ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് അർജന്റീന യു എ ഇയുമായി ഒരു സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നതാണ്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ സൗഹൃദ മത്സരം.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലയണൽ മെസ്സി ഉൾപ്പടെയുള്ള മുൻനിര ഫുട്ബാൾ താരങ്ങൾ ഈ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി അർജന്റീന കളിക്കുന്ന അവസാനത്തെ സന്നാഹ മത്സരമാണിത്.
നവംബർ 16-ന് നടക്കുന്ന അർജന്റീന – യു എ ഇ സൗഹൃദ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും മണിക്കൂറുകൾക്കകം വിറ്റ് പോയിരുന്നു. നവംബർ 14-ന് അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീനയുടെ പരിശീലനത്തിലേക്കും കാണികൾക്ക് ടിക്കറ്റ് എടുത്ത് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്
അർജന്റീനയുമായുള്ള സൗഹൃദ മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി യു എ ഇ ദേശീയ ടീം അറിയിച്ചിട്ടുണ്ട്.
ലയണൽ മെസ്സി അബൂദബിയിൽ
ഖത്തർ ലോകകപ്പിനൊരുങ്ങാൻ അർജന്‍റീനൻ നായകൻ ലയണൽ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച് ലീഗിലെ പി.എസ്.ജി-ഓക്സിയോൺ മത്സരത്തിന് ശേഷമാണ് മെസ്സി അബൂദബിയിൽ പറന്നിറങ്ങിയത്.
മെസ്സിക്ക് പുറമെ ഡി പോൾ, മൊളിന, ജുവാൻ ഫോയ്ത്, ജൂലിയൻ അൽവാരസ്, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്. മറ്റ് ടീം അംഗങ്ങൾ നേരത്തെ തന്നെ അബൂദബിയിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാത്രി അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ മെസ്സിയുടെ സംഘം പരിശീലനത്തിനിറങ്ങും. കാണികൾക്ക് ടിക്കറ്റെടുത്ത് പരിശീലനം കാണാം.
16ന് യു.എ.ഇ ടീമുമായി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ പരിശീലന മത്സരം നടക്കും. അന്ന് രാത്രിയോ 17ന് രാവിലെയോ ടീം ഖത്തറിലേക്ക് തിരിക്കും
0 Comments