Ticker

6/recent/ticker-posts

Header Ads Widget

lറോഡ് മാർഗം ഖത്തറിലേക്ക് പോകുന്നവർ അറിയാൻ.

റോഡ് മാർഗം ഖത്തറിലേക്ക് ലോകകപ്പ് കാണാൻ പോകാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലുള്ളവർ. സൗദി അതിർത്തി വഴിയാണ് ഖത്തറിലേക്ക് തിരിക്കുന്നത്. ഇതിനായി സൗദി വിസ എടുക്കണമെന്ന് മാത്രമല്ല, പുതിയ ചില നിർദേശങ്ങൾ ഖത്തർ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എന്തൊക്കെയാണെന്നറിയാം...

അതിർത്തിവഴി പ്രവേശനം അഞ്ചു തരം

1.ഖത്തർ പൗരന്മാര്‍, ഖത്തറിലെ പ്രവാസി താമസക്കാര്‍: ഈ വിഭാഗം യാത്രക്കാർക്ക് നടപടിക്രമങ്ങൾ പതിവുപോലെ തന്നെയായിരിക്കും. ഹയാ കാർഡ് നിർബന്ധമല്ല. എന്നാൽ, പാസ്പോർട്ട് കൈവശമുണ്ടാവണം. യാത്ര ചെയ്യുന്ന വാഹനം ഖത്തർ രജിസ്ട്രേഷനുള്ളതായിരിക്കണം.

2.പ്രത്യേക എന്‍ട്രി പെര്‍മിറ്റുള്ള യാത്രക്കാർ: സ്വന്തം വാഹനത്തിൽ ഖത്തറിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കാണികൾക്ക് എൻട്രി പെർമിറ്റ് ഉൾപ്പെടെയുള്ള നടപടികൾ പാലിക്കണം. ഇവർ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. വാഹന പെർമിറ്റ് ലഭിക്കുന്നതിന് ഡ്രൈവർക്ക് ഹയാ പോർട്ടൽ അംഗീകാരമുള്ള താമസ സൗകര്യമുണ്ടായിരിക്കണം (കുറഞ്ഞത് അഞ്ചു ദിവസം). ഹയാ പോര്‍ട്ടല്‍ മുഖേന വാഹന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ അംഗീകാരം ഇ-മെയില്‍ വഴി ലഭിക്കും.

വാഹന ഇൻഷുറൻസിനുള്ള ഓൺലൈൻ ലിങ്കും ലഭ്യമാവും. ശേഷം, 24 മണിക്കൂറിനുള്ളില്‍ 5,000 റിയാല്‍ അടച്ച് വാഹനത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് എടുക്കണം. 5,000 റിയാല്‍ തിരികെ ലഭിക്കുന്നതല്ല. ഒരു വാഹനത്തില്‍ കുറഞ്ഞത് മൂന്നു മുതല്‍ ആറുപേര്‍ വരെ മാത്രമേ പാടുള്ളൂ. എല്ലാവര്‍ക്കും ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. എൻട്രി പെർമിറ്റ് ഒരു തവണ മാത്രം അനുവദിക്കും. അനുവദനീയമല്ലാത്ത മേഖലകളില്‍ വാഹനം ഓടിക്കാന്‍ പാടില്ല.

3.വണ്‍-ഡേ ഫാന്‍: ഒന്നോ, രണ്ടോ മത്സരങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ പ്രവേശിച്ച് മടങ്ങുന്ന കാണികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇവർക്ക് ഹോട്ടൽ-താമസ ബുക്കിങ് ആവശ്യമില്ല. ഹയാ കാർഡ് മുഖേനയാവും രാജ്യത്തേക്കുള്ള പ്രവേശനം. അബു സംറയിലെത്തും മുമ്പേ ഹയാ പോർട്ടൽ വഴി വാഹന പാർക്കിങ് ബുക്ക് ചെയ്യാം. ഈ സൗകര്യം നവംബർ ഒന്ന് മുതൽ ആരംഭിക്കും.

പ്രവേശിക്കുന്ന സമയം മുതല്‍ 24 മണിക്കൂര്‍ വരെ പാർക്കിങ് സൗജന്യമാവും. ശേഷം ആയിരം റിയാൽ ഫീസായി ഇടാക്കും. 48 മണിക്കൂർ കഴിഞ്ഞിട്ടും മടങ്ങിയില്ലെങ്കിൽ വാഹനം എടുത്തുമാറ്റുകയും ഇതിനായി 1000 റിയാൽ അധികമായി ഈടാക്കുകയും ചെയ്യും. ചെക്ക് പോയന്‍റിൽനിന്ന് അൽ മെസ്സില മെട്രോ സ്റ്റേഷനിലേക്കും രണ്ടു കിലോമീറ്റർ അകലെയുള്ള അൽ ഖലായിലെ ഫാമിലി ആൻഡ് ഫ്രണ്ട് മീറ്റ് ഏരിയയിലും എത്താൻ ബസ് സർവിസുണ്ടായിരിക്കും.

4.ബസുകളില്‍ വരുന്നവർ: സൗദി, യു.എ.ഇ ഉൾപ്പെടെ അയൽരാജ്യങ്ങളിൽനിന്ന് ബസുകളിൽ യാത്രചെയ്ത് എത്തുന്ന വിദേശികൾക്കും ഹയാ കാർഡ് നിർബന്ധമാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം, ഖത്തർ ബസുകളിൽ അൽ മെസ്സില മെട്രോ സ്റ്റേഷനിലും മീറ്റ് ഏരിയയിലുമെത്തി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാം.

5.മാനുഷിക പരിഗണന അര്‍ഹിക്കുന്നവർ: അടിയന്തര സാഹചര്യത്തിൽ രാജ്യത്ത് പ്രവേശം ആവശ്യമായവരാണ് ഈ വിഭാഗത്തിലുള്ളത്. ഹയാ കാർഡില്ലാതെ വിമാനത്താവളം വഴി ഖത്തറിലേക്ക് വരാൻ ശ്രമിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് മുഖേന എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം.യോഗ്യരെങ്കില്‍ അപേക്ഷ ലഭിച്ച് ആറ് മണിക്കൂറിനുള്ളില്‍ ഇ-മെയിൽ വഴി പ്രവേശന പെർമിറ്റ് ലഭ്യമാവും.

Post a Comment

0 Comments