കൊവിഡ് ആശങ്കയും ജാഗ്രത നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും തന്നെയാണ് ഇന്നത്തെ പ്രധാനവാർത്ത. മാസ്ക്ക് വീണ്ടും നിർബന്ധമാക്കാനുള്ള സാധ്യതകളാണ് ഇന്ന് പുറത്തുവന്നത്. താജ്മഹലിലടക്കം കൊവിഡ‍് പരിശോധന കർശനമാക്കി എന്നതും മറ്റൊരു പ്രധാന വാർത്തയായി. ഇതിനിടയിൽ ജോഡോ യാത്രക്ക് കത്തയച്ച കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്ക് മറുപടി പറഞ്ഞതും ആരോഗ്യമന്ത്രിയുടെ പ്രതികരണവും ശ്രദ്ധ നേടി. അതിനിടെ ഏറ്റവും വേദനായത് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ച വാർത്തയാകും. ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരെന്നും ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവും ഇന്ന് രംഗത്തെത്തിയിരുന്നു. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം...
കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത.
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യതയെന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. അതിനിടെ താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചവർക്ക് മാത്രമേ താജ് മഹലില്‍ പ്രവേശനം അനുവദിക്കുകയുള്ളു. നിബന്ധന എല്ലാ സന്ദർശകർക്കും ബാധകം എന്ന് ജില്ലാ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടമായത് കണക്കിലെടുത്താണ് നിയന്ത്രണമെന്ന് ആരോഗ്യ വകുപ്പ് വിശദമാക്കി. അതിനിടെ നിർണായക തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗവും ചേരുകയാണ്.
2 'അവധി ദിവസങ്ങളാണ് വരുന്നത്, മാസ്ക്കുകൾ മറക്കരുത്, ജാഗ്രത വേണം': ഓർമ്മിപ്പിച്ച് ആരോഗ്യമന്ത്രി
കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തി. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാണ്. പക്ഷേ അന്തർദേശീയ ദേശീയ തലത്തിൽ കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത പാലിക്കണം. ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണം. സംസ്ഥാനത്ത് ജനിതക വ്യതിയാനമുണ്ടായ കൊവിഡ് വൈറസ് സാന്നിധ്യവും ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. സംസ്ഥാനം ജാഗ്രതയോടെയാണ് മുൻപോട്ട് പോകുന്നത്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
3 'ജോഡോ യാത്ര പലരേയും വിറളി പിടിപ്പിച്ചു'; യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം രാഹുൽ ഗാന്ധി തള്ളി. ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെയാണ് രാഹുലിന്‍റെ മറുപടി എത്തിയത്. എന്നാൽ രാഷ്ട്രീയം കളിക്കുന്നതല്ല കൊവിഡ് സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയതാണെന്ന പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
4 'ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ, ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുന്നു': വിഡി സതീശൻ
ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രംഗത്തെത്തിയിരുന്നു. തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിച്ച സർക്കാർ, ബഫർ സോണിൽ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. 'ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയിൽ അറിയിക്കേണ്ടത്. എന്നാൽ ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. സർക്കാരിന് എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പമുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോൾ ജയറാം രമേഷിനെ ഇടത് സർക്കാർ കുറ്റപെടുത്തുന്നത്'. ആദ്യ പിണറായി സർക്കാർ ചെയ്തു വച്ച ദുരന്തമാണിതെന്ന് കുറ്റപ്പെടുത്തിയ സതീശൻ, ഉറങ്ങിക്കിടന്ന സർക്കാരിനെ ഉണർത്താൻ പ്രതിപക്ഷത്തിനു സാധിച്ചുവെന്നും അവകാശപ്പെട്ടു.
5 അനീതിയുടെ ഇര! ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീമിലെ 10 വയസുകാരി നാഗ്പൂരിൽ മരിച്ചു എന്നതാണ് ഇന്ന് ഏവരെയും സങ്കടപ്പെടുത്തിയ വാർത്ത. ആലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് മരിച്ചു. താമസ ,ഭക്ഷണ സൗകര്യങ്ങൾ സംഘാടകർ നിഷേധിച്ചതോടെ താത്കാലിക കേന്ദ്രത്തിലാണ് നിദയടക്കമുള്ള കേരളത്തിലെ മത്സരാർഥികൾ കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെയാണ് കടുത്ത ഛർദ്ദിയെ തുടർന്ന് ആലപ്പുഴ സ്വദേശിനി നിദാ ഫാത്തിമയുടെ ആരോഗ്യ നില മോശമായത്. തുടർന്ന് നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ച് ഒരു ഇഞ്ചക്ഷൻ നൽകിയ ശേഷം ആരോഗ്യ നില കൂടുതൽ വഷളായെന്നാണ് കൂടെയുള്ള പരിശീലകർ പറഞ്ഞത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
6 വിഎസിന് താത്കാലിക ആശ്വാസം: ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്ക് സ്റ്റേ.
സോളാർ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്തു എന്നതാണ് കേരളത്തിലെ മറ്റൊരു വാർത്ത. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വി എസിന്റെ പരാമർശങ്ങൾ അപകീർത്തികരമെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത്. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കീഴ്ക്കോടതി വിധി. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വി എസ് അച്ചുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസിന് ആധാരമായ കാര്യം. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ കോടതിയിൽ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പത്തു ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. ഈ വിധിക്കാണ് ഇപ്പോൾ സ്റ്റേ വന്നിരിക്കുന്നത്.
7 സിപിഎം ജില്ലാ നേതാവിനെ പ്രകീർത്തിച്ച് പത്രത്തിൽ സപ്ലിമെന്റ്, എഴുതിയത് ഏരിയാ കമ്മിറ്റിയംഗം; വിവാദം
സി പി എം നേതാവിനെ പ്രകീര്‍ത്തിച്ച് പത്രത്തിൽ സപ്ലിമെന്റ് വന്നതുമായി ബന്ധപ്പെട്ട വിവാദമാണ് മറ്റൊരു വാർത്ത. പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാറിനെ പറ്റിയാണ് സപ്ലിമെന്റ്. സപ്ലിമെന്റിനെതിരെ സിപിഎമ്മിൽ ഒരു വിഭാഗം രംഗത്തെത്തി. സപ്ലിമെന്റ് സി പി എം സംഘടനാ രീതിക്ക് ചേര്‍ന്നതല്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായി പി ബി ഹര്‍ഷകുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള കൗമുദി ദിനപ്പത്രത്തിലാണ് ഇദ്ദേഹത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. സിപിഎം അടൂര്‍ ഏരിയാ കമ്മിറ്റി അംഗം സി ആര്‍ ദിന്‍രാജാണ് ലേഖനം എഴുതിയത്. എന്നാൽ സപ്ലിമെന്റ് തയാറാക്കിയതിനെ പറ്റി അറിയില്ലെന്നാണ് ഹര്‍ഷകുമാര്‍ പ്രതികരിച്ചത്.
8 കൊടിതോരണം കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവം; രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി
തൃശ്ശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി രോഷം പ്രകടിപ്പിച്ചതാണ് ഇന്നത്തെ മറ്റൊരു വാർത്ത. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂർ കോര്‍പറേഷൻ സെക്രട്ടറി നാളെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ദുരന്തം ഉണ്ടാകാൻ അധികൃതർ കാത്തിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. അനധികൃത കോടിതോരണവും ബാനറും വെക്കുന്നവർ കാറിൽ യാത്ര ചെയ്യുന്നവരാണ്. അത്തരം ആളുകൾക്ക് പ്രശ്നം ഇല്ല. സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നതെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഹർജി നാളെ ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കും.
9 ഉദ്വേഗവഴിയിലെ 'കാപ്പ', നിറഞ്ഞാടുന്ന പൃഥ്വിരാജ്; റിവ്യൂ
പൃഥ്വിരാജ് ചിത്രം കാപ്പയുടെ റിലീസും ആദ്യ അഭിപ്രായങ്ങളുമാണ് മലയാള സിനിമാലോകത്ത് നിന്നുള്ള ഒരു വാർത്ത. പുതുനിര എഴുത്തുകാരില്‍ ശ്രദ്ധേയനായ ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കാപ്പ. ഒരിടവേളയ്ക്കു ശേഷം ഷാജി കൈലാസിന് തിരിച്ചുവരവ് നല്‍കിയ കടുവയ്ക്കു ശേഷം പൃഥ്വിരാജിനൊപ്പം അദ്ദേഹം ചേരുന്ന സിനിമ കൂടിയാണ് കാപ്പ. ഒരു കാലത്ത് ആക്ഷന്‍ ചിത്രങ്ങളില്‍ തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ഷാജി കൈലാസ് പുതുതലമുറയിലെ ഒരു ശ്രദ്ധേയ കഥാകാരന്‍റെ കഥയ്ക്ക് എത്തരത്തില്‍ ചലച്ചിത്രഭാഷ്യം ഒരുക്കും എന്നതായിരുന്നു ചിത്രം പുറത്തെത്തും മുന്‍പുള്ള കൗതുകം. ദൃശ്യാഖ്യാനത്തില്‍ കാലത്തിനനുസരിച്ച് സ്വയം പുതുക്കിയ ഷാജി കൈലാസിനെ കാണാം എന്നതാണ് കാപ്പ നല്‍കുന്ന അനുഭവം. ചിത്രത്തിൽ കൊട്ട മധുവിനെ പൃഥ്വിരാജും ആനന്ദിനെ ആസിഫ് അലിയും ബിനു ത്രിവിക്രമനെ അന്ന ബെന്നും മികച്ച നിലയിൽ അവതരിപ്പിച്ചു എന്നതാണ് ആദ്യ പ്രതികരണങ്ങൾ.
10 ലോകകപ്പ് നേട്ടം; അര്‍ജന്‍റീനയുടെ കറന്‍സിയില്‍ മെസി ഇടം പിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ലോകകപ്പ് ഫുട്ബോള്‍ ജയത്തിന്‍റെ തിളക്കത്തില്‍ അര്‍ജന്‍റീനയിലെ കറന്‍സികളില്‍ ലിയോണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നതാണ് കായികലോകത്തിൽ നിന്നുള്ള വാർത്ത. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്പോര്‍ട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനാണ് ബഹുമതിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. 36 വര്‍ഷത്തിന് ശേഷം ലോക കപ്പ് ഫുട്ബോള്‍ നേട്ടത്തിന്‍റെ ആഘോഷത്തിലാണ് അര്‍ജന്‍റീനയും ആരാധകരും. കറന്‍സിയില്‍ മെസിയുടെ ചിത്രം പതിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ബാങ്ക് ഓഫ് ആര്‍ജന്‍റീനയുടെ റെഗുലേറ്ററുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ ആദ്യം തമാശ രൂപത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിര്‍ദ്ദശത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനോടകം അര്‍ജന്‍റീനയുടെ കറന്‍സിയായ പെസോയില്‍ മെസിയുടെ മുഖം വച്ചുള്ള ഡമ്മി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
0 Comments