Ticker

6/recent/ticker-posts

Header Ads Widget

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കും; ഓർഡിനസ് തയ്യാറായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയോ മന്ത്രിമാരെയോ ചാന്‍സലറാക്കാനുള്ള ബദല്‍ നിര്‍ദേശം അടങ്ങുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാര്‍ ഡിസംബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയതോടെ ഇനി ഇതില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലെയോ എന്നറിഞ്ഞ ശേഷമായിരിക്കും സഭാ സമ്മേളനത്തിന് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്യുക.

അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഗവര്‍ണര്‍ അതില്‍ ഒപ്പിടണം. ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളു. അവിടെയും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാണ്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിവെച്ചിട്ടില്ല. സമാനമായ സ്ഥിതി ഈ ബില്ലിലും ഉണ്ടാകുമോയെന്ന ആശങ്ക ഭരണവൃത്തങ്ങളിലുണ്ട്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാന്‍ നേരത്തെ തന്നെ സിപിഎം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സമിതി കൂടി ഇക്കാര്യത്തില്‍ പച്ചക്കൊടി കാണിച്ചതോടെയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാനാകും എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ഇതിനാണ് ഭരണഘടനാ വിദഗ്ധനായ ഫാലി എസ്. നരിമാന്‍ അടക്കമുള്ള ആളുകളില്‍ നിന്ന് ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള ഉപദേശം സര്‍ക്കാര്‍ തേടുന്നത്.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ഓർഡിനൻസ് വിദ്യാഭ്യാസ പരിഷ്കരണം,ഒപ്പിടേണ്ടത് ഭരണഘടനാ ബാധ്യത-മന്ത്രി.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനായി ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ഓർഡിനൻസ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണത്തിന്റ ഭാഗമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. അക്കാദമിക് രംഗത്തെ നിലവാരം ഉയർത്താൻ കൂടിയാണ് ഈ തീരുമാനം.

ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവർണർ നിറവേറ്റും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. സർലകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ മികച്ച ആളുകളെ കൊണ്ടുവന്നിട്ടുള്ളത് ഇടതു സർക്കാർ ഭരിക്കുമ്പോഴാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിശദ പഠനം നടത്തിയ കമ്മിഷൻ റിപ്പോർട്ടുകളിലും ചാൻസലർ പദവിയിലേക്ക് വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പരിഗണിക്കണമെന്നാണ് ശുപാർശ.സർക്കാർ ഇടപെടൽ ഉണ്ടാകാത്ത പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഇതാണ് സർക്കാർ പരിഗണിച്ചത്. വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാൻസലർ ആയിട്ടുള്ളതെന്നും അതാണ് ഇവിടേയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു

Post a Comment

0 Comments