സൗദി അറേബ്യയില്‍ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദില്‍ യാഥാര്‍ത്ഥ്യമാകുന്ന പുതിയ വിമാനത്താവളത്തിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സൗദി. റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
കിങ് സല്‍മാന്‍ വിമാനത്താവളത്തിന് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടാകും. പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് അറിയപ്പെടും. ഇവയും പുതിയ വിമാനത്താവളത്തിന്റെ ഭാഗമാകും. ആറ് റണ്‍വേകളാണ് കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടാകുക.
12 ചതുരശ്ര കിലോമീറ്റര്‍ എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. 2030ഓടെ റിയാദിനെ ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയില്‍ ജനസംഖ്യയുള്ള നഗരമാക്കി മാറ്റുക എന്ന സൗദിയുടെ വിഷന്‍ പദ്ധതിക്ക് അനുസരിച്ചാണ് വിമാനത്താവള പദ്ധതി. 2030ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ക്കും 2050ഓടെ 18.5 കോടി യാത്രക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും.
35 ലക്ഷം ടണ്‍ ചരക്ക് കൈമാറ്റത്തിനുള്ള ശേഷിയും വിമാനത്താവളത്തിനുണ്ടാകും. പ്രത്യക്ഷവും പരോക്ഷവുമായി 1,03,000 തൊഴിലവസരങ്ങള്‍ പുതിയ വിമാനത്താവളം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വിമാനത്താവള പദ്ധതി പെട്രോളിതര ആഭ്യന്തരോല്‍പ്പാദനത്തിലേക്ക് പ്രതിവര്‍ഷം 27,000 കോടി റിയാല്‍ സംഭാവ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി റിയാദിലെ മാറ്റാനുള്ള സൗദിയുടെ പദ്ധതിക്ക് പുതിയ വിമാനത്താവളം കരുത്തേകും.
സൗദിയുടെ വിവിധ മേഖലകളില്‍ കനത്ത മഴയും കാറ്റും.
സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ. യാമ്പുവിലും ഉംലജിലും കനത്ത മഴ പെയ്തു. തബൂക്ക് പ്രവിശ്യയില്‍പ്പെട്ട ദിബായുടെ തെക്ക് ശക്തമായ കാറ്റും മഴയുമുണ്ടായി.
ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി പിന്നീട് വ്യക്തമാക്കി. വാദി അല്‍ഖുശൈബ കരകവിഞ്ഞ് ഒഴുകിയതോടെ അല്‍ഉല- മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താല്‍ക്കാലികമായി അടച്ചു. ഈ റോഡിന് പകരം അല്‍ഉല-ഖൈബര്‍ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. തബൂക്കിലെ അല്‍വജഹ്, ദബാ, ഹഖല്‍, നിയോം, ശര്‍മാ, ഉംലുജ്, തൈമാ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങള്‍, ഹായില്‍, മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം, അല്‍കാമില്‍, ഖുലൈല്, അല്ലൈത്ത് എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
ഖുന്‍ഫുദ, അര്‍ദിയാത്ത്, അസീര്‍, ജിസാന്‍, അല്‍ബാഹ, റിയാദിലെ അഫീഫ്, ദവാദ്മി, മജ്മ, സുല്‍ഫി, അല്‍ഗാത്ത് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
0 Comments