കൊവിഡിന്റെ പുതിയ സാഹചര്യവും ബഫർ സോൺ വിഷയത്തിലെ ആശങ്കയും പ്രതിഷേധവും നടപടികളുമൊക്കെയാണ് ഇന്നത്തെ പ്രധാനവാർത്ത. ലോകത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ ചൂണ്ടികാട്ടിയ മുഖ്യമന്ത്രി, കൊവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലും നടത്തി. ചൈനയിലടക്കം നിലവിൽ കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദമായ ബിഎഫ് 7 ഇന്ന് ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏർപ്പെടുത്തിയതാണ് മറ്റൊരു വാർത്ത. എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി എമി മാർട്ടിനസ് പ്രത്യക്ഷപ്പെട്ടത് അർജന്‍റീനയുടെ ലോകകപ്പ് വിജയാഘോഷങ്ങളിൽ കല്ലുകടിയായെന്നതാണ് കായിക ലോകത്തെ പ്രധാനവാർത്ത. എമിയെ തടയാത്തതിൽ മെസിക്കെതിരെയും വിമർശനമുണ്ട്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം.
കൊവിഡിന്റെ പുതിയ സാഹചര്യം, എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി.
ലോകത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടികാട്ടി. സംസ്ഥാനത്ത് നിലവിൽ കേസുകൾ കുറവാണ്. എങ്കിലും ലോകത്തിലെ കൊവിഡ് സാഹചര്യം മാറുന്നത് ഏവരും ശ്രദ്ധയോടെ കാണണം. കൊവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം യോഗം ചേരുമെന്നും അദ്ദേഹം വിവരിച്ചു. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചൈനയിലെ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന.
ചൈനയിൽ നിലവിലെ കൊവിഡ് വ്യാപനം രൂക്ഷമാക്കിയതിന് കാരണമായ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും കേന്ദ്രമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
'കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോയാത്ര മാറ്റിവക്കേണ്ടി വരും'; രാഹുൽഗാന്ധിക്ക് മുന്നറിയിപ്പ്, മറുചോദ്യം.
കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്. എന്നാൽ ഗുജറാത്ത് തെരഞ്ഞെടുപ്പിലടക്കം പ്രധാനമന്ത്രിയടക്കമുള്ളവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന മറുചോദ്യമുയർത്തി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മൻസൂഖ് മാണ്ഡവിയയ്ക്ക് രാഹുൽഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നുവെന്നും രാജ്യത്ത് മറ്റ് പരിപാടികൾക്കൊന്നും കൊവിഡ് മാനദണ്ഡം ബാധകമല്ലേ എന്നുമാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്.
ബഫർ സോണിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി.
ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതാണ് മറ്റൊരു പ്രധാന വാർത്ത. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഫർ സോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത് ആകും അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകൂ. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. സുപ്രീം കോടതിയിലെ പുനപരിശോധനാ ഹർജിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പഴയ റിപ്പോർട്ട് നൽകരുത്, കോടതിയിൽ സമയം നീട്ടി ചോദിക്കണം; ബഫർ സോൺ പ്രഖ്യാപിച്ചിടത്തെല്ലാം സർവേ വേണം: സതീശൻ.
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഫീൽഡ് സർവേ സർക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവെക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. 'ബഫർ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർവേ നടത്തി വേണമെങ്കിൽ സാറ്റലൈറ്റ് സർവേ കൂടി നടത്തി മൂന്ന് മാസത്തിനുള്ളിൽ കൃത്യമായ വിവരം നൽകാനാണ് ജൂൺ 3 ലെ സുപ്രീം കോടതി വിധിയിൽ പറയുന്നത്. എന്നാൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം സർക്കാർ സമയമുണ്ടായിരുന്നിട്ടും സർവേ നടത്തിയില്ല. പുതിയ വിവരങ്ങളല്ല ഇപ്പോൾ സർക്കാർ സുപ്രീം കോടതിയിൽ നൽകുന്നത്. പകരം 2020 -21 ൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് നൽകുന്നത്. മാസങ്ങൾ സമയമുണ്ടായിരുന്നിട്ടും പുതിയ സർവേ നടത്താനുള്ള കോടതി നിർദ്ദേശം നടപ്പായില്ല'. പകരം പഴയ വിവരങ്ങൾ തന്നെ നൽകുന്നത് സർക്കാർ തലത്തിലെ പിടിപ്പുകേടിന്റെ ഫലമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
'കെപിസിസി പുനഃസംഘടന ഉടനില്ല, സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചന ഇല്ല' താരിഖ് അന്‍വര്‍.
കെ പി സി സി പുന:സംഘടന ഉടൻ ഉണ്ടാകില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് വ്യക്തമാക്കി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സുധാകരനെ മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചന ഇല്ലെന്നും അദ്ദേഹം വിവരിച്ചു. ഭാരത്ജോഡോ യാത്രക്ക് ശേഷം കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകും. നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം എന്ന് രാഹുൽ ഗാന്ധി തന്നെ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മോദി അന്താരാഷ്ട്ര നേതാവ്, കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല: സിബിസിഐ അധ്യക്ഷൻ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞതാണ് ഇന്നത്തെ മറ്റൊരു വാർത്ത. ദില്ലിയിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മാർ ആൻഡ്രൂസ് താഴത്ത്, പ്രധാനമന്ത്രിയെ പുകഴ്ച്ചി സംസാരിച്ചത്. പ്രധാനമന്ത്രിക്ക് ക്രിസ്തുമസ് ആശംസ കൈമാറിയെന്നും മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ 2023 ൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ലോക സമാധാനം ആഗ്രഹിക്കുന്നവരാണ് ക്രൈസ്തവരെന്ന് പ്രധാനമന്ത്രി പറഞ്ഞു.
താമരശ്ശേരി ചുരത്തില്‍ ഗാതാഗത നിയന്ത്രണം; രാത്രിയില്‍ ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.
താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇന്നത്തെ മറ്റൊരു വാർത്ത. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്ത് നിന്നും ഭീമൻ യന്ത്രങ്ങൾ വഹിച്ച ട്രെയ്ലർ ലോറികൾ ചുരം കയറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ ബദൽ മാർഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു, മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര ദുരിതത്തിന് പരിഹാരമായില്ല.
ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ മലയാളികളുടെ യാത്രാക്ലേശമാണ് മറ്റൊരു പ്രധാന വാർത്ത. ഈ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചെങ്കിലും പ്രശ്നപരിഹാരമാവുന്നില്ലെന്ന് മുംബൈയിലെ മലയാളികൾ പറയുന്നു. ആയിരക്കണക്കിന് പേർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ ഒരു ട്രെയിൻ ഒരു സർവീസ് മാത്രം നടത്തിയത് കൊണ്ട് മാത്രം എന്ത് ഗുണമെന്നാണ് ചോദ്യം. ട്രെയിനുകളിൽ ടിക്കറ്റില്ല, വിമാനത്തിലാണെങ്കിൽ നാലിരട്ടിയിലേറെ നിരക്ക്. ക്രിസ്മസും ന്യൂ ഇയറും നാട്ടിൽ ആഘോഷിക്കാൻ കാത്തിരുന്ന മലയാളികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ ഇന്നലെ വൈകീട്ടാണ് സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം റെയിൽ വേ നടത്തിയത്. അപ്പോഴും മുംബൈയിലെ മലയാളികൾക്ക് സന്തോഷിക്കാൻ കാര്യമായൊന്നുമില്ല. മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റ് പോയി എന്നതാണ് യാഥാർത്ഥ്യം.
എമിയുടെ കലിപ്പ് തീരണില്ല, എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം; രൂക്ഷ വിമര്‍ശനം.
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി എമി മാർട്ടിനസ് പ്രത്യക്ഷപ്പെട്ടത് അർജന്‍റീനയുടെ ലോകകപ്പ് വിജയാഘോഷങ്ങളിൽ കല്ലുകടിയായി എന്നതാണ് കായിക ലോകത്തെ പ്രധാന വാർത്ത. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഇതിനകം ശക്തമായിക്കഴിഞ്ഞു. കായിക ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖരടക്കമുള്ളവർ എമിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും കടുത്ത വിമർശനമാണ്ഉ യരുന്നത്. എമിയെ തടയാത്തതിൽ മെസിക്കെതിരെയും വിമർശനമുണ്ട്.
0 Comments