🇸🇦മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി.
✒️സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി. രണ്ട് പാകിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. ഹെറോയില്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
അതേസമയം യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയാണ് കഴിഞ്ഞ ദിവസം ശിക്ഷ ശരിവെച്ചത്. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്കാണ് വധശിക്ഷ വിധിച്ചത്.
2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അറേബ്യന്‍ റാഞ്ചസ് മിറാഡോര്‍ കമ്മ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു കൊലപാതകം നടന്നത്. വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേക്ക് കയറിയതും കൊലപാതകങ്ങള്‍ നടത്തിയതും. സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതി വില്ലയിലെത്തിയത്.
അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് പ്രതി മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളെ അവരുടെ മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്. 18ഉം 13ഉം വയസ്സുള്ള പെണ്‍മക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് വ്യക്തമാക്കുന്നു.
🇰🇼ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പരാതിയുമായി വനിത.
✒️ഉംറയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചെന്ന് വിശ്വസിപ്പിച്ച് കുവൈത്തില്‍ തട്ടിപ്പ്. 49-കാരിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഇവര്‍ നൽകിയ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസുകൾ അന്വേഷിക്കാൻ ജഹ്‌റ പൊലീസ് സ്‌റ്റേഷൻ ഡിറ്റക്ടീവിനെ നിയോഗിച്ചു.
ജിസിസി താമസക്കാരിയാണ് ഇവര്‍. ഉംറയ്ക്കുള്ള സൗജന്യ ടിക്കറ്റിനുള്ള നറുക്കെടുപ്പ് വിജയിച്ചതായി ഒരു കമ്പനിയിൽ നിന്ന് തനിക്ക് കോൾ ലഭിച്ചതായി പരാതിക്കാരി പറഞ്ഞു. ഷർഖിലെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് ടിക്കറ്റ് ക്ലെയിം ചെയ്യുന്നതിനായി ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് താന്‍ അറിയാതെ ഒരു ട്രസ്റ്റ് രസീതിൽ ഒപ്പിട്ടതായി കണ്ടെത്തുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറഞ്ഞു. താൻ ഒപ്പിട്ടത് അംഗത്വത്തിനും ഡിസ്കൗണ്ടിനുമുള്ള അപേക്ഷാ ഫോമിലുമായിരുന്നു. എന്നാൽ ഫോം ഒരു ട്രസ്റ്റ് രസീതാണെന്ന് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
🇦🇪കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുള്ള ഷാമ്പു യുഎഇയില്‍ വില്‍ക്കുന്നില്ലെന്ന് ക്യുസിസി.
✒️കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ ഷാമ്പൂകള്‍ വിപണിയിലോ ഓണ്‍ലൈനിലോ വില്‍പ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫര്‍മിറ്റി കൗണ്‍സില്‍ (ക്യുസിസി). കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും എയ്റോസോള്‍ പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഡവ് ഉള്‍പ്പെടെയുള്ള ചില ജനപ്രിയ എയ്‌റോസോള്‍ ഡ്രൈ ഷാമ്പൂകള്‍ യൂണിലിവര്‍ പിഎല്‍സി യുഎസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. എയറോസോൾ ഡ്രൈ ഷാംപൂ നിർമ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാൻഡുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം യുഎഇ വിപണിയിലും രാജ്യാന്തര അംഗീകാരമുള്ള ഓണ്‍ലൈന്‍ നിരീക്ഷണ പ്ലാറ്റ്‍ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയതായി ക്യുസിസിയിലെ ബിസിനസ് ഡെവലപ്മെന്‍റ് ആന്‍ഡ് കസ്റ്റമര്‍ ഹാപ്പിനെസ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുഹൈരി പറഞ്ഞു.
🇸🇦മലയാളി ഉംറ തീർത്ഥാടക വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
.
✒️മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൽപകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി കുഴഞ്ഞുവീണ് മരിച്ചത്.
ഭർത്താവ് ആനക്കല്ലൻ ഹുസൈനോടൊപ്പം കോട്ടക്കലിലെ ഒരു സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു ഇവർ. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രക്കായി ബുധനാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു. മരണ വിവരമറിഞ്ഞ് മകനും ഐ.സി.എഫ് സജീവ പ്രവർത്തകനും ആർ.എസ്.സി ഹാഇൽ സിറ്റി സെക്ടർ സെക്രട്ടറിയുമായ ശിഹാബുദ്ധീൻ ഹാഇലിൽ നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്.
മറ്റു മക്കൾ: സൈനുദ്ധീൻ, സീനത്ത്, ഹഫ്സാനത്ത്, മരുമക്കൾ: സുഹൈല, സമീല ഷെറിൻ, അബ്ദുൾ റസാഖ്, അക്ബറലി. മരണാന്തര നടപടികൾക്കായി ജിദ്ദ ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ അബ്ബാസ് ചെങ്ങാനി, ഫജ്‌ൽ കുറ്റിച്ചിറ, മുഹ്‌യിദ്ധീൻ അഹ്‌സനി, സിദ്ധീഖ് മുസ്‌ലിയാർ എന്നിവർ രംഗത്തുണ്ട്.
🇸🇦ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു.
✒️തിരിച്ചറിയൽ രേഖ (ഇഖാമ) ഉപയോഗിച്ച് വ്യാജ സിമ്മെടുത്ത് അതുപയോഗിച്ച് അജ്ഞാതർ പണം തട്ടിയ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു. ആലപ്പുഴ ഹരിപ്പാട് സ്വദേശി അനിലാണ് സൗദിയിൽ താനറിയാത്ത ഒരു സാമ്പത്തിക കുറ്റകൃത്യത്തിൽ അകപ്പെട്ട് കഴിയുന്നതിനിടെ സാമൂഹികപ്രവർത്തകന്റെ സഹായത്തോടെ കുരുക്കഴിച്ച് നാടണഞ്ഞത്. സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകത്തിന്റെ ഇടപെടലിലൂടെ ദുരിതപർവം താണ്ടി അനിൽ നാട്ടിലേക്കു മടങ്ങി.
2019ലെ റമദാൻ മാസത്തിലാണ് ദമ്മാം സീകോക്ക് സമീപമുള്ള മൊബൈൽ ഷോപ്പിൽ നിന്നും വെർജിൻ നെറ്റ്‌വർക്കിന്റെ ഒരു സിം എടുത്തത്. ഒരു ബംഗാളി സെയിൽസ്‍മാൻ നിയമപരമായ സംവിധാനത്തിലൂടെയാണ് സിം നൽകിയതെന്നും തന്റെ ഇഖാമ കോപ്പിയും വിരലടയാളവും എടുത്താണ് സിം വാങ്ങിയതെന്നും ദമാമിൽ സെയിൽസ്‍മാനായ അനിൽ പറയുന്നു.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവുമൊത്ത് ദമാമിൽ താമസിക്കുന്ന അനിൽ ഒരുതവണ നാട്ടിൽ പോകാൻ റീ എൻട്രി വിസക്കായി പാസ്‍പോർട്ട് വിഭാഗത്തിനെ (ജവാസത്ത്) സമീപിച്ചപ്പോഴാണ് തനിക്ക് യാത്രാ വിലക്കുണ്ടെന്ന് അറിയുന്നത്. അദ്ദേഹം ജോലി ചെയ്യുന്ന കമ്പനി അധികൃതരും അനിലും കൂടി നടത്തിയ വിശദമായ അന്വേഷണത്തിൽ തനിക്കെതിരെ പോലീസിൽ ഒരു കേസ് നില നിൽക്കുന്നതായി മനസ്സിലായി.
മടങ്ങുന്നതിനായി മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ സാമൂഹിക പ്രവർത്തകൻ ഷാജി മതിലകത്തെ കണ്ടു സഹായം അഭ്യർഥിക്കുകയായിരുന്നു. അദ്ദേഹം പോലീസ് സ്‌റ്റേഷനിലും നിയാബയിലുമായി വീണ്ടും കയറിയിറങ്ങി അധികാരികളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. ഇന്ത്യൻ എംബസി വഴിയും ശ്രമം നടത്തി.
നീണ്ട കാത്തിരിപ്പിനൊടുവിൽ അധികാരികളിൽ നിന്നും അനുകൂല നടപടി വരികയും യാത്രാ വിലക്ക് ഒഴിവാക്കുകയും ചെയ്‍തതോടെ പാസ്‌പോർട്ടിൽ റീ എൻട്രി വിസ അടിച്ച് കഴിഞ്ഞ ദിവസം അനിൽ നാട്ടിലേക്കു മടങ്ങി.
പ്രവാസികളുടെ അശ്രദ്ധയാണ് പലപ്പോഴും ഇങ്ങനെയുള്ള കേസുകളിൽ അകപ്പെടാൻ സാഹചര്യമുണ്ടാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ഷാജി മതിലകം പറഞ്ഞു. നമ്മുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വ്യാജന്മാർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നിരവധി മാർഗങ്ങൾ നിലവിലുണ്ടെന്നും ഇത് ഓൺലൈനിൽ പരിശോധിക്കാനും നേരിട്ട് പരിശോധിക്കാനും സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചതിക്കുഴികളെ കുറിച്ച് ഓൺലൈൻ വഴിയും മൊബൈൽ സംവിധാനങ്ങള്‍ വഴിയും വാർത്താ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും ഇത്തരം കുരുക്കുകളില്‍ പെടാതിരിക്കാന്‍ പ്രവാസികൾ ജാഗരൂകരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
🇦🇪ഗ്രേസ് പീരിഡിലും മാറ്റം; പ്രവാസികള്‍ക്ക് വിസാ കാലാവധി അവസാനിച്ചാല്‍ പിഴയില്ലാതെ താമസിക്കാവുന്ന കാലയളവ് ഇങ്ങനെ.
✒️യുഎഇയില്‍ കഴിഞ്ഞ മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന വിസാ പരിഷ്‍കരണങ്ങളുടെ ഭാഗമായി ഗ്രേസ് പീരിഡിലും മാറ്റം വന്നിട്ടുണ്ട്. ഇതനുസരിച്ച് വിസാ കാലാവധി അവസാനിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്‍താലും യുഎഇയില്‍ പിന്നെയും താമസിക്കാവുന്ന കാലയളവില്‍ വ്യത്യാസമുണ്ട്. നേരത്തെ 30 ദിവസമായിരുന്ന ഗ്രേസ് പീരിഡ് മിക്ക കാറ്റഗറികളിലും 60 ദിവസം മുതല്‍ 180 ദിവസം വരെയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രവാസികള്‍ വിസ റദ്ദായാല്‍ ഗ്രേസ് പീരിഡ് അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസ എടുക്കുകയോ വേണം. വിവിധ കാറ്റഗറി വിസകളില്‍ ഗ്രേസ് പീരിഡ് വര്‍ദ്ധിപ്പിച്ച തീരുമാനം പ്രബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകളും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിലെയും കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തിലെയും കസ്റ്റമര്‍ കെയര്‍ വിഭാഗവും അറിയിക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം വിവിധ വിസകളുടെ ഗ്രേസ് പീരിഡ് ഇങ്ങനെ
ഗോള്‍ഡന്‍ വിസയുള്ളവര്‍, ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍, ഗ്രീന്‍ വിസയുള്ളവര്‍, ഗ്രീന്‍ വിസ ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍, വിധവകള്‍, വിവാഹമോചിതകള്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്നും രണ്ടും ലെവലുകളിലുള്ള സ്കില്‍ഡ് പ്രൊഫഷനലുകള്‍ തുടങ്ങിയവര്‍ക്ക് വിസാ കാലാവധി അവസാനിച്ചാലും 180 ദിവസം ഗ്രേസ് പീരിഡ് ലഭിക്കും.
യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് മൂന്നാം ലെവലിലുള്ള സ്കില്‍ഡ് പ്രൊഫഷനലുകള്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്ക് 90 ദിവസമായിരിക്കും ഗ്രേസ് പീരിഡ്. സാധാരണ പ്രവാസികള്‍ക്ക് 60 ദിവസവും മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 30 ദിവസവും ഗ്രേസ് പീരിഡ് ലഭിക്കും. ചില പ്രൊഫഷണലുകള്‍ക്ക് 180 ദിവസം ഗ്രേസ് പീരിഡ് അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ക്ക് 60 ദിവസം മാത്രമായിരിക്കും ഗ്രേസ് പീരിഡ് ലഭിക്കുക.
🇦🇪യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം.
✒️യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.
രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് മൂല്യവര്‍ദ്ധിത നികുത ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല.
രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായാണ് പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെയായിരിക്കും കിട്ടുക. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.
ജോലി നഷ്ടമായാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പൂളിന്റെ പ്രത്യേക വെബ്‍സൈറ്റ്, സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ എന്നിവയിലൂടെ ക്ലെയിം അപേക്ഷ നല്‍കാം. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെയായിരിക്കും ഒരു തവണ ഇങ്ങനെ പണം ലഭിക്കുക. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്യുകയും ചെയ്‍ത് കഴിഞ്ഞവര്‍ക്കേ ക്ലെയിം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.
നിക്ഷേപകര്‍, സ്വന്തം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, 18 വയസിന് താഴെയുള്ളവര്‍, ഒരു ജോലിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റി വിരമിച്ച ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരൊന്നും പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല. എന്നാല്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധിതിയില്‍ ചേരാനാവും.
ഇന്‍ഷുറന്‍സ് കമ്പനികളുടെ പൂളിന്റെ വെബ്‍സൈറ്റ്, സ്‍മാര്‍ട്ട് ആപ്ലിക്കേഷന്‍, ബാങ്ക് എടിഎമ്മുകള്‍, കിയോസ്ക് മെഷീനുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, മണി എക്സ്ചേഞ്ച് കമ്പനികള്‍, ടെലികോം കമ്പനികളായ ടു, എത്തിസാലാത്ത്, എസ്.എം.എസ് എന്നിവയിലൂടെയും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റ് ചാനലുകളിലൂടെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാം.
🇰🇼നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയാന്‍ വിമാനത്താവളത്തില്‍ വിപുലമായ സംവിധാനമൊരുക്കുന്നു.
✒️കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിനായി 2,28,500 ദിനാറിന്റെ (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം ഉന്നത അധികാരികളില്‍ നിന്ന് അനുമതി തേടി.
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിരലടയാളങ്ങളും മറ്റ് ഇമേജുകളും ശേഖരിച്ച് സൂക്ഷിക്കാനും ഇവര്‍ പിന്നീട് രാജ്യത്തേക്ക് മടങ്ങി വരുന്നത് തടയാനും വേണ്ടിയാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ സംവിധാനമൊരുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. പദ്ധതി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കുകയെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരുന്നവരെയും ലക്ഷ്യമിട്ട് കുവൈത്തില്‍ വ്യാപക പരിശോധനയാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്നത്. വിവിധ കേസുകളില്‍ സുരക്ഷാ വിഭാഗങ്ങള്‍ അന്വേഷിക്കുന്നവരെയും ഗതാഗത നിയമലംഘനം ഉള്‍പ്പെടെ മറ്റ് കേസുകളില്‍ പിടിയിലാവുന്നവരെയും അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി കുവൈത്തില്‍ നിന്ന് നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
നിശ്ചിത കാലയളവില്‍ ഒരു ഗള്‍ഫ് രാജ്യത്തേക്കും പ്രവേശിക്കാനാവാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ പിടിക്കപ്പെട്ട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കപ്പെട്ടത്. പ്രവാസികളുടെ താമസ സ്ഥലങ്ങളിലും മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായെത്തി പരിശോധന നടത്തുകയാണ് ചെയ്യുന്നത്.
🇶🇦ഫിഫ വേൾഡ് കപ്പ് 2022: പ്രത്യേക സ്മാരക കറൻസിയുമായി ഖത്തർ സെൻട്രൽ ബാങ്ക്.
✒️ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് ഒരു പ്രത്യേക സ്മാരക കറൻസിനോട്ട് പുറത്തിറക്കി.
ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ H.E. ഷെയ്ഖ് ബന്തർ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ താനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ എന്നിവർ ചേർന്നാണ് ഈ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സ്മാരക കറൻസിനോട്ട് പുറത്തിറക്കിയത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ’22 ഖത്തറി റിയാൽ’ മൂല്യമുള്ള ഈ പ്രത്യേക സ്മാരക കറൻസിനോട്ട് ബാങ്കുകളിൽ നിന്നും, എക്സ്ചേഞ്ച് സെന്ററുകളിൽ നിന്നും 75 റിയാലിന് വാങ്ങാവുന്നതാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
പോളിമർ ഉപയോഗിച്ചാണ് ഈ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പ് ലോഗോ മുദ്രണം ചെയ്ത 10 നാണയങ്ങളും ഖത്തർ സെൻട്രൽ ബാങ്ക് ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയിട്ടുള്ള ഈ 22 റിയാൽ ലോകകപ്പ് സ്മാരക കറൻസിനോട്ടിന്റെ ഒരുവശത്ത് ലുസൈൽ സ്റ്റേഡിയത്തിന്റെയും, മറുവശത്ത് അൽ ബൈത് സ്റ്റേഡിയത്തിന്റെയും ചിത്രങ്ങൾ മുദ്രണം ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം ഖത്തർ ദേശീയ ചിഹ്നം, അറബി പായ്ക്കപ്പല്‍, സുബാറ ഫോർട്ട്, വേൾഡ് കപ്പ് ട്രോഫി, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ലോഗോ എന്നിവയും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
🇦🇪യു.എ.ഇയിൽ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ്.
✒️അജ്മാനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അജ്മാന്‍ പൊലീസ് ചീഫ് കമാണ്ടര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2022 നവംബര്‍ 11ന് മുന്‍പ് സംഭവിച്ച പിഴകള്‍ക്കാണ് ഇളവുകള്‍ ലഭ്യമാകുക. യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 2022 നവംബർ 21 മുതൽ 2023 ജനുവരി ആറ് വരെയാണ് പിഴയിളവ് ലഭ്യമാകുക. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയിന്‍റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവയ്‌ക്കും ഈ ഇളവ് ബാധകമാണെന്ന് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വിശദീകരിച്ചു.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുക, വാഹനത്തിന്‍റെ എൻജിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങൾ ഈ ആനുകൂല്യത്തിന്‍റെ പരിധിയിൽ വരില്ല. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേയ്‌മെന്‍റ് വഴിയോ അജ്മാൻ പൊലീസിന്‍റെ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേമെന്‍റ് ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ടെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.
🛫പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ലോണ്‍ മേള ഇന്നു മുതല്‍; നാല് ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.
✒️പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ്- കാനറാ ബാങ്ക് വായ്പാ മേള നവംബര്‍ 10, 11 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. വായ്പാ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ 10 മണിക്ക് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും.
തിരുവനന്തപുരത്തെ ചാലയിലെ പവര്‍ ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് റീജണല്‍ ഓഫീസിലാണ് തിരുവനന്തപുരത്തെ വായ്പാ മേളയും സംസ്ഥാനതല ഉദ്ഘാടനവും നടക്കുക. ചടങ്ങില്‍ കാനറാ ബാങ്ക് ഡി.ജി.എം ശരവണന്‍. എസ്സ് അദ്ധ്യക്ഷത വഹിക്കും. വായ്പാ പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി വിശദീകരിക്കും. അതാത് ജില്ലകളിലെ കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് വായ്പാ മേള നടക്കുക.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് സ്വയംതൊഴില്‍, ബിസ്സിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പകള്‍ അനുവദിക്കുന്നത്. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിച്ചവര്‍ക്കു മാത്രമേ വായ്പാ മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകൂ.
പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org യിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്.
0 Comments