ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.
അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000 മണിക്കൂർ കലാലയത്തിൽ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലം.
അവിടെ അധ്യാപകൻ ഉറപ്പുള്ള നിലപാടുതറയാണ്. വിദ്യാർത്ഥിയിലെ ജ്വലിക്കുന്ന വ്യക്തിയെ ഊതിക്കാച്ചിയെടുക്കണം. അവരെ ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണുന്നവരാക്കി തീർക്കണം. ഡോ. എസ് രാധാകൃഷ്ണൻറെ ജീവിതം അധ്യാപകർക്കെന്നും വഴികാട്ടിയാണ്. അധ്യാപനം കേവലം തൊഴിലല്ല. സമർപ്പണമാണ്. സമൂഹത്തിൻറെ നിലവാരം അധ്യാപകൻറെ നിലവാരത്തെക്കാൾ ഉയരില്ലെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്.
അസ്സലായി പഠിപ്പിച്ച ഗുരുവിനെ ഒരു വിദ്യാർത്ഥിയും ഒരിക്കലും മറക്കില്ല. പഠനത്തിനോളം പ്രധാനമാണ് ആര് പഠിപ്പിച്ചു, എങ്ങനെ പഠിപ്പിച്ചു എന്നതും. അതുകൊണ്ടാണ് അധ്യാപകരെ കുറിച്ചും പഠനത്തെ കുറിച്ചും പ്രശസ്തരുടേയും പ്രഗത്ഭരുടേയും വാഗ്ധോരണികൾ ധാരാളം ഉള്ളത്. അവയിൽ ചിലത് താഴെ...
ഒരു പാത്രം നിറക്കലല്ല വിദ്യാഭ്യാസം, മറിച്ച് ഒരു ജ്വാലക്ക് തിരി കൊളുത്തലാണ്.
W.B.യീറ്റ്സ്, സാഹിത്യകാരൻ
ഇളം മനസ്സുകളിൽ ജിജ്ഞാസയും ഔത്സുക്യവും നിറക്കുകയും പിന്നീടത് മനസ്സിലാക്കാൻ അവസരമൊരുക്കുകയുമാണ് അധ്യാപനകല.
അനറ്റോൾ ഫ്രാൻസ്, സാഹിത്യകാരൻ
നല്ല അധ്യയനം ശരിയുത്തരങ്ങളേക്കാൾ ശരിയായ ചോദ്യങ്ങൾ നൽകുന്നതാണ്.
ജോസഫ് ആൽബർസ് കലാകാരൻ, വിദ്യാഭ്യാസവിദഗ്ധൻ
ഒന്നോർക്കുക. ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ. ലോകം മാറ്റാൻ ഇത്രയും മതി.
മലാല യുസഫ് സായ്, നോബൽ ജേതാവ്
നിങ്ങളുടെ വില്ലുകളിൽ നിന്നാണ് വിദ്യാർത്ഥികളെന്ന ബാണങ്ങൾ തൊടുത്തുവിടുന്നത്.
ഖലീൽ ജിബ്രാൻ, എഴുത്തുകാരൻ
അധ്യാപനകല എന്നത് കണ്ടുപിടിത്തങ്ങൾക്കായി സഹായിക്കുക എന്നതാണ്.
മാർക്ക് വാൻ ഡോറെൻ, സാഹിത്യകാരൻ
സ്നേഹവും ദാനശീലവും പെരുമാറ്റ മര്യാദയും പഠിപ്പിക്കൂ, ക്ലാസ് മുറികളിൽ നിന്ന് അതെല്ലാം വീടുകളിലെത്തട്ടെ, കുട്ടികൾ മാതാപിതാക്കളെ പഠിപ്പിക്കട്ടെ, ലോകം നന്നാകും.
റോജർ മൂർ
തന്റെ വ്യക്തിസ്വാധീനത്തിൽ നിന്ന് സ്വന്തം ശിഷ്യരെ പ്രതിരോധിച്ച് നിർത്തുന്ന ആളാണ് നല്ല ഗുരു. ആത്മവിശ്വാസമാണ് നല്ല ഗുരു പ്രചോദിപ്പിക്കുക.
അമോസ് ബ്രോൻസൺ ആൽക്കോട്ട്, സാമൂഹ്യ പ്രവർത്തകൻ
അധ്യാപകരാണ് ലോകത്ത് ഏറ്റവും ഉത്തരവാദിത്തമുള്ളവരും പ്രാധാന്യമുള്ളവരും. കാരണം അവരുടെ പ്രവർത്തികൾ ലോകത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.
ഹെലൻ കാൽഡികോട്ട്, ആണവായുധവിരുദ്ധ പ്രവർത്തക
അനതിസാധാരണമായ എന്തെങ്കിലും കണ്ടാൽ ഉറപ്പിച്ചോളൂ, അതിനു പിന്നിൽ ഒരു നല്ല അധ്യാപകന്റെ കയ്യൊപ്പുണ്ടാകും.
ആർമെ ഡങ്കൻ, വിദ്യാഭ്യാസ വിദഗ്ധൻ
ഒരു നല്ല അധ്യാപകനെ കണ്ടെത്തുന്നതോടെ നിങ്ങളുടെ തെറ്റുകൾ അവസാനിക്കും.
ഡോ.എ.പി.ജെ.അബ്ദുൾ കലാം
പറയൂ, ഞാൻ മറക്കും. പഠിപ്പിക്കൂ, ഞാൻ ഓർത്തിരിക്കും. പങ്കെടുപ്പിക്കൂ, ഉൾപെടുത്തൂ, ഞാൻ പഠിക്കും.
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ശാസ്ത്രജ്ഞൻ
വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല, ജീവിതം തന്നെയാണ്.
ജോൺ ഡ്യൂയ്, തത്വചിന്തകൻ
മനുഷ്യന്റെ ആത്മാവിന് വിദ്യാഭ്യാസം എന്നത് കരിങ്കല്ലിനെ ശിൽപമാക്കുന്ന കലയാണ്.
ജോസഫ് അഡിസൻ, എഴുത്തുകാരൻ
എനിക്ക് ആരെയും ഒന്നും പഠിപ്പിക്കാനാകില്ല, ചിന്തിപ്പിക്കാനേ കഴിയൂ.
സോക്രട്ടീസ്
വിദ്യാഭ്യാസമാണ് ആത്മവിശ്വാസമുണ്ടാക്കുക. ആത്മവിശ്വാസം പ്രതീക്ഷയും. പ്രതീക്ഷ സമാധാനം കൊണ്ടുവരും.
കൺഫ്യൂഷസ്
തെറ്റായ വഴിയിലേക്ക് തിരിഞ്ഞ ഒരാളെ നേർവഴി നടത്താൻ വേണ്ടത് വിദ്യാഭ്യാസമാണ്.
ജിം റോൺ, പ്രചോദനപ്രാസംഗികൻ
വിശദീകരണങ്ങൾ നൽകുക എന്നതല്ല പഠിപ്പിക്കലിന്റെ പ്രധാന ഉദ്ദേശം. ആലോചനകളിലേക്ക് മനസ്സിന്റെ വാതിലുകൾ തുറന്നിടുക എന്നതാണ്.
രവീന്ദ്രനാഥ ടാഗോർ
സൃഷ്ടിപരമായ അറിവിലും സർഗാത്മകമായ ആവിഷ്കാരത്തിലും സന്തോഷം കണ്ടെത്താൻ പ്രചോദിപ്പിക്കുക എന്നതാണ് പരമപ്രധാനമായ അധ്യാപനകല.
ആൽബർട്ട് ഐൻസ്റ്റീൻ
ശിഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തകം ഗുരുവാണ്.
മഹാത്മാഗാന്ധി
സാങ്കേതികവിദ്യ ഒരു ഉപകരണം മാത്രമാണ്, കുട്ടികളെ ഒന്നിപ്പിക്കാനും ഉഷാറാക്കാനും. പരമപ്രധാനം അധ്യാപകരാണ്.
ബിൽ ഗേറ്റ്സ്
വിദ്യാഭ്യാസമാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ ഏറ്റവും ശക്തിയുള്ള ആയുധം.
നെൽസൺ മണ്ടേല
നിങ്ങൾ വിജയം കൈവരിച്ചിട്ടുള്ള ആളാണോ, ഉറപ്പായും നിങ്ങളുടെ ജീവിതവഴിയിൽ ഒരു നല്ല അധ്യാപകനുണ്ടായിട്ടുണ്ടാകും.
ബാരക് ഒബാമ
നിങ്ങളിൽ വിശ്വാസമർപ്പിച്ച് കഠിനാധ്വാനം ചെയ്യിച്ച് , ഓരോന്നു ചെയ്തു നോക്കാൻ നിർബന്ധിച്ച് അടുത്ത തലത്തിലേക്ക് നിങ്ങളെ നയിക്കുന്ന അധ്യാപകനിൽ നിന്നാണ് നിങ്ങളുടെ സ്വപ്നങ്ങൾ തുടങ്ങുന്നത്.
ഡോൺ റാതെർ, മാധ്യമപ്രവർത്തകൻ
ഒരു നല്ല അധ്യാപകൻ ചെലുത്തുന്ന സ്വാധീനം അനശ്വരമാണ്. അത് എപ്പോൾ തീരുമെന്ന് പറയാനാകില്ല.
ഹെന്റി ബ്രൂക്ക്സ് ആദംസ്, ചരിത്രകാരൻ
ഉത്തരവാദിത്തബോധമില്ലാത്തവനെയും മികച്ച പൗരനാക്കാൻ ഒരു നല്ല അധ്യാപകന് കഴിയും.
ഫിലിപ്പ് വൈലി എഴുത്തുകാരൻ
ശിഷ്യർക്ക് അറിവിലേക്കുള്ള പാലമായി വർത്തിക്കുകയും അവരെ കടത്തിവിട്ടു കഴിഞ്ഞാൽ സ്വന്തമായി പുതിയ പാലങ്ങളുണ്ടാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് മാതൃകാ അധ്യാപകർ.
നിക്കോസ് കസൻദ്സാക്കിസ്, എഴുത്തുകാരൻ
സാധാരണ അധ്യാപകൻ പറയും. നല്ല അധ്യാപകൻ വിശദീകരിക്കും. മികച്ച അധ്യാപകൻ ബോധ്യപ്പെടുത്തും. മഹാനായ അധ്യാപകൻ പ്രചോദിപ്പിക്കും.
വില്യം ആർതർ വാഡ്, പ്രബോധന എഴുത്തുകാരൻ
ഞാൻ നിലനിൽക്കുന്നില്ല എന്ന മട്ടിൽ കുട്ടികൾ കർമവ്യാപൃതരാകുന്നു’ എന്ന് പറയാൻ പറ്റുന്നതാണ് ഒരു അധ്യാപകൻ തന്റെ കർമത്തിൽ വിജയിച്ചതിന്റെ ലക്ഷണം.
മരിയ മോണ്ടിസോറി, വിദ്യാഭ്യാസ വിദഗ്ധ
വിദ്യാഭ്യാസവ്യവസ്ഥയുടെ ഹൃദയമാണ് അധ്യാപകർ.
സിഡ്നി ഹുക്ക് , തത്വചിന്തകൻ
അധ്യാപകർക്ക് മൂന്ന് പ്രിയങ്ങളാണ് ഉള്ളത്. പഠിക്കാൻ, പഠിക്കുന്നവരോട്, പിന്നെ ഈ രണ്ടു പ്രിയങ്ങളെയും ഒരുമിപ്പിക്കാൻ.
സ്കോട്ട് ഹെയ്ഡൻ, സംഗീതജ്ഞൻ
0 Comments