🇸🇦പ്രവാസികള്‍ ശ്രദ്ധിക്കുക; മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല.
✒️സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും അധികൃതര്‍ അറിയിച്ചു. വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ 'അബ്ശിര്‍' വഴി പുതുക്കാന്‍ സാധിക്കും.
അതേസമയം സൗദി അറേബ്യയില്‍ 'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിരുന്നു. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നോ കീഴില്‍നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പരാതി കിട്ടിയാല്‍ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റം.
ഈ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യാം. ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തും. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവന്‍ (ഹുറൂബ്) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. നിയമത്തിലെ മാറ്റം ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ പ്രാബല്യത്തിലായി.
പുതുതായി ഹുറൂബ് ആകുന്നവര്‍ക്കാണ് ഈ മാറ്റം ബാധകം. എന്നാല്‍ നേരത്തെ ഹുറൂബിലായി ഏറെ കാലം പിന്നിട്ടവര്‍ക്കുള്‍പ്പടെ ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ 15 ദിവസത്തിനുള്ളില്‍ മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇത് ഹൗസ് ഡ്രൈവറുള്‍പ്പടെയുള്ള സ്വകാര്യ, ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് ബാധകമല്ലെന്നാണ് സൂചന.
🇦🇪നൂറിന്റെ നിറവില്‍ സമ്മാനത്തുക ഇരട്ടിയാക്കി മഹ്‍സൂസ്; അടുത്തയാഴ്ച ഒന്നാം സമ്മാനം 20 മില്യന്‍ ദിര്‍ഹം.
✒️2020 നവംബറിലെ ഉദ്ഘാടന നറുക്കെടുപ്പ് മുതല്‍ ഇങ്ങോട്ട് വലിയ വിജയമായി മാറിയ മഹ്‍സൂസ്, അടുത്തയാഴ്ച നടക്കാനിരിക്കുന്ന നൂറാമത് പ്രതിവാര നറുക്കെടുപ്പോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്.
ഇതുവരെ 29ല്‍ അധികം മില്യനയര്‍മാരെ സൃഷ്ടിക്കുകയും 300,000,000 ദിര്‍ഹത്തിലധികം പ്രൈസ് മണിയായി നല്‍കുകയും ചെയ്‍തിട്ടുള്ള മഹ്‍സൂസ് ഈ അവസരം ഒരു ആഘോഷമാക്കി മാറ്റാനായി, പരിമിത കാലത്തേക്ക് ഒന്നാം സമ്മാനം ഇരട്ടിയാക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 20 മില്യന്‍ ദിര്‍ഹമായിരിക്കും ലഭിക്കുക.
ഒപ്പം മഹ്‍സൂസില്‍ വിശ്വാസമര്‍പ്പിച്ച 2000 ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥിരമായ പങ്കാളിത്തത്തിനും മഹ്‍സൂസില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പകരമായി അവരുടെ അക്കൗണ്ടില്‍ സൗജന്യ മഹ്‍സൂസ് ക്രെഡിറ്റും സമ്മാനിക്കും. 2022 ഒക്ടോബര്‍ 29ന് നടക്കാനാരിക്കുന്ന നൂറാമത് നറുക്കെടുപ്പിന് ശേഷമായിരിക്കും ഈ ക്രെഡിറ്റ് ലഭിക്കുക.
35 ദിര്‍ഹവും അല്‍പം ഭാഗ്യവുമുണ്ടെങ്കില്‍ ആര്‍ക്കും മില്യനയറായി നല്ലൊരു ജീവിതത്തിലേക്ക് കയറിച്ചെല്ലാം. പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് ഒരു അക്കൗണ്ട് സൃഷ്ടിക്കണം. തുടര്‍ന്ന് പ്ലേ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്‍ത് 49 അക്കങ്ങളില്‍ അഞ്ചെണ്ണം തെരഞ്ഞെടുക്കണം. ശേഷം 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങണം. ഇത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരും.
ഓരോ പര്‍ച്ചേസിലൂടെയും പ്രതിവാര നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കും. ഇതിലൂടെ 20 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ഒപ്പം 100,000 ദിര്‍ഹം വീതം മൂന്ന് പേര്‍ക്ക് ലഭിക്കുന്ന റാഫിള്‍ ഡ്രോയിലെ വിജയികളിലൊരാളാവാനുള്ള അവസരവും ലഭ്യമാവും.
"മഹ്‍സൂസ് അതിന്റെ നൂറാമത് നറുക്കെടുപ്പ് ആഘോഷിക്കവെ, വലിയ സമ്മാനങ്ങളിലൂടെയായാലും അതല്ലെങ്കില്‍ സുസ്ഥിരമായ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെയായാലും, നമ്മുടെ സമൂഹത്തിലെ ജീവിതങ്ങള്‍ സമ്പന്നമാക്കുന്നതും ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും തുടരേണ്ടത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. കഴിഞ്ഞുപോയ 100 നറുക്കെടുപ്പുകളില്‍, ഞങ്ങളുടെ പ്രതിബദ്ധതയും സുതാര്യതയും നവീകരണവും തെളിയിച്ചുകഴിഞ്ഞു. പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും അത് ഞങ്ങള്‍ തുടരും" - സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന അവസരത്തില്‍ മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു.
ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്‍ഡി, മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിത്, എമിറാത്തി അവതാരകരായ അലി അല്‍ ഖാജ, മൊസ അല്‍ അമേരി എന്നിവര്‍ അവതാരകരാവുന്ന പ്രതിവാര നറുക്കെടുപ്പ് ദുബൈയിലെയും അബുദാബിയിലെയും മഹ്‍സൂസ് സ്റ്റുഡിയോകളില്‍ നിന്ന് എല്ലാ ശനിയാഴ്ചയും രാത്രി ഒന്‍പത് മണിക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റിലൂടെയും @MyMahzooz ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും.
🇦🇪യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം.
✒️യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്വലാത്തുല്‍ കുസൂഫ് എന്ന് അറിയപ്പെടുന്ന ഗ്രഹണ നമസ്‍കാരം
ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3.52ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.
🇦🇪ദുബായ് എക്സ്പോ സിറ്റി വീണ്ടും വിളിക്കുന്നു; എത്ര കണ്ടാലും മതിവരാത്ത അത്ഭുത ലോകത്തേക്ക്.
✒️എത്ര കണ്ടാലും മതിവരാത്ത കാഴ്ച അനുഭവമാണ് ദുബായ് എക്സ്പോ സിറ്റി. ഓരോ തവണ കാണുമ്പോഴും ഒരു പുതിയ കാഴ്ചാ അനുഭവം ആണ് എക്സ്പോ സിറ്റി ആസ്വാദകന് സമ്മാനിക്കുന്നത്. അയാഥാർത്ഥ ലോകത്തിന്റെ ഭ്രമകൽപ്പനകൾ ആണോ എന്ന് തോന്നിപ്പിക്കും വിധം വിസ്മയിപ്പിക്കുന്നതാണ് ഓരോ കാഴ്ചകളും. ആറുമാസം നീണ്ട ദുബായ് എക്സ്പോ കാലത്തിനപ്പുറവും ഈ കാഴ്ചകൾ ആസ്വാദകരെ വലിച്ചെടുക്കുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സന്ദർശകർക്കായി വാതിൽ തുറക്കുമ്പോഴും ഒട്ടും പുതുമയും തനിമയും ചോരാതെയാണ് എക്സ്പോ സിറ്റി ആസ്വാദകരെ വരവേൽക്കുന്നത്.
ദുബായ് എക്സ്പോയിൽ ലോകമെങ്ങും നിന്നുള്ള സന്ദർശകരെ വിസ്മയിപ്പിച്ച ടെറ, അലിഫ് പവലിയനുകളാണ് ഇപ്പോൾ സന്ദർശകർക്കായി വീണ്ടും തുറന്നിരിക്കുന്നത്. ഇതിനുപുറമെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതവും കാഴ്ചപ്പാടുകളും പറയുന്ന വിഷൻ പവലിയനും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശമോതുന്ന വിമണ്‍ പവലിയനും പുതിയ കാഴ്ചകളായി സന്ദർശകർക്ക് മുന്നിലേക്ക് എത്തുന്നു. ദുബായ് എക്സ്പോയുടെ ഓർമ്മകൾ മനസ്സിൽ നിൽക്കുന്നവരെല്ലാം വീണ്ടും എക്സ്പോ സിറ്റിയിലേക്ക് തിരികെയെത്തുന്നു. ആ കാഴ്ചകളെയും അനുഭവങ്ങളെയും തിരിച്ചുപിടിക്കാൻ.
പ്രകൃതിയാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ ആധാരം എന്ന് ഓർമിപ്പിക്കുന്ന ടെറ പവലിയൻ. മനുഷ്യന്റെ ചൂഷണത്തിൽ നിന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് വീണ്ടും വീണ്ടും എടുത്തു പറയുന്നത്. മരത്തിന്റെ വേരുകൾക്കടിയിലെ കാഴ്ചകളായും സമുദ്രാന്തർ ഭാഗത്തെ ജീവിതമായും ഒക്കെ ടെറാ പവലിയൻ വീണ്ടും ആ സന്ദേശം പകർന്നു നൽകുന്നു. മനുഷ്യന്റെ ഒടുങ്ങാത്ത ആവശ്യങ്ങൾ എങ്ങനെ പ്രകൃതിയുടെ താളം തെറ്റിക്കുന്നുവെന്ന് ടെറ പവലിയൻ കാണിച്ചുതരുന്നു.
എക്സ്പോസിറ്റി വാഗ്ദാനം ചെയ്യുന്നത്. വിശേഷാവസരങ്ങളിൽ തനത് ഇമറാത്തി പാരമ്പര്യത്തിലുള്ള കലാരൂപങ്ങളും അൽ വാസൽ ഡോമിനകത്ത് ഉണ്ടാകും. അൽ വാസൽ ഡോമിലെ കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ ഒരു വിളിപ്പാടകലെ സർറിയൽ വാട്ടർ ഫൗണ്ടൻ ഉണ്ട്. ഉല്ലാസത്തിന്റെ ഭ്രമകൽപ്പനാ ലോകമാണ് സർറിയൽ വാട്ടർ ഫൗണ്ടൻ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇവിടെ എല്ലാം മറന്ന് ഉല്ലസിക്കാം.
അൽവസ്ൽ ഡോമിലേക്കും സർറിയൽ വാട്ടർ ഫൗണ്ടിനിലേക്കും ഉള്ള പ്രവേശനം തീർത്തും സൗജന്യമാണ്. കൂടുതൽ ആകർഷണീയമായ കാഴ്ചകൾ കൂടി ഉടൻ എക്സ്പോ സിറ്റിയുടെ ഭാഗമാകും. സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് എക്സ്പോ സിറ്റിയിൽ ഒരുക്കിയിരിക്കുന്നതും. എക്സ്പോ കാലത്തിന്റെ ഓർമ്മകൾ പുതുക്കാനാണ് എല്ലാവരും ഇവിടേക്ക് എത്തുന്നത്. പക്ഷേ ഈ വരവ് പുതിയൊരു അനുഭവമായി മാറുന്നു എന്ന് ഓരോരുത്തരും പറയും. ഈ കാഴ്ചകൾ കാണണമെങ്കിൽ ദുബായിൽ തന്നെ വരണമെന്ന് ആർക്കും ഒരു സംശയവുമില്ല. 50 ദിർഹമാണ് ഓരോ പവലിയനിലേക്കുമുള്ള പ്രവേശന നിരക്ക്. എക്സ്പോസിറ്റിയുടെ വെബ്‍സൈറ്റ് വഴിയും എക്സ്പോ സിറ്റിയിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം. എക്സ്പോ സിറ്റിയുടെ ആകാശക്കാഴ്ചകൾ ആസ്വദിക്കാനുള്ള സ്‍കൈ ഗാർഡൻ സിറ്റിയിൽ കയറാൻ 30 ദിർഹവും നൽകണം.
നിശ്ചയദാർഢ്യമുള്ള വിഭാഗക്കാര്‍ക്കും (ഭിന്നശേഷിക്കാര്‍) കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. എല്ലാ പവലിനുകളും ആസ്വദിക്കാൻ കഴിയുന്ന 120 രൂപയുടെ പ്രതിദിന പാസ്സും പുറത്തിറക്കിയിട്ടുണ്ട്. ദുബായ് എക്സ്പോസിറ്റി വീണ്ടും വിളിക്കുകയാണ് ആസ്വാദകരെ. പഴയതും പുതിയതുമായ വിസ്മയ അനുഭവങ്ങളിലേക്ക്.
🇸🇦മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം; ഉച്ചകോടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല.
✒️അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല. ദീര്‍ഘനേരത്തെ നോണ്‍ സ്‌റ്റോപ്പ് വിമാന യാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.
റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. വിമാനയാത്രയിലുണ്ടാകുന്ന വായു സമ്മര്‍ദ്ദം മൂലം ചെവിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കും.
അതേസമയം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിൽ എത്തുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. നവംബർ 15-16 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. മോദിയും ഈ സമ്മേളനത്തിനുണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാനെ ക്ഷണിച്ചിരുന്നു.
🇰🇼പത്തു മാസത്തിനിടെ നാടുകടത്തിയത് 23,000 പ്രവാസികളെ.
✒️ഈ വർഷം ഇതുവരെ കുവൈത്തിൽ നിന്ന് 23,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. ഈ വർഷം തുടക്കം മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകളാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് നാടുകടത്തപ്പെട്ടതെന്ന് അല്‍ ഖബാസ് ദിനപ്പത്രം റിപ്പോര്‍ ട്ട് ചെയ്തു.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും പൊതുതാത്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശം ലഭിച്ചവരെയുമാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവരിൽ ഏകദേശം 10,000 സ്ത്രീകളും ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. പുരുഷന്മാരും സ്ത്രീകളുമായി ഇന്ത്യക്കാരായ 8,000 പേർ ഈ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടു. ബംഗ്ലാദേശികളാണ് രണ്ടാമതുള്ളത്. ഇതുവരെ 5,000 പേർ നാടുകടത്തപ്പെട്ടു. ശ്രീലങ്കയില്‍ നിന്നുള്ള 4,000 പേരെ നാടുകടത്തിയപ്പോൾ 3,500 പേർ നാടുകടത്തപ്പെട്ട ഈജിപ്ത് ആണ് നാലാം സ്ഥാനത്തുള്ളത്.
നാടുകടത്തപ്പെട്ടവരില്‍ 80 ശതമാനവും കോടതി വിധി പ്രകാരം നാടുകടത്തപ്പെട്ടവരാണ്. ബാക്കിയുള്ള 20 ശതമാനം പേര്‍ പൊതു താല്‍പ്പര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാന പ്രകാരം നാടുകടത്തിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരും സ്ത്രീകളുമായി 1,500 പേര്‍ നിലവല്‍ നാടുകടത്തല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെയും രാജ്യത്ത് നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.
അതേസമയം തൊഴില്‍ - താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായത്.
🇰🇼ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാകും.
✒️വിദേശികള്‍ ആറു മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയം. ആറുമാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ റദ്ദാകുമെന്നാണ് അറിയിപ്പ്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
2022 ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക. കൊവിഡ് കലത്ത് ആറു മാസത്തെ സമയപരിധി നിശ്ചയിച്ച് ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. ആറു മാസത്തിലേറെയായി കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ ജനുവരി 31ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ ഇവരുടെ വിസ റദ്ദാകും.
🇸🇦സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍.
✒️സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ). വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി (XBB) എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്.
ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്.
ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും എല്ലാവരും പ്രത്യേകിച്ച്, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണം. പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.
അതേസമയം ഒമാനില്‍ കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാല്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 50 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍, രക്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പ്രമേഹം, അമിതവണ്ണമുള്ളവര്‍, കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം.
✒️ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള പരിരക്ഷ ഉറപ്പാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് രേഖകൾ നിർബന്ധമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അടിയന്തിര ചികിത്സ ആവശ്യമാകുന്ന സന്ദർഭങ്ങൾ, COVID-19 രോഗബാധ, അപകടങ്ങൾ, മരണം തുടങ്ങിയവ ഈ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുന്നു. വിമാനം റദ്ദ് ചെയ്യപ്പെടുന്നതും, വൈകി പുറപ്പെടുന്നതും ഉൾപ്പടെയുള്ള സന്ദർഭങ്ങളും ഈ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
0 Comments