Ticker

6/recent/ticker-posts

Header Ads Widget

വടക്കഞ്ചേരി ബസ് അപകടം; ബസ് ഉടമ അരുൺ അറസ്റ്റിൽ

വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട്‌ എസ് പി ആർ വിശ്വനാഥ്‌ അറിയിച്ചു. 

ബസ് ഡ്രൈവർ ജോമോനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ 
അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതിനാലാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തത്.

അതിനിടെ, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്‌സ്മെന്റ് വിശദ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്റെ വേഗം ഒപ്പിയെടുക്കുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച സ്ഥലം അടക്കം അടയാളപ്പെടുത്തിയായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12.45 ഓടെ തുടങ്ങിയ നടപടികൾ 3:45 ഓടെ അവസാനിച്ചു. വൈകീട്ട് തന്നെ റിപ്പോർട്ട്‌ ഗതാഗത കമ്മീഷ്ണർക്ക് കൈമാറുമെന്ന് എം. കെ. ജയേഷ്കുമാർ പറഞ്ഞു

വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലർട് ഉടമയ്ക്കും ആർടിഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടുകയായിരുന്നു. 

അതിനിടെ മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷണങ്ങൾ അംഗങ്ങൾ. ഒക്ടോബർ 17-ന് റിപ്പോർട്ട് സമർപ്പിക്കണം.

പാലക്കാട് വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേ​ഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യാത്രക്കാർക്കുള്ള വ്യക്തിപര അപകട സമൂഹ ഇൻഷുറൻസ് യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് ) ആക്ട് പദ്ധതി പ്രകാരം യാത്രക്കാർക്ക് നൽകി വരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്.

ഇതിൽ നിന്നും അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്ത് ലക്ഷം നൽകും. അപകടത്തിൽ മരണമടഞ്ഞ കെഎസ്ആർടിസി യാത്രക്കാർക്ക് വേ​ഗത്തിൽ ഇൻഷ്വറൻസ് തുക ലഭ്യമാകുന്നതിന് വേണ്ടി ​ഗതാ​ഗത മന്ത്രി ആന്‍റണി രാജു നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇത്രയും വേ​ഗത്തിൽ തുക ലഭ്യമാകുന്നത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും.

Post a Comment

0 Comments