Ticker

6/recent/ticker-posts

Header Ads Widget

വിഴിഞ്ഞത്ത് സമവായം: സമരം അവസാനിച്ചു, പൂര്‍ണ്ണമായ തൃപ്തിയില്ലെന്ന് സമരസമിതി

വിഴിഞ്ഞത്ത് സമവായം. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.

കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

വിഴിഞ്ഞത്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍

1. മത്സ്യത്തൊഴിലാളികള്‍ക്ക് 635 സ്‍ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വീട്

2. ഓരോ ഫ്ലാറ്റുകളിലും ആവശ്യത്തിന് സ്ഥലവും സൌകര്യവും ഉറപ്പാക്കും

3. ഒന്നരക്കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും

4. രണ്ട് മാസത്തെ വാടക മുന്‍കൂറായി നല്‍കും.

5. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കും

സമരത്തിന്റെ 140-ാം ദിവസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി ചര്‍ച്ചനടത്തിയത്. അദാനി ഗ്രൂപ്പിന്റെ കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സമരത്തില്‍ സമവായമുണ്ടാവുന്നത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. വീട് നഷ്ടമായവര്‍ക്കുള്ള വാടകയായ 5,500 രൂപ പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.

തീരശോഷണത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയും മന്ത്രിസഭാ ഉപസമിതിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമരക്കാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Post a Comment

0 Comments