🇦🇪യുഎഇയിലെ പുതിയ വീസാ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും; മാറ്റങ്ങള്‍ ഇവയാണ്.
✒️യുഎഇയിലെ പുതിയ വീസ ചട്ടം ഇന്ന് നിലവിൽ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും. പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്ന ഒട്ടേറെ പുതിയ വിസകളും നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡന്റ് വീസയാണ് പുതിയ വീസകളിൽ പ്രധാനം. സ്‍പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ.
യുഎഇ പാസ്‍പോര്‍ട്ടുകളുടെ മൂന്നാം തലമുറയ്ക്കും പുതിയ അത്യാധുനിക വിസാ സംവിധാനത്തിനും തുടക്കം കുറിക്കാന്‍ സജ്ജമാണെന്ന് യുഎഇയിലെ ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവ അറിയിച്ചിരുന്നു. പുതിയ സംവിധാനത്തിലൂടെ നിലവിലുള്ള വിസ രീതികള്‍ കുടുതല്‍ ലളിതമാക്കുകയാണ് . ഒപ്പം പ്രവാസികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതല്‍ സുഗമവും ലളിതവുമായി മാറും.
വിസിറ്റ് വിസകള്‍
യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാണ്. നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദര്‍ശക വിസകള്‍ അനുവദിച്ചിരുന്നതെങ്കില്‍ ഇനി 60 ദിവസം വരെ ഇത്തരം വിസകളില്‍ രാജ്യത്ത് താമസിക്കാം. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ പിന്നീട് ദീര്‍ഘിപ്പിക്കുകയും ചെയ്യാം.
തൊഴില്‍ അന്വേഷിക്കാനായി, സ്‍പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകളും അനുവദിക്കും. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന തൊഴില്‍ പരിചയമില്ലാത്ത ബിരുദധാരികള്‍ക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.
രാജ്യത്ത് സന്ദര്‍ശകനായെത്തുന്ന ഒരാള്‍ക്ക് തന്റെ ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‍പോണ്‍സര്‍ ആവശ്യമില്ല.
അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കും സ്‍പോണ്‍സര്‍ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാന്‍ ഈ വിസകളില്‍ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കില്‍ പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം. എന്നാല്‍ ഒരു വര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ താമസിക്കാനാവില്ല. 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് തെളിയിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്ന കാലയളവിന് ആറ് മാസം മുമ്പ് വരെയുള്ള സമയത്തെ ബാങ്ക് ബാലന്‍സ് ആണ് പരിശോധിക്കുക.
ഫാമിലി സ്‍പോണ്‍സര്‍ഷിപ്പ് നിബന്ധന
പ്രവാസികള്‍ക്ക് ആണ്‍ മക്കളെ 25 വയസ് വരെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍കൂടെ താമസിപ്പിക്കാം. നേരത്തെ ഈ പ്രായ പരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ പ്രായപരിധിയില്ലാതെ തന്നെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിക്കാനുമാവും. ഭിന്നശേഷിക്കാരായ കുട്ടികളെയും പ്രായപരിധി പരിഗണിക്കാതെ സ്‍പോണ്‍സര്‍ ചെയ്യാം. ഗ്രീന്‍ റെസിഡന്‍സിയിലൂടെ അടുത്ത ബന്ധുക്കളെയും സ്‍പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാം.
ഗോള്‍ഡന്‍ വിസയില്‍ മാറ്റം
കൂടുതല്‍ വിഭാഗങ്ങളിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഗോള്‍ഡന്‍ വിസാ സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. മെഡിസിന്‍, സയന്‍സ്, എഞ്ചിനീയറിങ്, ഐടി, ബിസിനസ് ആന്റ് അഡ്‍മിനിസ്‍ട്രേഷന്‍, എജ്യുക്കേഷന്‍, നിയമം, കള്‍ച്ചര്‍ ആന്റ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഒപ്പം യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും, രണ്ടും ലെവലിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ ആയിരിക്കുകയും വേണം.
രണ്ട് മില്യന്‍ ദിര്‍ഹം മൂല്യമുള്ള വസ്‍തുവകകള്‍ സ്വന്തമാക്കിയാല്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കും. ചില പ്രത്യേക പ്രാദേശിക ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്‍പയും ഇതിനായി എടുക്കാന്‍ അനുമതിയുണ്ട്.
ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ തന്നെ മക്കളെ സ്‍പോണ്‍സര്‍ ചെയ്യാം. ഒപ്പം എത്ര പേരെ വേണമെങ്കിലും സപ്പോര്‍ട്ട് സ്റ്റാഫായി സ്‍പോണ്‍സര്‍ ചെയ്യുകയും ചെയ്യാം.
ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിച്ചാലും ഈ വിസകള്‍ക്ക് പ്രശ്നമുണ്ടാവില്ല.
ഗ്രീന്‍ വിസ
പ്രൊഫഷണലുകള്‍ക്ക് സ്‍പോണ്‍സര്‍ ആവശ്യമില്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും ഒപ്പം കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം. ഫ്രീലാന്‍സര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ വിസയ്ക്ക് അപേക്ഷ നല്‍കാം.
ഗ്രേസ് പീരിഡ്
വിസയുടെ കാലാവധി കഴിഞ്ഞാല്‍ നേരത്തെ 30 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥയെങ്കില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടാന്‍ ആറ് മാസത്തെ ഗ്രേസ് പീരിഡ് ലഭിക്കും. എന്നാല്‍ എല്ലാത്തരം വിസകള്‍ക്കും ഇത് ബാധകമാണോ എന്ന് വ്യക്തമല്ല.
🇦🇪എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ യുഎഇയിലെ ഇന്ധനവില; ടാക്‌സി, പൊതുഗതാഗത നിരക്ക് കുറയും.
✒️യുഎഇയില്‍ ഇന്ധനവില എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയതിന് പിന്നാലെ ടാക്‌സി സേവന നിരക്കില്‍ കുറവ് പ്രഖ്യാപിച്ച് അജ്മാന്‍ അധികൃതര്‍. കിലോമീറ്ററിന് 1.82 ദിര്‍ഹമായിരിക്കും ടാക്‌സി മീറ്റര്‍ നിരക്കെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
ഓരോ മാസത്തെയും ഇന്ധനവില അനുസരിച്ച് അജ്മാനില്‍ ടാക്‌സി നിരക്കില്‍ മാറ്റം വരാറുണ്ട്. ഇന്ധനവില വര്‍ധിച്ചപ്പോള്‍ ജൂലൈയില്‍ ടാക്‌സി നിരക്കും ഉയര്‍ന്നിരുന്നു. പൊതുഗതാഗത നിരക്കുകളും പുഃനക്രമീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം മാസവും വില കുറഞ്ഞതിനെ തുടര്‍ന്ന് യുഎഇയിലെ ഇന്ധന വില ഇപ്പോള്‍ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ന്നു തുടങ്ങിയത്. യുക്രൈന്‍ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ധന വില ചരിത്രത്തിലാദ്യമായി നാല് ദിര്‍ഹം കടന്നിരുന്നു. അതിന് ശേഷമാണ് പടിപടിയായി വില കുറഞ്ഞത്.
ഫെബ്രുവരിയില്‍ തുടങ്ങിയ റഷ്യ - യുക്രൈന്‍ അധിനിവേശം ജൂലൈയില്‍ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലെത്തിയപ്പോള്‍ യുഎഇയില്‍ സൂപ്പര്‍ 98 പെട്രോളിന് വില 4.63 ദിര്‍ഹമായിരുന്നു വില. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയായിരുന്നു അത്. രണ്ട് ദിവസം മുമ്പ് ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍ 98 പെട്രോളിന്റെ വില 3.03 ദിര്‍ഹമാണ്. സെപ്റ്റംബറില്‍ ഇതിന് 3.41 ദിര്‍ഹമായിരുന്നു. മറ്റ് ഗ്രേഡിലുള്ള പെട്രോളിനും ഡീസലിനുമെല്ലാം ഇതേ കണക്കില്‍ വില കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2.94 ദിര്‍ഹമായിരുന്നു സൂപ്പര്‍ 98 പെട്രോളിന്റെ വിലയെങ്കില്‍ മാര്‍ച്ചില്‍ അത് 3.23 ദിര്‍ഹമായി ഉയര്‍ന്നിരുന്നു.
2015 മുതലാണ് അന്താരാഷ്‍ട്ര വിപണിയിലെ അസംസ്‍കൃത എണ്ണയുടെ വില അടസ്ഥാനപ്പെടുത്തി യുഎഇയില്‍ ചില്ലറ വിപണിയിലെ ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. എല്ലാ മാസവും ഇത് അനുസരിച്ച് വിലയില്‍ മാറ്റം വരുത്താന്‍ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‍തു. റഷ്യന്‍ - യുക്രൈന്‍ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അസംസ്‍കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വില കുറയുവകയാണ്. ഒക്ടോബറില്‍ സൂപ്പര്‍ 98 പെട്രോളിന് 3.03 ദിര്‍ഹവും സ്‍പെഷ്യല്‍ 95 പെട്രോളിന് 2.92 ദിര്‍ഹവും ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹവുമാണ് വില.
🇦🇪ഇന്ന് ഇന്ത്യക്കാരുടെ ദിവസം! ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 44 കോടി.
✒️മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്മാരാക്കിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റിന്‍റെ 244-ാം സീരീസ് 'മൈറ്റി - 20 മില്യന്‍' നറുക്കെടുപ്പില്‍ 44 കോടി സ്വന്തമാക്കി പ്രവാസി മലയാളിയായ പ്രദീപ് കെ പി. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം സെപ്തംബര്‍ 13ന് വാങ്ങിയ 064141 നമ്പര്‍ ടിക്കറ്റാണ് വന്‍തുകയുടെ സമ്മാനം നേടിയത്.
സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ പ്രദീപിനെ ഫോണ്‍ വിളിച്ചിരുന്നു. താന്‍ ഡ്യൂട്ടിയിലാണെന്ന് പ്രദീപ് മറുപടി നല്‍കി. ഇന്ത്യക്കാരനായ അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. ഇദ്ദേഹം വാങ്ങിയ 252203 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 064378 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിര്‍ഹത്തിന്‍റെ നാലാം സമ്മാനം സ്വന്തമാക്കി.
ഇതാദ്യമായി രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇക്കുറി ലഭിച്ചത്. ജീപ്പ് ഗ്രാന്റ് ചെറോക് സീരീസ് എട്ട് സ്വന്തമാക്കിയ രണ്ടുപേരും ഇന്ത്യക്കാരാണ്. 010952 എന്ന ടിക്കറ്റ് നമ്പരിലൂടെ ഷാജി പുതിയ വീട്ടില്‍ നാരായണന്‍ പുതിയ വീട്ടിലും 016090 എന്ന ടിക്കറ്റ് നമ്പരിലൂടെ മുഹമ്മദ് അലി പാറത്തൊടി എന്നിവരാണ് വിജികളായത്. ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ നേടിയെന്ന പ്രത്യേകത കൂടിയുണ്ട്.
നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം.
🇦🇪ദുബൈയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നാളെ തുറക്കും.
✒️ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നാളെ ഭക്തര്‍ക്ക് സമര്‍പ്പിക്കും. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഗുരുദ്വാരക്കും സമീപത്തായി മൂന്നുവര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായത്.
സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായിവീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബൈ. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബൈയിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.
നാളെ വൈകിട്ട് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കപ്പെടും. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല. അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
🇸🇦ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് മന്ത്രാലയം.
✒️ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളത്. ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് ഏറ്റവും ഭംഗിയായി സേവനങ്ങള്‍ നല്‍കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും വേണം. തങ്ങള്‍ക്കു കീഴിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകളും മദീന മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകളും ഇഷ്യു ചെയ്ത് കൊടുക്കുന്നതിന്റെയും പെര്‍മിറ്റുകളില്‍ നിര്‍ണയിച്ച കൃത്യസമയത്ത് തീര്‍ഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.
അതേസമയം ഉംറ നടപടിക്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകും. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്.
സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സിയാറത്തും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ ബുക്കിംഗ്, ഉംറ, മദീന സന്ദർശനം പ്രോഗ്രാമുകളില്‍ ബുക്കിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ എന്നീ സേവനങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം നല്‍കും. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സന്ദർശനം നടത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള പുതിയ പോര്‍ട്ടല്‍ ആണ് നുസുക് പ്ലാറ്റ്‌ഫോം.
🇶🇦ഖത്തർ: ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ.
✒️കഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഒക്ടോബർ 2-ന് വൈകീട്ട് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി 2022 ഒക്ടോബർ 1, ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.
3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടക്കുന്ന ഈ എക്സിബിഷൻ 2023 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്നതാണ്.
സന്ദർശകർക്ക് ഈ പ്രദർശനത്തിൽ നിന്ന് ഫുട്ബാൾ മത്സരങ്ങളുടെ തുടക്കകാലം മുതൽക്കുള്ള ചരിത്രം, വികാസം, ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ആവിർഭാവം, ലോകകപ്പ് ചരിത്രം എന്നിവ അടുത്തറിയുന്നതിനൊപ്പം, ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്ബാളിനുള്ള സ്ഥാനം മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ആദ്യ ലോകകപ്പ് മുതൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 വരെയുള്ള ഈ ടൂർണമെന്റിന്റെ പരിണാമം ഈ പ്രദർശനത്തിലൂടെ വ്യക്തമാകുന്നതാണ്.
ഈ പ്രദർശനത്തിലെ ‘ഫുട്ബോൾ ഫോർ ഓൾ, ഓൾ ഫോർ ഫുട്ബാൾ’ എന്ന ഭാഗം ഫുട്ബോൾ എന്ന കായികഇനത്തിനള്ള ആഗോള ജനപ്രീതി സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ ‘ദി റോഡ് ടു ദോഹ’ എന്ന ഭാഗം സന്ദർശകരെ 1930-ൽ ഉറുഗ്വായിൽ വെച്ച് നടന്ന ആദ്യ ലോകകപ്പ് മുതൽ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ഈ വർഷത്തെ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഫൈനൽ നടക്കാനിരിക്കുന്ന 2022 ഡിസംബർ 18 വരെയുള്ള ദിനങ്ങളെ പരിചയപ്പെടുത്തുന്നു.
1986-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ധരിച്ച ജേഴ്‌സി വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട ആകർഷങ്ങളിലൊന്നാണ്.
ഇംഗ്ലണ്ടിനെതിരെ നടന്ന ഈ മത്സരത്തിൽ അദ്ദേഹം 2 ഗോൾ നേടിയിരുന്നു. 2022 മെയ് മാസത്തിൽ നടന്ന ലേലത്തിൽ വിൽക്കപ്പെട്ട ഈ ജേഴ്‌സി ലോകത്തെ ഏറ്റവും വിലപിടിച്ച സ്പോർട്സ് സ്മരണികകളിലൊന്നാണ്.
1930-ൽ ഉറുഗ്വായിൽ വെച്ച് നടന്ന ആദ്യ ലോകകപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങളിൽ ഉപയോഗിച്ച പന്ത്.
1930-ൽ നടന്ന ആദ്യ ലോകകപ്പ് ടൂർണമെന്റിൽ ഉപയോഗിച്ച പന്ത്, 1973-ൽ സാന്റോസിന് വേണ്ടി കളിക്കുന്ന അവസരത്തിൽ ഫുട്ബാൾ മാന്ത്രികൻ പെലെ ഉപയോഗിച്ചിരുന്ന ജേഴ്‌സി, ഫുട്ബാൾ മത്സരങ്ങളുടെ നിയമങ്ങൾ ആദ്യമായി എഴുതിച്ചേർത്ത ഗൈഡ്, ലോകപ്രശസ്തരായ ഫുട്ബാൾ കളിക്കാർ ഉപയോഗിച്ചിരുന്ന ജേഴ്‌സികൾ മുതലായവയും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖലീഫ സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇല്ലാത്ത ദിനങ്ങളിലെല്ലാം 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് മ്യൂസിയം ഡയറക്ടർ അബ്ദുല്ല അൽ മുല്ല വ്യക്തമാക്കിയിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിലെ എട്ട് മത്സരങ്ങൾ ഖലീഫ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ഹയ്യ കാർഡ്, പ്രവേശന ടിക്കറ്റ് എന്നിവ ആവശ്യമാണ്. മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത് ലഭ്യമാണ്.
🇰🇼കുവൈത്ത് മന്ത്രിസഭയുടെ രാജി അമീര്‍ അംഗീകരിച്ചു;
✒️പതിനേഴാം ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ രാജിവെച്ചു. രാജി സ്വീകരിച്ച അമീര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത് വരെ മന്ത്രിസഭയോട് തുടരുവാന്‍ അമീര്‍ നിര്‍ദ്ദേശം നല്‍കി.
പാര്‍ലമെന്റ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിറകെയാണ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് ഞായറാഴ്ച കിരീടാവകാശി ഷെയ്ഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ കണ്ട് രാജി സമര്‍പ്പിച്ചത് . കുവൈത്ത് ഭരണഘടന പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രാജിവെക്കണം. അടുത്താഴ്ചക്കുള്ളില്‍ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് സൂചനകള്‍.
എം.പിമാരുടെയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനുള്ളതിനാല്‍ അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയും പ്രധാന വകുപ്പുകളും സബാഹ് ഭരണകുടുംബത്തിലെ മുതിർന്ന അംഗങ്ങളാണ് വഹിച്ചുവരുന്നത്.
1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് അടിക്കടി പാർലമെൻറ് പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണയാണ് കുവൈത്ത് സാക്ഷിയായത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തിനാണ് മുന്‍തൂക്കമെങ്കിലും രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മലയാളികൾ അടക്കമുള്ള രാജ്യത്തെ പ്രവാസി സമൂഹമവും ഏറെ താൽപര്യത്തോടെയാണ് കുവൈത്ത് മന്ത്രിസഭയെ കാത്തിരിക്കുന്നത്.
0 Comments