Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില വിദേശ വാർത്തകൾ

🇶🇦ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: അബു സംറ ബോർഡറിലൂടെ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.

✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് അബു സംറ ലാൻഡ് ബോർഡർ ചെക്ക്പോസ്റ്റിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കുന്ന നിബന്ധനകൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഒക്ടോബർ 16-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം, 2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ ലോകകപ്പിനെത്തുന്നവർക്ക് ഈ കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്.

ഹയ്യ കാർഡ് ലഭിച്ചിട്ടുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് കൊണ്ട് ഓരോ വിഭാഗത്തിനും ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹയ്യ കാർഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾക്ക് നൽകിയിട്ടുള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് കൊണ്ട് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

അബു സംറ ബോർഡറിലൂടെ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:

ഖത്തർ ഐഡി കാർഡ് ഉള്ള ഖത്തർ പൗരന്മാർ, ഖത്തറിൽ റെസിഡൻസി ഉള്ളവർ, ജി സി സി പൗരന്മാർ:

ഇവർക്ക് ഖത്തർ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങളിൽ പ്രത്യേക നിബന്ധനകളൊന്നും കൂടാതെ പ്രവേശിക്കാവുന്നതാണ്.
ഇവർക്ക് ഹയ്യ കാർഡ് നിർബന്ധമല്ല.

പ്രത്യേക എൻട്രി പെർമിറ്റുകളുമായെത്തുന്ന ഫുട്ബാൾ ആരാധകർ:

സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ഉള്ളവർ ഹയ്യ സംവിധാനത്തിലൂടെ ഈ വാഹനത്തിന് എൻട്രി പെർമിറ്റ് നേടേണ്ടതാണ്.

ഇത് ലഭിക്കുന്നതിന്, വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ചരുങ്ങിയത് അഞ്ച് ദിവസം ഖത്തറിൽ താമസിക്കുന്നതിനുള്ള സൗകര്യം നിർബന്ധമായും ഏർപ്പെടുത്തിയിരിക്കണം.

വാഹന എൻട്രി പെർമിറ്റിന് ഹയ്യ സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷ അനുവദിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് എടുക്കുന്നതിനുള്ള ഒരു ഇമെയിൽ ലഭിക്കുന്നതാണ്.

വാഹന ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കുന്നവർ 24 മണിക്കൂറിനകം 5000 ഖത്തർ റിയാൽ (തിരികെ ലഭിക്കില്ല) അടച്ച് കൊണ്ട് പെർമിറ്റ് നേടേണ്ടതാണ്.

ഇത്തരം വാഹനങ്ങളിൽ ചുരുങ്ങിത് മൂന്ന് പേർ ഉണ്ടായിരിക്കണം. പരമാവധി ആറ് പേർക്കാണ് ഇപ്രകാരം സഞ്ചരിക്കാൻ അനുമതി. എല്ലാവർക്കും ഹയ്യ കാർഡ് നിർബന്ധം.

ഇത്തരം വാഹന എൻട്രി പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് ഒരു തവണ മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഇത്തരം വാഹനങ്ങൾക്ക് എ-റിംഗ്, ബി-റിംഗ് റോഡുകൾ, ഈ റോഡുകളിലേക്ക് നയിക്കുന്ന പാതകൾ, ഇന്റർസെക്ഷനുകൾ എന്നിവയിൽ പ്രവേശനം അനുവദിച്ചിട്ടില്ല.

ഒരു ദിവസത്തെ മത്സരത്തിന് മാത്രമായി പ്രവേശിക്കുന്നവർ (24 മണിക്കൂർ നേരത്തേക്ക്)

ഒരു ദിവസത്തെ മത്സരം കാണുന്നതിനായി 24 മണിക്കൂറിനകം മടങ്ങുന്നവർക്ക് ഹോട്ടൽ റിസർവേഷൻ ആവശ്യമില്ല.

ഇവർക്ക് ഹയ്യ കാർഡ് (വൺ ഡേ ഫാൻ വിഭാഗം) ആവശ്യമാണ്.

ഖത്തറിലെത്തുന്നതിന് മുൻപ് ഇവർ ഹയ്യ സംവിധാനത്തിലൂടെ ഒരു കാർ പാർക്കിംഗ് ബുക്ക് ചെയ്തിരിക്കണം.

ഇവർ തങ്ങളുടെ വാഹനം അബു സംറ ചെക്ക്പോയിന്റിലെ പാർക്കിങ്ങിൽ സൂക്ഷിക്കേണ്ടതും, തുടർന്ന് ദോഹയിലേക്ക് പ്രത്യേക ഖത്തർ ബസുകളിൽ യാത്ര ചെയ്യേണ്ടതുമാണ്. ദോഹ സെൻട്രൽ സ്റ്റേഷനിലേക്കും, അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്.

24 മണിക്കൂറിനകം മടങ്ങാത്ത വാഹനത്തിന് 1000 റിയാൽ സർവീസ് ചാർജ് ഈടാക്കുന്നതാണ്. 48 മണിക്കൂർ കഴിഞ്ഞിട്ടും പാർക്കിങ്ങിൽ നിന്ന് എടുക്കാത്ത ഇത്തരം വാഹനങ്ങൾ കെട്ടിവലിച്ച് നീക്കം ചെയ്യുന്നതാണ്. ഇതിന് 1000 റിയാൽ അധികം ഈടാക്കുന്നതാണ്.

ബസുകളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നവർ:

ഇവർക്ക് ഹയ്യ കാർഡ് നിർബന്ധമാണ്.

ഇവർ അബു സംറ ചെക്ക്പോയിന്റിലെ അറൈവൽ ലോഞ്ചിലെത്തിയ ശേഷം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

തുടർന്ന് അബു സംറ ചെക്ക്പോയിന്റിൽ നിന്ന് ദോഹയിലേക്ക് ഖത്തർ ബസുകളിൽ യാത്ര ചെയ്യേണ്ടതുമാണ്. ദോഹ സെൻട്രൽ സ്റ്റേഷനിലേക്കും, അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്.

മാനുഷിക പരിഗണന ആവശ്യമായി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നവർ:

ഹയ്യ കാർഡ് ഇല്ലാത്തവർക്ക് മാനുഷിക പരിഗണന ആവശ്യമായി വരുന്ന പ്രത്യേക 
സാഹചര്യങ്ങളിൽ ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതിനായാണ് ഈ പദ്ധതി.

ഇവർക്ക് പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി നിർബന്ധമാണ്. ഇതിനുള്ള അപേക്ഷകൾ https://portal.moi.gov.qa എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. ഇത്തരം അപേക്ഷകളിൽ ആറ് മണിക്കൂറിനകം നടപടി സ്വീകരിക്കുന്നതാണ്. അനുമതി ലഭിക്കുന്നവരെ ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.

മാനുഷിക പരിഗണന ആവശ്യമായി വരുന്ന പ്രത്യേക സാഹചര്യങ്ങളിൽ പ്രവേശനാനുമതി ലഭിക്കുന്നവർക്ക് വിമാനത്താവളത്തിലൂടെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ഇത്തരം പെർമിറ്റുകൾ ഒരു തവണ മാത്രമാണ് ഉപയോഗിക്കാൻ അനുമതി.

ട്രക്കുകളുടെ പ്രവേശനം:

2022 നവംബർ 15 മുതൽ ഡിസംബർ 22 വരെ അബു സംറ ചെക്ക്പോയിന്റിലൂടെയുള്ള വാണിജ്യ ചരക്ക് ഗതാഗതത്തിനുള്ള ട്രക്കുകളുടെ പ്രവേശനം രാത്രി 11 മണിമുതൽ രാവിലെ 6 മണിവരെ മാത്രമാക്കി നിയന്ത്രിക്കുന്നതാണ്.

അബു സംറ ചെക്ക്പോയിന്റിലൂടെയുള്ള ഫുട്ബാൾ ആരാധകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി ചെക്ക്പോയിന്റിൽ കൂടുതൽ പാസ്സ്‌പോർട്ട് കൗണ്ടറുകൾ അനുവദിക്കുന്നതാണ്. ഇത്തരം യാത്രികർക്കായി ഒരു മണിക്കൂറിൽ നാലായിരം പേരെ വരെ ഉൾക്കൊള്ളാവുന്ന പ്രത്യേക ടെന്റ് ഒരുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫുട്ബാൾ ആരാധകർക്കായി അബു സംറ ചെക്ക്പോയിന്റിൽ നിന്ന് സെൻട്രൽ ദോഹയിലെ അൽ മെസ്സിലയിലേക്കും, അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും ഖത്തർ ബസുകളിൽ സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. ചെക്ക്പോയിന്റിൽ നിന്ന് 2 കിലോമീറ്റർ ദൂരെയുള്ള അൽ ഖലായാലിലെ ഫാമിലി ആൻഡ് ഫ്രണ്ട്സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലെത്തുന്നവർക്ക് തുടർന്ന് ഖത്തറിലെ തങ്ങളുടെ ബന്ധുക്കൾക്കും, സുഹൃത്തുകൾക്കും ഒപ്പം യാത്ര തുടരാവുന്നതാണ്. ഇവിടെ നിന്ന് പ്രൈവറ്റ് ടാക്‌സികളും ലഭ്യമാണ്.

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി അറേബ്യ: ഹയ്യ കാർഡുള്ളവർക്കുള്ള പ്രത്യേക മൾട്ടി-എൻട്രി വിസ; നടപടിക്രമങ്ങൾ ആരംഭിച്ചു.

✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് അനുവദിക്കുന്ന സൗജന്യ മൾട്ടി-എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 16-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് ഇ-വിസ അനുവദിക്കുന്ന സേവനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് https://visa.mofa.gov.sa/ എന്ന വിലാസത്തിലൂടെ യൂണിഫൈഡ് വിസ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള മൾട്ടി-എൻട്രി വിസകൾക്കുള്ള അപേക്ഷകൾ നൽകാവുന്നതാണ്.

ഹയ്യ ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് 60 ദിവസം വരെ സൗദിയിൽ തങ്ങുന്നതിന് അനുവാദം നൽകുന്ന രീതിയിലാണ് ഈ പ്രത്യേക മൾട്ടി എൻട്രി-വിസ അനുവദിക്കുന്നത്. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല.

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

ഇത്തരക്കാർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപ് മുതലാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം വിസകൾ ലഭിക്കുന്നതിന് യാത്രികർ വിസ സംവിധാനത്തിലൂടെ മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഇക്കാര്യം ഓർമ്മപെടുത്തിക്കൊണ്ട് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഒക്ടബർ 15-ന് ഒരു പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നേടിയിട്ടുള്ള വിദേശികളും, തദ്ദേശീയരുമായ മുഴുവൻ ഫുട്ബാൾ ആരാധകർക്കും മത്സരങ്ങൾ കാണുന്നതിനായി ഹയ്യ കാർഡ് നിർബന്ധമാണെന്നും, അതിനാൽ സമയബന്ധിതമായി ഇതിനുള്ള അപേക്ഷകൾ പൂർത്തിയാക്കാനും സുപ്രീം കമ്മിറ്റി ഈ അറിയിപ്പിലൂടെ ഓർമ്മപ്പെടുത്തി.

https://hayya.qatar2022.qa/ എന്ന വിലാസത്തിലൂടെയും, ‘Hayya to Qatar 2022’ ആപ്പിലൂടെയും (ആൻഡ്രോയിഡ്, ഐ ഓ എസ് പ്രതലങ്ങളിൽ ലഭ്യം) ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഏതാണ്ട് ഒന്നരദശലക്ഷത്തിലധികം പേർ ഹയ്യ കാർഡിനുള്ള അപേക്ഷകൾ പൂർത്തിയാക്കിയതായി ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി.

✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് സൗദിയിലെത്തിയ ശേഷം ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് വിസ ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മാരിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാനും, മദീന സന്ദർശിക്കാനും അനുമതി നൽകിയതായാണ് അദ്ദേഹം അറിയിച്ചത്.

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഹയ്യ ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് 60 ദിവസം വരെ സൗദിയിൽ തങ്ങുന്നതിന് അനുവാദം നൽകുന്ന രീതിയിലാണ് ഈ പ്രത്യേക മൾട്ടി എൻട്രി-വിസ അനുവദിക്കുന്നത്.

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപ് മുതലാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ വിസ തീർത്തും സൗജന്യമാണ്. എന്നാൽ ഇവർ വിസ സംവിധാനത്തിലൂടെ മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.

🇦🇪ദുബൈയില്‍ നിന്ന് ഇന്ത്യന്‍ നഗരത്തിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ്.

✒️ദുബൈ-ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഈ മാസം 30 മുതലാണ് സര്‍വീസ് തുടങ്ങുക. രാത്രി 9.25ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ ഇറങ്ങും. 

തിരികെ പുലര്‍ച്ചെ 4.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബൈയില്‍ എത്തും. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എമിറേറ്റ്‌സിന്റെ എ 380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണ് ബെംഗളൂരു.

അതേസമയം സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ. സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുക. മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സർവീസുകൾ നടത്തുന്നത്. ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് 16 വീതവും സർവീസുകളാണ് ദോഹയിലേക്ക് ഫ്ലൈ അദീൽ നടത്തുക. ഈ സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

കൊവിഡിന് ശേഷം ലോകത്തു തന്നെ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാക്കി ഫിഫ ലോകകപ്പ് മത്സരങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷത്തിലധികം പേര്‍ ഖത്തറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ടിക്കറ്റുള്ള ഫുഡ്ബോള്‍ ആരാധകര്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.

🇦🇪മന്ത്രവാദവും ആഭിചാരവും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ; 11 ലക്ഷം രൂപ പിഴയും തടവും.

✒️യുഎഇ ഫെഡറല്‍ നിയമ പ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമനല്‍ കുറ്റകൃത്യമാണെന്ന് ആവര്‍ത്തിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ബോധവത്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. 

ഏതെങ്കിലും രീതിയിലുള്ള മന്തവാദ, ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ 2021 ലെ 31-ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 366 ല്‍ വ്യക്തമാക്കുന്നുണ്ട്. തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്ന് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

🇦🇪വിശക്കുന്നവര്‍ക്ക് അന്നമെത്തിച്ച് യുഎഇ; ഇന്ത്യയില്‍ 15 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

✒️വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎഇയുടെ വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി വഴി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികള്‍. നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ റമസാനിലാണ് യുഎഇ പദ്ധതി പ്രഖ്യാപിച്ചത്. 

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെ 25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തത്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1,537,500 ഭക്ഷണപ്പൊതികളുടെ വിതരണം പൂര്‍ത്തിയാക്കി. പാകിസ്ഥാനില് 10 ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവാണ് വിദേശ രാജ്യങ്ങളിലെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികള്‍ സംഭാവന വഴിയും 40 കോടി ഭക്ഷണപ്പൊതികള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വന്തം നിലയ്ക്കും പദ്ധതിയിലേക്ക് നല്‍കി.

🇸🇦പരിശോധന ശക്തമാക്കി അധികൃതര്‍; ഒരാഴ്ചക്കിടെ നാടുകടത്തിയത് 39,571 വിദേശികളെ.

✒️സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,243 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായവരില്‍ 9,402 പേര്‍ ഇഖാമ നിയമ ലംഘകരും 4,225 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,616 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 301 പേരും അറസ്റ്റിലായി. ഇവരില്‍ 37 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 58 ശതമാനം പേര്‍ എത്യോപ്യക്കാര്‍ അഞ്ച് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 16 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ 18 പേരും അറസ്റ്റിലായി.

നിലവില്‍ 50,132 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 46,416 പേര്‍ പുരുഷന്‍മാരും 3,716 പേര്‍ സ്ത്രീകളുമാണ്. 39,571 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 2,871 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 39,571 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

🇸🇦പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ മാതൃകയുമായി സൗദിയില്‍ പ്രദര്‍ശനം.

✒️സൗദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളിലൂടെയുള്ള കുടിയേറ്റം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ദഹറാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) ആണ് പ്രദര്‍ശനത്തില്‍ ചെരുപ്പിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയത്.

എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധന്‍ നിര്‍മ്മിച്ച ഈ മാതൃക, പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ത്ഥ ചെരുപ്പുകള്‍ക്ക് സമാനമാണ്. കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര), ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ച് ജൂലൈ 31നാണ് പ്രദര്‍ശനം തുടങ്ങിയത്. പ്രദര്‍ശനം ഒമ്പത് മാസം നീണ്ടുനില്‍ക്കും. ശേഷം റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും പിന്നീട് ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്കും നീളും. ഇസ്ലാമിക നാഗരികത വിളിച്ചോതുന്ന തുണിത്തരങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ ഉള്‍പ്പെടെ പുരാവസ്തുക്കളുടെ വന്‍ ശേഖരം പ്രദര്‍ശനത്തിലുണ്ട്.

🇸🇦ഉംറ നിര്‍വഹിക്കാന്‍ 830 റിയാല്‍ മുതല്‍ പാക്കേജുകള്‍.

🇸🇦ഉംറ നിര്‍വഹിക്കാന്‍ 830 റിയാല്‍ മുതല്‍ പാക്കേജുകള്‍.

✒️ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് - ഉംറ മന്ത്രാലയം ആരംഭിച്ച ‘നുസുക്’ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അധികൃതർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയത്. പാക്കേജ് നിരക്ക് 830 സൗദി റിയാൽ (222 ഡോളർ) മുതൽ ആരംഭിക്കുന്നതാണ്. വിസിറ്റ് വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ തങ്ങാനുള്ള ചെലവ്, ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നും താമസ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍, എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. എന്നാൽ സൗദി അറേബ്യയിലേക്കും തിരികെയുമുള്ള വിമാന യാത്ര ടിക്കറ്റുകൾ, ഭക്ഷണം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിവ പാക്കേജില്‍ ഉൾപ്പെടില്ല.

🇸🇦ഡിസ്‍നി വേൾഡ് മാതൃകയിൽ സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരം ഒരുങ്ങുന്നു.

✒️ഡിസ്‍നി വേൾഡ് മാതൃകയിൽ കലാകായിക വിനോദങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമാകാൻ റിയാദിൽ ഒരുങ്ങുന്ന ‘ഖിദ്ദിയ’ വിനോദ നഗരത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുന്നതായി ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമാണ ജോലികൾ നടന്നുവരുന്നത്. 

പദ്ധതിയിൽ ഡിസ്‍നിലാൻഡ് വേൾഡും പാർക്കും ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024-ലെ ഏഷ്യൻ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്‍പോർട്സ് ഏരിയകളും കറോട്ട മത്സര പാതയും പദ്ധതിയിലുണ്ട്. 2019ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ടം 2023ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രഖ്യാപനം.

🇸🇦ലോകകപ്പ് ടിക്കറ്റുകളുടെ കൗണ്ടർ വില്‍പ്പന ഇന്ന്മുതൽ.

✒️ലോകകപ്പ് ടിക്കറ്റുകളുടെ കൗണ്ടർ വില്‍പ്പന നാളെ തുടങ്ങും. ഡി.ഇ.സി.സി.യിലാണ് ടിക്കറ്റ് കൗണ്ടർ തുറക്കുക. അതേ സമയം ലോകകപ്പ് ടിക്കറ്റിങ് ആപ്ലിക്കേഷനും ഫിഫ പുറത്തിറക്കി. ഇപ്പോള്‍ നടക്കുന്ന ഫിഫ പ്ലാറ്റ്‍ഫോം വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പുറമെയാണ് ഖത്തറില്‍ കൗണ്ടർ വഴിയും ടിക്കറ്റ് നല്‍കുന്നത്.

നാളെ മുതല്‍ ഡിഇസിസിയില്‍ രണ്ട് ടിക്കറ്റ് കൗണ്ടർ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ മുപ്പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ആരാധകര്‍ക്ക് നല്‍കിയത്. ഇതില്‍ 37 ശതമാനം ടിക്കറ്റുകളും ഖത്തറില്‍ നിന്നുള്ള ആരാധകരാണ് സ്വന്തമാക്കിയത്. അമേരിക്ക, സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്സിക്കോ. യുഎഇ, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ .അതേ സമയം ലോകകപ്പ് ടിക്കറ്റിങ് മൊബൈല്‍ ആപ്ലിക്കേഷനും ഫിഫ പുറത്തിറക്കി.

ആപ്പില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കുന്നതോടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് മൊബൈല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡിനൊപ്പം മൊബൈല്‍ ടിക്കറ്റുകള്‍ കൂടി വേണം.

Post a Comment

0 Comments