ന് ജര്‍മ്മനിയിലേയ്ക്ക് തിരിക്കും.

ആതുരസേവന മേഖലയില്‍ മാത്രമല്ല മറ്റ് വിഭാഗങ്ങളിലേയും ആഗോള തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനാണ് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രമമെന്ന് പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. സുതാര്യതയും വിശ്വസ്തതയുമാണ് റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്ക് ഏറ്റവും അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷവും ഇതിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ പിന്തുണയ്ക്കും ചടങ്ങളില്‍ അയോണ ജോസ്, ജ്യോതി ഷൈജു എന്നിവര്‍ നന്ദി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റും സംയുക്തമായി നടപ്പിലാക്കുന്ന നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. നഴ്‌സിങ്ങ് പ്രൊഫഷണലുകളെ കേരളത്തില്‍ നിന്നും ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവയും പൂര്‍ണ്ണമായും സൗജന്യമാണ്. ട്രിപ്പിള്‍ വിന്‍ ന്റെ മൂന്നാമത്തെ ബാച്ചിലേയ്ക്കുളള നടപടിക്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. ജര്‍മ്മന്‍ ഭാഷാ പഠനത്തിനു ശേഷമാണ് ഇരുവരും ജോലിയ്ക്കായി ജര്‍മ്മനിയിലേയ്ക്ക് യാത്രതിരിക്കുന്നത്. ആദ്യ ബാച്ചില്‍ നിന്നുളള നാലു നഴ്‌സുമാര്‍ കൂടി വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടുത്ത മാസത്തോടെ ജര്‍മ്മനിയിലേയ്ക്ക് തിരിക്കും.

ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം. ടി.കെ ,ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേഷന്‍ ( ജി.ഐ.സെഡ്ഡ്) അഡൈ്വസര്‍ സുനേഷ് ചന്ദ്രന്‍, കോ ഓര്‍ഡിനേറ്റര്‍ സിറിള്‍ സിറിയക്ക്, എന്നിവരും പങ്കെടുത്തു.

🇶🇦ഫുട്ബോൾ ലോകകപ്പ്; ഹയാ കാർഡ് നിർബന്ധമാക്കി ഖത്തര്‍, അറിയേണ്ടതെല്ലാം


✒️ഫുട്ബോൾ ലോകകപ്പ് നടത്തിപ്പ് സുഗമമാക്കാൻ യാത്രാ നിയന്ത്രണങ്ങളുമായി ഖത്തർ. നവംബർ ഒന്ന് മുതൽ രാജ്യത്ത് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ക്രമീകരണം.

ലോകകപ്പ് കാലയളിൽ രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റാണ് ഹയാ കാർഡ്. ഹയാ കാർഡുള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ എപ്പോൾ വേണമെങ്കിലും ഖത്തറിൽ പ്രവേശിക്കുന്നതിൽ തടസമില്ല. ഇവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാൻ കഴിയും. അതേസമയം ഹയാ കാർഡ് ഇല്ലാത്ത സാധാരണ സന്ദർശകർക്ക് ഇക്കാലയളവിൽ നിയന്ത്രണം ഏർപ്പെടുത്തി. ഖത്തർ പൗരൻമാരെയും ഖത്തർ തിരിച്ചറിയൽ രേഖയുള്ള ജിസിസി രാജ്യങ്ങളിലെ പൗരൻമാരെയും താമസക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പേഴ്സണൽ റിക്രൂട്ട്മെന്‍റ് വീസയുള്ളവർക്കും വർക്ക് പെർമിറ്റ് ഉള്ളവർക്കും ലോകകപ്പ് കാലയളവിലും എപ്പോൾ വേണമെങ്കിലും രാജ്യത്ത് വരാനും പോകാനും കഴിയും. മാനുഷിക പരിഗണന നൽകേണ്ട കേസുകൾക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ യാത്ര വിമാനമാർഗം മാത്രമായിരിക്കണം. നിയന്ത്രണങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കണമെന്നും ലോകകപ്പ് മൽസരം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങള്‍ അരങ്ങേറും. ലോകകപ്പ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ ദേശീയ ദിനമായ ഡ‍ിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.

Post a Comment

0 Comments