🇦🇪യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ശമ്പളത്തിന് നികുതി അടയ്ക്കേണ്ടി വരുമോ? നികുതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ.
✒️യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമവും പുറത്തിറങ്ങി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി അടയ്ക്കേണ്ടി വരുമെ എന്ന് ഉള്‍പ്പെടെ നിരവധി സംശയങ്ങള്‍ പലര്‍ക്കുമുണ്ട്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതി ബാധകമാവുന്നത്. വാര്‍ഷിക ലാഭം 3,75,000 ദിര്‍ഹത്തില്‍ താഴെയുള്ള കമ്പനികള്‍ക്ക് നികുതിയുണ്ടാവില്ല. ചെറിയ ബിസിനസ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പിന്തുണ നല്‍കാനാണ് ഈ ഇളവ്. സ്റ്റാര്‍ട്ടപ്പുകളും ചെറിയ ബിസിനസ് സംരംഭങ്ങളും യുഎഇയുടെ സാമ്പത്തിക മേഖലയില്‍ വഹിക്കുന്ന സുപ്രധാന പങ്ക് കണക്കിലെടുത്താണ് കോര്‍പറേറ്റ് നികുതിയില്‍ നിന്ന് അവയെ ഒഴിവാക്കിക്കൊണ്ട് 3,75,000 ദിര്‍ഹത്തിലധികം ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് മാത്രമായി നികുതി ഏര്‍പ്പെടുത്തുന്നത്.
ചില മേഖലകളിലെ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പ്രകൃതി വിഭവങ്ങളുടെ സംസ്‍കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കോര്‍പറേറ്റ് നികുതി ബാധകമല്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ബാധകമായ എമിറേറ്റ് തലത്തിലെ പ്രദേശിക നികുതികള്‍ തുടരും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റമെന്റ് ഫണ്ടുകള്‍, പബ്ലിക് ബെനഫിറ്റ് കമ്പനികള്‍ എന്നിവ യുഎഇയുടെ സാമൂഹിക - സാമ്പത്തിക രംഗത്ത് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവയെയും കോര്‍പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കി. ഫ്രീ സോണുകള്‍ക്കും ഇപ്പോള്‍ തുടരുന്ന പൂജ്യം ശതമാനം നികുതി ആനുകൂല്യങ്ങള്‍ തുടരും.
ശമ്പളമോ അല്ലെങ്കില്‍ ജോലികളില്‍ നിന്ന് ലഭിക്കുന്ന വ്യക്തിഗത വരമാനമോ കോര്‍പറേറ്റ് നികുതി കണക്കാക്കുന്നിതനുള്ള വരുമാനത്തില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം നികുതി കണക്കാക്കുന്നതിന് പരിഗണിക്കില്ല. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും മറ്റ് സേവിങ്സ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും കോര്‍പറേറ്റ് നികുതിയുടെ പരിധിക്ക് പുറത്താണ്. വ്യക്തികള്‍ അവരുടെ സ്വന്തം നിലയ്ക്ക് നടത്തുന്ന റിയസ്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും കോര്‍പറേറ്റ് നികുതിക്ക് പരിഗണിക്കില്ല.
🎙️പ്രവാസലോകത്തെ പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി.
✒️സൗദി അറേബ്യയിലെയും നാട്ടിലെയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമാക്കി നജ്‍മുദ്ദീന്‍ ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി. സൗദി അൽഹസ്സയില്‍ പ്രവാസിയായിരുന്ന കൊല്ലം പള്ളിമുക്ക് പി.ടി നഗർ പഴയാറ്റിൻ കുഴി എസ്.എ റസാഖിന്റെ മകനായ നജ്മുദ്ദീൻ (56) ആണ് ക്യാൻസർ രോഗം മൂർച്ഛിച്ചു മരണപ്പെട്ടത്.
കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അൽഹസ്സ ഷുഖൈക്കിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, നവയുഗം സാംസ്‍കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു. മജ്ജയിൽ ക്യാൻസർ ബാധിച്ചു എന്ന് കണ്ടതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന്റെ തുടർ ചികിൽസക്കായി നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിച്ച് കഴിഞ്ഞ ആഴ്ച പണം കൈമാറിയിരുന്നു. എന്നാൽ കൂടുതല്‍ ചികിത്സകള്‍ക്ക് അവസരം നല്‍കാതെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. നജുമുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
⚽ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിന്റെ ടിക്കറ്റും ചോദിച്ച് എയര്‍പോര്‍ട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ്.
✒️ഫിഫ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ അന്വേഷിച്ച് വിമാനത്താവളത്തില്‍ വരരുതെന്ന് ഖത്തറില്‍ ആരാധകര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. മത്സരങ്ങളുടെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാനും ടിക്കറ്റ് വാങ്ങാനും വേണ്ടി വിമാനത്താവളം സന്ദര്‍ശിക്കരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നത്.
"ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ഫിഫ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമല്ല. അടുത്ത മത്സരങ്ങളുടെ ടിക്കറ്റുകള്‍ അന്വേഷിച്ച് ആരാധകര്‍ ആരും ഈ രണ്ട് വിമാനത്താവളങ്ങളും സന്ദര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു" - സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വിമാനത്താവള അധികൃതര്‍ പറയുന്നു.
അതേസമയം ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ ഏത് വിമാനത്താവളത്തില്‍ നിന്നാണ് തങ്ങളുടെ വിമാനങ്ങള്‍ പുറപ്പെടുന്നതെന്ന് പ്രത്യേകം പരിശോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. DOH എന്ന അയാട്ട കോഡ് ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിന്റേതും DIA എന്ന കോഡ് ദോഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിന്റേതുമാണ്. ടിക്കറ്റ് ബുക്ക് ചെയ്‍തിട്ടുള്ള വിമാനങ്ങള്‍ എവിടെ നിന്നാണ് പുറപ്പെടുന്നതെന്ന് യാത്രക്കാര്‍ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണം.
🇰🇼ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി, 20 ദിവസത്തിനിടെ 3000 വിസകള്‍ അനുവദിച്ചു.
🖋️കുവൈത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങി. ആദ്യ ഇരുപത് ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും കൂടി 3000 വിസകള്‍ റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പ് അനുവദിച്ചുകഴിഞ്ഞു. കൊവിഡ് കാലത്തിന് ശേഷം ഫാമിലി വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഇത്തരം വിസകള്‍ക്ക് വേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും വിസ അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ, അഞ്ച് വയസില്‍ താഴെ പ്രായമുള്ള മക്കളെ ഇപ്പോള്‍ ഫാമിലി വിസ എടുത്ത് രാജ്യത്തേക്ക് കൊണ്ടുവരാം. മാതാപിതാക്കള്‍ രണ്ട് പേരും കുവൈത്തിലുള്ളവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താനാവുക.
കുട്ടികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിക്കാനുള്ള തീരുമാനം നവംബര്‍ 20നാണ് പ്രഖ്യാപിച്ചത്. വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നതിനാല്‍ പ്രവാസി ദമ്പതികള്‍ക്ക് ചെറിയ കുട്ടികളെപ്പോലും സ്വന്തം നാട്ടില്‍ നിര്‍ത്തിയിട്ട് വരേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് കുട്ടികള്‍ക്കായി വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇതുവരെ വിസ ലഭിച്ചവരില്‍ ഭൂരിപക്ഷവും അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.
അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വിസ ലഭിക്കാന്‍ മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും സാധുതയുള്ള താമസ വിസയുണ്ടായിരിക്കുകയും രണ്ട് പേരും കുവൈത്തില്‍ തന്നെ ഉണ്ടായിരിക്കുകയും വേണം. ഇരുവരും ഫാമിലി വിസയ്ക്ക് ആവശ്യമായ ശമ്പള നിബന്ധനകളും പാലിച്ചിരിക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാന്‍ ശമ്പള നിബന്ധനയില്‍ ഇളവ് ലഭിക്കും.
അടുത്ത ഘട്ടത്തില്‍ പ്രവാസികളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ഫാമിലി വിസകള്‍ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇവ എന്നു മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുവൈത്തിലേക്ക് വരാനുള്ള സന്ദര്‍ശക വിസകളും നിലവില്‍ അനുവദിക്കുന്നില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശക വിസകള്‍ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്.
🇸🇦സൗദിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 10,000 റിയാൽ വരെ പിഴ.
✒️സൗദി അറേബ്യയിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് ഇനിമുതൽ കീശ ചോരും. നടക്കുന്നതിനിടെയോ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ 200 മുതൽ 1000 റിയാൽ വരെ പിഴ ചുമത്താനാണ് പരിഷ്കരിച്ച മാലിന്യ കൈകാര്യ നിയമത്തിലെ വ്യവസ്ഥ. മാലിന്യസംസ്‌കരണ നിയമത്തിെൻറയും അതിെൻറ എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ ലംഘനങ്ങളുടെ വർഗീകരണത്തിനും പിഴകൾക്കും നാഷനൽ സെൻറർ ഫോർ വേസ്റ്റ് മാനേജ്‌മെൻറ് അന്തിമരൂപം നൽകി.
ഏകീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമായ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത് ലാ) ഇതിെൻറ വിശദാംശങ്ങൾ ലഭ്യമാണ്. പരിഷ്കരിച്ച വ്യവസ്ഥകളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കാൻ പ്ലാറ്റ്ഫോമിൽ അവസരമുണ്ട്. പാത്രങ്ങൾക്കുള്ളിലെ മാലിന്യം വിതറുകയും പുനഃരുപയോഗിക്കാവുന്ന മാലിന്യങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നവർക്ക് കുറഞ്ഞത് 1,000 മുതൽ പരമാവധി 10,000 റിയാൽ വരെയാണ് പിഴ. അന്യരുടെ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിർമാണമാലിന്യം വലിച്ചെറിയുന്നവർക്ക് 50,000 റിയാൽ വരെ പിഴ ചുമത്തും.
നിർമാണം, നവീകരണം എന്നിവക്കായുള്ള പൊളിക്കൽ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതിരുന്നാൽ 20,000 റിയാൽ വരെ പിഴ ഈടാക്കും. മെത്തകൾ, ഫർണിച്ചറുകൾ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാർപ്പിട മാലിന്യങ്ങൾ അതിനായി തയാറാക്കിക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും വഴിയരികിലും മറ്റും നിക്ഷേപിക്കുന്നവർക്ക് 1,000 റിയാൽ വരെയാണ് പിഴ. ഹരിത മാലിന്യങ്ങൾ അതിനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലോ കണ്ടെയ്‌നറുകളുടെ പരിസരത്തോ നിക്ഷേപിച്ചാലും ഇതേ പിഴ ചുമത്തും.
മാലിന്യം നീക്കുന്നതിന് നിയമപരമായ അനുമതി ഉറപ്പാക്കാതെ കൊണ്ടുപോവുകയോ അവ സംസ്‌കരിക്കുന്നതിനായി ഒരു സേവന ദാതാവിനെയോ മാലിന്യ സംസ്‌കരണ കേന്ദ്രത്തെയോ ചുമതലപ്പെടുത്താത്ത സാഹചര്യത്തിൽ പരമാവധി ഒരു കോടി റിയാൽ വരെ പിഴ ചുമത്തും. നിർമാണം അല്ലെങ്കിൽ പൊളിക്കൽ ജോലികളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്ത നിയമ ലംഘനത്തിന് കുറഞ്ഞത് 5,000 റിയാലും പരമാവധി 20,000 റിയാൽ പിഴയും നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ തന്നെ മഴവെള്ളം ഒഴുകിപോകാനുള്ള ചാലുകളിലും താഴ്‌വരകളിലും കിണറുകളിലും ബീച്ചുകളിലും മാലിന്യ നിർമാർജനം നടത്തിയാലും മറ്റുള്ളവരുടെ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിർമാണത്തിനോ പൊളിക്കുന്നതോ ആയ മാലിന്യം നിക്ഷേപിച്ചാൽ പരമാവധി പിഴ 50,000 റിയാൽ ആയിരിക്കും.
അപകടകരമായതും ആരോഗ്യത്തിന് ഹാനികരമായ മാലിന്യങ്ങളും ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കാത്തതിന് കുറഞ്ഞത് 10,000 പരമാവധി ഒരു ലക്ഷം റിയാലുമാണ് പിഴ. മാലിന്യ ഗതാഗത വാഹനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ മാലിന്യ ശേഖരണ, ഗതാഗത സേവന ദാതാക്കൾക്കും ഇതേ പിഴ ചുമത്തും. വാഹനത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാക്കിങ് ഉപകരണത്തിെൻറ ക്രമീകരണങ്ങൾ നശിപ്പിക്കുക, പ്രവർത്തനരഹിതമാക്കുക, അല്ലെങ്കിൽ മാറ്റുക, പൊതുസ്ഥലങ്ങളിൽ അനധികൃത പാർട്ടികൾക്കായി കണ്ടെയ്നറുകൾ സ്ഥാപിക്കുക എന്നിവക്കും പിഴയുണ്ട്.
🇦🇪മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തത് വിവിധ മേഖലകളില്‍ നിന്നുള്ള 19 ഭാഗ്യവാന്മാര്‍.
✒️2022 ഡിസംബര്‍ പത്തിന് നടന്ന മഹ്‍സൂസിന്റെ 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യവാന്റെ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഉടനെ വെളിപ്പെടുത്താനിരിക്കുകയാണ്. എന്നാല്‍ ഈ ഭാഗ്യവാന് പുറമെ 19 വിജയികളാണ് രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തത്. 1,175 വിജയികള്‍ 350 ദിര്‍ഹം വീതം നേടുകയും ചെയ്‍തു. റാഫിള്‍ ഡ്രോയില്‍ മൂന്ന് പേര്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കി.
ഒരു മില്യന്‍ ദിര്‍ഹം നേടിയ വിജയികളുടെ പട്ടിക പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പെടുന്ന യുഎഇയിലെ ജനസമൂഹത്തിന്റെ പരിച്ഛേദം തന്നെയാണത്. സിറിയന്‍ പൗരനായ ചര്‍മരോഗ വിദഗ്ധന്‍, യുഎഇയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ലെബനാന്‍ സ്വദേശി, മെഡിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഫിലിപ്പൈനി, പാകിസ്ഥാനിയായ ഡ്രൈവര്‍ എന്നിങ്ങനെയുള്ളവരാണ് നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ച് വന്നതിലൂടെ രണ്ടാം സമ്മാനത്തിന് അര്‍ഹരാവുകയും 52,631 ദിര്‍ഹം വീതം നേടുകയും ചെയ്‍തത്.
കഴിഞ്ഞ 21 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന അജ്‍മാനിലെ താമസക്കാരന്‍ ശൊഐബാണ് മഹ്‍സൂസ് റാഫിള്‍ ഡ്രോയില്‍ വിജയിച്ച മൂന്ന് പേരില്‍ ഒരാള്‍. ഫ്രീലാന്‍സറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് സൗദി അറേബ്യയില്‍ പോയി ഉംറ നിര്‍വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പിന്നെ, നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങണം. "എനിക്ക് വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ പലവട്ടം യുഎഇ എന്റെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. കഴിഞ്ഞ 21 വര്‍ഷം കൊണ്ട്, ഒരു റസ്റ്റോറന്റിലെ ജോലിയിലൂടെ എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം സമ്മാനിക്കാനും എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും സാധിച്ചു - നാല് കുട്ടികളുടെ പിതാവായ അദ്ദേഹം പറയുന്നു.
അറബിയില്‍ 'ഭാഗ്യം' എന്ന്അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
0 Comments