കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലഹരിക്ക് അടിമയായി മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ പൊലീസ് കീഴടക്കിയത് അതീവ സാഹസികമായാണ്. യുവാവ് അച്ഛനെ കൊല്ലും എന്ന അവസ്ഥയിലാണ് വെടിവയ്ക്കേണ്ടി വന്നത് എന്നാണ് രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ് സംഘം പറയുന്നത്.
മയക്കുമരുന്നിന് അടിമയായ യുവാക്കള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അവരെ നേരിടാന്‍ പൊലീസിന് പ്രത്യേക പരിശീലനം ആവശ്യമാണ് എന്നാണ് കോഴിക്കോട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ. ശ്രീനിവാസ് പറഞ്ഞു. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്തെ സംഭവം പൊലീസ് ഒതുക്കിയത്.
കേരളം നടുക്കത്തോടെയാണ് എരഞ്ഞിപ്പാലത്തെ ലഹരിക്ക് അടിമയായ യുവാവ് സ്വന്തം കുടുംബത്തെ ആക്രമിച്ച വാര്‍ത്ത കേട്ടതും കണ്ടതും, നടക്കാവ് പൊലീസ് എങ്ങനെയാണ് ഈ സംഭവത്തെ നേരിട്ടത് എന്നാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പികെ ജിജീഷ് വിവരിക്കുന്നത്. അവിടെ എത്തിയത് മുതല്‍ ഈ സംഭവം അവസാനിക്കുന്നത് വരെ കൂട്ടത്തില്‍ എത്ര പൊലീസുകാര്‍ക്ക് അപായം സംഭവിക്കുന്ന എന്ന ചിന്തയായിരുന്നു ഉണ്ടായത് ജിജീഷ് അപ്പോഴുണ്ടായ ആശങ്ക പങ്കുവയ്ക്കുന്നു. മനസില്‍ ഒരു വിറയല്‍ ആയിരുന്നു ജിജീഷ് ആ സമയത്തുണ്ടായ ആശങ്ക മറച്ചുവയ്ക്കുന്നില്ല.
രാവിലെ പത്തര മുതല്‍ ഒന്നരവരെ അയാളെ അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഞങ്ങളെ അയാളുള്ള മുറിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. അച്ഛന്‍റെ കഴുത്തില്‍ കത്തിവച്ചായിരുന്നു ഭീഷണി. എന്നാല്‍ ഒന്നര ആയതോടെ അയാള്‍ കൂടുതല്‍ അക്രമ സ്വഭാവം കാണിച്ചു. പിതാവിനെ കുത്തും എന്ന നിലയായി. കണ്‍മുന്നില്‍ കൊലപാതകം നടക്കുന്ന അവസ്ഥയില്‍ ആയിരുന്നു. ഈ യൂണിഫോം ഇട്ട് അത്തരം ഒരു അത്യാഹിതം മുന്നില്‍ നടന്നാല്‍ അതില്‍പ്പരം നാണക്കേട് ഇല്ല.
ഈ അവസരത്തില്‍ ഞാന്‍ ജോലിയെക്കുറിച്ചൊന്നും ചിന്തിച്ചില്ല. തോക്ക് എടുത്ത് വെടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രദ്ധതിരിക്കാനായിരുന്നു ശ്രമം. എന്നാല്‍ അവിടെയും അപകടം ഉണ്ടായിരുന്നു. മുന്നില്‍ ചുമരാണ് അതില്‍ തട്ടി ബുള്ളറ്റ് റീബൌണ്ട് ചെയ്ത് ആരുടെ ശരീരത്തിലും പതിക്കാം. ഇത്തരം അവസ്ഥയില്‍ ഞങ്ങളുടെ ജീവന്‍ പോലും അപകടത്തില്‍ ആകാം. അതിനാലാണ് അംഗിള്‍ മാറ്റി കിടക്കയിലേക്ക് വെടിവച്ചത്.
കൃത്യമായ സമയത്ത് എടുത്ത തീരുമാനവും, അത് നന്നായി നടപ്പിലാക്കിയതുമാണ് നടക്കാവില്‍ കണ്ടത് എന്നാണ് കോഴിക്കോട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ. ശ്രീനിവാസ് പറയുന്നത് ഇതിന് പിന്നിലുള്ള എല്ലാ പൊലീസുകാരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
എരഞ്ഞിപ്പാലത്ത് ഇന്നലെ നടന്നത്
നാല് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങളാണ് കോഴിക്കോട്ടുണ്ടായത്. കത്തിമുനയില്‍ മാതാപിതാക്കളെ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി അട്ടഹസിക്കുന്ന ഷൈനെ പിന്തിരിപ്പിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചു. ഇതിനിടെ ഷൈനെ ഒരു മുറിയില്‍ പൂട്ടിയിടാന്‍ പൊലീസിനായി. രംഗം ശാന്തമായെന്ന് കരുതി ഷൈന്‍റെ മാതാപിതാക്കളായ ഷാജിയോടും വിജിയോടും പൊലീസ് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ മുറിയില്‍ നിന്ന് ഷൈന്‍ പുറത്ത് കടന്നു.
ആദ്യം മുന്നില്‍ കണ്ട അമ്മയെ കുത്തി. മുതുകില്‍ കുത്തേറ്റ വിജിയെ പൊലീസ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അച്ഛന്‍ ഷാജിയുടെ കഴുത്തില്‍ ഷൈന്‍ കത്തിവെച്ച് ഭീഷണി തുടര്‍ന്നു. ഷൈന്‍ നേരത്തെ കാല് അടിച്ച് ഒടിച്ചതിനാല്‍
ഷാജി പ്ലാസ്റ്റര്‍ ഇട്ട് കിടപ്പിലായിരുന്നു. പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം വിഫലമായി. പെട്ടെന്ന് കൂടുതല്‍ പ്രകോപിതനായ ഷൈന്‍ ഷാജിയുടെ നെഞ്ചിലും കഴുത്തിലും ആഞ്ഞ് കുത്തി. ഇതോടൊയാണ് ഷൈനെ കീഴടക്കാന്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷിന് രണ്ട് തവണ മുറിയിലെ കിടക്കയിലേക്ക് വെടിവെക്കേണ്ടി വന്നത്.
പരിക്കേറ്റ ഷാജിയും ഭാര്യ വിജിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാജിക്ക് ഗുരുതര പരിക്കുണ്ട്. കോളേജ് വിദ്യാഭ്യാസം നേടിയ ഷൈന്‍ മയക്കുമരുന്നിന് അടിമയാണ്.വീട്ടില്‍ പലപ്പോഴും അക്രമ സ്വഭാവം കാണിക്കാറുമുണ്ട്. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.
0 Comments