Ticker

6/recent/ticker-posts

Header Ads Widget

പ്രവാസി വാർത്തകൾ ചുരുക്കത്തിൽ...

🇸🇦പകർച്ചപ്പനി സാധ്യത; സൗദി അറേബ്യയില്‍ മാസ്ക് ധരിക്കണമെന്ന് നിർദേശം.

✒️ശൈത്യകാലം ആരംഭിച്ചതോടെ പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗ ലക്ഷണമുള്ളവരുടെ അടുത്തും ആരോഗ്യ കേന്ദ്രങ്ങളിലും മാസ്‍ക് ധരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രോഗം ബാധിച്ചവരുടെ ശ്വാസോച്ഛ്വാസ സമയത്ത് പുറത്തുവരുന്ന ചെറു കണികകൾ വഴി രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. 

മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലുള്ള ശരീര താപനില എന്നിവയാണ് കാലാവാസ്ഥാജന്യ രോഗങ്ങൾ. ശ്വാസകോശ വീക്കം, ചെവിയിലെ അണുബാധ, രക്ത വിഷബാധ, മരണം എന്നീ സങ്കീർണതകൾക്കും ഇതു കാരണമാകാം. രോഗ പ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്‍ക് ധരിക്കലും കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കലുമാണ്. വൈറസ് പനിയ്‍ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പെടുക്കുകയും, കൈ കഴുകുകയുംസ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

🇸🇦സന്ദർശന വിസകളുടെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാം; ഇന്‍ഷുറന്‍സ് നിര്‍ബന്ധം.

✒️വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി പാസ്‍പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ (വ്യക്തിയോ സ്ഥാപനങ്ങളുടെയോ) ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. 

അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും. 

സന്ദർശക വിസ താമസ വിസയാക്കി മാറ്റാൻ കഴിയില്ല. സന്ദർശന വിസയെടുത്ത സ്‍പോൺസർക്ക് ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാന്‍ ഉണ്ടെങ്കിലും ‘അബ്ശീർ’ പ്ലാറ്റ്‌ഫോം വഴി സന്ദർശന വിസകൾ പുതുക്കുന്നതിന് തടസ്സമുണ്ടാവില്ല. അതുപോലെ സ്‍പോൺസറുടെ ഇഖാമാ കാലാവധി അവസാനിച്ചാലും സന്ദർശന വിസ പുതുക്കാൻ കഴിയുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതേസമയം സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും അധികൃതര്‍ അറിയിച്ചു. വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്‍പോർട്ട് ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ 'അബ്ശിര്‍' വഴി പുതുക്കാന്‍ സാധിക്കും.

🇸🇦വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്.

✒️സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസയുടെ ഫീസിൽ അതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ സമഗ്രമായ കവറേജ് ലഭിക്കും. അടിയന്തര ആരോഗ്യ കേസുകൾ, കൊവിഡ് ബാധ, പൊതു അപകടങ്ങളും മരണങ്ങളും, വിമാന യാത്ര റദ്ദാക്കൽ അല്ലെങ്കിൽ പുറപ്പെടുന്ന വിമാനങ്ങളുടെ കാലതാമസം എന്നിവ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്നും ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ജൂലൈ 30-ന് ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വിസ അനുവദിച്ചത് ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾക്കാണ്.

ഇങ്ങനെ എത്തുന്ന വിദേശ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ 150 ഓളം ഉംറ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതത് രാജ്യങ്ങളിൽനിന്നുള്ള വരവ് മുതൽ ഉംറ നിർവഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നത് ഈ കമ്പനികളാണെന്നും ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ-ഉമൈരി പറഞ്ഞു.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യണമെന്ന സൽമാൻ രാജാവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര കമ്പനികളെ നിയോഗിച്ചത്.

തീർഥാടകർക്ക് ആശ്വാസത്തോടെയും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങളുടെ കർമങ്ങൾ നിർവഹിക്കുന്നതിന് സൗദി ഭരണകുടം ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നിവ കൂടാതെ പാകിസ്താൻ, മലേഷ്യ, ഇന്ത്യ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഉംറ നിർവഹിക്കാൻ ഏറ്റവും കൂടുതൽ തീർഥാടകർ വരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വരും കാലയളവിൽ വർധനവുണ്ടാകുമെന്നും അൽ-ഉമൈരി പറഞ്ഞു.

🇦🇪ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസി മലയാളിക്ക് കൂടി ഭാഗ്യമെത്തി; ഇത്തവണ ഒരു കിലോ സ്വര്‍ണം.
✒️ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഒരു മലയാളിക്ക് കൂടി ഭാഗ്യമെത്തി. മലയാളിയായ സന്ദീപ് പൊന്തിപ്പറമ്പിലാണ് ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കിയത്. 13 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സന്ദീപ്, ഇപ്പോള്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.

ബിഗ് ടിക്കറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ സന്ദീപ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കുന്നു. സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം അടക്കനാവാത്ത സന്തോഷം മറച്ചുവെച്ചില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ആ ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയതിന്റെ എല്ലാ ആഹ്ലാദവും ആ വാക്കുകളിലുണ്ടായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് അവസാനിപ്പിക്കാനും സന്ദീപിന് പദ്ധതിയില്ല. എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ തുടര്‍ന്നും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഒക്ടോബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും സ്വമേധയാ ഉള്‍പ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക. ഈ പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റുകളെടുക്കുന്ന എല്ലാവര്‍ക്കും നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടാനും അവസരമുണ്ടാകും. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഒക്ടോബര്‍ 31 വരെ ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാം. ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

പ്രൊമോഷന്‍ 1: ഒക്ടോബര്‍ 1 - 9, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 10 (തിങ്കളാഴ്ച)
പ്രൊമോഷന്‍ 2: ഒക്ടോബര്‍ 10 - 16, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 17 (തിങ്കളാഴ്ച)
പ്രൊമോഷന്‍ 3: ഒക്ടോബര്‍ 17 - 23, നറുക്കെടുപ്പ് തീയതി - ഒക്ടോബര്‍ 24 (തിങ്കളാഴ്ച)
പ്രൊമോഷന്‍ 4: ഒക്ടോബര്‍ 24 - 31, നറുക്കെടുപ്പ് തീയതി - നവംബര്‍ 1 (ചൊവ്വാഴ്‍ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

🇦🇪പ്രവാസികള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം.

✒️യുഎഇയില്‍ പുതിയ വിസകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇനി മുതല്‍ ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നല്‍കണം.

യുഎഇയില്‍ ഈ മാസം ആദ്യം നിലവിൽ വന്ന പുതിയ വിസാ ചട്ട പ്രകാരമാണ് പുതിയ വിസകൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുന്നത്. രാജ്യത്തെ അംഗീകൃത കമ്പനികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ രേഖകൾ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള വിസ, ചികിത്സയ്ക്കുള്ള വിസ എന്നിവയ്‌ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 

എന്നാൽ തൊഴിലന്വേഷകർക്കുള്ള വിസയ്ക്കും ബിസിനസ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ വിസ അപേക്ഷക്കൊപ്പം ഇവർ ഇൻഷുറൻസ് തുകയായി 120 ദിർഹം നൽകണം. ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നവരും അവരുടെ കുടുംബാഗംങ്ങളും ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. 

ഇൻഷുറൻസിന്റെ വിശദാംശങ്ങൾ നൽകാത്ത വിസ അപേക്ഷകൾ അംഗീകരിക്കപ്പെടില്ല. വിസ കാലാവധി അവസാനിക്കുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. പുതിയ വീസകൾക്ക് അനുസരിച്ചുള്ള പാക്കേജുകൾ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കുന്നുണ്ട്.

🇴🇲ഒമാൻ: COVID-19 വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2022 ഒക്ടോബർ 22-ന് രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിൽ ശ്വാസകോശസംബന്ധിയായ രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ശ്വാസനേന്ദ്രിയങ്ങളെ ബാധിക്കുന്ന സാധാരണയായി കണ്ട് വരാറുള്ള വൈറസ് മൂലമാണെന്നും, പുതിയ ഒരു COVID-19 വൈറസ് വകഭേദം മൂലമാണെന്നുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിലവിൽ രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രലയം കൂട്ടിച്ചേർത്തു.

🇰🇼ആറ് മാസത്തിലധികം കുവൈത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവും.

✒️കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വിസ റദ്ദാകുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.

2022 ഓഗസ്റ്റ്‌ ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. എന്നാല്‍ കോവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആറ് മാസത്തെ സമയ പരിധി കണക്കാക്കി ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചതായിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് അനുസരിച്ച് ആറു മാസത്തിലധികമായി കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ ജനുവരി 31 ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവും. ആര്‍ട്ടിക്കിള്‍ 23,24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ആര്‍ട്ടിക്കിള്‍ 17, 19 ഇഖാമക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Post a Comment

0 Comments