🎙️ഹുറൂബ് വ്യവസ്ഥ പരിഷ്‌കരിച്ചു; നിയമത്തിലെ മാറ്റം പ്രാബല്യത്തില്‍.
✒️'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. തൊഴിലില്‍നിന്ന് വിട്ടുനില്‍ക്കുന്നെന്നോ കീഴില്‍നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പരാതി കിട്ടിയാല്‍ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റം.
ഈ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്യാം. ഈ രണ്ട് അവസരങ്ങളിലൊന്ന് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തും. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവന്‍ (ഹുറൂബ്) എന്ന ഗണത്തിലാവുകയും വിവിധ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. നിയമത്തിലെ മാറ്റം ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ പ്രാബല്യത്തിലായി.
പുതുതായി ഹുറൂബ് ആകുന്നവര്‍ക്കാണ് ഈ മാറ്റം ബാധകം. എന്നാല്‍ നേരത്തെ ഹുറൂബിലായി ഏറെ കാലം പിന്നിട്ടവര്‍ക്കുള്‍പ്പടെ ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ 15 ദിവസത്തിനുള്ളില്‍ മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇത് ഹൗസ് ഡ്രൈവറുള്‍പ്പടെയുള്ള സ്വകാര്യ, ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് ബാധകമല്ലെന്നാണ് സൂചന.
🎙️സൗദി കിരീടാവകാശി അടുത്ത മാസം ഇന്ത്യ സന്ദർശിക്കും.
✒️സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിൽ എത്തുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. നവംബർ 15-16 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. മോദിയും ഈ സമ്മേളനത്തിനുണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാനെ ക്ഷണിച്ചിരുന്നു.
🎙️നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് റെയ്ഡ് ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 17,000 പേർ.
✒️സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 17,000ലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 9,346 ഇഖാമ നിയമ ലംഘകരും 4,980 നുഴഞ്ഞുകയറ്റക്കാരും 2,788 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 17,114 നിയമ ലംഘകരാണ് പിടിയിലായത്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 600 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 28 ശതമാനം പേർ യെമനികളും 69 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 73 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 16 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 52,784 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ 48,788 പേർ പുരുഷന്മാരും 3,996 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,602 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നു. 2411 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 9132 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
🎙️റിയാദ് സീസൺ ആഘോഷങ്ങൾക്ക് വര്‍ണാഭമായ തുടക്കം.
✒️മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തുടക്കമായി. ‘സങ്കൽപ്പങ്ങൾക്കും അപ്പുറം’ എന്നതാണ് ഇത്തവണത്തെ ശീർഷകം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് ബോളീവാർഡ് വിനോദനഗരത്തോട് ചേർന്നുള്ള വേദിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ചിത്രങ്ങൾ വരച്ചു. ഉദ്ഘാടനത്തിന് ശേഷം വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
58-ലധികം കലാകാരന്മാരും മൂന്ന് ഗായകരും പങ്കെടുത്ത ‘സർക്യു ഡു സോലെൽ ഷോ’ കലാപരിപാടികൾ അരങ്ങേറി. ജിംനാസ്റ്റുകൾ, ഹൈ വയർ ആക്റ്റുകൾ, സ്റ്റണ്ട് മോട്ടോർസൈക്കിൾ യാത്രകൾ, ഫയർ ജെറ്റിങ്, സ്വിങ്ങിങ് റോപ്പ് പ്രകടനം തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്ക് വേദി സാക്ഷിയായി.
സൗദി അറേബ്യയിലെ വിഖ്യാത നാടോടി കലാകാരന്മാരായ മോദി അൽ-ഷംറാനി, ഷബാഹ് ബെഷ എന്നിവരടുങ്ങുന്ന ബാൻഡ് അവതരിപ്പിച്ച ഗാനങ്ങളും ശ്രദ്ധേയമായി. സൗദിയുടെ പരമ്പരാഗത കലയായ അർദ മുട്ടും മറ്റ് കലാപ്രകടനങ്ങളും ഉത്സവത്തിന് കൊഴുപ്പേകി. ലോകപ്രശസ്ത ഇംഗ്ലീഷ് ഗായിക ആൻമേരി റോസ് നിക്കോൾസൻ നയിച്ച സംഗീത വിരുന്നും അരങ്ങേറി.
🎙️സൗദി: വിസിറ്റ് വിസ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ജവാസത് അറിയിപ്പ് നൽകി.
✒️രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾക്ക് അത്തരം വിസകളുടെ കാലാവധി നീട്ടി നേടുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം വിസകളുടെ കാലാവധി, താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് വരെ നീട്ടാവുന്നതാണ്:
സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
വിസിറ്റ് വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് വരെ അബ്ഷെർ സംവിധാനത്തിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
വിസിറ്റ് വിസകളുടെ കാലാവധി 180 ദിവസം വരെയാണ് പരമാവധി നീട്ടാൻ അനുമതി.
കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞ ശേഷം വിസയുടെ കാലാവധി നീട്ടുന്നതിന് ഒരു പ്രത്യേക പിഴ തുക ഈടാക്കുന്നതാണ്.
വിസിറ്റ് വിസകൾ റെസിഡൻസി വിസകളിലേക്ക് മാറ്റുന്നതിന് അനുമതിയില്ല.
0 Comments