🇶🇦ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നാളെ മുതല്‍ പരിമിത കാലത്തേക്ക് സൗജന്യ യാത്ര.
✒️ഖത്തറില്‍ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ദോഹ മെട്രോ, ലുസെയ്ല്‍ ട്രാമുകളില്‍ നാളെ മുതല്‍ സൗജന്യ യാത്ര. ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിലായി 35 എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, ആരാധകര്‍ക്കായുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഒമ്പത് മെട്രോ സ്റ്റേഷനുകള്‍. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പിനിടെ 110 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 21 മണിക്കൂര്‍ ദോഹ മെട്രോ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു.
ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരമുണ്ട്.ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. 500 റിയാല്‍ ഫീസ് ഈടാക്കും. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി അപേക്ഷിക്കാം. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഖത്തറിലേക്കുള്ള ഹയ്യാ കാര്‍ഡിന് അപേക്ഷിക്കാനാകുക.
നവംബര്‍ 20ന് ആരംഭിക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയാകും. ഇതോടെയാണ് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഖത്തര്‍ 2022 മൊബൈല്‍ ആപ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ ഒരുക്കിയിട്ടുള്ള വിനോദ പരിപാടികള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം നല്‍കിയാണ് മാച്ച് ടിക്കറ്റില്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ മാച്ച് ടിക്കറ്റ് നിര്‍ബന്ധമാണ്.
🇸🇦സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത.
✒️സൗദി അറേബ്യയില്‍ നാളെ (വ്യാഴം) മുതല്‍ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി. സൗദിയിലെ നഗരങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആലിപ്പഴ വര്‍ഷവും ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. കനത്ത മഴയിലേക്ക് വരെ എത്തുമെന്നും ഹൈല്‍, ബഖാ, ഗസാല, ആഷ് ഷിനാന്‍ എന്നിവയടക്കം ഹായില്‍ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കന്‍ മേഖല, വടക്കന്‍ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍.
അല്‍ഉല, യാന്‍ബു, മഹ്ദ്, നായരിയ, കാര്യത്ത് അല്‍ ഉല്യ, വാദി അല്‍ ഫൊറാഅ, ഹെനകിയ, ഖൈബര്‍, അല്‍ ഐസ്, ബദര്‍, ഹഫര്‍ അല്‍ ബത്തീന്‍, ഖഫ്ജി, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, അറാര്‍, റഫ്ഹ, തായിഫ്, ജുമും, അല്‍ കാമില്‍, ഖുലൈസ്, മെയ്സാന്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജിദ്ദ, ഉംലുജ്, സകാക്ക, ടൈമ, അല്‍ വജ്, ദുമാ അല്‍ ജന്‍ഡാല്‍, ഖുറയ്യത്, തുറൈഫ്, തുബര്‍ജല്‍, റാബക്ക് എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. റിയാദ്, ഖാസിം, തബൂക്ക്, അസീര്‍, ജിസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
🇸🇦സൗദിയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ്; മുന്നറിയിപ്പുമായി അധികൃതര്‍.
✒️സൗദി അറേബ്യയില്‍ മെഡിക്കല്‍ ലീവിനുള്ള സര്‍ട്ടിഫിക്കറ്റിന് അധിക ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ രാജ്യത്തെ ആശുപത്രികളില്‍ പരിശോധന നടത്തുന്നുണ്ട്. ചില ആശുപത്രികള്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഈ ആശുപത്രികള്‍ക്കെതിരെ നിയമാനുസൃതമായി നടപടികള്‍ സ്വീകരിച്ചു.
മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് ഫീസ് ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളിലും നടപടികള്‍ തുടരും. ആശുപത്രികളുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അക്കാര്യം 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
🇦🇪യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചു.
✒️യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു. കഴിഞ്ഞ മാസം മുതല്‍ തന്നെ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നു. ഒക്ടോബറില്‍ യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചതും.
വിസാ കാലാവധി സംബന്ധിച്ച മാറ്റം രാജ്യത്തെ ടൈപ്പിങ് സെന്ററുകളും ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്റുമാരും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സാധാരണ കമ്പനികളിലേക്കുള്ള തൊഴില്‍ വിസകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയോടെ അനുവദിച്ചിരുന്നപ്പോള്‍ തന്നെ ഫ്രീ സോണുളിലേക്കുള്ള തൊഴില്‍ വിസകള്‍ക്ക് മൂന്ന് വര്‍ഷം കാലാവധി നിശ്ചയിച്ചിരുന്നു. നിലവില്‍ തൊഴില്‍ വിസകളുടെ കാലാവധി ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ചെയ്‍തത്. ഫ്രീ സോണ്‍ അതോറിറ്റികള്‍ തങ്ങള്‍ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് വിസാ കാലാവധി മാറ്റം സംബന്ധിച്ച് സര്‍ക്കുലറുകള്‍ അയച്ചു.
എന്നാല്‍ മൂന്ന് വര്‍ഷ കാലാവധിയോടെ ഇതിനോടകം അനുവദിച്ചിട്ടുള്ള വിസകളുടെ കാലാവധി മൂന്ന് വര്‍ഷം തന്നെയായിരിക്കുമെന്നും ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. അതേസമയം ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന പുതിയ വിസകളുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍ വരെ ഇതിനോടകം ആയിട്ടുള്ളവര്‍ക്കും നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ കാലാവധി രണ്ട് വര്‍ഷം തന്നെയാക്കും. മൂന്ന് വര്‍ഷ വിസയ്ക്കായി കമ്പനികളില്‍ നിന്ന് ഇടാക്കിയ തുകയില്‍ നിന്ന് മൂന്നാമത്തെ വര്‍ഷത്തേക്കുള്ള പണം തിരികെ നല്‍കുമെന്ന് ഫ്രീസോണ്‍ അതോറിറ്റികള്‍ അറിയിച്ചിട്ടുണ്ട്.
🇸🇦സൗദി അറേബ്യ: ലോകകപ്പ് കാണുന്നതിനായി പോകുന്ന യാത്രികർക്ക് ഹയ്യ കാർഡ് നിർബന്ധമാണെന്ന് ജവാസത് ആവർത്തിച്ചു.
✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർക്ക് ഹയ്യ കാർഡ്, ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ച് അറിയിച്ചു. 2022 നവംബർ 8-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട ചെയ്തത്.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്പോർട്ടുകളുടെ സാധുത സംബന്ധിച്ചും ജവാസത് അറിയിപ്പ് നൽകിയിട്ടുണ്ട്. ജി സി സി പൗരന്മാരുടെ ഇത്തരം പാസ്സ്‌പോർട്ടുകൾക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെ കാലാവധിയും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ പാസ്സ്‌പോർട്ടുകൾക്ക് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും നിർബന്ധമാണെന്ന് ജവാസത് വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് കാണുന്നതിനായി സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹയ്യ കാർഡ് നേടിയിട്ടുള്ള പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 911 എന്ന നമ്പറിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. https://hereforyou.sa/en/index.html എന്ന വിലാസത്തിൽ നിന്നും ഈ വിവരങ്ങൾ ലഭ്യമാണ്.
ലോകകപ്പ് കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസത് നേരത്തെ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് നിന്ന് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2022 നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തിയതായും ജവാസത് നേരത്തെ അറിയിച്ചിരുന്നു.
🇸🇦സൗദി അറേബ്യ: സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി 90 ദിവസമാക്കി നീട്ടാൻ ക്യാബിനറ്റ് തീരുമാനം.
✒️സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസമാക്കി നീട്ടാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. 2022 നവംബർ 8-ന് സൗദി രാജാവ് കിംഗ് സൽമാന്റെ നേതൃത്വത്തിൽ റിയാദിലെ അൽ യമമഹ് പാലസിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.
സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനം എല്ലാ തരം സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും ബാധകമാണ്.
ഇതോടൊപ്പം ട്രാൻസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് 96 മണിക്കൂർ വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നതിനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക ഫീസ് ഒന്നും കൂടാതെയാണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.
🇦🇪ദുബായ്: മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി RTA.
✒️എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇവയിൽ ഓട്ടോമേഷൻ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായും RTA വ്യക്തമാക്കി.
ഇതോടെ എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ടച്ച് സ്ക്രീൻ സംവിധാനങ്ങളുടെ സഹായത്തോടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ നൽകാനാകുന്നതാണ്. ഇതോടൊപ്പം ‘mParking’ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് മൊബൈൽ ഫോണുകളിലേക്ക് ടെക്‌സ്റ്റ് സന്ദേശത്തിന്റെ രൂപത്തിൽ ഇ-ടിക്കറ്റ് ലഭ്യമാക്കുന്ന സേവനവും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
പേപ്പർ ഒഴിവാക്കുന്നതിന് ഇത്തരം ഇ-ടിക്കറ്റുകൾ സഹായകമാണ്. ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന പേപ്പർലെസ് നയത്തിന്റെ ഭാഗമായും, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുമാണ് ഇത്തരം ഒരു നടപടി. നിലവിൽ എമിറേറ്റിലെ 100 ശതമാനം പാർക്കിംഗ് ടിക്കറ്റുകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയതായി RTA വ്യക്തമാക്കി.
മൊബൈൽ ഫോണുകളിലൂടെയും, ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയും പാർക്കിംഗ് ഫീസ് അടയ്ക്കുന്നവരുടെ എണ്ണം 80 ശതമാനത്തിലെത്തിയതായി RTA ചൂണ്ടിക്കാട്ടി. ദിനംപ്രതി ഏതാണ്ട് 9000 പേർ വാട്സാപ്പ് സേവനങ്ങളിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതായും RTA അറിയിച്ചു. RTA ആപ്പിന്റെ ഉപയോഗം പ്രതിദിനം ഇരുപത്തിനായിരം ഇടപാടുകൾ എന്നതിൽ നിന്ന് നാല്പതിനായിരം ഇടപാടുകൾ എന്ന രീതിയിലേക്ക് ഉയർന്നതായും RTA കൂട്ടിച്ചേർത്തു.
0 Comments