🛫പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; കണ്ണൂരില്‍ നിന്ന് നേരിട്ടുള്ള സര്‍വീസിന് തുടക്കം.
✒️കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എസ് 799 വിമാനം ജിദ്ദയില്‍ എത്തിയത്.
172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യം ഇവിടെ ക്രമീകരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സര്‍വീസ് സാധ്യമാകുന്നത്.
അതേസമയം ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.
🇦🇪കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിച്ച് യുഎഇ; ഇളവുകള്‍ അറിയാം.
✒️കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
മാസ്ക് ധരിക്കുന്നതില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടത് ഇനി മുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചയദാര്‍ഡ്യമുള്ളവരുടെ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലേക്കും പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. വാക്സിനേഷൻ സ്വീകരിച്ചതിൻറെയും കൊവിഡ് പരിശോധനാ ഫലങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം മാത്രമായിരിക്കും ഇനി മുതൽ അൽ ഹൊസൻ ആപ്ലിക്കേഷൻ. കൊവിഡ് പരിശോധന കേന്ദ്രങ്ങളും ചികിൽസാ കേന്ദ്രങ്ങളും പ്രവര്‍ത്തനം പതിവു രീതിയിൽ തുടരും.
കൊവിഡ് ബാധിച്ചവര്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. കായിക മൽസരങ്ങളും മറ്റും സംഘടിപ്പിക്കുന്നവര്‍ക്ക് പരിപാടിയുടെ സ്വഭാവം അനുസരിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും, വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ മൂന്നൂറിൽ താഴെയെത്തിയ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നത് അടക്കമുള്ള നിബന്ധനകൾ കഴിഞ്ഞമാസമായിരുന്നു ഒഴിവാക്കിയത്.
🇴🇲ലഗേജ് ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍; പരിമിതകാല ഓഫര്‍.
✒️ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.
ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.
🇦🇪യുഎഇയില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം.
✒️രാജ്യത്തെ പള്ളികളില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം നല്‍കി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നവംബര്‍ 11 വെള്ളിയാഴ്ച രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദ്ദേശം. അറബിയില്‍ 'സലാത് അല്‍ ഇസ്തിസ്ഖ' എന്ന് അറിയപ്പെടുന്ന പ്രാര്‍ത്ഥന, നവംബര്‍ 11ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുമ്പായാണ് നടത്തുക.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രത്യേക ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തിരുന്നു. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാര്‍ത്ഥനയിലാണ് പൗരന്മാര്‍ക്കൊപ്പം അമീറും പങ്കെടുത്തത്. അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, മറ്റ് നിരവധി മന്ത്രിമാര്‍, ഉന്നതര്‍ എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പരമോന്നത കോടതി ജഡ്ജിയും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
🇦🇪101-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1404 വിജയികള്‍; ആകെ 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍.
✒️മുന്‍ നറുക്കെടുപ്പുകള്‍ പോലെത്തന്നെ മഹ്‍സൂസിന്റെ 101-ാമത് പ്രതിവാര നറുക്കെടുപ്പിലും നിരവധിപ്പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തി. ആകെ 1,404 വിജയികള്‍ ആകെ 1,782,300 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 29 മള്‍ട്ടി മില്യനയര്‍മാരെയും 205,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 23 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 43,478 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,378 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.
എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. യു.കെയില്‍ നിന്നുള്ള അനസ്, പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ്, ഇന്ത്യക്കാരനായ ഖദീര്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 23208857, 23038820, 23136429 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.
20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാന്‍ പരിമിത കാലത്തേക്ക് കൂടി ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് മഹ്‍സൂസ് ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു.
നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
🇰🇼പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍.
✒️കുവൈത്തില്‍ പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്താനുള്ള നടപടിയുമായി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്‍തികകളിലേക്കാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശത്തുള്ള കുവൈത്ത് എംബസികളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് അവരവരുടെ രാജ്യത്തു വെച്ചുതന്നെ ആദ്യഘട്ട പരീക്ഷ നടത്താനാണ് പദ്ധതി. പുതിയ പ്രവാസികളുടെ റിക്രൂട്ട്മെന്റിനായി ഫലപ്രദമായ ഒരു സംവിധാനത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നിശ്ചിത തസ്‍തികകളിലേക്കായിരിക്കും ഇത്തരം യോഗ്യതാ പരീക്ഷകളെന്നും അത് പ്രവാസികളെ കുവൈത്തിലേക്ക് അയക്കുന്ന രാജ്യങ്ങളില്‍ വെച്ചുതന്നെ നടത്തുമെന്നും പറയുന്നു. അതേസമയം പരീക്ഷകള്‍ക്ക് തിയററ്റിക്കല്‍, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടാവും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രവാസി കുവൈത്തില്‍ എത്തിയ ശേഷമായിരിക്കും നടത്തുക.
ആദ്യ ഘട്ടത്തില്‍ 20 തസ്‍തികകളിലേക്കാണ് പുതിയ രീതിയിലെ പരീക്ഷകള്‍ നടപ്പാക്കുക. ഇതിന് പുറമെ എഞ്ചിനീയറിങ് മേഖലയിലെ 71 തസ്‍തികകളിലേക്കുള്ള പരീക്ഷകള്‍ നടത്താന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‍സിന്റെ കീഴില്‍ പ്രത്യേക സെന്റര്‍ തയ്യാറാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സന്നദ്ധമാണെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായുള്ള ചര്‍ച്ചകളില്‍, കുവൈത്ത് സൊസൈറ്റ് ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചിട്ടുണ്ട്
ആദ്യഘട്ടത്തില്‍ പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായിരിക്കും പരീക്ഷ നടത്തുകയെന്നും ഇതിന്റെ അനുഭവം പരിശോധിച്ച ശേഷം പിന്നീട് പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവരിലേക്ക് കൂടി പരീക്ഷകള്‍ വ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16583 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16583 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ഒക്ടോബർ 27 മുതൽ 2022 നവംബർ 2 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 നവംബർ 5-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 10007 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2172 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4404 പേരെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇸🇦സൗദി: റെസിഡൻസി പെർമിറ്റ് കാലവാധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല.
✒️ആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടിയായാണ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.
പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ കാലാവധി അവസാനിച്ചിരിക്കുന്ന സാഹചര്യത്തിലും അവരുടെ ആശ്രിതരുടെ വിസിറ്റ് വിസ കാലാവധി പുതുക്കാൻ തടസ്സങ്ങളിലെന്നാണ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് തങ്ങളുടെ ബന്ധുക്കളുടെ വിസിറ്റ് വിസകളുടെ കാലാവധി നീട്ടാൻ സാധിക്കുന്നതാണ്.
🇰🇼കുവൈത്തില്‍ പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം.
✒️കുവൈത്തില്‍ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി സർക്കാരിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പിലാക്കാനാണ് കമ്മിറ്റി ശിപാര്‍ശ.
50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്നാണ് സൂചനകള്‍. അധിക നിരക്ക് വിദേശികള്‍ക്ക് മാത്രമായി ബാധകമാക്കാനും സ്വദേശികളെ പൂര്‍ണമായി ഒഴിവാക്കാനും കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിലവില്‍ വെള്ളക്കരം 3,000 ഗാലന്‍ വരെ രണ്ട് ദീനാറും 6,000 ഗാലന്‍ വരെ മൂന്ന് ദീനാറും 6000 ഗാലനില്‍ കൂടുതലായാല്‍ നാല് ദിനാറുമാണ് ഈടാക്കുന്നത്.
സ്വദേശി വീടുകള്‍, വിദേശികള്‍ താമസിക്കുന്ന വീടുകളും അപ്പാർട്ട്‌മെന്റുകളും, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. മലയാളികൾ അടക്കമുള്ള വിദേശികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ധന സൃഷ്ടിക്കുക.
0 Comments