Ticker

6/recent/ticker-posts

Header Ads Widget

പ്രവാസി വാർത്തകൾ ചുരുക്കത്തിൽ...

🇦🇪വിസ ഡിപ്പോസിറ്റ് തുക ഉയര്‍ത്തി യുഎഇ.

✒️യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക ഉയര്‍ത്തി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം ആയിരുന്നത് 5000 ദിര്‍ഹമാക്കി ഉയര്‍ത്തി.

പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ വിസക്കാര്‍ കുടുബാംഗങ്ങളെയും ഗാര്‍ഹിക തൊഴിലാളികളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് 1500 ദിര്‍ഹം ആയിരുന്നത് 3000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതില് 5000 ദിര്‍ഹമാക്കി. നിലവില്‍ ഇത് 2000 ദിര്‍ഹം ആയിരുന്നു. വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പ്രതിദിന പിഴ 50 ദിര്‍ഹവുമാക്കി.

🛫യുകെയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരം; റിക്രൂട്ട്മെന്റ് ഫെസ്റ്റ് ആദ്യഘട്ടം പ്രഖ്യാപിച്ചു.

✒️ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും.

ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവർ നവംബര്‍ 15-ന് മുന്‍പ് അപേക്ഷിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് റജിസ്റ്റര്‍ ചെയ്യണം. 
DWMS ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്ന വേളയില്‍ റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.അല്ലെങ്കില്‍ https://knowledgemission.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.

സീനിയർ കെയറർ തസ്തികയിലേയ്ക്ക് അപേ ക്ഷിക്കുന്ന ബിഎസ്.സി/എം. എസ്.സി നഴ്സു മാർക്ക് IELTS/OET യോഗ്യതയില്ലെങ്കിലും, യു.കെ.നാറിക്ക് (NARIC ) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ
യു.കെ.യിലേക്ക് റിക്രൂട്ട്മെന്റ് നേടാവുന്നതാണ്.ഡോക്ടർമാർക്ക് പ്ളാബ് (PLAB)യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും.

അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളിൽ സീനിയർ കെയറർ ഒഴികെയുളളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതതകള്‍ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും. 

റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യു.കെ യിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്സും, യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. 

റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 -ൽ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവർക്ക് +91-8802012345 എന്ന മിസ്സ്ഡ് കാൾ സേവനവും ലഭ്യമാണ്.

🇸🇦സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി പെൺകുട്ടിക്ക് സ്വർണമെഡൽ; സമ്മാനതുക 10 ലക്ഷം റിയാൽ.

✒️സൗദി അറേബ്യ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സുവർണ നേട്ടം. ബാഡ്മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ്.

മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് ഈ പെൺകുട്ടിക്ക് തുണയായത്.
ഒക്ടോബർ 28-ന് റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലാണ് ബാഡ്മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്.

ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം. ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി. ആകാംക്ഷ മുറ്റിയ നിമിഷങ്ങൾക്കൊടുവിൽ അൽ-നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്കോർ നിലയിൽ അനായാസം തകർത്തെറിഞ്ഞ് വിജയ കിരീടം ചൂടുകയായിരുന്നു.


റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്‍റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്. രണ്ടര മാസത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രകൃയയിൽ സൗദിയിലേയും വിദേശത്തേയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.

🇸🇦ലോകകപ്പ് കാണുന്നതിനായി സൗദി അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് ഹയ്യ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസത്.

✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു. ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് മാത്രമാണ് ഇവർക്ക് യാത്രാനുമതി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സൽവ കര അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ജി സി സി പൗരന്മാർ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കണമെന്നും ജവാസത് വ്യക്തമാക്കിയിട്ടുണ്ട്. ഹയ്യ കാർഡ് ഉള്ളവർക്ക് മാത്രമാണ് (ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാസ്സ്‌പോർട്ട് നിർബന്ധം) ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.

ലോകകപ്പ് കാണുന്നതിനായി സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹയ്യ കാർഡ് നേടിയിട്ടുള്ള പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 911 എന്ന നമ്പറിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. https://hereforyou.sa/en/index.html എന്ന വിലാസത്തിൽ നിന്നും ഈ വിവരങ്ങൾ ലഭ്യമാണ്.

🇶🇦ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഖത്തറില്‍ പോകാം; വഴി തുറന്ന് അധികൃതര്‍

ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരം. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 

500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക. നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്.

അതേസമയം ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടിയുള്ള പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ വിതരണം തുടങ്ങി ദുബായ്. ജോര്‍ദ്ദാനില്‍ നിന്നുള്ള മോഹമ്മദ് ജലാലാണ് ഈ പ്രത്യേക വിസ നേടുന്ന ആദ്യത്തെ ഫുട്ബോള്‍ ആരാധകന്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേര്‍സ് ഏഫയര്‍സാണ് വിസ നല്‍കുന്നത്. 90 ദിവസത്തേക്കാണ് ഈ പ്രത്യേക വിസ.

ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉള്ളവര്‍ക്ക് 100 ദിര്‍ഹത്തിന് ഈ വിസ സ്വന്തമാക്കാന്‍ സാധിക്കും. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷകരെ ക്ഷണിച്ചതിന് പിന്നാലെ നിരവധി പേരാണ് അപേക്ഷിച്ചതെന്നാണ് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മൊഹമ്മദ് അഹമ്മദ് അല്‍ മാറി വിശദമാക്കിയത്. 1.4 മില്യണ്‍ ആളുകളെയാണ് ലോകകപ്പ് കാണാനായി ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

Post a Comment

0 Comments