ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിജയനീലിമ. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപകുതിയില്‍ അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്‍റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.
നാല് മാറ്റങ്ങളുമായി അര്‍ജന്‍റീന
സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാല് മാറ്റങ്ങളുമായാണ് അര്‍ജന്‍റീന കളത്തിറങ്ങിയത്. 4-3-3-ശൈലിയില്‍ അര്‍ജന്‍റീന മൈതാനത്തുവന്നു. മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡിയും ടീമില്‍ ഇടം നേടി. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമെത്തി.
അവസരങ്ങള്‍ മുതലാക്കാന്‍ അര്‍ജന്‍റീനക്കായില്ലെങ്കിലും ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ടീം ഉറപ്പിച്ചിരുന്നു. എയർ ബോളുകളിൽ ഒന്നും ചെയ്യാനാവില്ലെന്ന് മനസിലാക്കിയ അർജന്റീന രണ്ടാംപാതിയിൽ കുറിയ പാസുകളിലൂടെ വിടവ് കണ്ടെത്തിയാണ് ഇരു ഗോളും നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അര്‍ജന്റീന ആക്രമണ ഫുട്‌ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോള്‍പോസ്റ്റിലേക്കുള്ള ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി കൈയ്യിലൊതുക്കി. പത്താം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രന്‍ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിയകറ്റി. സമനില നേടിയാല്‍പ്പോലും പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനാവും എന്നതുകൊണ്ട് പോളണ്ട് പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.
17-ാം മിനിറ്റില്‍ അര്‍ജന്റീനുടെ അക്യൂനയുടെ ഷോട്ട് പോളിഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ സെസ്‌നി അത് തട്ടിയകറ്റി റീബൗണ്ട് ആയ പന്ത് സ്വീകരിച്ച അക്യൂനയുടെ ഉഗ്രന്‍ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.
33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്‌നിയുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. 36-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്‌നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.
36-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഗോള്‍കീപ്പര്‍ സെസ്‌നി ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്‌നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്.ഈ ലോകകപ്പില്‍ സെസ്‌നി തടയുന്ന രണ്ടാം പെനാല്‍റ്റി കിക്കാണിത്. പിന്നാലെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് ആദ്യ പകുതിയില്‍ ഗോള്‍ മാത്രം നേടാനായില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ മറ്റൊരു അര്‍ജന്റീനയെയാണ് ഖത്തറില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോളിഷ് പൂട്ടുപൊളിച്ചുകൊണ്ട് ആല്‍ബിസെലസ്റ്റസ് ലീഡെടുത്തു. അലെക്‌സിസ് മാക് അലിസ്റ്ററാണ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയത്. മൊളീന്യയുടെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ വെച്ച് അലിസ്റ്റര്‍ ഉതിര്‍ത്ത മനോഹരമായ ഷോട്ട് പ്രതിരോധതാരങ്ങളെയും സെസ്‌നിയെയും മറികടന്ന് ഗോള്‍വലയില്‍ മുത്തമിട്ടു. ഈ ഗോളോടുകൂടി അര്‍ജന്റീനയുടെ ആക്രമണങ്ങളുടെ വീര്യം പതിന്മടങ്ങായി വര്‍ധിച്ചു.
61-ാം മിനിറ്റില്‍ മാക് അലിസ്റ്ററിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ പോളണ്ടിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് അര്‍ജന്റീന വീണ്ടും വലകുലുക്കി. യുവതാരം ജൂലിയന്‍ അല്‍വാരസാണ് ടീമിനായി രണ്ടാം ഗോളടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചുകൊണ്ട് അല്‍വാരസ് അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ സീറ്റുറപ്പിച്ചു.
72-ാം മിനിറ്റില്‍ അല്‍വാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. രണ്ട് ഗോളടിച്ചിട്ടും അര്‍ജന്റീനുടെ ആക്രമണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി പോളിഷ് ഗോള്‍മുഖത്ത് ഇരച്ചുകയറി മെസ്സിയും കൂട്ടരും തകര്‍പ്പന്‍ ഫുട്‌ബോള്‍ കാഴ്ചവെച്ചു.ഇന്‍ജുറി ടൈമില്‍ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് പ്രതിരോധതാരം കിവിയോര്‍ ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തിയെടുത്തു. വൈകാതെ അര്‍ജന്റീന ആധികാരികമായി... ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്....
അട്ടിമറിച്ച് ഓസീസ്
ഗ്രൂപ്പ് ഡിയിലെ മറ്റൊരു നിര്‍ണായക പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് അട്ടിമറിച്ച് ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. ഗോള്‍രഹിതമാ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ മാത്യു ലെക്കിയാണ് ഓസ്ട്രേലിയയുടെ വിജയഗോള്‍ നേടിയത്. ജയിച്ചാല്‍ മാത്രമെ ഡെന്‍മാര്‍ക്കിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു.16 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.
തകര്‍ത്ത് കളിച്ച് ജയിച്ചിട്ടും മെക്‌സിക്കോയ്ക്ക് നിരാശ; പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
തകര്‍പ്പന്‍ കളി, സൗദിയെ നിലംതൊടീക്കാതെ 90 മിനിറ്റും ഏഴു മിനിറ്റ് അധിക സമയവും പൊരുതി ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മെക്‌സിക്കോ പുറത്ത്. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെക്‌സിക്കോയ്ക്ക് തിരിച്ചടിയായത് ഗോള്‍ വ്യത്യാസമായിരുന്നു. 1978-ന് ശേഷം ഇതാദ്യമായാണ് മെക്‌സിക്കോ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് ഗോളിന് തോറ്റെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മെക്‌സിക്കോ പുറത്തേക്കും. ഒരു ഗോള്‍ കൂടി നേടിയിരുന്നുവെങ്കില്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ പോളണ്ടിനെ മറികടന്ന് മെക്‌സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. വലയിലെത്തിച്ച രണ്ട് ഗോളുകള്‍ ഓഫ് സൈഡായതും മെക്‌സിക്കോയ്ക്ക് തിരിച്ചടിയായി.
ചരിത്രം; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ; ഗ്രൂപ്പ് ഡിയില്‍ പ്രീ ക്വാര്‍ട്ടര്‍ ടീമുകളായി
ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അന്‍റോണിയോ ഗ്രീസ്‌മാന്‍ നേടിയ ഗോളില്‍ സമനില നേടിയതിന്‍റെ ആശ്വാസത്തിലായെങ്കിലും വാര്‍ പരിശോധനയില്‍ ഗ്രീസ്‌മാന്‍ നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്.
തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നാലു പോയന്‍റുമായി ടുണീഷ്യയും മൂന്ന് കളികളില്‍ ഒരു പോയന്‍റ് മാത്രം നേടിയ ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താെതെ പുറത്തായി.ലോകകപ്പില്‍ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്. അത് നിലവിലെ ലോക ചാമ്പ്യന്‍മാരായത് അവര്‍ക്ക് ഇരട്ടി മധുരമായി.
0 Comments