🚔ഇന്ത്യക്കാർക്ക് സൗദി വിസ ലഭിക്കാന്‍ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട.
✒️സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി വേണ്ടെന്ന് ഇന്ത്യയിലെ സൗദി എംബസി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചതായാണ് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തത്.
ഇന്ത്യൻ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് വിസ ലഭിക്കുന്നതിന് പി.സി.സി ഇനി നിര്‍ബന്ധമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായി എംബസി പറഞ്ഞു.
⚽ലോകകപ്പ് 2022: സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ പരാജയപ്പെടുത്തി.
✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ സൗഹൃദ മത്സരം. ഈ മത്സരം കാണുന്നതിനായി ഏതാണ്ട് മുപ്പതിനായിരത്തിലധികം കാണികൾ സ്റ്റേഡിയത്തിലെത്തി.
ലയണൽ മെസ്സി ഉൾപ്പടെയുള്ള മുൻനിര ഫുട്ബാൾ താരങ്ങൾ ഈ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങിയിരുന്നു.
അർജന്റീനയ്ക്കായി മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ജൂനിയർ അൽവാരെസ് ആദ്യ ഗോൾ നേടി. ഇരുപത്തഞ്ചാം മിനിറ്റിലും, മുപ്പത്തഞ്ചാം മിനിറ്റിലും ഏഞ്ചൽ ഡി മരിയ അർജന്റീനയ്ക്കായി രണ്ട് ഗോളുകൾ നേടി.
നാല്പത്തിനാലാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളോടെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 4 – 0 എന്ന നിലയിൽ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ജൊവാക്വിൻ കോറയ (അമ്പത്തൊമ്പതാം മിനിറ്റ്) അർജന്റീനയ്ക്കായി ലീഡ് ഉയർത്തി.
ലോകകപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി അർജന്റീന കളിക്കുന്ന അവസാനത്തെ സന്നാഹ മത്സരമാണിത്.
⚽ലോകകപ്പ് 2022: സന്നാഹ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി.
✒️ലോകകപ്പ് 2022-ന് മുന്നോടിയായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ വിജയിച്ചത്.
റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിലാണ് ഈ സൗഹൃദ മത്സരം നടന്നത്. മത്സരത്തിന്റെ എൺപത്തിരണ്ടാം മിനിറ്റിൽ ആന്ദ്രേ ക്രമാറിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ഇടത് വശത്ത് നിന്ന് ലൂക്ക മോഡ്രിച്ച് നൽകിയ പാസിൽ നിന്നാണ് ക്രമാറിച്ച് ഗോൾ നേടിയത്. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ ലൂക്ക മോഡ്രിച്ച് സ്കോർ ചെയ്‌തെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മറ്റ് സൗഹൃദ മത്സരങ്ങളിൽ അർജന്റീന യു എ ഇയെയും (5-0), ജർമനി ഒമാനെയും (1-0), ഉസ്‌ബെക്കിസ്ഥാൻ കസാഖിസ്ഥാനെയും (2-0) പരാജയപ്പെടുത്തിയിരുന്നു.
🇴🇲ഒമാന്റെ 52-ാം ദേശീയ ദിനം: ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി.
✒️ഒമാന്റെ 52-ാം ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷങ്ങൾക്ക് നിറം പകർന്ന് രാജ്യത്തെ ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ-നാസർ സ്‌ക്വയറിലാണ് ഈ വർഷത്തെ സൈനിക പരേഡ് നടക്കുക. ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിക് സല്യൂട്ട് സ്വീകരിക്കും.
ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുത വിളക്കുകൾകൊണ്ടും വീടുകളും ഓഫീസുകളും പാതയോരങ്ങളും അലങ്കരിച്ചിട്ടുണ്ട്. മസ്‌കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങൾ വർണ പ്രഭ ചൊരിയാൻ തുടങ്ങി. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള ചുവപ്പ് എന്നീ വർണത്തിലുള്ള വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്. ലേസർ, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് കൂടുതൽ വര്ണഫമാക്കുന്നത്.
🇰🇼കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി.
✒️കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയത്. നാല് കുവൈത്തി പൗരന്മാരെയും മൂന്ന് പ്രവാസികളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്തില്‍ വധശിക്ഷ നടപ്പാക്കുന്നത്.
ശിക്ഷ നടപ്പാക്കിയ നടപടിക്രമങ്ങള്‍ക്ക് മേലനോട്ടം വഹിച്ചതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നാല് കുവൈത്തി പൗരന്മാരില്‍ ഒരാള്‍ വനിതയാണ്. ഇവര്‍ക്ക് പുറമെ ഒരു സിറിയന്‍ പൗരന്റെയും ഒരു പാകിസ്ഥാനിയുടെയും ഒരു എത്യോപ്യന്‍ സ്വദേശിനിയുടെയും വധശിക്ഷയാണ് കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കിയത്. രണ്ട് കുവൈത്ത് പൗരന്മാരില്‍ ഒരാള്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തുകയും ലൈസന്‍സില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെയ്ക്കുകയും ചെയ്‍തയാളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്‍താവനയില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊലപാതക കുറ്റങ്ങളുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് എല്ലാ പ്രതികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വധശിക്ഷ നടപ്പാക്കിയതില്‍ യൂറോപ്യന്‍ യൂണിയന്‍ കുവൈത്തിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബ്രസല്‍സില്‍ കുവൈത്ത് അംബാസഡറെ വിളിച്ചുവരുത്തിയായിരുന്നു പ്രതിഷേധം അറിയിച്ചത്. അതേസമയം കുവൈത്തിന്റെ ആഭ്യന്തര കാര്യത്തിലോ നീതിന്യായ വ്യവസ്ഥകളിലോ ഇടപെടാന്‍ സുഹൃദ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ആരെയും അനുവദിക്കില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലെം അബ്‍ദുല്ല അല്‍ സബാഹ് പറഞ്ഞു.
കുവൈത്തില്‍ വധശിക്ഷകള്‍ നടപ്പാക്കപ്പെടുന്നത് അത്ര സാധാരണമല്ല. ഇതിന് മുമ്പ് 2017ലാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. അതിന് മുമ്പ് 2013ലായിരുന്നു രാജ്യത്ത് വധശിക്ഷ നടപ്പാക്കിയത്.
🇸🇦പ്രവാസികള്‍ക്ക് വലിയ തിരിച്ചടി; 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം.
✒️സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ നിരക്ക് ഏഴ് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍. ഈ വര്‍ഷം അവസാനത്തോടെ ഇനി 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇത് ഏതൊക്കെ മേഖലകളിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൗദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 22 ലക്ഷം സ്വദേശികള്‍ ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാം. സൗദി അറേബ്യയ്ക്ക് പുറമെ യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും സ്വദേശിവത്കരിച്ച തസ്തികളില്‍ ഉള്‍പ്പെടുത്താമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്.
പ്രവാസികളെ ഒഴിവാക്കി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു തസ്‍തികയില്‍ ഗൾഫ് പൗരനെ നിയമിച്ചാല്‍ അത് ആ സ്ഥാപനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കിയ ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
🇸🇦സൗദി അറേബ്യയില്‍ വാഹന റിപ്പയറിങ് രംഗത്തെ 15 ജോലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു.
✒️സൗദി അറേബ്യയില്‍ വാഹന റിപ്പയറിങ് മേഖലയിലെ 15 ജോലികൾക്ക് 2023 ജൂൺ മുതൽ തൊഴിൽ ലൈസൻസ് നിർബന്ധമാക്കുന്നു. കാർ റിപ്പയറിങ് മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്ന ലൈസൻസ് ആവശ്യമുള്ള തസ്‍തികകൾ ഏതൊക്കെയെന്ന് മുനിസിപ്പൽ - ഗ്രാമീണകാര്യ - ഭവന മന്ത്രാലയം വ്യക്തമാക്കി. ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാൻ പാടില്ല.
റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, വാഹന മെക്കാനിക്ക്, എൻജിൻ ട്യൂണിങ് ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്‍പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക്, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിന്റർ, വാഹന ലൂബ്രിക്കൻറ് ടെക്നീഷ്യൻ എന്നീ തൊഴിലുകൾക്കാണ് ലൈസൻസ് നിർബന്ധം.
വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന അവബോധം വളർത്തുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണിത്. വിദഗ്ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും ചെയ്യും.
ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യും. ലൈസൻസുള്ള വിദഗ്ധ തൊഴിലാളികളുമായിട്ടാണ് ഇടപാടുകൾ നടത്തേണ്ടതെന്നും ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗുണഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. നൽകുന്ന സേവനത്തിന്റെ ഗുണനിലവാരവും അപകടങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവും ഇത് ഉറപ്പാക്കും. തൊഴിൽ ലൈസൻസിനായി നിശ്ചയിച്ച ലിങ്കിലൂടെ പ്രവേശിച്ചാൽ ലളിതവും എളുപ്പവുമായ ഘട്ടങ്ങളിലൂടെ ലൈസൻസ് നേടാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
0 Comments