Ticker

6/recent/ticker-posts

Header Ads Widget

പ്രവാസി വാർത്തകൾ ചുരുക്കത്തിൽ...

🇶🇦ഖത്തര്‍ ലോകകപ്പ്; ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ നമ്പര്‍ ക്രമീകരിച്ച് എംബസി.

✒️ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ സേവനങ്ങളുമായി ഇന്ത്യൻ എംബസി. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

വാട്സ് ആപ്പ് മുഖേനയും ഇന്ത്യക്കാര്‍ക്ക് ഈ നമ്പറുകളിൽ സഹായം തേടാം. ഇതിനു പുറമേ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക്ക് പേജുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശദാംശങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമായിരിക്കും. അടിയന്തരഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെട്ടാൽ ഖത്തര്‍ പൊലീസിൻറെ സഹായം തേടാവുന്നതാണെന്നും എംബസി അറിയിച്ചിട്ടുണ്ട്.

അതേസമയം ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരമുണ്ട്. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.

500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക. നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.

ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്.

🇸🇦സൗദി എയർലൈൻസിന്റെ 780 സർവീസുകൾ പുതിയതായി ഷെഡ്യൂള്‍ ചെയ്തു.

✒️ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കായിക പ്രേമികളെ സൗദിയിൽനിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗദി എയർലൈൻസ് (സൗദിയ) 780 ലധികം വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്തു. 

റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ദോഹയിലേക്കും തിരിച്ചും സർവിസ് നടത്തുക. ഇത്രയും സർവീസുകളിലായി 2,54,000 സീറ്റുകളുണ്ടാകും. ലോകകപ്പിന് കായികപ്രേമികളെ എത്തിക്കാൻ ആവശ്യമായ എല്ലാ ഒരുക്കവും സൗദിയ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനും ഖത്തറിനും സർവിസ് നടത്തുന്നതിന് വേണ്ട എല്ലാ തയാറെടുപ്പുകളുമാണ് പൂർത്തിയായിട്ടുള്ളത്. 

ടൂർണമെൻറ് കാലയളവിലുടനീളം ദിവസേനയുള്ള പതിവ് സർവിസുകൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കുന്ന രീതിയിലാണ് ഷെഡ്യൂളുകൾ തയാറാക്കിയിരിക്കുന്നത്. സൗദി ദേശീയ ടീമിനും ഫുട്ബാൾ ആരാധകർക്കുമുള്ള ‘സൗദിയ’യുടെ പിന്തുണയാണിത്. ഹോട്ടലുകളിൽ താമസിക്കേണ്ട ആവശ്യമില്ലാതെ ദോഹയിൽ യഥാസമയം പോയിവരാനുള്ള സൗകര്യമാണ് ദേശീയ വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്.

അതേസമയം കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എസ് 799 വിമാനം ജിദ്ദയില്‍ എത്തിയത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യം ഇവിടെ ക്രമീകരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സര്‍വീസ് സാധ്യമാകുന്നത്.

ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്.

🇸🇦അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും.

✒️സൗദി അറേബ്യയില്‍ പരിശോധനയില്‍ കുടുങ്ങി പ്രവാസി മലയാളി. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസിയാണ് സൗദി അതിര്‍ത്തിയിലെ പരിശോധനയില്‍ കുടുങ്ങിയത്. പതിനെട്ട് വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളിയാണ് പരിശോധനയില്‍ കുടുങ്ങിയത്.

വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസിയായ മലയാളി, അവിടെ നിന്ന് റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് ഉംറയ്ക്ക് എത്തിയതായിരുന്നു. സാല്‍വ ചെക് പോസ്റ്റില്‍ വിരലടയാളം എടുത്തപ്പോഴാണ് ഇയാളുടെ പേരില്‍ കേസുള്ള വിവരം അറിയുന്നത്. 18 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഇതോടെ കൊലപാതക കേസായി മാറി. കേസിലെ എട്ടാം പ്രതിയാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പിന്നീടും നിരവധി തവണ നാട്ടിലേക്ക് പോകുകയും പാസ്പോര്‍ട്ട് പുതുക്കുകയും ചെയ്തിരുന്നു.

കേസ് ഇന്‍റര്‍പോളിന് കൈമാറിയിരുന്നു. കുറ്റവാളികളെ കൈമാറാനുള്ള ധാരണാപത്രം ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇയാളെ കേസ് നടപടികള്‍ക്കായി ഇന്ത്യയിലേക്ക് അയയ്ക്കും. കൊലക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കോടതി വിട്ടയച്ചിരുന്നു. വിചാരണ വേളയില്‍ ഹാജരാകാത്തതാണ് പ്രവാസി മലയാളിക്ക് കുരുക്കായത്.

Post a Comment

0 Comments