ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി. ആദ്യഘട്ടം ഡിസംബർ ഒന്നിന്. രണ്ടാം ഘട്ടം ഡിസംബർ അഞ്ചിന്. ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലവും ഡിസംബർ എട്ടിനാണ് പ്രഖ്യാപിക്കുക.
ആദ്യ ഘട്ടത്തിൽ 89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 93 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചിന് പുറത്തിറങ്ങും. രണ്ടാം ഘട്ടം നവംബർ 10ന്. ഒന്നാം ഘട്ട നാമ നിർദേശ പത്രിക നവംബർ 14നും രണ്ടാം ഘട്ടം നവംബർ 18നും സമർപ്പിക്കാം. സൂക്ഷ്മ പരിശോധന നവംബർ 15, 18തിയതികളിൽ നടക്കും. പത്രിക നവംബർ 17, 21 തിയതികളിൽ പിൻവലിക്കാം
നാമനിർദേശ പത്രിക ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാം. നോ യുവർ കാൻഡിഡേറ്റ് (കെ.വൈ.സി) ആപ്പും പുറത്തിറക്കും. സ്ഥാനാർഥിയുടെ സ്വത്ത് വിവരങ്ങൾ, ക്രിമിനൽ കേസുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ആപ്പുവഴി വോട്ടർമാർക്ക് അറിയാൻ സാധിക്കും. നിയമ ലംഘനം റിപ്പോർട്ട് ചെയ്യാനും പ്രത്യേക ആപ്പ് തയാറാക്കും.
സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമായി പ്രത്യേക നിരീക്ഷകനെ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ നിയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. 182 പോളിങ് സ്റ്റേഷനുകളിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ ഒരു നിരീക്ഷകനെ ചുമതലപ്പെടുത്തും.
182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 92 ആണ് കേവല ഭൂരിപക്ഷം. 4.9 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 51, 782 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. അതിൽ 1274 പോളിങ് സ്എറ്റേഷനുകൾ പൂർണമായും സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുന്നത്. നിലവിലെ നിയമസഭാ കാലാവധി ഫെബ്രുവരി 18ന് അവസാനിക്കും.
നേരത്തെ, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിന്റേതും അറിയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. മാതൃക പെരുമാറ്റചട്ടം ദീർഘനാൾ ബാധകമാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് കമീഷൻ വിശദീകരിച്ചിരുന്നു
നവംബർ ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തൂക്കുപാലം അപകടത്തിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ ഇത് രണ്ട് ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്. ഗുജറാത്തിൽ ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും പുറമേ ആം ആദ്മി പാർട്ടിയും ശക്തമായി മത്സരരംഗത്തുണ്ട്.
1995-ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി ആദ്യമായി അധികാരം പിടിച്ചതിന് ശേഷം ഗുജറാത്ത് പിന്നീട് ബിജെപിയുടെ ഉരുക്കുകോട്ടയാണ്. കേശുഭായ് പട്ടേലില്‍ നിന്ന് അധികാരം നരേന്ദ്ര മോദിയിലേക്കെത്തിയതോടെ പ്രതിപക്ഷത്തിന് ഒരു കടന്നുകയറ്റത്തിനും സാധ്യകാത്ത കോട്ടയായി തന്നെ ഗുജറാത്ത് തുടര്‍ന്നു. എന്നാല്‍ 2014-ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതിന് ശേഷം 2017-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നു വിറച്ചു.
1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായത് ബിജെപി തെല്ലൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളത്. 21 സീറ്റുകള്‍ മാത്രമായിരുന്നു ഇരുപാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 1995ല്‍ അധികാരം നേടിയത് മുതല്‍ അതുവരെ ബിജെപി നൂറില്‍ കുറഞ്ഞ അംഗസംഖ്യയിലേക്കെത്തിയിരുന്നില്ല. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകള്‍ നേടികൊണ്ടായിരുന്നു ഓരോ തവണയും അധികാരത്തിലേറിയിരുന്നത്.
ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പ്രതിരൂപമായിട്ടാണ് 2014-ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും കടന്നുവന്നത്. അതിന് ശേഷം സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലൊരു തിരിച്ചടിയെന്നതാണ് ബിജെപി നേതൃത്വത്തെ അമ്പരപ്പിലാഴ്ത്തിയത്.
എന്നാല്‍ തിരഞ്ഞെടുപ്പ് ശേഷം പല സംസ്ഥാനങ്ങളിലെന്ന പോലെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി. ഇപ്പോള്‍ അവരുടെ അംഗ സംഖ്യ 62 ഉം ബിജെപിയുടേത് 111 ലും എത്തിയിട്ടുണ്ട്. എന്‍സിപിക്കും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും ഓരോ എംഎല്‍എമാരും ഗുജറാത്ത് നിയമസഭയിലുണ്ട്. ഒരു സ്വതന്ത്രനും.
ഗുജറാത്ത് മാതൃകയുടെ പ്രതീകമായ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ട് എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ആ സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.
ആ മാതൃകയുടെ ഓര്‍മ്മകള്‍ ഗുജറാത്തി വോട്ടര്‍മാരില്‍ പ്രതിധ്വനിക്കുന്നുണ്ടോ? അതില്‍ അവര്‍ അഭിമാനിക്കുന്നുണ്ടോ എന്നത് കണ്ടറിയാം. ഗുജറാത്ത് മോഡല്‍ വികസന ചര്‍ച്ചകള്‍ക്കിടെയാണ് മോര്‍ബി തൂക്കുപാല ദുരന്തം ഇടിവെട്ട് പോലെ ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും കോണ്‍ഗ്രസിന്റെ നിശബ്ദ പ്രചാരണവും തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയാം. മോദിക്ക് പകരക്കാരിയായി ആനന്ദിബെന്‍ പട്ടേലിനേയും വിജയ് രൂപാണിയേയും പരീക്ഷിച്ച് പ്രതീക്ഷിച്ച വിജയം കാണാതായതോടെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലില്‍ ബിജെപി എത്തിനില്‍ക്കുന്നത്. ഹര്‍ദിക് പട്ടേലിനെ കൂടി പാര്‍ട്ടിയിലെത്തിച്ചതോടെ കഴിഞ്ഞ തവണ പാര്‍ട്ടിയില്‍ നിന്നകന്ന പട്ടേല്‍ വോട്ടുകള്‍ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
രണ്ടു ഘട്ടമായിട്ടാണ് ഇത്തവണ ഗുജറാത്തില്‍ വോട്ടെടുപ്പ്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലായിട്ടായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും.
കോണ്‍ഗ്രസിന്റെ നിശബ്ദ പ്രചാരണം
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ആദ്യത്തില്‍ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നിശബ്ദ പ്രചാരണം സംബന്ധിച്ചായിരുന്നു ഇത്. 'ഇത്തവണ കോണ്‍ഗ്രസ് പുതിയ തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്. അക്കാര്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഞാന്‍ അക്കാര്യം അന്വേഷിച്ചിട്ടില്ല.പക്ഷേ പ്രത്യക്ഷത്തില്‍ അത്തരമൊരു നീക്കമുണ്ട്' വിദ്യാനഗറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറയുകയുണ്ടായി.
ഇത് ശരിവെക്കുന്ന തരത്തില്‍ തന്നെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നീക്കങ്ങളും. കൊട്ടിഘോഷിച്ചുള്ള പതിവ് പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രചാരണപരിപാടികള്‍. വീടുകള്‍ തോറും കയറിയിറങ്ങിയും ബൂത്ത് മാനേജ്‌മെന്റ് നടപ്പിലാക്കിയുമുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇത്തവണ പയറ്റിനോക്കുന്നത്.
ഇത്തവണ മേവാനി മാത്രം
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവത്വത്തിന്റെ ചോരത്തിളപ്പുമായെത്തിയ ത്രിമൂര്‍ത്തികള്‍ ബി.ജെ.പി.വിരുദ്ധ പ്രചാരണത്തിന്റെ മുഖമായിരുന്നു -ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍. എന്നാല്‍, ഇവരില്‍ രണ്ടുപേര്‍ ഇക്കുറി ബി.ജെ.പി. ക്യാമ്പിലാണ്; ഹാര്‍ദികും അല്‍പേഷും. കോണ്‍ഗ്രസിന് ആശ്വാസം മേവാനിയുടെ സാന്നിധ്യം മാത്രം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂര്‍ച്ചയേറിയ നാവും പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയുമായി ഹാര്‍ദിക് ബി.ജെ.പി.യെ പലകുറി പ്രതിരോധത്തിലാക്കി. ഒ.ബി.സി. വിഭാഗത്തില്‍ നല്ലസ്വാധീനമുള്ള അല്‍പേഷ് കോണ്‍ഗ്രസിന് ഊര്‍ജംപകര്‍ന്നു.
പുരോഗമനശബ്ദവും ദളിത് വോട്ടുകളുമായിരുന്നു മേവാനിയുടെ കൈമുതല്‍. ഫലം വന്നപ്പോള്‍ 99 സീറ്റുകളുമായി കഷ്ടിച്ച് ഭൂരിപക്ഷമുറപ്പാക്കാനേ ബി.ജെ.പി.ക്ക് കഴിഞ്ഞുള്ളൂ. 'ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ' എന്ന നിരാശയിലാണ് കോണ്‍ഗ്രസ്.
അല്‍പേഷ് അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു. വഡ്ഗാം സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച മേവാനിയെ, സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് സഹായിച്ചു; അദ്ദേഹം ജയിക്കുകയും ചെയ്തു. പത്രികനല്‍കാന്‍വേണ്ട 25 വയസ്സ് തികയാതിരുന്നതിനാല്‍ ഹാര്‍ദിക് മത്സരിച്ചിരുന്നില്ല.
അഞ്ചുകൊല്ലത്തിനിപ്പുറം ഗുജറാത്ത് വീണ്ടും ജനവിധിതേടുമ്പോള്‍ മാറ്റങ്ങളുടെ കുത്തൊഴുക്കാണ്. 2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റുവരെയായ ഹാര്‍ദിക് പട്ടേല്‍ നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ മേയില്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. അല്‍പേഷ് ഠാക്കോറിനെയാകട്ടെ 2019-ല്‍തന്നെ ബി.ജെ.പി. വലവീശിപ്പിടിച്ചു; അദ്ദേഹം എം.എല്‍.എ.സ്ഥാനവും രാജിവെച്ചു. ജെ.എന്‍.യു. സമരനായകനായിരുന്ന കനയ്യകുമാറിനൊപ്പം ജിഗ്‌നേഷ് മേവാനി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസിന് ആകെയുള്ള ആശ്വാസം.
വമ്പന്‍ പദ്ധതികളും ഏകസിവില്‍ കോഡും നേട്ടമാക്കാന്‍ ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയിട്ടുള്ളത്. വന്‍കിട പദ്ധതികള്‍ ഗുജറാത്ത് റാഞ്ചുന്നെന്ന സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ രംഗത്തെത്തുന്ന സാഹചര്യമുണ്ടായി.
വേദാന്ത ഫോക്ടസ് കോണ്‍ സെമി കണ്ടക്ടര്‍ നിര്‍മാണ ശാലയ്ക്ക് പിന്നലെ വ്യോമസേനയ്ക്കുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റും തിരഞ്ഞെടുപ്പ് അയല്‍സംസ്ഥാനമായ ഗുജറാത്തിലേക്ക് പോയതാണ് മഹാരാഷ്ട്രയില്‍ പ്രതിഷേധം ഉയര്‍ന്നത്. ഷിന്ദേ-ഫ്ഡനവിസ് സര്‍ക്കാരിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഇത്.
വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോസ്‌കോണും ചേര്‍ന്ന് ആരംഭിക്കുന്ന 1.54 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക് ചിപ്പ് നിര്‍മാണകേന്ദ്രം അവസാനനിമിഷത്തെ അട്ടിമറിയിലൂടെയാണ് ഗുജറാത്ത് അടിച്ചുമാറ്റിയത്. ഈ പദ്ധതികള്‍ കൂടാതെ കോടികളുടെ മറ്റനേകം പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഗുജറാത്തിലെത്തി പ്രഖ്യാപിക്കുകയുണ്ടായി.
ഈ പദ്ധതി പ്രഖ്യാപനങ്ങള്‍ കൂടാതെ ബിജെപിയുടെ മറ്റൊരു പ്രധാന പ്രചാരണ ആയുധമാണ് ഏക സിവില്‍ കോഡ്. പൊതു വ്യക്തിനിയമം നടപ്പാക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന ബി.ജെ.പി. മന്ത്രിസഭ തീരുമാനിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തും ഇത്തരമൊരു നീക്കം നടത്തുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണമാണ് ഗുജറാത്തില്‍ ബിജെപി പയറ്റി നോക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും സമാനമായ നീക്കം ബിജെപി നടത്തിയിരുന്നു.
റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൂന്നോ നാലോ അംഗങ്ങളുണ്ടാകുമെന്നാണ് മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഗുജറാത്ത് ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാംഘ്‌വി പറഞ്ഞത്. ചരിത്രപരമായ തീരുമാനമാണിതെന്നും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി.
ആംആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം
കോണ്‍ഗ്രസ് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നപ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണെന്ന തരത്തിലുള്ള വാദപ്രതിവാദങ്ങള ആണ് ഇരുപാര്‍ട്ടി നേതാക്കളും നടത്തി കൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി മത്സരിച്ചപ്പോള്‍ സൂറത്തിലടക്കം ചില മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് എഎപിയെ ഗുജറാത്തിലേക്ക് കണ്ണുവെക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. പഞ്ചാബില്‍ അട്ടിമറിയിലൂടെ അധികാരം പിടിക്കാനായ സാഹചര്യം ഗുജറാത്തിലും ഉണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ പ്രചാണത്തിന് ചുക്കാന്‍ പിടിച്ച രാഘവ് ഛദ്ദയെ ആണ് കെജ്‌രിവാള്‍ ഗുജറാത്തിലും നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കടലാസില്‍ മാത്രമാണ് എഎപി ഉള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഹിന്ദുത്വ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ നീക്കമിട്ടുള്ള ഹിന്ദുത്വ കാര്‍ഡുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷവെക്കുന്നു.
0 Comments