🇸🇦സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ബ്രാൻഡായി ‘സീർ’പ്രഖ്യാപിച്ച് കിരീടാവകാശി.
✒️സൗദി അറേബ്യയില്‍ ഇലക്ട്രിക് കാര്‍ വ്യവസായത്തിന് തുടക്കം കുറിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ആദ്യ സൗദി ബ്രാന്‍ഡ് ആയി സീര്‍ കമ്പനി പ്രഖ്യാപിച്ചു.
സീര്‍ കമ്പനി 56.2 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2034 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 3,000 കോടി റിയാല്‍ കമ്പനി സംഭാവന ചെയ്യുകയും പ്രത്യക്ഷമായും പരോക്ഷമായും 30,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രത്തിന്റെ ഭാഗമായാണ് സീര്‍ കമ്പനി പ്രവര്‍ത്തിക്കുക. സെഡാനുകളും എസ്.യു.വികളും ഉള്‍പ്പെടെ സെല്‍ഫ് ഡ്രൈവിംഗ് പോലുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകള്‍ കമ്പനി രൂപകല്‍പന ചെയ്ത് നിര്‍മിക്കുകയും സൗദിയിലും മിഡിൽ ഈസ്റ്റിലും വില്‍ക്കുകയും ചെയ്യും.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഫോക്‌സ്‌കോണ്‍ കമ്പനിയുടെയും സംയുക്ത പദ്ധതിയാണ് സീര്‍ കമ്പനി. വൈദ്യുതി കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഇലക്ട്രിക് കാറുകളുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങളുടെ ലൈസന്‍സുകള്‍ ബി.എം.ഡബ്ലിയു കമ്പനിയില്‍ നിന്ന് സീര്‍ കമ്പനിക്ക് ലഭിക്കും. ഇലക്ട്രിക് കാറുകള്‍ക്കാവശ്യമായ വൈദ്യുതി സംവിധാനം ഫോക്‌സ്‌കോണ്‍ കമ്പനി വികസിപ്പിക്കും. ഇവ പൂര്‍ണമായും രൂപകല്‍പന ചെയ്ത് നിര്‍മിക്കുക സൗദിയിലായിരിക്കും. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാറുകള്‍ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കും. ഇലക്ട്രിക് കാറുകള്‍ 2025-ല്‍ വിപണിയിലെത്തും.
സൗദിയില്‍ ഇലക്ട്രിക് കാറുകളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ കാര്‍ കമ്പനി സ്ഥാപിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായുള്ള ഫോക്‌സ്‌കോണ്‍ കമ്പനി പങ്കാളിത്തം ഏറെ പ്രധാനമാണെന്നും ഇതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഫോക്‌സ്‌കോണ്‍ കമ്പനി ചെയര്‍മാന്‍ യോംഗ് ലിയോ പറഞ്ഞു.
സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റം പോലുള്ള സാങ്കേതിക സംവിധാനങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ സൈറിനെ പിന്തുണക്കാന്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ പരിചയസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും. ഇലക്ട്രിക് കാറുകള്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കാനും വൈദ്യുതി കാര്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇതാണ് കമ്പനി സൗദിയിലും മേഖലയിലും മൊത്തത്തില്‍ ചെയ്യുകയെന്നും യോംഗ് ലിയോ പറഞ്ഞു.
🛫നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ പ്രവാസികള്‍ക്ക് മികച്ച അവസരം; രണ്ടു ദിവസത്തിനകം കോണ്‍സുലേറ്റുമായി ബന്ധപ്പെടണം.
✒️സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയവര്‍ക്ക് നാടണയാന്‍ സംവിധാനവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇഖാമ പുതുക്കാന്‍ കഴിയാതെയും ഹുറൂബ് ഉള്‍പ്പെടെ മറ്റ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ പോകാനാകാതെയും പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവസരം നല്‍കുന്നത്.
ഇതിനായി അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa - Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെ ലോക്ഡൗണിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 556122301 എന്ന വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
🇦🇪ഈ വിജയം സ്വപ്നതുല്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടിയുടെ ഒന്നാം സമ്മാനം പ്രവാസി മലയാളിക്ക്.
✒️അബുദാബി ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ് എന്‍ എസ്. ഇദ്ദേഹം വാങ്ങിയ
316764 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്നതുല്യമായ സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 20നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.
സമ്മാനവിവരം അറിയിക്കാന്‍ സജേഷിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. എന്നാല്‍ സമ്മാനം നേടിയ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ട് ആകുകയായിരുന്നു. ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ് ആലം ആണ്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീന്‍ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതം സമ്മാനിച്ചത്.
അഞ്ചാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് 096730 എന്ന ടിക്കറ്റ് നമ്പരിനുടമയായ നയാകാന്തി സോമേശ്വര റെഡ്ഡിയാണ്. ആറാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 059665 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള ദുര്‍ഗ പ്രസാദ് ആണ്. ഏഴാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 325762 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫന്‍ ആണ്. 344415 എന്ന നമ്പരിലൂടെ ഇന്ത്യക്കാരനായ ബാവ അബ്ദുല്‍ ഹമീദ് എടത്തല കുറ്റാശ്ശേരിയാണ് എട്ടാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത്.
ഒമ്പതാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് യുഎഇ സ്വദേശിയായ മുഹമ്മദ് യൂസഫ് മുഹമ്മദ് മുറാദ് അല്‍ബുലുഷി അല്‍ബൂഷിയാണ്. 052152 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 275598 എന്ന ടിക്കറ്റ് നമ്പരിലൂടെ പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അബ്ദുല്‍ ഹസ്സനാണ്. 126318 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള ബാവ യാഖൂബ് പതിനൊന്നാം സമ്മാനമായ 20,000 ദിര്‍ഹം നേടി. 12-ാം സമ്മാനമായ 20,000 ദിര്‍ഹം ഇന്ത്യക്കാരനായ റാഫേല്‍ മഠത്തിപറമ്പില്‍ ജോസഫ് നേടി. 325726 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 13-ാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഗയം വി എസ് കെ മോഹന്‍ റെഡ്ഡി വാങ്ങിയ 125848 എന്ന നമ്പരിലുള്ള ടിക്കറ്റാണ്. 14-ാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ശൈഖ് റാഷിദ് കരങ്ങാടന്‍ ആണ്. 248350 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
🇰🇼വിവിധ സ്ഥലങ്ങളില്‍ വ്യാപക പരിശോധന; 40 പ്രവാസികള്‍ പിടിയില്‍.
✒️കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ പിടിയില്‍. വിവിധ രാജ്യക്കാരാണ് പിടിയിലായത്.
ഫര്‍വാനിയയില്‍ നിന്നാണ് 19 പേരെ പിടികൂടിയത്. ഖൈത്താനില്‍ നിന്ന് 14ഉം അല്‍ സഹ്രയില്‍ നിന്ന് ഏഴും പേര്‍ അറസ്റ്റിലായതായി സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവരില്‍ ഭൂരിഭാഗം പേരെയും നാടുകടത്തും.
കഴിഞ്ഞ ദിവസം വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ കുവൈത്തില്‍ റെയ്‍ഡില്‍ പിടിയിലായിരുന്നു. ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലാണ് കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ തടയാനും നിയമം പാലിക്കാത്തവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്.
🛫10 മില്യൺ ദിർഹം ഒന്നാം സമ്മാനം; EASY6 ഗെയിം അവതരിപ്പിച്ച് Emirates Draw.
✒️എമിറേറ്റ്സ് ഡ്രോ (Emirates Draw) ഒന്നാം വാർഷികത്തിൽ ഭാഗ്യാന്വേഷികൾക്കായി പുതിയൊരു ഗെയിം അവതരിപ്പിച്ചു. എല്ലാവർക്കും കളിക്കാവുന്ന ലളിതമായ ഈ ഗെയിമിന് Emirates Draw EASY6 എന്നാണ് പേര്. AED 10,000,000 ആണ് ഗ്രാൻഡ്പ്രൈസ്.
വെറും AED 15 മാത്രം ചെലവാക്കി വാങ്ങുന്ന പെൻസിൽ മതി എമിറേറ്റ്സ് ഡ്രോയിൽ ഭാഗമാകാൻ. ഇതോടൊപ്പം യു.എ.ഇയിലെ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്ന പ്രത്യേക സാമൂഹിക പ്രതിബദ്ധത പരിപാടിയിൽ കൂടെയാണ് നിങ്ങൾ പങ്കെടുക്കുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളിലും രാത്രി 9 മണിക്ക് (യു.എ.ഇ സമയം) ആണ് നറുക്കെടുപ്പ്.
ഇതുവരെയുള്ള ഗെയിമുകളിൽ നിന്ന് വ്യത്യസ്തമാണ് Emirates Draw EASY6. ഇതിന്റെ ഫോർമാറ്റ് തന്നെ കൂടുതൽ വിജയസാധ്യത ഉറപ്പിക്കുന്നതാണ്. മൊത്തം 39 പന്തുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാൻ മത്സരാർഥികൾക്ക് സാധിക്കും. വളരെ മിതമായ നിരക്കിലാണ് ടിക്കറ്റ് വില എന്നതിനാൽ ഈ ഗെയിം ഒരുപാട് പേരെ ആകർഷിക്കും.
പുതുക്കിയ Emirates Draw MEGA7 ഇപ്പോഴും കളിക്കാം. നിയമങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ആഴ്ച്ച നറുക്കെടുപ്പ് ഗെയിമായ Emirates Draw MEGA7 എല്ലാ ഞായറാഴ്ച്ചയും രാത്രി 9 മണി (യു.എ.ഇ സമയം) ക്കാണ് നറുക്കെടുപ്പ്. AED 100 മില്യൺ ആണ് സമ്മാനത്തുക.
Emirates Draw MEGA7 വലിയ വിജയമായി. മത്സരാർഥികളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്കും അംഗീകാരത്തിനും ഞങ്ങളുടെ സ്നേഹപൂർവ്വമുള്ള മറുപടിയായാണ് Emirates Draw EASY6 അവതരിപ്പിച്ചത്. ഈ ഗെയിം അവതരിപ്പിക്കാൻ ഒന്നാം വാർഷികം തന്നെ തെരഞ്ഞെടുത്തതും ഒരു പ്രത്യേക നിമിഷം വേണം എന്നതുകൊണ്ടാണ് - എമിറേറ്റ്സ് ഡ്രോ മാർക്കറ്റിങ് തലവൻ പോൾ ചാഡെർ പറയുന്നു.
നിലവിലെ വിപണിയിൽ മത്സരം കടുത്തതാണോ എന്ന ചോദ്യത്തിന് ചാഡെർ നൽകുന്ന മറുപടി: മത്സരം സ്വാഭാവികമാണ്. വിപണിയുടെ വികസനത്തിന് ആരോഗ്യപരമായ മത്സരം അനിവാര്യമാണ്. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്നതാണ് എപ്പോഴും ഞങ്ങളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ മത്സരം ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സമൂഹത്തിന്റെയും വ്യക്തികളുടെയും ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റം കൊണ്ടുവരികയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പതിയെ പ്രൊഫഷണൽ അല്ലാത്ത പ്രസ്ഥാനങ്ങൾ ഒഴിവാകും. ഞങ്ങളുടെ പ്രവർത്തനത്തിൽ വളരെ ഉയർന്ന ബെഞ്ച്മാർക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ലോകോത്തരമായ രീതിയിലേക്ക് ഗെയിം മാറ്റുകയാണ് തുടക്കം മുതൽ ഞങ്ങൾ ചെയ്യുന്നത്. അതുവഴി സമ്പൂർണമായ സുതാര്യതയും ന്യായമായ രീതികളും ഞങ്ങൾ ഉറപ്പാക്കുന്നു.
ആഴ്ച്ചയിൽ രണ്ട് ഗെയിമുകൾ എന്നത് ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് ഒപ്പമെത്തുന്ന നടപടിയാണെന്നാണ് ചാഡെർ പറയുന്നത്.
"Emirates Draw EASY6 കൂടുതൽ പേരിലേക്ക് എത്താനും വളരെ കുറഞ്ഞ ടിക്കറ്റ് പ്രൈസിൽ കൂടുതൽ ജയിക്കാനും അവസരം നൽകുകയാണ്. 'നല്ല നാളേക്ക്' എന്ന വാഗ്ദാനമാണ് എമിറേറ്റ്സ് ഡ്രോ തുടരുന്നത്. അതോടൊപ്പം വ്യക്തികളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ സമൂഹത്തിന്റെ വികാസത്തിലും പങ്കുചേരുന്നു. ഇതിന് ഉദാഹരണമാണല്ലോ പവിഴപ്പുറ്റുകൾ സംരക്ഷിക്കുന്ന CRRP പദ്ധതി."
എങ്ങനെ കളിക്കും?
ഇതുവരെ Emirates Draw കളിക്കാത്തയാളാണോ നിങ്ങൾ? ഏറ്റവും പുതിയ ഗെയിമിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട ചില വിവരങ്ങൾ ചുവടെ:
ആഴ്ച്ചയിൽ നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാൻ AED 15 വില വരുന്ന ഒരു പെൻസിൽ വാങ്ങാം. ഇതിനായി www.emiratesdraw.com സന്ദർശിക്കാം, അല്ലെങ്കിൽ ആൻഡ്രോയ്ഡ്, ആപ്പിൾ സ്റ്റോറിൽ നിന്ന് അപ്പ് ഡൗൺലോഡ് ചെയ്യാം.
ഓരോ പർച്ചേസും പവിഴപ്പുറ്റുകൾ പാകുന്ന പദ്ധതിക്കുള്ള പിന്തുണയുമാണ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടി യു.എ.ഇ സർക്കാരിന്റെ പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾ അനുസരിച്ചുള്ളതാണ്.
മൊബൈൽ ആപ്പിലൂടെയോ www.emiratesdraw.com വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മത്സരാർഥികൾക്ക് 39 പന്തുകളിൽ നിന്ന് ആറ് എണ്ണം തെരഞ്ഞെടുക്കാം. Quick Pick എന്ന ബട്ടൺ ഉപയോഗിച്ചാൽ സിസ്റ്റം തന്നെ ആറ് നമ്പറുകൾ തെരഞ്ഞെടുത്ത് തരും.
Multiple Upcoming Draws എന്ന ബട്ടൺ തെരഞ്ഞെടുത്താൽ അടുത്ത അഞ്ച് ആഴ്ച്ചത്തേക്കുള്ള (പരമാവധി 5 ഡ്രോകൾ) ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങാം.
ഒന്നിലധികം സമ്മാനങ്ങൾക്കുള്ള അവസരമാണ് ഈ ഗെയിം. ഒരോ ടിക്കറ്റിലും മത്സരാർഥികൾക്ക് രണ്ട് നറുക്കെടുപ്പുകളിലേക്ക് ക്ഷണം കിട്ടും. ആദ്യത്തെത് Raffle Draw ആണ്. ആറ് ഭാഗ്യശാലികൾക്ക് AED 15,000 വീതം സുനിശ്ചിതമായ സമ്മാനമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടാമത്തെ അവസരം പ്രധാന നറുക്കെടുപ്പിലേക്കാണ്. നാല് കാറ്റഗറിയിൽപ്പെട്ട സമ്മാനങ്ങളാണ് ഇവിടെ ജയിക്കാവുന്നത്. AED 5 മുതൽ ഗ്രാൻഡ് പ്രൈസായ AED 10 million വരെ ആറ് അക്കങ്ങളും ഒരുപോലെയാക്കിയാൽ നിങ്ങൾക്ക് നേടാനാകും.
Emirates Draw EASY6 വളരെ ലളിതമാണ്, കാരണം?
നറുക്കെടുപ്പിലെ നമ്പറുകൾ ഒരേ ഓർഡറിൽ ആകണമെന്ന് നിർബന്ധമില്ല. പന്തുകളിലെ നമ്പറുകളുടെ എണ്ണം പരമാവധി 39 ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറവാണ്. ആറിൽ മൂന്ന് നമ്പറുകൾ ഒരുപോലെയാക്കിയാൽ AED 5 വീതം നേടാം. നാല് നമ്പറുകൾ ഒരുപോലെയായാൽ AED 15,000 നേടാം. അഞ്ച് നമ്പറുകൾ ഒരുപോലെയായാൽ AED 150,000 പങ്കുവെക്കാനാകും. ആറ് നമ്പറുകളും ഒന്നിച്ചാൽ ഗ്രാൻഡ് പ്രൈസ് ആയ AED 10 മില്യൺ സ്വന്തമാകും.
Emirates Draw EASY6 ആദ്യ നറുക്കെടുപ്പ് കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും തത്സമയം കാണാം.കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ കസ്റ്റമർ സപ്പോർട്ട് നമ്പറിൽ വിളിക്കാം - 800 77 777 777.
🇶🇦ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു.
✒️ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ്‍സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തു. നിയമംഘകര്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖത്തറില്‍ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി രൂപംകൊടുത്ത നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകകപ്പ് സംഘാടനത്തിനുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫിഫയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു.
🛫പ്രവാസികള്‍ക്ക് ജോലി നഷ്ടമായാലും ശമ്പളം; പദ്ധതിയില്‍ ചേരാന്‍ നല്‍കേണ്ടത് അഞ്ച് ദിര്‍ഹം, വിവരങ്ങള്‍ ഇങ്ങനെ.
✒️യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാവാം.
യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.
രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് മൂല്യവര്‍ദ്ധിത നികുത ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല.
രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായാണ് പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെയായിരിക്കും കിട്ടുക. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.
ജോലി നഷ്ടമായാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പൂളിന്റെ പ്രത്യേക വെബ്‍സൈറ്റ്, സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ എന്നിവയിലൂടെ ക്ലെയിം അപേക്ഷ നല്‍കാം. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെയായിരിക്കും ഒരു തവണ ഇങ്ങനെ പണം ലഭിക്കുക. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്‍ത് കഴിഞ്ഞവര്‍ക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.
നിക്ഷേപകര്‍, സ്വന്തം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, 18 വയസിന് താഴെയുള്ളവര്‍, ഒരു ജോലിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റി വിരമിച്ച ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരൊന്നും പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല. എന്നാല്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധിതിയില്‍ ചേരാനാവും.
ഇന്‍ഷുറന്‍സ് കമ്പനികളുടെ പൂളിന്റെ വെബ്‍സൈറ്റ്, സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍, ബാങ്ക് എടിഎമ്മുകള്‍, കിയോസ്ക് മെഷീനുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, മണി എക്സ്ചേഞ്ച് കമ്പനികള്‍, ടെലികോം കമ്പനികളായ ടു, എത്തിസാലാത്ത്, എസ്.എം.എസ് എന്നിവയിലൂടെയും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റ് ചാനലുകളിലൂടെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാം.
🛫ഒമാൻ എയർ വിമാനത്തിൽ സംസം വെള്ളം സൗജന്യമായി കൊണ്ടു പോവാം.
✒️ജിദ്ദയിൽ നിന്നും ഒമാൻ എയർ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അഞ്ച് ലിറ്റർ സംസം വെള്ളം സൗജന്യമായി കൂടെ കൊണ്ടുപോവാമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഉംറ യാത്രക്കാർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും. വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറിൽ നിന്നും വാങ്ങുന്ന സംസം ബോട്ടിൽ ആയിരിക്കണം.
ലഗേജുകൾക്കകത്ത് സംസം വെള്ള ബോട്ടിൽ പാക്ക് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്നും വിമാനക്കമ്പനി അറിയിച്ചു. കോവിഡിന് മുമ്പ് ജിദ്ദയിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ലഗ്ഗേജിന്റെ കൂടെ അഞ്ച് ലിറ്റർ സംസം വെള്ളം സൗജന്യമായി കൊണ്ടുപോവാൻ വിവിധ വിമാനകമ്പനികൾ അനുവദിച്ചിരുന്നെങ്കിലും കോവിഡിന് ശേഷം ഈ ആനുകൂല്യം പല കമ്പനികളും നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഇത് ഉംറ യാത്രക്കാർക്കടക്കം പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. ഒമാൻ വിമാന കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ മറ്റു കമ്പനികളും നേരത്തെയുണ്ടായിരുന്ന ഈ ആനുകൂല്യം പുനഃസ്ഥാപിച്ചേക്കാം.
🇴🇲ദേശീയദിനാഘോഷം: വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി.
✒️രാജ്യത്തിെൻറ 52ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കി. പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം.
വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകൾ ഉയോഗിക്കരുത്. അതേസമയം, ഈ കാലയളവില്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
മുൻ ഭരണാധകാരി സുൽത്താൻ ഖാബൂസിന്‍റെ മരണം, കോവാഡ് നിയന്ത്രണം എന്നിവകാരണം കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി രാജ്യത്ത് വിപുലമായി രീതിയിൽ ദേശീയദിനാഘോഷ പരിപാടികൾ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കാറുകളുടെ അലങ്കാരങ്ങളും മറ്റും കുറവായിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളിലാത്ത ദേശീയ ആഘോഷങ്ങൾക്കാണ് രാജ്യം ഒരുങ്ങുന്നത്. അതിനാൽ ഇത്തവണ വിദേശികളും സ്വദേശികളുമടക്കം നിരവധിപേർ കാർ അലങ്കരിക്കാനെത്തുമെന്നാണ് ഈ മേഖലയിലെ വ്യാപാരികൾ കണക്ക് കൂട്ടുന്നത്.
🇸🇦അജ്ഞാതർ വ്യാജ അക്കൗണ്ടുണ്ടാക്കി പാക് പൗരന്റെ പണം തട്ടിയെന്ന കേസിൽ മലയാളി അറസ്റ്റിൽ.
✒️ബാങ്കിൽ മലയാളിയുടെ പേരിൽ വ്യാജ അക്കൊണ്ടുണ്ടാക്കി മറ്റൊരു അക്കൗണ്ടിൽനിന്ന് പണം തട്ടൽ. തന്റെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി പാകിസ്താൻ പൗരന്റെ അകൗണ്ടിൽനിന്ന് പണം മാറ്റിയെന്ന കേസിൽ മലയാളിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതരുടെ ചെയ്തിയിൽ കുടുങ്ങിയ മലയാളി ജയിലിലാണ്. ഇയാളുടെ മോചനത്തിന് ഇന്ത്യന്‍ എംബസിയും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാങ്കുദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ ഐ.എം.ഒയിൽ മലയാളിയെ വിളിച്ച് താങ്കളുടെ അകൗണ്ട് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യമായ വിവരം നൽകാൻ ആവശ്യപ്പെട്ടു. അതിൽ വിശ്വസിച്ച മലയാളി തന്റെ മൊബൈൽ നമ്പറിൽ എത്തിയ ഒ.ടി.പി പറഞ്ഞുകൊടുത്തു. തബൂക്കിൽ ജോലി ചെയ്യുന്ന ഒരു പാകിസ്താൻ പൗരൻ തന്റെ അക്കൗണ്ടിൽനിന്ന് പണം മാറ്റിയെന്ന പരാതിയുമായി രംഗത്തുവന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മലയാളി മനസിലാക്കുന്നത്.
നാഷനൽ കോമേഴ്സ്യൽ ബാങ്കിൽ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 998 റിയാല്‍ താൻ അറിയാതെ മറ്റൊരു അകൗണ്ടിലേക്ക് മാറ്റിയെന്നും വഞ്ചിക്കപ്പെട്ടെന്നും കാണിച്ച് പാക് പൗരൻ തൈമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്കില്‍ (സാമ) ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ റിയാദ് ബത്ഹയിലെ ഒരു ഇന്ത്യക്കാരന്റെ പേരിലുള്ള അലിൻമ ബാങ്ക് അകൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. അകൗണ്ട് ഉടമ മലയാളിയാണെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് മലയാളിയെ വിളിപ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
തനിക്ക് അല്‍റാജ്ഹി ബാങ്കില്‍ മാത്രമേ അകൗണ്ട് ഉള്ളൂവെന്നും അലിന്‍മ ബാങ്കിൽ അകൗണ്ട് എടുത്തിട്ടില്ലെന്നും മലയാളി അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷൻ നടപടി ഏറ്റെടുക്കുകയും മലയാളിയെ ജയിലിൽ അടയ്ക്കുകയും ചെയ്തു. കോടതിയുടെ പരിഗണനക്കെത്തിയപ്പോള്‍ മലയാളി തന്റെ പേരില്‍ അലിന്മ ബാങ്കിൽ അകൗണ്ട് ഇല്ലെന്നും പാകിസ്താനിയെ വിളിക്കുകയോ പണം ട്രാന്‍സ്ഫറാക്കുകയോ ചെയ്തിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും ജഡ്ജിയോട് പറഞ്ഞു. മൂന്നുമാസം നാട്ടിലായിരുന്നുവെന്നും ആ സമയത്ത് തന്റെ വിവരങ്ങള്‍ ഉപയോഗിച്ച് ആരെങ്കിലും അകൗണ്ട് തുറന്നതാകാമെന്നും ഒ.ടി.പി ചോദിച്ച് ഒരാള്‍ വിളിച്ചിരുന്നുവെന്നും വ്യക്തമാക്കി കുറ്റം നിഷേധിച്ചു.
ഐ.എം.ഒയില്‍ വിളിച്ചയാള്‍ നാഷനൽ കോമേഴ്സ്യൽ ബാങ്കിന്റെ ലോഗോ വെച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഒ.ടി.പി നല്‍കിയതെന്നും അപ്പോഴേക്കും പണം ട്രാന്‍സ്ഫര്‍ ആയെന്നും പാകിസ്താൻ പൗരനും വ്യക്തമാക്കി. തന്റെ പേരില്‍ അല്‍റാജ്ഹി ബാങ്കിൽ മാത്രമേ അകൗണ്ട് ഉള്ളൂവെന്ന് മലയാളി വാദിച്ചു. നിരപരാധിയായ ഇദ്ദേഹത്തെ മോചിപ്പിക്കാനാവാശ്യമായ നടപടികളുമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരുമാണ് രംഗത്തുള്ളത്. വൈകാതെ ഇദ്ദേഹം ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവര്‍ അഭിഭാഷകരെയോ ഇന്ത്യന്‍ എംബസി വളന്റിയര്‍മാരെയോ കൂടെ കൂട്ടിയാല്‍ ഭാഷയറിയാത്തതിന്റെ പേരില്‍ വന്നേക്കാവുന്ന നിയമനടപടികള്‍ ഒഴിവായിക്കിട്ടുമെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
🇶🇦ഖത്തർ: ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു.
✒️2022 നവംബർ മാസം മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചിരുന്നു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, 2022 നവംബർ 1 മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (HIA), ദോഹ ഇന്റർനാഷണൽ എയർപോർട്ട് (DIA) എന്നീ വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾ പാതയരികുകളിൽ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എത്തുന്ന സന്ദർശകരുടെ സുരക്ഷയും, സൗകര്യവും കണക്കിലെടുത്തും, സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ ഇരു എയർപോർട്ടുകളിലും അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലെ പാതയരികുകളിലേക്ക് പ്രത്യേക അനുവാദമുള്ള വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. മൊവാസലത്തിന്റെ ടാക്‌സികൾ, ലിമോസിനുകൾ, ഭിന്നശേഷിക്കാരുമായെത്തുന്ന വാഹനങ്ങൾ, ഖത്തർ എയർവേസിന്റെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രികരുമായെത്തുന്ന വാഹനങ്ങൾ, ഏതാനം എയർപോർട്ട് ഷട്ടിൽ ബസുകൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക്, ഇരു എയർപോർട്ടുകളിലും, വിമാനയാത്രികരെ ഇറക്കുന്നതിനും, കയറ്റുന്നതിനും കാർ പാർക്കുകളിൽ മാത്രമായിരിക്കും അനുമതി. ഇതിനായി താഴെ പറയുന്ന പ്രകാരം പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്:
ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ഷോർട്ട് ടെം പാർക്കിംഗ് – പരമാവധി മുപ്പത് മിനിറ്റിന് 25 റിയാൽ. തുടർന്ന് പാർക്ക് ചെയ്യുന്ന ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഈടാക്കുന്നതാണ്.
ലോങ്ങ് ടെം പാർക്കിംഗ് – പരമാവധി അറുപത് മിനിറ്റിന് 25 റിയാൽ. തുടർന്ന് പാർക്ക് ചെയ്യുന്ന ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഈടാക്കുന്നതാണ്.
കാർ പാർക്കിങ്ങിൽ നിന്ന് HIA ടെർമിനലിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസ് ലഭ്യമാണ്.
ദോഹ ഇന്റർനാഷണൽ എയർപോർട്ട്
DIA അറൈവൽ കാർ പാർക്ക് – പരമാവധി മുപ്പത് മിനിറ്റിന് 25 റിയാൽ. തുടർന്ന് പാർക്ക് ചെയ്യുന്ന ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഈടാക്കുന്നതാണ്.
🇶🇦ലോകകപ്പിലേക്ക് സ്വാഗതം; മാച്ച് ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താം.
✒️ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാവുന്നതിനു പിന്നാലെ ഡിസംബർ രണ്ട് മുതൽ മാച്ച് ടിക്കറ്റില്ലാത്തവർക്കും ഖത്തറിലെത്താൻ വഴി തുറന്ന് അധികൃതർ. പ്രവേശന അനുമതി കൂടിയായ ഹയ്യാ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിച്ചാണ് ലോകകപ്പ് ആതിഥേയ മണ്ണിലേക്കുള്ള യാത്ര ഉറപ്പാക്കേണ്ടത്. വ്യാഴാഴ്ച മുതൽ ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യവും ആരംഭിച്ചു. ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ അറിയിക്കാനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ലോകകപ്പ് സുരക്ഷാ വക്താവ് കേണൽ ഡോ. ജാബിർ ഹമദ് ജാബിർ അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, 500 റിയാൽ (11,360 രൂപ) ഫീസായി ഈടാക്കും. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്.
നിലവിൽ മാച്ച് ടിക്കറ്റുള്ള കാണികൾക്കു മാത്രമാണ് ഖത്തറിലേക്കുള്ള പ്രവേശന അനുമതിയായ ഹയ്യാ കാർഡിന് അപേക്ഷിക്കാവുന്നത്. എന്നാൽ, നവംബർ 20ന് ആരംഭിക്കുന്ന ഗ്രുപ്പ് റൗണ്ട് മത്സരങ്ങൾ ഡിസംബർ രണ്ടിനാണ് പൂർത്തിയാവുന്നത്. അതോടൊപ്പം തന്നെ, ടിക്കറ്റില്ലാത്തവർക്കും ഖത്തറിലേക്ക് വിമാനം കയറാം. ഖത്തർ 2022 മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, ഹയ്യാ പോർട്ടൽ വഴിയോ ആണ് അപേക്ഷിക്കേണ്ടത്. എന്നാൽ, മത്സരങ്ങൾ ആസ്വദിക്കാനായി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് മാച്ച് ടിക്കറ്റ് നിർബന്ധമായിരിക്കും. മത്സരങ്ങൾക്ക് പുറമെ, ലോകകപ്പിൻെറ ഭാഗമായി ഖത്തർ ഒരുക്കിയ വിവിധ വിനോദ പരിപാടികളും മറ്റും എല്ലാവർക്കും ആസ്വാദ്യകരമാക്കുന്നതിനുവേണ്ടിയാണ് മാച്ച് ടിക്കറ്റില്ലാത്തവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതെന്ന് കേണൽ ഡോ. ജാബിർ ഹമദ് പറഞ്ഞു.
🛵സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ ബിലാലും അഫ്‌സലും റിയാദിൽ.
✒️ഒരു വർഷം മുമ്പ് ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ബിലാലും അഫ്‌സലും സവാരിക്കിടെ റിയാദിൽ എത്തി. കെ.എൽ. 14 എ.ബി. 3410 എന്ന കേരള രജിസ്ട്രേഷൻ നമ്പറിലുള്ള 2000 മോഡൽ ബജാജ് ചേതക്കിൽ സാഹസിക സവാരിക്ക് പുറപ്പെട്ട ഈ യുവാക്കൾ കാസർകോട് നായ്മർ മൂല സ്വദേശികളാണ്. ഇബ്രാഹീം ബിലാലിന് 21ഉം, മുഹമ്മദ് അഫ്‌സലിന് 22ഉം വയസ് ആണ് പ്രായം.
കഴിഞ്ഞ വർഷം നവംബറിൽ കാസർകോട്ട് നിന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പതാക വീശി ഉദ്ഘാടനം ചെയ്ത യാത്ര 16,800 കിലോമീറ്റർ താണ്ടിയാണ് റിയാദിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇരുചക്രത്തിൽ ചുറ്റി സഞ്ചരിച്ച ശേഷം വിമാന മാർഗം ദുബൈയിലെത്തി. സ്കൂട്ടർ കപ്പലിലും ദുബൈയിൽ എത്തിച്ചു. ശേഷം വീണ്ടും ഇരുചക്രമേറി യു.എ.ഇ പൂർണമായും ചുറ്റിയടിച്ചു. റോഡ് മാർഗം സ്കൂട്ടറോടിച്ച് സൗദി അറേബ്യയിലേക്ക് കടന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ വഴിയാണ് റിയാദിൽ എത്തിയത്. യാത്രകൾക്ക് പലരും ഏറ്റവും പുതിയ സംവിധാനങ്ങളുള്ള മുന്തിയ വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന സമയത്ത്ത്‍ വളരെ പഴയൊരു ഇരുചക്ര വാഹനം തെരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത് പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടെന്ന് യുവാക്കൾ പറയുന്നു.
പ്ലസ്ടു പഠനം കഴിഞ്ഞ ബിലാലും എ.സി. മെക്കാനിക്ക് പരിശീലനം പൂർത്തീകരിച്ച അഫ്സലും ഒരു വലിയ സ്വപ്നത്തിന്റെ സാഫല്യം തേടിയാണ് ഇരുചക്ര വാഹനത്തിൽ കയറി പുറപ്പെട്ടത്. മലയാളികളുടെ ഇരുചക്ര സവാരിയിൽ നൊസ്റ്റാൾജിയ പോലെ നിലകൊള്ളുന്ന ബജാജ് ചേതക്കിൽ എന്തുകൊണ്ട് ലോകം ചുറ്റി കണ്ടുകൂടാ എന്ന ചിന്തയാണ് ഈ സാഹസപ്രവൃത്തിക്ക് അവരെ പ്രേരിപ്പിച്ചത്.
യാത്രക്ക് മുമ്പ് ബജാജ് ചേതക് സ്കൂട്ടറുമായി ബന്ധപ്പെട്ട അത്യാവശ്യം അറ്റകുറ്റപ്പണികളെ പറ്റി ഇവർ പരിശീലനം നേടി. വണ്ടി കേടായി വഴിയിൽ കിടക്കാൻ പാടില്ലല്ലോ. എന്നാലും പഴയ വാഹനം തെരഞ്ഞെടുക്കുമ്പോൾ ഇടക്ക് പണിമുടക്കുമോ എന്നൊരു ഭയം ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ 16,800 കിലോമീറ്റർ യാത്ര ചെയ്ത് കഴിഞ്ഞപ്പോൾ അവർക്ക് ആത്മവിശ്വാസമായി. ഇതിനിടയിൽ ഒരു തടസ്സവും വാഹനത്തിൽ നിന്ന് നേരിടേണ്ടി വന്നില്ല. ഇടക്ക് ക്ലച്ചും പ്ലക്കും മാറിയെന്നതൊഴിച്ചാൽ ബജാജ് ചേതക്ക് പുലിയെന്നാണ് യുവാക്കളുടെ ഭാഷ്യം.
യാത്രക്കിടയിൽ ഒരു തവണ ഇരു ടയറുകളും മാറ്റിയിരുന്നു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഒരു ടയർ കൂടെ കരുതിയിട്ടുണ്ട്. ദിവസം 300 മുതൽ 350 കിലോമീറ്റർ വരെയാണ് യാത്രചെയ്യുക. പഴയ വാഹനം എന്നതിനാൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ മാത്രമേ യാത്രചെയ്യാനാകൂ. യു.എ.ഇയിലോ സൗദിയിലോ ഒരു തരത്തിലുമുള്ള യാത്രാതടസ്സങ്ങൾ ഉണ്ടായില്ലെന്നും അതിർത്തികളിൽ സ്‌നേഹപൂർണമായ സമീപനമായിരുന്നെന്നും അഫ്സൽ പറഞ്ഞു.
പഴയ വാഹനം എന്നതിനാൽ ആറ് ലിറ്റർ പെട്രോൾ മാത്രമേ അടിക്കാൻ കഴിയൂവെന്നും അഞ്ചു ലിറ്റർ കൂടെ കരുതിയുമാണ് യാത്രയെന്നും അവർ പറഞ്ഞു. ദമ്മാം, ജിദ്ദ, അബഹ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങൾ സന്ദർശിച്ച ശേഷം ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ജോർഡാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് ആഫ്രിക്കൻ വൻകരയിലേക്ക് കടക്കും. എമിറേറ്റ് ഫസ്റ്റ് എന്ന കമ്പനിയാണ് ഇവരുടെ യാത്ര സ്‌പോൺസർ ചെയ്യുന്നത്. വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും യാത്രക്ക് അത് കൂടുതൽ പ്രോത്സാഹനമാകുന്നുണ്ടെന്നും ബിലാലും അഫ്സലും പറഞ്ഞു. തങ്ങൾക്കും വാഹനത്തിനും ഒരേ പ്രായമാണെന്നും ഇവർ പറയുന്നു.
0 Comments