🎙️വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ.
✒️അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. തൊടുപുഴ മുട്ടം കാക്കൊമ്പ് പാറേപ്പുരക്കൽ ജോബി മാത്യുവാണ് (45) അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അയ്യായിരത്തോളം പേരിൽനിന്നായി ഇയാൾ പണം തട്ടിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജോബിയുടെ ഉടമസ്ഥതയിൽ 2008ൽ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ച ആൽഫ ഇൻഫർമേഷൻ ആൻഡ് പ്രൈവറ്റ് എംപ്ലോയ്മെന്റ് സർവിസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഉദ്യോഗാർഥികളിൽനിന്ന് ആദ്യം 5000 രൂപയും പിന്നീട് 55,000 രൂപയുമാണ് വാങ്ങിയിരുന്നത്. അബൂദബിയിൽ ലിഫ്റ്റ് ഓപറേറ്റർ, ഓഫിസ് അസിസ്റ്റന്റ്, സൂപ്പർവൈസർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പറഞ്ഞ ജോലി ലഭിക്കാതെ വന്നതോടെ പണം നൽകിയവർ പരാതിയുമായി രംഗത്തെത്തി. സ്ഥാപനത്തിനെതിരെ ഇതിനകം 80ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു പറഞ്ഞു. ഏതാനും ആഴ്ചകളായി സ്ഥാപനം പൂട്ടിയിരിക്കുകയാണ്. ഓരോരുത്തരിൽനിന്ന് കുറഞ്ഞ തുക വാങ്ങി കൂടുതൽ പേരെ കബളിപ്പിക്കുന്നതായിരുന്നു ജോബിയുടെ രീതി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ തൊടുപുഴ കുന്നത്തെ ഭാര്യവീട്ടിൽനിന്ന് ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
🎙️നിധി നൽകാമെന്ന പേരിൽ പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ.
✒️നിധി നൽകാമെന്ന പേരിൽ പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വയനാട് സ്വദേശിയെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ലക്കിടി സ്വദേശി രമേശനെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. ഇയാൾ ഇതിന് മുമ്പും സമാന കേസിൽ പിടിയിലായ ആളാണെന്ന് പൊലീസ് പറയുന്നു. പുനലൂർ സ്വദേശി നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.
അതിനിടെ, ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടിലെത്തിയ സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയ പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പൊലീസിന്റെ പിടിയിലായത്. കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
കോഴിക്കോട് പയ്യോളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലെത്തിയ പ്രതി മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന് മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് പയ്യോളി ആവിക്കലില്‍ താമസിക്കുന്ന മദ്രസ അധ്യാപകൻ പയ്യോളി പൊലീസിൽ പരാതി നൽകിയത്. മന്ത്രവാദത്തിന്‍റെയും പച്ചമരുന്ന് ചികിത്സയുടെയും പേരില്‍ ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് വിവരം.
നാല് മാസങ്ങൾക്ക് മുൻപ് ട്രെയിൻ യാത്രക്കിടെയാണ് മന്ത്രവാദവും പച്ചമരുന്ന് ചികിത്സയും നടത്തിവരുന്ന കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെ മദ്രസ അധ്യാപകൻ പരിചയപ്പെട്ടത്. ഒരു അപകടത്തെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടികളും നേരിട്ടിരുന്ന മദ്രസ അധ്യാപകനോട്, മന്ത്രവാദത്തിലൂടെ ഐശ്വര്യം വരുമെന്നും പച്ചമരുന്നിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്നും പറഞ്ഞ് ഷാഫി വിശ്വസിപ്പിച്ചു. ഈ വിശ്വാസത്തിൽ മദ്രസ അധ്യാപകൻ, ഷാഫിക്ക് റൂം ഏർപ്പാടാക്കിക്കൊടുക്കുകയും ചെയ്തു. നേരിട്ടും ഫോൺ വഴിയും ഷാഫി പലർക്കും ചികിൽസ നൽകി, പണവും കൈപ്പറ്റി. ഇതിനിടെയാണ് കഴിഞ്ഞ മാസം 22ന് ഷാഫി അധ്യാപകൻറെ വീട്ടിൽ നിസ്കരിക്കാനെന്ന പേരിലെത്തി പണവും സ്വർണവും കവർന്നത്.
പിന്നീട് അധ്യാപകൻറെ ഭാര്യയെ ഫോണിൽ വിളിച്ച് അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അലമാര രണ്ട് ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നും നിർദ്ദേശിച്ചു. അലമാര തുറന്നപ്പോഴാണ് വീട് പണിയാനായി വച്ചിരുന്ന ഒന്നര ലക്ഷം രൂപയും ഏഴ് പവൻ സ്വർണവും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. ഷാഫിയെ വിളിച്ചപ്പോൾ നഷ്ടപ്പെട്ട പണവും സ്വർണ്ണവും ചാത്തൻ സേവയിലൂടെ തന്നെ തിരികെ കിട്ടുമെന്നായിരുന്നു മറുപടി. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടതായി അധ്യാപകനും കുടുംബത്തിനും ബോധ്യമായി. പിന്നാലെ പൊലീസിന് പരാതി നൽകുകയായിരുന്നു.
🎙️തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ്; സന്ദർശകവിസയിലെത്തിയ 36 മലയാളികൾ ദുരിതത്തിൽ.
✒️തൊഴിൽ വാഗ്ദാനം നൽകി ഗൾഫിലേക്ക് സന്ദർശക വിസയിൽ ആളുകളെ കൊണ്ടു പോകുന്ന സംഘം വീണ്ടും പിടിമുറുക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 36 മലയാളികളാണ് ഷാർജയിൽ നരകിക്കുന്നത്. ഏജൻറ് മുങ്ങിയതോടെ സാമൂഹിക പ്രവർത്തകർ നൽകുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഇവർ പിടിച്ചു നിൽക്കുന്നത്.
ഷാർജയിലെ കുടുസുമുറിയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് കഴിച്ചു കൂട്ടുകയാണിപ്പോൾ ഈ മലയാളികൾ. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തൊഴിൽ വാഗ്ദാനം നൽകി വഞ്ചിച്ചതെന്ന് ഇവർ പറഞ്ഞു. പല ദിവസങ്ങളിലായി യു.എ.ഇയിൽ എത്തിച്ച ഇവരെ ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലായി ഏജൻറ്മാറ്റി മാറ്റി താമസിപ്പിക്കുകയായിരുന്നു.
എറണാകുളത്തെ ഒരു പ്രവാസിയുടെ നേതൃത്വത്തിലാണ് വലിയ തുക വാങ്ങി ഇവരെ കൊണ്ടുവന്നത്. ഒരു മാസത്തെ സന്ദർശക വിസയിൽ എത്തിയവരാണിവർ. വൻകിട കമ്പനികളിൽ മികച്ച ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ചെറിയൊരു ജോലി പോലും ഇവർക്ക് ലഭിച്ചിട്ടില്ല. ചിലരുടെ വിസാ കാലാവധിയും തീർന്നിരിക്കുകയാണ്. ഇതൊക്കെയായിട്ടും നാട്ടിൽ നിന്ന് കൂടുതൽ പേരെ കൊണ്ടുവരാൻ ഏജൻറ് ശ്രമം നടത്തുന്നതായും ഇരകൾ പരാതിപ്പെട്ടു.
ഭക്ഷണത്തിനു പോലും മറ്റുള്ളവരുടെ മുമ്പാകെ കൈനീട്ടേണ്ട ഗതികേടിലാണിവർ. ചില സാമൂഹിക പ്രവർത്തകരാണ് ഇവർക്ക് തുണയായി രംഗത്തുള്ളത്. യുനൈറ്റഡ് പി.ആർ അസോസിയേഷെൻറ ആഭിമുഖ്യത്തിലാണ് ഇവർക്ക് ഭക്ഷണം എത്തിക്കുന്നത്. ചെലവായ പണം ഏജൻറിൽ നിന്ന് വാങ്ങിച്ച് ഇവരെ നാട്ടിലേക്ക് കയറ്റി വിടാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകർ. അതേസമയം, നാട്ടിൽ നിന്ന് സന്ദർശകവിസയിൽ തൊഴിൽ തേടിയെത്തുന്ന രീതി അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. ഒരാഴ്ചക്കകം പ്രശ്‌നം പരിഹരിക്കാമെന്നാണ് ഒടുവിൽ ഏജൻറ് സാമൂഹിക പ്രവർത്തകർക്ക് ഉറപ്പു നൽകിയിരിക്കുന്നത്.
0 Comments